Wednesday, February 8, 2012

സരോജ് കുമാറിലൂടെ നാം ചര്‍ച്ച ചെയ്യേണ്ടതെന്ത്?


നവാഗതനായ സജിന്‍ രാഘവന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ അദ്ദേഹത്തെ തന്നെ നായകനാക്കി സംവിധാനം ചെയ്ത പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രം ഇപ്പോള്‍ സിനിമാ ആസ്വാദകരുടെ ഇടയിലും സിനിമാ രംഗത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. സിനിമക്കുളിലെ കഥ പറഞ്ഞ ചിത്രമായ ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സിനിമാ രംഗത്തെ മോശം പ്രവണതകളെ കണക്കറ്റു പരിഹസിച്ച ഉദയനാണ് താരത്തിലെ സരോജ് കുമാറെന്ന കഥാപാത്രമാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍. സരോജ്കുമാറിന് മാനസാന്തരം വരുന്നിടത്താണ് 'ഉദയനാണ് താരം' അവസാനിക്കുന്നത്. എന്നാല്‍ പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രത്തില്‍ സരോജ് കുമാര്‍ സിനിമ അടക്കി ഭരിക്കുന്ന സൂപ്പര്‍ താരമാണ്. എന്നാല്‍ പ്രേക്ഷകര്‍ വാനോളം പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ  ഈ ചിത്രം  പുറത്തിറങ്ങിയപ്പോള്‍ അത് മോഹന്‍ ലാല്‍ എന്ന നടനെതിരെയുള്ള ഒളിയമ്പുകള്‍ മാത്രം നിറച്ചതാണെന്നും, അദ്ദേഹത്തെ മനപൂര്‍വ്വം കരിവാരി തേക്കാന്‍ ശ്രീനിവാസന്‍ ഇറക്കിയ ചിത്രമാണെന്നും പരാതി ഉയര്‍ന്നു. എന്തും ഇതും ഏറ്റുപിടിക്കുന്ന ഫാന്‍സുകാര്‍ ചിത്രത്തിനെതിരെ രംഗത്ത്‌ വന്നു.

ചിത്രത്തിന്റെ പ്രമേയത്തിനും ഉദ്ദേശ ശുദ്ധിക്കും അപ്പുറം അതിലെ രൂക്ഷമായ പരിഹാസ ശരങ്ങളാണ് ശ്രദ്ധ നേടിയത്. ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ പരാജയം മോഹന്‍ ലാലിനെയും ശ്രീനിവാസനെയും അകറ്റി എന്നും, ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ മോഹന്‍ ലാല്‍ വിസമ്മതിച്ചത് കാരണം, മോഹന്‍ ലാലിനെ അധിക്ഷേപിക്കാന്‍  ശ്രീനിവാസന്‍ മനപൂര്‍വ്വം ഉണ്ടാക്കിയ ചിത്രമാണിതെന്നും പല കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നു. എന്നാല്‍ മലയാള സിനിമയിലെ മോശം പ്രവണതകളെ വിമര്‍ശിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നും മോഹന്‍ ലാലിനെ ടാര്‍ഗറ്റ് ചെയ്യേണ്ട കാര്യം തനിക്കില്ല എന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. അതിനിടയില്‍ മോഹന്‍ ലാലിന്റെ വിശ്വസ്തും (ബിനാമി) ഡ്രൈവറുമായ ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ ക്യാമറാ മാന്‍ എസ്.കുമാറിനെ വിളിച്ചു ഭീഷണിപ്പെടുത്തിയത് വാര്‍ത്തയായി. ശ്രീനിവാസനെതിരെ സന്തോഷ്‌ പണ്ടിറ്റിനെ വച്ച് ചിത്രം ചെയ്യുമെന്ന് വരെ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞുവത്രേ. എന്തും ഏറ്റു പിടിക്കുന്ന സന്തോഷ്‌ പണ്ടിട്റ്റ്, ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അഭിനയിക്കാന്‍ താന്‍ തയാറാണെന്ന് പരസ്യമായി പറഞ്ഞുവെങ്കിലും ആരും അതിലേക്ക് ശ്രദ്ധയൂന്നാതിരുന്നത് ഭാഗ്യമായി.

മലയാള സിനിമയുടെ മുഖം തന്നെ മാറി മറിച്ച വര്‍ഷമായിരുന്നു കടന്നു പോയത്. നാം കഴിഞ്ഞ വര്‍ഷം നേടിയതൊക്കെ അപകടപ്പെടുത്തുന്ന നിലയിലാണ് ഇക്കൊല്ലം കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. യാദൃശ്ചികമോ അല്ലാതെയോ ഇതിന്‍റെ കാരണങ്ങളും സരോജ് കുമാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ പലതും ഒന്നാണ്, അല്ലെങ്കില്‍ അവയുടെ മൂലകാരണങ്ങള്‍ ഒന്നാണ് എന്നത് മലയാളി പ്രേക്ഷകര്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും പകല്‍ പോലെ വ്യക്തമായ വസ്തുതയാണ്. അപ്പോള്‍ പിന്നെ അതിനു നേരെ നാം മുഖം മറച്ചു പിടിക്കേണ്ട കാര്യമില്ല. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമങ്ങള്‍ അതിന്റെ സെന്‍സെഷണല്‍ വാര്‍ത്താ വശം മാത്രം ചര്‍ച്ച ചെയ്തപ്പോള്‍ ആ ചിത്രത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ വിസ്മരിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍ താരങ്ങള്‍ സിനിമാ ലോകത്തെ നിയന്ത്രിക്കുമ്പോള്‍, അവര്‍ക്കായി, അവരുടെ താര പദവി നില നിര്‍ത്താനായി കഥകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, നല്ല സിനിമകള്‍ മലയാളത്തില്‍ മാത്രം ഉണ്ടാകുന്നില്ല എന്ന് വിലപിക്കുന്നവര്‍, യഥാര്‍തത്തില്‍ അന്വേഷിക്കേണ്ടത് അതിലെ യഥാര്‍ത്ഥ കാരണങ്ങളെയാണ്.  മലയാള സിനിമയിലെ അത്തരം പ്രവണതകളെയും, പ്രേക്ഷകര്‍ കാണാതെ പോകുന്ന പിന്നാമ്പുറ കഥകളിലേക്കും തിരിച്ചു പിടിക്കുന്ന ഒരു കണ്ണാടിയാണ് സരോജ് കുമാറെന്ന ചിത്രം. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും, സ്വയം വിമര്‍ശനാത്മകമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ ചിന്തിച്ചു തുടങ്ങുമ്പോഴേ മലയാള സിനിമയ്ക്ക് ഈ പടുകുഴിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകൂ. സരോജ് കുമാര്‍ എന്ന ചിത്രം ഒരു മാറ്റമു ണ്ടാ ക്കുന്ന ചിത്രമാണെന്ന് അവകാശപ്പെടാന്‍ ഞാനൊരു മണ്ടനല്ല. പക്ഷെ നാമിതിന്‍റെ പ്രസക്തി തീര്‍ച്ചയായും ചര്‍ച്ച ചെയ്യുക തന്നെ വേണം.

സരോജ് കുമാരിലെ ഒരു രംഗം പരിശോധിക്കാം. സരോജ് കുമാറിന് കേണല്‍ പദവി ലഭിക്കുമ്പോള്‍ വിളിക്കുന്ന പത്ര സമ്മേളനത്തില്‍, തനിക്കു ലഭിച്ച അംഗീകാരത്തെ കുറിച്ച് പറയുന്ന സരോജ കുമാറിനോട്, അയാളുടെ ഏറ്റവും പുതിയ ചിത്രമായ 'വെക്കടാ വെടി'യെ കുറിച്ച് ഒരു പത്രക്കാരി ചോദിക്കുന്നുണ്ട്, "പദ്മശ്രീയും ഡോക്ടറും കേണല്‍ പടവിയുമൊക്കെ ലഭിച്ച ഒരു നടന്‍ ചെയ്യാവുന്ന ഒരു ചിത്രമാണോ അതെന്ന്, സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലേ എന്ന്". അതിനുള്ള മറുപടിയായി സരോജ് കുമാര്‍ പറയുന്നത്, സിനിമയും കേണലും വേറെ എന്നാണു. അപ്പോള്‍ പത്രക്കാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്, സിനിമയില്‍ അഭിനയിച്ചത് കൊണ്ടു മാത്രമാണ് ഈ പടവികളൊക്കെ ലഭിച്ചത് എന്ന്. പലപ്പോഴും, നാം ആരാധിക്കുന്ന മഹാനടന്മാര്‍ അവരുടെ കഴിവിനെ പോലും കൊഞ്ഞനം കുത്തുന്ന ചില ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ നാം  മലയാളികള്‍ അറിയാതെ അവരോടു ചോദിച്ചു പോകുന്ന ഒരു ചോദ്യമല്ലേ അത്?  കാശു കൊടുത്ത് തീയേറ്ററില്‍ കയറുന്ന പ്രേക്ഷകരില്‍ പലരും ഈ ചോദ്യങ്ങള്‍ തങ്ങളുടെ മനസിലെങ്കിലും ചോദിച്ചു പോകുന്നുണ്ട്. സരോജ് കുമാറെന്ന ചിത്രം ചര്‍ച്ച ചെയ്യപെടെണ്ടത് ഈ ഒരു വീക്ഷണ കോണിലാണ്, അല്ലാതെ ആര്‍ക്കും ഗുണം ചെയ്യാത്ത ചര്‍ച്ചകളിലൂടെയല്ല.. സരോജ് കുമാറിനെകുറിച്ചുള്ള ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നത് മോഹന്‍ ലാല്‍ എന്ന സൂപ്പര്‍ സ്റ്റാര്‍-ഇല്‍ മാത്രമാണ്. മോഹന്‍ ലാലിനെ ആക്ഷേപിച്ചു എന്ന് പറയുന്നവര്‍ മനസ്സിലാക്കേണ്ടത്, ആരും വിമര്‍ശനത്തിനതീതരല്ല എന്ന കാര്യമാണ്. മലയാളസിനിമയിലെ പൊങ്ങച്ചങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള സറ്റയര്‍ മാത്രമാണ് സരോജ് കുമാര്‍... അതിനെ അതിന്‍റെ ശരിയായ രീതിയില്‍ വിലയിരുത്തി ചര്‍ച്ച ചെയ്‌താല്‍, ഒരു പക്ഷെ മലയാള സിനിമയിലെ പല മോശം പ്രവണതകളെയും ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കും.. പക്ഷെ അങ്ങനെയുള്ള സാധ്യതകള്‍ ഒരു സ്വപ്നം മാത്രമാണ് എന്ന് അടിവരയിട്ടുകൊണ്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌ എന്ന് വ്യക്തം... അപ്പോള്‍ പിന്നെ നാം ഇനിയും സന്തോഷ്‌ പണ്ഡിറ്റ്‌മാരെ കാണേണ്ടിയും സഹിക്കേണ്ടിയും വരും.. നമ്മുടെ തലവര...!!!

2 comments:

  1. സരോജ് കുമാര്‍ മഹത്തായ പടം അല്ല പക്ഷെ കുഞ്ഞളിയനെയും കെ കെ രാജിവ് പടത്തെയും വച്ച് നോക്കിയാല്‍ നല്ല ചിത്രം മോഹന്‍ലാലിന്റെ കാസനോവയുമായി തടിച്ചു നോക്കിയാല്‍ എത്ര ഗംഭീരം എന്നും പറയാം പക്ഷെ മംദ മോഹന്‍ദാസിന്റെ കാരക്ടരും വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച കാരക്ടര്‍ എങ്ങിനെ സരോജിന്റെ മകന്‍ ആയി എന്നാ ആ കണ്ഫ്യൂഷനും ഒഴുവാക്കിയാല്‍ ഒരു നാള്‍ വരും എന്നാ സിനിമയേക്കാള്‍ നല്ല പടം ആണ് , ശ്രീനിവാസന്‍ ഉന്നയിച്ച പ്രശ്നം മോഹന്‍ലാല്‍ ആണ് ചിന്തിക്കേണ്ടത് തനിക്കെതിരെ എല്ലാ ഫാന്‍സും മനസ്സില്‍ പറയുന്നതാണ് ഈ ചിത്രത്തില ശ്രീനിവാസനും പറഞ്ഞത് ഫ്ലാക്സിബിള്‍ ആക്ടര്‍ ആയിരുന്ന മോഹന്‍ ലാല്‍ ഇന്ന് ഒരു അന്‍ സഹിക്കബിള്‍ ആക്ടര്‍ ആയി തീര്‍ന്നു എന്തുകൊണ്ട് അതിനുത്തരം മോഹന്‍ലാലും അയാളെ ഈ വഴി ആക്കിയ ഉപജാപക വൃന്ദവും തന്നെ ഉത്തരം പറയണം , കോമഡിയും ന്രതവും ഗാനവും ഒന്നും ഇപ്പോള്‍ മോഹന്‍ ലാലിന് വഴങ്ങുന്നില്ല പണ്ടത്തെ മോഹന്‍ ലാലിന്റെ നിഴല്‍ പോലുമല്ല ഇന്നത്തെ മോഹന്‍ലാല്‍ , ആവശ്യം ഉള്ളപ്പോള്‍ ആയുധ വിദ്യ മറന്ന കര്‍ണ്ണനെ പോലെ ചളിയില്‍ പൂണ്ട തന്റെ രഥം പൊക്കി എടുക്കാന്‍ കഴിവില്ലാതെ ദയനീയമായി നോക്കി നില്‍ക്കുന്ന മോഹന്‍ലാലാണ് ഈ അടുത്ത എട്ടു കൊല്ലം വന്ന സിനിമകള്‍ പരിശോധിച്ചാല്‍ ആകെ ഒരു എക്സപ്ഷന്‍ എന്ന് പറയാവുന്നത് നരനും ശിക്കാരും മാത്രം ശിക്കാര്‍ പോലും പാസ് മാര്‍ക്കെ ഉള്ളു , അതെ സമയം ഒരു ആവറേജ് ആക്ടര്‍ ആയിരുന്ന മമ്മൂട്ടി തനിക്കു വഴങ്ങാതിരുന്ന കോമഡി ടാന്‍സ്‌ ഒക്കെ ഒരു വിധം അഭ്യാസം കൊണ്ട് മാത്രം ഒപ്പിചെടുക്കുന്ന കാഴ്ചയും നമ്മള്‍ കാണുന്നു , തിരക്കഥ കൊള്ളാത്തത് കൊണ്ടാണ് മമ്മൂട്ടി ചിത്രങ്ങള്‍ കഴിഞ്ഞ വര്ഷം പരാജയപ്പെട്ടത് എന്നാല്‍ മമൂട്ടി എത്ര പുതിയ സംവിധായകരെ കൊണ്ട് വന്നു, പ്രതിഫലത്തില്‍ വിട്ടുവീഴ്ച ഒക്കെ ചെയ്ത് പ്രാഞ്ചി ഏട്ടനും കയ്യോപ്പും ഒക്കെ തന്നു എന്നാല്‍ ആവക രീതിയില്‍ മോഹന്‍ ലാല്‍ ഒന്നും നല്‍കിയില്ല അവസരം നല്‍കിയ പുതുമുഖം സംവിധായകരാകെ ഒരു പടം കൊണ്ട് തകരുന്നതും കണ്ടു , മോഹന്‍ ലാല്‍ ഒരു സ്വയം വിചിന്തനം ചെയ്യാന്‍ സരോജ് കുമാര്‍ പ്രേരിപ്പിക്കെണ്ടാതാണ് , ഒരാള്‍ തന്റെ വിമര്‍ശകരെ ആണ് തന്റെ സുഹ്ര്തായി കരുതേണ്ടത് അല്ലാതെ സ്തുതി പാഠകരെ അല്ല

    ReplyDelete
  2. @സുശീലന്‍, നാം സരോജ് കുമാര്‍ എന്ന ചിത്രത്തെ പറ്റി ചര്‍ച്ച ചെയ്യേണ്ടത് അതാണ്‌. പക്ഷെ ഇപ്പോള്‍ നടക്കുന്നത് വെറും പൊറാട്ട് നാടകമാണ്. മോഹന്‍ ലാല്‍ എന്ന താരത്തെ തൃപ്തിപ്പെടുത്താനായി നടക്കുന്ന മത്സരം അതാണ്‌ നാം കാണുന്നത്. താങ്കള്‍ പറഞ്ഞ വസ്തുത ശരിയാണ്. നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള മോഹന്‍ ലാല്‍ സിനിമ എന്നത് കഴിഞ്ഞ 8 -10 വര്‍ഷത്തില്‍ മലയാളിക്ക് അപ്രാപ്യമായിരിക്കുന്നു. ഒരു അതുല്യ നടനാണ്‌ ഇങ്ങനെ നശിക്കുന്നത്. ഒരു മാറ്റം ആവശ്യമാണ്‌. ശ്രീനി തന്‍റെ ശബ്ദമുയര്‍ത്തിയിരിക്കുന്നു. ഒരു പക്ഷെ ലാലിന് മാത്രമല്ല, വാരിവലിച്ചു ആരാധകരെ തൃപ്തിപ്പെടുതാനായി സിനിമ ചെയ്യുന്ന എല്ലാവര്‍ക്കും ഇതൊരു താക്കീതാവാം. നല്ല മലയാള സിനിമകള്‍ ഉണ്ടാകുന്ന കാലം വിദൂരമല്ല എന്നാണു നമുക്ക് പ്രത്യാശിക്കാം.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.