പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ രക്തബന്ധം വിധിവഴിയിലെത്തിക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയും ഹരിദാസും ഖാലിദും. ആഗോളമലയാളിക്കു നിശ്ചയിക്കാവുന്ന സംഭാഷണഭാഷയാണ് ഹരിദാസിന്റേത്. പരിഷ്‌കൃതമെങ്കിലും അനിയന്ത്രിതമായ ആത്മവിശ്വാസം നല്‍കുന്ന ഗര്‍വ്വ് ഖാലിദിന്റെ ഭാഷക്കുണ്ട്.അതേസമയം നാടന്‍ഭാഷയുടെ ഉഗ്രപ്രതാപവുമായി നിലകൊള്ളുകയാണ് അഹമ്മദ്ഹാജി. അഭിനയവൈജാത്യത്തിന്റെ അഭൗമതലങ്ങള്‍ അനുഭവിപ്പിച്ച മമ്മൂട്ടി മലയാളഭാഷയുടെ പ്രാദേശികതയുടെയും ഉച്ചാരണഭേദത്തിന്റെയും താരതമ്യപഠനത്തിനുതകുന്ന മൂന്നു കഥാപാത്രങ്ങളായി ഈ ചിത്രത്തില്‍ ജീവിക്കുകയായിരുന്നു. പുറംലോകവുമായുള്ള നിരന്തരബന്ധവും ദീര്‍ഘകാലത്തെ വിദൂരവാസവുമെല്ലാം ഹരിദാസിനെയും ഖാലിദിനെയും സ്വന്തം ഭാഷാങ്കണങ്ങളില്‍ നിന്നകറ്റിയപ്പോള്‍ കോഴിക്കോടിന്റെ വടക്കന്‍പ്രദേശങ്ങളില്‍ വിപുലപ്പെട്ട ഭാഷാസ്വഭാവങ്ങളില്‍ പലതിന്റെയും വക്താവാകുകയായിരുന്നു അഹമ്മദ് .
ചിത്രത്തിന്റെ അന്‍പത്തിയഞ്ചാം സീനെടുക്കാം;മുരിക്കുംകുന്നത്തുവീടാണ് പശ്ചാത്തലം. ഒരു തോര്‍ത്തു മാത്രമുടുത്ത് മുറ്റത്തുനില്‍ക്കുന്ന അഹമ്മദ്ഹാജിയുടെ മുന്നിലേക്ക് വേലായുധനും ഇരുപത്തിയൊന്നുകാരനായ കേശവനും വരുന്നു.
വേലായുധന്‍ : (ഭവ്യതയോടെ) ചെക്കനൊരു മടി. വീട്ട്‌ച്ചെന്ന് മുടിമുറിക്കലും വടിക്കലൊക്കെ ഓന്റെ അച്ഛന്റെ കാലം കൊണ്ട് കയിഞ്ഞീന്ന്. നടക്ക് നായിന്റെ മോനേന്ന് പറഞ്ഞപ്പോ കൂടെപ്പോന്നു.
ഹാജി ഒന്നമര്‍ത്തിച്ചിരിച്ചു.
ഹാജി : അപ്പുക്കുട്ടി മരിച്ചപ്പോ പുതിയ പരിഷ്‌കാരാ, ചെക്കന്റെ വക. ന്നിട്ട് നെന്റെ അമ്മെനെ മാറ്റി പുതിയ ആളെ എടുത്തോ...
(ഉച്ചത്തില്‍) ന്താടാ...അപ്പൊ ചെലതെല്ലാം മാറ്റാന്‍ കയ്യൂല. ഞ്ഞ് അതിനൊട്ട് മെനക്കെട്യേം വേണ്ട. വിളിക്കുമ്പം ഇവിടെത്തിക്കോളണം...
(പുശ്ചഭാവത്തില്‍) അമ്പട്ടന്റെ മോന്‍ മരിക്കുമ്പരെ അമ്പട്ടന്‍ തന്ന്യാ. മന്ഷ്യമ്മാരെ മുടി കളയാന്‍ ജനിച്ചോന്‍ അതു മര്യാദക്ക് ചെയ്യ. അല്ലാണ്ട് അന്റെ കമ്യൂണിസം ഈന്റാത്തോട്ട് കേറ്റാന്‍ നോക്കേണ്ട. ഇബ്ട്‌പ്പോ പാലേരീല് അമ്മദാജീന്റെ കമ്യൂണിസാ നടക്ക്‌ന്നേ... അത് തിരിഞ്ഞിക്കോ നായിന്റെ മോനെ അനക്ക്.
മയ്യഴിപ്പുഴക്കും കോരപ്പുഴക്കുമിടയിലുള്ള വാമൊഴിയാണ് അഹമ്മദ്ഹാജിയും വേലായുധനും പറയുന്നത്. കൂടുതല്‍ സൂക്ഷ്മാംശങ്ങളിലേക്കുപോയാലത് വടകരത്താലുക്കിലെ കുറുമ്പ്രനാട്, കടത്തനാട് പ്രദേശങ്ങളില്‍ വിപുലമായിട്ടുള്ള ഭാഷ എന്ന നിലക്കും വിവക്ഷിക്കാം. കുറ്റിയാടിയിലും നാദാപുരത്തും പാലേരിയിലും ആവളയിലുമെല്ലാം അതിന് സാമുദായികപ്രാധാന്യവും സമാനതയും ലഭിക്കുന്ന സാഹചര്യത്തിലാണിത്. 'പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യില്‍ മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജി വക്താവാകുന്നത് പൂര്‍ണ്ണമായും ഏറനാട്ടിലേതു പോലെയുള്ള മാപ്പിളഭാഷക്കല്ല. മലപ്പുറം ഭാഷയുടെ വികസിതമോ അവികസിതമോ ആയ ശൈലീഭേദം കൂടിയാണ് ഏറനാടന്‍ ഭാഷ.പ്രസ്തുതഭാഷയില്‍ നിന്ന് വ്യതിയാനങ്ങളുള്ളതാണ് പഴയ നാട്ടുരാജ്യങ്ങളായിരുന്ന കുറുമ്പ്രനാടിന്റെയും കടത്തനാടിന്റെയും മറ്റും ഭാഷ.
ജനാധിപത്യകേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസായിരുന്നു മാണിക്യത്തിന്റേത്. 1950കളില്‍ നടന്ന സംഭവത്തെ ആധാരമാക്കി ടി പി രാജീവന്‍ രചിച്ച നോവലിന്റെ ചലച്ചിത്രഭാഷ്യം ജന്‍മി-കുടിയാന്‍ ബന്ധങ്ങളിലെ വൈവിധ്യവും വൈരുധ്യവുമായിരുന്നു ഭൂമികയാക്കിയത്. നായര്‍ജന്‍മികളുടെ ആശ്രിതര്‍ ഏറിയകൂറും പുലയവിഭാഗത്തില്‍പെട്ടവരായിരുന്നെങ്കില്‍ മുസ്ലീംജന്‍മികളെ ആശ്രയിച്ചവരധികവും തീയ്യ സമുദായത്തില്‍പ്പെട്ടവരായിരുന്നു. ജാതിഘടനയുടെ തീവ്രതയും മരുമക്കത്തായസമ്പ്രദായവും ഉള്‍ച്ചേര്‍ന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയും അവയുടെ സാമൂഹികപ്രകാശനങ്ങളും മലബാര്‍ മാന്വലില്‍ വിവരിക്കുന്നിടത്ത് ജനസഞ്ചയത്തെപ്പറ്റി വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ് - ഉത്തരമലബാറിലെ തീയ്യസമുദായക്കാരായ സ്ത്രീകളും പുരുഷന്‍മാരും നോക്കിലും നടപ്പിലും നായന്‍മാരെപ്പോലെ അനന്യസാധാരണമായ വൃത്തിയും ശുചിത്വവും പുലര്‍ത്തുന്നു.മലബാര്‍ ജില്ലയില്‍ ഒരു യൂറോപ്യന്റെ കണ്ണില്‍ ഏറ്റവും മതിപ്പുണ്ടാക്കുക പുരാതനകടത്തനാട്ടേയും ഇരുവഴിനാട്ടിലേയും കോട്ടയത്തെയും സ്ത്രീപുരുഷന്‍മാരായിരിക്കുമെന്ന് പൊതുവില്‍ പറയുന്നതില്‍ തെറ്റില്ല - ഈ പറഞ്ഞ സ്ത്രീപുരുഷന്‍മാരില്‍ ഗണ്യമായ വിഭാഗം തീയ്യസമുദായത്തില്‍പ്പെട്ടവരാണെന്നും പത്തൊന്‍പതാംനൂറ്റാണ്ടിന്റെ അന്തിമദശകങ്ങളില്‍ വില്യംലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ സാമൂഹികക്രമങ്ങളില്‍ മേല്‍വിവരിച്ച സമുദായങ്ങളോരോന്നും സുപ്രധാനമായിരുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. അത്തരം സാഹചര്യത്തുടര്‍ച്ചയില്‍ നിന്നുകൊണ്ട് വര്‍ത്തമാനകാലത്തേക്കു കഥാഗതിയെ കൂട്ടിക്കൊണ്ടുവരാനുള്ള 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യുടെ ശ്രമങ്ങളെയാണ് മൂന്നുവേഷങ്ങളിലൂടെ മമ്മൂട്ടി വിസ്മയകരമായി പിന്തുണക്കുന്നത്്.
'കോഴിക്കോട്ടെ ആളുകള്‍ തന്നെയാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പ്രത്യേകിച്ച് ഭാഷാപരമായ ട്രയിനിംഗിന്റെ ആവശ്യമില്ല. ഈ ഡയലക്ട് അവര്‍ക്കറിയാം. അതിലെ പ്രധാനക്യാരക്ടറുകളിലൊന്നാണ് പൊക്കന്‍. അയാളെന്റെ നാട്ടുകാരനാണ്. കുറ്റിയാടിക്കാരന്‍ ശ്രീജിത് ... അതു പോലെ പലരും തൊട്ടടുത്ത പഞ്ചായത്തുകാരാണ് പിന്നെ മമ്മൂട്ടി... അദ്ദേഹം ചെയ്ത മൂന്നാമത്തെ വേഷമില്ലേ... ഖാലിദ് .അതെന്റെ ക്രിയേഷനല്ല; സംവിധായകന്റേതാണ്. ഹാജി എന്ന കഥാപാത്രമുണ്ടല്ലോ... അത് ഞാന്‍ മനസ്സില്‍ കണ്ട അതേ രീതിയിലാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്.അഭിനയത്തിലും ഭാഷയിലുമെല്ലാം... എനിക്കത് വല്ലാത്തൊരല്‍ഭുതമായിരുന്നു '-നോവലിസ്റ്റ് ടി പി രാജീവന്‍ പറയുന്നു. കലയുടെയും സാഹിത്യത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഭാഷാപരമായ നിരീക്ഷണം ഇങ്ങനെയാണ്. 'മയ്യഴി ഒരു ഈഴവ, തീയ്യ സ്വാധീന മേഖലയാണ്. മുകുന്ദന്റെ രചനകളൊക്കെ നോക്കിയാല്‍ മതി. ആ ഡയലക്ടാണത്.മാഹിപ്പുഴയുടെ അടുത്തുനിന്നും കോരപ്പുഴയുടെ ഭാഗത്തേക്കു വരുമ്പോള്‍ മുസ്ലീങ്ങള്‍ക്കു പ്രാധാന്യം ഏറിത്തുടങ്ങി... ഹിന്ദുക്കളിലാണെങ്കില്‍ നായരും തീയരും... അപ്പോള്‍ പ്രധാനമായും ഈ മൂന്ന് കമ്മ്യൂണിറ്റിയുടെയും ഭാഷയുടെ ചേര്‍ച്ചയാണ് സിനിമയിലുള്ളത്.'
വടക്കേമലബാറില്‍ സാമാന്യേനയും കണ്ണൂരും കാസര്‍ഗോഡും പ്രത്യേകിച്ചും കന്നടയുടെ സ്വാധീനം പരാമര്‍ശവിധേയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുറമെ നിന്നുള്ളവരുടെ കുടിയേറ്റമുണ്ടാകുകയും ചെയ്തു. അതുവരെ ഒരു ആദിവാസിമേഖലയുടെ പ്രതീതി പ്രദേശത്തിനുണ്ടായിരുന്നു. സ്വാഭാവികമായും ആദിവാസികള്‍ക്കിടയിലുള്ള ഭാഷാഭേദം അവിടെ പൊതുരീതിയും ആയിട്ടുണ്ടാകണം. പിന്നീട് മേലാള-കീഴാളഭാഷ, വിവിധ തൊഴില്‍സംസ്‌കാരം, ജാതിസംസ്‌കാരം എന്നിങ്ങനെ ബാഹ്യസ്വാധീനങ്ങളില്‍പ്പെട്ട് വ്യതിരിക്തമായ നില ആര്‍ജ്ജിക്കാനും ഭാഷക്ക് കഴിഞ്ഞിരിക്കണം. മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയുടെ ഭാഷ പ്രാദേശികഭാഷാഭേദത്തിന്റെ നേര്‍പകര്‍പ്പാണ്. ഓരോ പ്രദേശത്തെയും മുസ്ലീംഭാഷ അതത് പ്രദേശത്തെ സ്ലാങ്ങാണെന്നതിന്റെ ലളിതമായ ഉദാഹരണം കൂടിയാണത്.
'എനിക്കുതോന്നുന്നത് ഇവിടെ ആളുകളൊക്കെ കുറച്ചുകൂടി സ്‌ട്രോങ്ങ് പേഴ്‌സണാലിറ്റികളാണെന്നാണ്. ഒരു റഫ്‌നസുമുണ്ട് എന്നാല്‍ ഓമനത്വവുമുണ്ട്. അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ തോന്നും ഭയങ്കര റൂഡ് ആണെന്ന്. എന്നാല്‍ അങ്ങനെയല്ല. വളരെ സിംപിള്‍ ആണെന്നതാണ് സത്യംഎനിക്കവിടുത്തെ സ്ത്രീകളെയും ആള്‍ക്കാരെയും പറ്റി തോന്നിയത് അവരൊക്കെ സെല്‍ഫ് ഡിസിഷന്‍ മേക്കേഴ്‌സാണ് എന്നാണ്. ഞാന്‍ മേക്കപ്പ് ചെയ്യുന്ന വീട്ടില്‍ത്തന്നെ വളരെ സ്‌ട്രോംഗ് ക്യാരക്ടറായ ഒരു മുത്തശ്ശിയുണ്ടായിരുന്നു. നടക്കാന്‍ തന്നെ പറ്റില്ല എങ്കിലും എനിക്കാരുടെയും ഹെല്‍പ്പ് വേണ്ട എന്നൊരു നിലപാട്. എന്റെ മുത്തശ്ശന്റെ പഴയ ഫ്രണ്ട്‌സൊക്കെയുണ്ട്. അവരുടെയൊക്കെ സംസാരരീതിയാണ് ഈ ആഹമ്മദ് ഹാജീടെ സ്്‌റ്റൈല്‍ ഓഫ് ടോക്കിംഗ്.് ഈയൊരു ലാംഗ്വേജ് ഏറനാടന്‍ മലയാളത്തില്‍ നിന്നു വരുമ്പോള്‍ അതിന് മൈനൂട്ട് ആയ ഒട്ടേറെ ഡീറ്റയിലിംഗ് ഉണ്ട്. .ആ മൈനൂട്ട് ഡീറ്റയിലിംഗ് കാണിക്കുന്നതില്‍ മമ്മൂക്ക എക്‌സലന്റായിരുന്നു. വളരെ നോര്‍മലായും സസ്‌റ്റൈനബിളായുമാണ് മമ്മൂക്ക സംസാരിച്ചിരുന്നത്.' -ചിത്രത്തില്‍ അഹമ്മദ് ഹാജിയുടെ ഇഷ്ടക്കാരിയായി മികച്ച അഭിനയം കാഴ്ചവെച്ച ശ്വേതാമേനോന്‍ അഭിപ്രായപ്പെടുന്നു.
പാലേരിയിലെ ഭാഷക്ക് മറ്റെല്ലാ പ്രാദേശികഭേദങ്ങളിലുമുള്ളതുപോലെ പ്രാചീനമലയാളവുമായി പ്രകടമായ ബന്ധമുണ്ട്. 'ഓന്‍,ഓള്‍' എന്നിങ്ങനെയുള്ള സംബോധനാപദങ്ങള്‍ പരിശോധിക്കാം. ഭാഷാപരമായി 'ഓന്‍' അല്ലെങ്കില്‍ 'ഓള്‍' പഴയ മലയാളമാണ്. 'അവ' എന്ന പദാംശം ഭാഷയില്‍ എവിടെ വന്നാലും 'ഓ' എന്നായി മാറും. 'പടച്ചവന്‍ പടച്ചോനും കണ്ടവന്‍ കണ്ടോനും കേട്ടവന്‍ കേട്ടോനും എടുത്തവള്‍ എടുത്തോളു' മാകുന്നത് അങ്ങനെയാണ്. ഭാഷയിലെ ആദേശസന്ധിനിയമമാണിത്. ഭാഷക്ക് പൂര്‍വ്വകാലത്തു നിശ്ചയിക്കപ്പെട്ട സന്ധിനിയമത്തെ അനുകൂലിക്കുന്ന സ്ഥിതി ഭാഷാഭേദത്തിന്റെ പഴക്കത്തെക്കുറിച്ചുള്ള സൂചന കൂടിയാണ്.ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട് 'കീഞ്ഞു' എന്ന വാക്കെടുക്കാം. 'കിഴ്' എന്നതിന്റെ കൂടെ ഭൂതകാലപ്രത്യയമായ 'തു' ചേര്‍ത്താല്‍ 'കീഴ്തു' എന്നായി മാറും. പിന്നീടിത് ഭാഷാനിയമപ്രകാരം 'കീഴ്ഞു' എന്നാകും. 'ഴ'കാരവും 'ഞ'കാരവും അടുത്തു വരില്ല എന്ന നിയമനുസരിക്കുമ്പോഴത് 'കീഞ്ഞു' ആയിമാറും. വ്യാകരണവും ഭാഷാപരിണാമവും ചേരുംപടി ചേരുന്ന പ്രക്രിയയാണത്.
പ്രാചീനസാഹിത്യകൃതികളില്‍ നിന്നുതന്നെ ഇത്തരം ഭാഷാപരമായ ഉദാഹരണങ്ങള്‍ കണ്ടെത്താം. പിറകില്‍ എന്നതിനു പകരം ഉപയോഗി്ക്കുന്ന 'വയ്യപുറം' തന്നെയെടുക്കാം. 'വഴുകിയപുറം' എന്നതിന്റെ ശരിയല്ലാത്ത ഉച്ചാരണമാണത്. ഇത് സാഹിത്യത്തില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. കടത്തനാട്ട് ഉദയവര്‍മ്മരാജ 1892ല്‍ ഹസ്തലക്ഷണദീപിക ആദ്യമായി മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തപ്പോള്‍ 'പൃഷ്ഠം' എന്ന സംസ്‌കൃതപദത്തിനു പകരം ഉപയോഗിച്ചത് 'വയ്യപുറം' എന്നാണ്. അയല്‍പക്കമെന്ന അര്‍ത്ഥത്തില്‍ 'അങ്ങട്ട' കൃഷ്ണഗാഥയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ വടക്കേ മലബാറിലുണ്ടായ സാഹിത്യകൃതിയാണ് കൃഷ്ണഗാഥ. വടക്കന്‍ പാട്ടുകളിലെ നാടോടിവിജ്ഞാനീയവും കടന്ന് സാഹിത്യത്തിലെ പിന്‍തുടര്‍ച്ചക്കാരിലേക്കെത്തുമ്പോള്‍ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ കഥകള്‍, കടത്തനാട്ടുമാധവിയമ്മയുടെയും വി ടി കുമാരന്റെയും കവിതകള്‍ ,എം മുകുന്ദന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും രചനകള്‍ എന്നിവയെല്ലാം കടത്തനാടന്‍ സ്പന്ദങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ്. അത്തരം മാതൃകാപരമായ സന്ദര്‍ഭങ്ങളിലൊന്ന് ഇവ്വിധമാണ്.
-മേശക്കടിച്ചുകൊണ്ട് മുസലിയാര്‍ ഒച്ചയെടുത്തു.
'എന്താടാ,നത്തിന്റെ മാതിരി കുത്തിരിക്ക്ന്ന് ?പുസ്തകമെടുത്ത് ബായിക്ക് നായിന്റെ മക്കളെ'
കുഞ്ഞാലി ചോദിച്ചു
'എന്താ മൊയില്യാറെ ബായിക്കണ്ടത്'
' പാഠമാലതന്നെ ഹമ്‌ക്കേ'
കാച്ചിയും തട്ടവുമിട്ടപെണ്‍കുട്ടികളും മെട്ടേ വടിച്ച ആണ്‍കുട്ടികളും ഒത്തൊരുമിച്ചു പാടിത്തുടങ്ങി.
'അരികത്തമ്പോടുവരുന്നുണ്ടമ്മേ ഞാന്‍
കരയായ്‌കോമനേ കരള്‍ വാടീ...'
പാഠമാല അവര്‍ വളരെ നേരം പാടിക്കൊണ്ടിരിക്കവേ ഒരട്ടഹാസം.
'മതിയാക്കടാ കാഫറിന്റെ പാട്ട്'
മേശക്കടിച്ചുകൊണ്ടു തന്നെ മുസലിയാര്‍കൂവി. എന്തുപറയുമ്പോഴും അയാള്‍ക്കു മേശക്കടിക്കണം. ആ അടിയില്‍ നിന്നു കിട്ടുന്ന ഒരു ശക്തി കൊണ്ടാണ് അയാള്‍അട്ടഹസിക്കുന്നതെന്നു തോന്നും.
കുട്ടികള്‍ഒരു ചരടുപോലെ പെട്ടെന്നു നിന്നു.
'എല്ലാവരും പോയി പാത്തിറ്റ് ബരിന്‍.തണ്ണീം കുടിക്കേണ്ട കൂട്ടര്‍ തണ്ണീനും കുടിക്കീം'
മൂത്രമൊഴിക്കാനായി പള്ളിക്കുളത്തിലേക്ക് ആണ്‍കുട്ടികളും, അടുത്ത മാപ്പിളപ്പുരയിലേക്ക് പെണ്‍കുട്ടികളും പതിവു പോലെ ഓടി.
( സ്മാരകശിലകള്‍/ പുനത്തില്‍കുഞ്ഞബ്ദുള്ള /നോവല്‍ )
മൂത്രമൊഴിക്കുക എന്നതിന് ഇവിടെ മുസ്ലീങ്ങള്‍ക്കിടയില്‍ 'പാത്തുക' എന്ന പദമാണ്് സാധാരണ ഉപയോഗിക്കുന്നത്. തീയവിഭാഗത്തില്‍പ്പെട്ടവര്‍ 'വീത്തി' എന്ന് പറയും. ഇപ്രകാരമാണ് ജാതിവ്യത്യാസങ്ങള്‍ ഭാഷയെ സ്വാധീനിക്കുന്നത്. അതേസമയം പുതിയൊരു തലമുറ പ്രാദേശികഭാഷാഭേദങ്ങളുടെ ഉപയോഗത്തില്‍ നിന്നു വിട്ടുനിന്നു തുടങ്ങിയിട്ടുമുണ്ട്. മാനകമലയാളവും മാപ്പിളമലയാളവും പലപ്രകാരത്തില്‍ ഇവിടെ മുസ്ലീംഭാഷാഭേദത്തില്‍ സമന്വയിക്കുന്നു. മാപ്പിളമലയാളത്തില്‍ 'ള,ശ,ഷ' എന്നീ വ്യഞ്ജനങ്ങള്‍ ഇല്ലെങ്കിലും ഇവിടെ അത് ഉപയോഗത്തിലുണ്ട്. അതേസമയം ഇതര ഭാഷാഭേദങ്ങളിലെ 'വ' മാപ്പിള മലയാളത്തില്‍ 'വ'യോ 'ബ'യോആയി ഉച്ചരിക്കപ്പെടുന്നു എന്നതും ഇവിടെ ഭാഷയെ സംബന്ധിച്ചിടത്തോളം ശരിയാകുന്നുമുണ്ട്.
പ്രാദേശികഭേദമെന്ന് നാം വിലയിരുത്തുന്ന പല വാക്കുകളും ചരിത്രപരമായി നിലനിന്നിരുന്നതും പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ടായിരുന്നവയുമാണ്. 'അജന്‍' എന്ന വാക്കെടുക്കുക. ഭാഷാശാസ്ത്രമനുസരിച്ച് പഴയമലയാളത്തിലത് 'അയന്‍ 'എന്നാണ് പറഞ്ഞിരുന്നത്. 'ജ'കാരവും 'യ'കാരവും തമ്മില്‍ പരസ്പരവിനിമയമാണ് ഇവിടെ സാധ്യമാകുന്നത്. 'നിയ്യ്' എന്നത് പ്രാദേശികമായി 'നിജ്ജ് 'എന്നു രൂപപ്പെടുന്നതും ഇപ്രകാരമാണ്. പക്ഷേ 'അജന്‍-അയന്‍' ഭാഷാവിനിമയം പോലെ പല വാക്കുകളും
സര്‍വ്വസാധാരണവും സ്വീകാര്യവും ആയിത്തീര്‍ന്നെങ്കിലും 'നിജ്ജ്' 'നിയ്യ്' പോലെയുള്ള വിനിമയങ്ങള്‍ തീര്‍ത്തും പ്രാദേശികമായി നില കൊള്ളുകയും ചിലപ്പോഴെങ്കിലും ഫലിതദ്യോതകമാകുകയും ചെയ്യുന്നു. 'നിയ്യ് , നിജ്ജ് 'എന്നത് പലേരിയിലെത്തുമ്പോള്‍ 'ഇഞ്ഞി' ആയി മാറുന്നു. ഇതുപോലെ ഓരോ സമുദായത്തിന്റെയും സംസ്‌കാരവുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ വേറെയുമുണ്ട്. 'പടാപ്പുറം' എന്നൊരു വാക്കുകേട്ടാല്‍ അത് മുസ്ലീങ്ങള്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന കട്ടിലിന്റെ പ്രാദേശികപദമാണെന്നു് വ്യക്തമാകും.
'ഡിമോഗ്രാഫിക് ആയ മുസ്ലീങ്ങളുടെ വിതരണം ഒരിക്കലും തുല്യനിലയിലായിരുന്നില്ല എന്നതിന്റെ സൂചന കൂടിയാണിത്. അതായത് ഏതെങ്കിലുമൊരു പ്രത്യേകഭാഷയോ സംസ്‌കാരമോ കൊണ്ടല്ല അവര്‍ കേരളത്തിലുടനീളം സഞ്ചരിച്ചത്.അതത് പ്രദേശത്തിന്റെ ഭാഷയും സംസ്‌കാരവും സ്വാംശീകരിക്കുകയായിരുന്നു. അതില്‍ കുറെയെങ്കിലും മാറ്റം വന്നത് 1921-നു ശേഷമാണ്. ഖിലാഫത്ത് മൂവ്‌മെന്റിന്റെ കാലയളവോളം ഇവിടെ വ്യക്തിനാമങ്ങളില്‍പ്പോലും ജാതിക്കതീതമായ സമാനതയുണ്ടായിരുന്നു. വൈക്കം മുഹമ്മദ്ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന കൃതിയില്‍ ഇത്തരം സാഹചര്യം യഥാതഥമായിത്തന്നെ പകര്‍ത്തിയിട്ടുണ്ട്. നായകകഥാപാത്രത്തിന്റെ പേരിലെ ജാതി മനസ്സിലാവാതെനില്‍ക്കുന്ന കുഞ്ഞുപാത്തുമ്മ നിങ്ങളൊക്കെ ഇസ്ലാം തന്നെയല്ലേഎന്നാണ് ശങ്കിക്കുന്നത്. ഞാന്‍ പറയുന്നതെന്തെന്നുവച്ചാല്‍ മുസ്ലീങ്ങളുടെ മാത്രം ഭാഷ എന്നൊന്നില്ലെന്നാണ്.'- മടപ്പള്ളി ഗവണ്‍മെന്റ് കോളജ് ഭാഷാധ്യാപകനും ഗവേഷകനുമായ രാജേന്ദ്രന്‍ എടത്തുംകര പറയുന്നു.
അഹമ്മദ് ഹാജിയുടെ കണ്ണില്‍ ചീരു ആദ്യമായി പതിയുന്ന രംഗം നോക്കൂ. കുളിക്കടവില്‍നിന്ന് നനഞ്ഞ വസ്ത്രങ്ങളുമായി പോകുന്ന ചീരുവിലും അവളുടെ നഗ്നമായ പിന്‍പുറത്തും വിടനെപ്പോലെ നോക്കി ആസ്വദിക്കുന്ന ഹാജി വേലായുധനോട് (ശൃംഗാരഭാവത്തില്‍) : വേലായ്ധാ...
വേലായുധന്‍ : മ്മളെ ഒതേനേട്ടന്റെ തിയ്യത്ത്യാ.
അഹമ്മദ് ഹാജി : ഇത്തറേം കാലം ഏടെ ഒളിപ്പിച്ച വെച്ചാ നായ് .ഇവന് ഇത്രേം നല്ലൊന്നിനെ ഏട്ന്ന കിട്ടി. ഉം...
(പിന്നെയും നടന്നു ;പുഴക്കരയിലൂടെ)
അഹമ്മദ് ഹാജി : വേലായ്ധാ.
വേലായുധന്‍ : ഓ
അഹമ്മദ് ഹാജി : നനഞ്ഞ പെണ്ണ് .വാസനസോപ്പിന്റെ മണം...എനിയ്ക്ക് ഓളെ ഒന്നുകാണണം.
വേലായുധന്‍ : ഒതേനേട്ടന്‍...
അഹമ്മദ് ഹാജി : ഒതേനന്‍...തച്ചോളി മാണിക്കോത്തെ ഒതേനനൊന്ന്വല്ലല്ലോ ? ആയാലും കൊയപ്പൊല്ല. ഞാന്‍ മുരിക്കും കുന്നത്തെ അഹമ്മദാ... ഞ്ഞ് പറേന്നത് കേക്ക്
വേലായുധന്‍ : ഓ
അഹമ്മദ് ഹാജി ഹാജി : ഉം ... ഈ നടപ്പ് വെറുതെ ആയില്ല. ഉള്ള പേരുദോഷംകൂട്ടാനായിട്ട്് ഈ പെണ്ണുങ്ങളിങ്ങനെ എറങ്ങി നടന്നാ എന്താടോ ചെയ്യാ...ങേ...
മലബാറിലെ മലയാളത്തിന് പൊതുവെയുള്ള വ്യത്യാസങ്ങളിലേക്കും കോഴിക്കോട് ജില്ലയുടെ വടക്കന്‍മേഖലകളിലെ പ്രാദേശികവൈജാത്യങ്ങളിലേക്കും വെളിച്ചം വീശാന്‍ കരുത്തുള്ള ഇത്തരം സംഭാഷണങ്ങളായിരുന്നു ചിത്രത്തിന്റെ ജീവന്‍.
ഷൂട്ടിംഗിനു മുന്‍പുതന്നെ അഭിനേതാക്കള്‍ക്കായി നടത്തിയ പ്രത്യേകപരിശീലനക്യാമ്പും ചിത്രത്തിന്റെ റിസള്‍ട്ടിനെ മെച്ചപ്പെടുത്തിയെന്നുവേണം കരുതാന്‍. പ്രശസ്തസാഹിത്യകാരി സാറാ ജോസഫ് അഭിപ്രായപ്പെടുന്നതിങ്ങനെയാണ് -'യഥാര്‍ത്ഥചരിത്രമെന്നതാണ് രാജീവന്റെ നോവലിന്റെ കേന്ദ്രബിന്ദു. യഥാര്‍ത്ഥചരിത്രത്തിന്റെ കര്‍തൃത്വവും സാക്ഷികളും അനാവരണം ചെയ്യപ്പെടുമ്പോള്‍ അസ്വസ്ഥതകളുണ്ടാവുക സ്വാഭാവികം ആ രീതിയില്‍ രാജീവന്റെ നോവലിനോട് നീതി പുലര്‍ത്താന്‍ രഞ്ജിത്തിന്റെ സിനിമക്ക് കഴിയുകയും ചെയ്തു'
പ്രദേശികഭാഷാഭേദത്തിന്‍െ ഉള്‍ക്കരുത്ത് യുക്തിഭദ്രമായി സ്വന്തം സിനിമകളില്‍ പരീക്ഷിച്ചുവരുന്ന രഞ്ജിത്തിന്റെ മറ്റൊരു വിജയം കൂടിയായിരുന്നു 'പാലേരിമാണിക്യം ഒരു പാതിരാകോലപാതകത്തിന്റെ കഥ' . ഭാഷാഭേദം കൈകാര്യം ചെയ്യുന്നതില്‍ പ്രഥമഗണനീയനായ മമ്മൂട്ടിയും ഒപ്പം ചേര്‍ന്നതോടെ വടക്കന്‍ കോഴിക്കോടിന്റെ ഉത്തരമേഖലയിലെ പ്രാദേശികഭാഷാഭേദങ്ങളിലൊന്നുകൂടി പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി.
കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...