Sunday, April 15, 2012

ഓര്‍ഡിനറി (Ordinary)


'ഓര്‍ഡിനറി' എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന രൂപം നമ്മുടെ ആനവണ്ടിയുടെതാവും. ആ ആനവണ്ടിയും ഒരു പ്രധാന കഥാപാത്രമാകുന്ന ഒരു കഥ പറയുകയാണ്‌, നവാഗത സംവിധായകന്‍ സുഗീത് ഈ ചിത്രത്തിലൂടെ. സംവിധായകന്‍റെ കഥക്ക് തിരനാടകവും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ - മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍,  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ശ്രീത ശിവദാസ്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കാടിനകത്തുള്ള ഗവി എന്ന ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസും, ജീവനക്കാരും, അതില്‍ ദിവസേന യാത്ര ചെയ്യുന്ന ഗ്രാമവാസികളുമാണ് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആ ബസ്സിന്‍റെ കണ്ടക്ടറായി ഇരവിക്കുട്ടന്‍ പിള്ള എന്ന ഇ രവി (കുഞ്ചാക്കോ ബോബന്‍) എത്തുന്നു. ബസ്സിന്‍റെ ഡ്രൈവറായ പാലക്കാടന്‍ സുകുവിനൊപ്പം (ബിജു മേനോന്‍) ഗവിയിലെത്തുന്ന ഇരവി പതിയെ ഗവിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയും, ഗ്രാമവാസികളുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അതിനിടെ അവിടെ വച്ച് കണ്ടു മുട്ടുന്ന കല്യാണിയെ (ശ്രീത ശിവദാസ്) ഇരവി ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അവിചാരിതമായ ചില കാര്യങ്ങളാണ് ഇരവിയുടെയും സുകുവിന്‍റെയും ജീവിതത്തില്‍ പിന്നെ സംഭവിക്കുന്നത്‌. ഇരവി ഒരു കൊലപാതകത്തില്‍ പ്രതിയാകുകയും ചെയ്യുന്നതോടെ ആകാംഷാഭരിതമായ ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തുന്നു.
 
 ബസ്സുമായി ബന്ധപ്പെട്ട കഥയായത്‌ കൊണ്ടാവും ഒരു യാത്ര പോകുന്നത് പോലെയാണ് ഈ ചിത്രം നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയിലെ പുതുമയെക്കാള്‍ കഥ പറഞ്ഞ രീതിയാവും ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുക. നാം കേട്ടിട്ടുള്ള ഒരു കഥയെ, വളരെ ലളിതമായി മറ്റൊരു പശ്ചാത്തലത്തില്‍ പറയുക എന്നതാണ് സുഗീത് ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. അതിനായി നിഷാദിന്‍റെയും മനുപ്രസാദിന്റെയും തിരക്കഥയും സംഭാഷണങ്ങളും നന്നായി സഹായിച്ചിരിക്കുന്നു. സരസമായ സംഭാഷണങ്ങളും തമാശകളും നിറഞ്ഞ ആദ്യ പകുതിയില്‍ തന്നെ ഇവര്‍ക്ക് പ്രേക്ഷകരെ കയ്യിലെടുക്കുവാനായി എന്നതാണ് ഇതിന്‍റെ മേന്മ. രണ്ടാം പകുതിയില്‍ ഉദ്ദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുതിയിരിക്കുന്നുവെങ്കിലും, ചിത്രം ചെന്ന് നില്‍ക്കുന്നത് പ്രേക്ഷകര്‍ക്ക്‌ ഊഹിക്കുവാന്‍ കഴിയുന്നിടത്ത് തന്നെ എന്നത് ഒരു ന്യൂനതയായി പറയാം. ഗവി പോലൊരു ഉള്‍നാടന്‍ ഗ്രാമത്തിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതില്‍ അവര്‍ മികവു പുലര്‍ത്തിയിരിക്കുന്നു, പ്രത്യേകിച്ചും, ബാബുരാജ് അവതരിപിച്ച വക്കച്ചന്‍ എന്ന കഥാപാത്രം. പക്ഷെ കഥാപാത്രങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കാതെയാണ് തിരനാടകം കടന്നു പോകുന്നത് എന്നും പറയേണ്ട വസ്തുത തന്നെ. കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും കഥയെ മുന്നോട്ടു കൊണ്ട് പോകുമ്പോള്‍, ഈ ന്യൂനതകള്‍ സമര്‍ത്ഥമായി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം.
 
സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ കഥയെ തിരശീലയില്‍ എത്തിക്കുന്ന കര്‍ത്തവ്യം ഭംഗിയായി തന്നെ സുഗീത് ചെയ്തിരിക്കുന്നു. നവാഗതനെങ്കിലും, മികച്ച രീതിയില്‍ തന്നെ ചിത്രത്തെ അവതരിപ്പിക്കുവാന്‍ സുഗീതിനു കഴിഞ്ഞിരിക്കുന്നു. അല്‍പമൊന്നു പരിഭ്രമിക്കുന്ന രണ്ടാം പകുതിയിലെ കഥയെ, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതില്‍ ഒരു സംവിധായാകന്‍റെ കയ്യടക്കം വ്യക്തം. മലയോര ഗ്രാമത്തെ അവതരിപ്പിക്കാന്‍, കുട്ടിക്കാനത്തെയും ഗവിയുടെയും  ദൃശ്യചാരുത അതിമനോഹരമായി ഫൈസല്‍ അലി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. കോട മഞ്ഞും മലനിരകളും തണുപ്പുമെല്ലാം പ്രേക്ഷകരെ ഗവിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.  ചിത്രത്തിനുതകുന്ന വിധം ക്യാമറ ചലിപ്പിക്കുവാന്‍ ഫൈസലിനു കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാന്‍. സാജന്‍റെ ചിത്രസംയോജനവും ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. രാജീവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ "എന്തിനീ മിഴി രണ്ടും.." എന്ന ഗാനം ശ്രവണ സുഖം പകരമുമ്പോള്‍, "തെച്ചിപ്പൂ മന്ദാരം.." എന്ന ഗാനം ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. മറ്റു രണ്ടു ഗാനങ്ങളും ബോറടിപ്പിക്കാതെ കടന്നു പോകുന്നു എന്നതിനപ്പുറം, ചിത്രത്തിലവയ്ക്ക് വലിയ പ്രസക്തി ഒന്നും ഇല്ല. 

അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും ബാബുരാജും എന്ന് സംശയമില്ലാതെ പറയാം. സോള്‍ട്ട് & പെപ്പര്‍ ബാബുരാജിനെ ഗുണ്ടയില്‍ നിന്നും ഹാസ്യനടനാക്കി എന്ന് തോന്നുന്നു. പാലക്കാടന്‍ ഭാഷയുമായി ബിജു മേനോന്‍ കസറിയപ്പോള്‍, കുഞ്ചാക്കോ ബോബന്‍ ഇരവിയെ തെറ്റില്ലാതെ അവതരിപ്പിച്ചു എന്ന് വേണം പറയാന്‍. ശ്രീതയുടെ കല്യാണി ശരാശരിയില്‍ ഒതുങ്ങി, അതിലുപരി ഒന്നും തന്നെ തിരക്കഥ ആ കഥാപാത്രത്തിനായി ഒരുക്കിയിരുനില്ല എന്ന് പറയുന്നതാവും ശരി. അഭിനയ സാധ്യതയുള്ള വേഷങ്ങളായിരുന്നു ആന്‍ അഗസ്റ്റിന്റെതും ആസിഫ് അലിയുടെതും, പക്ഷെ നമ്മെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരുടെതും. ഭദ്രന്‍ എന്ന കഥാപാത്രത്തില്‍, ആസിഫ് അലിയെ മാത്രമേ നമുക്ക് കാണുവാനാകുന്നുള്ളൂ, ആ കഥാപാത്രത്തിനൊരു വ്യക്തിത്വം നല്‍കുന്നതില്‍ ആസിഫ് പരാജയപ്പെട്ടു. അന്ന എന്ന കഥാപാത്രത്തെ അവതരിപിച്ച ആന്‍ അഗസ്റ്റിന്‍, പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതി വീഴുന്നതും നാം കാണുന്നു. ധര്‍മജന്‍  അവതരിപിച്ച ആന്റപ്പന്‍ കൊള്ളാം. ലാലു അലക്സ്, ജിഷ്ണു, വൈഗ, സലിം കുമാര്‍, കൊച്ചു പ്രേമന്‍, ഹേമന്ത്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തില്‍ പല വേഷങ്ങളിലായി നമുക്ക് മുന്നില്‍ എത്തുന്നു.
 
പുതുമ അന്യം നില്‍ക്കുന്ന കഥയെങ്കിലും നല്ലൊരു അവതരണ ശൈലി കൊണ്ട് അതിനെ മറികടക്കാന്‍ സുഗീതിനും കൂട്ടര്‍ക്കും കഴിഞ്ഞിരിക്കുന്നു. നവാഗതനെങ്കിലും നല്ല കയ്യടക്കതോടെയാണ് സുഗീത് ഓര്‍ഡിനറി നമുക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ തിരക്കഥയുടെയും സംഭാഷണത്തിന്റെയും പങ്കു എടുത്തു പറയേണ്ടതാണ്. സിറ്റുവേഷനല്‍ ആയ നര്‍മ്മങ്ങളും നല്ല കഥാപാത്രങ്ങളും നമ്മെ ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. നമുക്കായി സുഗീതും കൂട്ടരും ഒരുക്കിയിരിക്കുന്ന ഓര്‍ഡിനറി, Extraordinary തന്നെ!!!
.


0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.