Monday, January 11, 2010

മലയാള സിനിമ 2009 (Malayala Cinema 2009)

മലയാള സിനിമയെ സംബന്ധിച്ച്‌ മഹത്തായ ഒരു വര്‍ഷമാണ് കടന്നു പോയത്‌. കലാമൂല്യമേറിയ ഒട്ടനവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2009. ഏകദേശം 70 മലയാള ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍, ഇരുപതോളം മൊഴിമാറ്റ ചിത്രങ്ങളും തീയേറ്ററുകളിലെത്തി. കച്ചവട സിനിമകള്‍ക്കൊപ്പം, കലാമൂല്യമേറിയ ഒരു പിടി ചിത്രങ്ങളും ഈ വര്‍ഷം നമുക്കായി പ്രദര്‍ശനത്തിനെത്തി. പഴശ്ശിരാജ പോലെയുള്ള വലിയ ബഡ്‌ജറ്റ്‌ ചിത്രങ്ങളും, രാമാനവും ശുദ്ധരില്‍ ശുദ്ധന്‍ പോലെയുള്ള തീരെ ചിലവു കുറഞ്ഞ ചിത്രങ്ങളും നമുക്കായി എത്തിയ വര്‍ഷമായിരുന്നു 2009. ഇറങ്ങിയതിലധികവും കച്ചവട സിനിമകളാണെങ്കിലും അതില്‍ സാമ്പത്തിക ലാഭം നേടീയ സിനിമകള്‍ പതിവു പോലെ പത്തെണ്ണത്തില്‍ താഴെ ഒതുങ്ങി. വളരെയധികം പുതുമുഖങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ വര്‍ഷം കൂടിയാണിത്‌. പല മടങ്ങിവരവുകള്‍ക്കും, ഒട്ടേറെ പരീക്ഷണ ചിത്രങ്ങള്‍ക്കും മലയാളം സാക്ഷിയായി. ഒരു പറ്റം പ്രതിഭകള്‍ നമ്മെ വിട്ടു പിരിഞ്ഞ വര്‍ഷം കൂടിയാണ് 2009. എന്നിരുന്നാലും, മികച്ച സിനിമകളും വളരെയധികം ഹിറ്റുകളും ഉണ്ടായ ഈ വര്‍ഷം, കലാമൂല്യമേറിയ ചിത്രങ്ങളെ ജനങ്ങള്‍ കൈനീട്ടി സ്വീകരിക്കുന്ന കാഴ്ചയും കണ്ടു. ഓസ്കാര്‍ പുരസ്കാരം ആദ്യമായി റസൂല്‍ പൂക്കുട്ടിയിലൂടെ മലയാളക്കരയിലെത്തിയ വര്‍ഷമാണ് കടന്നു പോയത്‌. കേരള വര്‍മ്മ പഴശ്ശിരാജയായിരുന്നു 2009-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്‌ ബസ്റ്റര്‍ ചിത്രം. 28 കോടി മുതല്‍ മുടക്കി ഇറങ്ങിയ ഈ ചിത്രം രണ്ടു വര്‍ഷത്തിലധികം കാലത്തെ ചിത്രീകരണത്തിലൊടുവിലാണ് പൂര്‍ത്തിയായത്‌. ഓസ്കാര്‍ വിജയി റസൂല്‍ പൂക്കുട്ടി ആദ്യമായി മലയാളത്തില്‍ ശബ്ദമിശ്രണം നിര്‍വഹിച്ച ചിത്രം കൂടിയായിരുന്നു ഇത്‌. വര്‍ഷങ്ങള്‍ക്കു ശേഷം എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ചിത്രം, ഹരിഹരന്‍-എം.ടി-മമ്മൂട്ടി കൂട്ടുകെട്ടിന്റെ മടങ്ങി വരവ്‌ എന്നിങ്ങനെ പല പ്രത്യേകതകളും ഈ ചിത്രത്തിന് ഉണ്ട്. പഴശ്ശിരാജയ്ക്കു പുറമേ നീലത്താമരയ്ക്കും തിരക്കഥയൊരുക്കി എം.ടി മലയാളത്തില്‍ സജീവമായിരുന്ന വര്‍ഷം കൂടിയായിരുന്നു 2009. പത്തു സംവിധായകരുടെ ഹ്രസ്വചിത്രങ്ങള്‍ കൂട്ടിയിണക്കി രഞ്ജിത്ത്‌ ഒരുക്കിയ കേരളാ കഫേ എന്ന ചിത്രം മലയാളികള്‍ക്ക്‌ ഒരു വ്യത്യസ്തമായ അനുഭവമായി മാറി. ആന്തോളജി വിഭാഗത്തിലുള്ള ഇത്തരം ഒരു പരീക്ഷണം മലയാളത്തില്‍ നടാടെയായിരുന്നു. അതിനെ നിറഞ്ഞ മനസ്സോടെ മലയാളികള്‍ സ്വീകരിച്ചുവെന്നത്‌, സിനിമയെ സ്നേഹിക്കുന്ന, നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന ജനത ഇപ്പോഴും മലയാളത്തിലുണ്ടെന്ന്‌ വിളിച്ചറിയിക്കുന്നതാണ്. ഒരു പെണ്ണും രണ്ടാണും എന്ന ചിത്രവുമായി അടൂര്‍ ഗോപാലക്രുഷണനും, ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങളോടെ ടി വി ചന്ദ്രനും സജീവമായിരുന്നു ഈ വര്‍ഷം. ‘ദൃഷ്ടാന്ത’ത്തിനു ശേഷം എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. സൂഫി പറഞ്ഞ കഥയെന്ന ചിത്രത്തിലൂടെ പ്രിയനന്ദനനും തന്റെ സാന്നിധ്യം അറിയിച്ചു. പുതുമുഖ സംവിധായകന്‍ രഞ്ജിത്‌ ശങ്കര്‍, ശ്രീനിവാസനേയും ദിലീപിനേയും കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ പാസഞ്ചര്‍ മലയാളികള്‍ക്കൊരു വ്യത്യസ്ത അനുഭവമായി മാറി. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ഈ ചിത്രം നേടിയത്‌ അപ്രതീക്ഷിത വിജയമായിരുന്നു.

മലയാളത്തിലെ പ്രമുഖരായ എല്ലാ സംവിധായകരുടേയും ചിത്രങ്ങള്‍ 2009ലിറങ്ങി. റാഫി മെക്കാര്‍ട്ടിന്‍, രാജ്‌ ബാബു, വി.എം വിനു, ഷാജി കൈലാസ്‌, സിബി മലയില്‍, താഹ, വിജി തമ്പി, അമല്‍ നീരദ്‌, ബിപിന്‍ പ്രഭാകര്‍, നേമം പുഷ്പരാജ്‌, ബി.ഉണ്ണിക്രുഷ്ണന്‍, സത്യന്‍ അന്തിക്കാട്‌, ടി.വി ചന്ദ്രന്‍, പ്രിയനന്ദനന്‍, ഐ.വി ശശി, ബ്ലെസ്സി, ജോണീ ആന്റണി, ദീപന്‍, രാജസേനന്‍, കെ.മധു, ശ്യാമപ്രസാദ്‌, അടൂര്‍ ഗോപാലക്രുഷ്ണന്‍, അക്കു അക്ബര്‍, സൈജു അന്തിക്കാട്‌, എം.എ നിഷാദ്‌, ജോഷി, ടി.കെ.രാജീവ്‌ കുമാര്‍, രഞ്ജിത്ത്‌, എസ്.എല്‍ പുരം ജയസൂര്യ, ലാല്‍ ജോസ്‌, വി.കെ പ്രകാശ്‌, ഷാഫി, റോഷന്‍ ആന്‍ഡ്രൂസ്‌ എന്നിവരുടെ ചിത്രങ്ങള്‍ പുറത്തു വന്നു. റാഫി മെക്കാര്‍ട്ടിന്റെ ലവ്‌ ഇന്‍ സിംഗപ്പൂര്‍ ബോക്സോഫീസില്‍ പരാജയമായപ്പോള്‍, വമ്പന്‍ പ്രതീക്ഷയുമാ‍യി വന്ന അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ്‌ ജാക്കി ഒരു ദുരന്തമായി. ഷാജി കൈലാസിനും, ഐ വി ശശിക്കും യാതോരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. നേമം പുഷ്പരാജൊരുക്കിയ ബനാറസ്‌, കലാമൂല്യമേറിയ ഒരു ചിത്രമായിരുന്നു. ബി ഉണ്ണിക്രുഷ്ണന്റെ ഐ.ജി ശ്രദ്ധിക്കപ്പെട്ടപ്പോള്‍, സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത സൂപ്പര്‍ ഹിറ്റായി. പുതിയമുഖത്തെ ഒരു വ്യത്യസ്ത അനുഭവമാക്കി മാറ്റിയ ദീപന്‍ ശ്രദ്ധിക്കപ്പെട്ടു. ജോണീ ആന്റണിയുടെ ഭൂതം കുട്ടികളെ ആകര്‍ഷിച്ചു. ഐ.ടി മേഖലയുമായി ബന്ധപ്പെട്ട പ്രമേയവുമായി വന്ന ശ്യാമപ്രസാദ്‌, വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിച്ചത്‌. ബ്ലെസ്സിയുടെ ഭ്രമരം ശരാശരിയിലൊതുങ്ങിയപ്പോള്‍, അക്കു അക്ബറിന്റെ കാണാകണ്മണി കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. എം.എ നിഷാദ് ഒരുക്കിയ വൈരം, വി.കെ പ്രകാശിന്റെ ഗുലുമാല്‍ എന്നിവ ശ്രദ്ധിക്കപ്പെട്ടപ്പോള്‍, റോബിന്‍‌ഹുഡുമായി വന്ന ജോഷിക്കും രഹസ്യപ്പോലീസുമായി വന്ന കെ.മധുവിനും അടി തെറ്റി. ലാല്‍ ജോസിന്റെ നീലത്താമരയും, ഷാഫിയുടെ ചട്ടമ്പിനാടും, റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. വളരെയധികം സംവിധായകരുടെ മടങ്ങി വരവുകള്‍ക്ക്‌ മലയാളികള്‍ സാക്ഷ്യം വഹിച്ചു. ഭാര്യ സ്വന്തം സുഹ്രുത്തെന്ന വ്യത്യസ്തമായ പ്രമേയവുമായി വന്ന വേണു നാഗവള്ളീ ചിത്രം പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം സ്വതന്ത്ര സംവിധായകനായി ലാല്‍ എത്തിയത്‌, 2 ഹരിഹര്‍ നഗറെന്ന, ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ്. കഴിഞ്ഞ വര്‍ഷത്തെ മെഗാഹിറ്റിലൊന്നായിരുന്നു ഈ ചിത്രം. മറ്റൊരു ശ്രദ്ധേയമായ മടങ്ങി വരവ് ഫാസിലിന്റേതായിരുന്നു. ദിലീപിനെ നായകനാക്കി ഇറക്കിയ മോസ്‌ & ക്യാറ്റ്‌ പക്ഷേ പ്രേക്ഷക ശ്രദ്ധ നേടിയില്ല. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ലൌഡ്‌സ്പീക്കര്‍ എന്ന ചിത്രവുമായിട്ടായിരുന്നു ജയരാജ്‌ മലയാ‍ളികള്‍ക്ക്‌ മുന്നിലെത്തിയത്‌. എന്നും വ്യത്യസ്തത സമ്മാനിച്ചിട്ടുള്ള ഈ സംവിധായകന്‍, ഇത്തവണയും ആ പ്രതീക്ഷ തെറ്റിച്ചില്ല. ഒരു മികച്ച ചിത്രമായി പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ ചിത്രത്തിനായി. മറ്റൊരു മടങ്ങി വരവ്‌ കേരളവര്‍മ്മ
പഴശ്ശിരാജയുമായി ഹരിഹരന്റേതായിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ പഴശ്ശിരാജയെ ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്‌. ഹൈലേസാ, കപ്പലുമുതലാളി എന്നിങ്ങനെ രണ്ടു ചിത്രങ്ങളുമായാണ് താഹ എത്തിയത്. ഹാസ്യത്തില്‍ പൊതിഞ്ഞെത്തിയ ചിത്രമെന്ന് വിശേഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, രണ്ടു ചിത്രങ്ങളും വന്നതും പോയതും ആരുമറിഞ്ഞില്ല എന്നതാണ് സത്യം. അതു പോലെ, വെറുതെ ഒരു ഭാര്യക്കു ശേഷം കെ.ഗിരീഷ് കുമാര്‍ തിരക്കഥയൊരുക്കിയ സമസ്തകേരളം.പി.ഓ എന്ന ചിത്രവും പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു. വളരെയധികം നവാഗത സംവിധായകരെ മലയാളത്തിനു പരിചയപ്പെടുത്തിയ വര്‍ഷം കൂടിയാണ് 2009, ഓര്‍ക്കുക വല്ലപ്പോഴും സംവിധാനം ചെയ്ത സോഹന്‍ലാല്‍, പെരുമാളുമായി വന്ന പ്രസാദ് വെളാച്ചേരി, കറന്‍സി സംവിധാനം ചെയ്ത സ്വാതി ഭാസ്കര്‍, ബ്ലാക്ക്‌ ഡാലിയ സംവിധാനം ചെയ്ത നടന്‍ ബാബുരാജ്‌, ഭഗവാനെന്ന ചിത്രം സംവിധാനം ചെയ്ത പ്രശാന്ത്‌ മാമ്പള്ളി, കാഞ്ചീപുരത്തെ കല്യാണം അണിയിച്ചൊരുക്കിയ ഫാസില്‍ ജയക്രുഷ്ണ, പാസഞ്ചര്‍ ഒരുക്കിയ രഞ്ജിത്ത്‌ ശങ്കര്‍, കലണ്ടര്‍ സംവിധാനം ചെയ്ത നടന്‍ മഹേഷ്‌, ഇവര്‍ വിവാഹിതരായാലുമായെത്തിയ സീരിയന്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍, ഡോക്ടര്‍ പേഷ്യന്‍ സംവിധാനം ചെയ്ത വിശ്വനാഥന്‍, ഡാഡി കൂള്‍ ഒരുക്കിയ ആഷിക്‌ ബാബു, സ്വ ലേ സംവിധാനം ചെയ്ത ഛായാഗ്രാഹകന്‍ പി.സുകുമാര്‍, മൈ ബിഗ്‌ ഫാദര്‍ ഒരുക്കിയ മഹേഷ്‌ ശ്രീനിവാസ്‌, കേരളോത്സവം 2009മായി വന്ന നടന്‍ ശങ്കര്‍ എന്നിങ്ങനെ ഒരു പിടി പുതുമുഖ സംവിധായകര്‍. വ്യത്യസ്തമായ പ്രമേയങ്ങള്‍ ചലച്ചിത്രമാക്കണമെന്ന ത്വരയുമായി എത്തിയ സോഹന്‍ ലാലിനു ഇനിയും ഈ മേഖലയില്‍ ശോഭിക്കാന്‍ കഴിയും. പാസഞ്ചറുമായി എത്തിയ രഞ്ജിത്ത്‌ ശങ്കര്‍ തന്നെയാണ് ഈ വര്‍ഷത്തെ ഏറ്റവും പ്രതിഭാധനനായ പുതുമുഖ സംവിധായകന്‍. അവതരണത്തിലെ മികവുകള്‍ കൊണ്ട്‌ ആഷിക്‌ ബാബുവും ശ്രദ്ധിക്കപ്പെട്ടു. മറ്റുള്ള പുതുമുഖ സംവിധായകര്‍ക്കൊന്നും പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടാനാവതെ പോയി എന്നത്‌ ദൌര്‍ഭാഗ്യകരമായ വസ്തുതയാണ്.

2008നെ അപേക്ഷിച്ച്‌ സൂപ്പര്‍ താര ചിത്രങ്ങള്‍ കൂടുതലായി എത്തിയ വര്‍ഷമായിരുന്നു 2009. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ ഗോപിയും നിറഞ്ഞു നിന്ന ഒരു വര്‍ഷമാണ് കടന്നു പോയത്‌. റെഡ്‌ ചില്ലീസ്‌, സാഗര്‍ ഏലിയാസ്‌ ജാക്കി, ഭ്രമരം, ഭഗവാന്‍, ഏയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗ്ഗമാണ് എന്നിങ്ങനെ 6 ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്‌. അതില്‍ ഭ്രമരവും, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ചിത്രങ്ങള്‍ മാത്രമാണ് തീയേറ്ററുകളില്‍ ചലനം സ്രുഷ്ടിച്ചത്‌. വന്‍ പ്രതീക്ഷയോടെ വന്നെത്തിയ സാഗര്‍ ഏലിയാസ്‌ ജാക്കിയും, റെഡ്‌ ചില്ലീസും ഒരു ദുരന്തമാകുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടെന്ന മെഗാഹിറ്റ്‌ ചിത്രത്തിലെ സാഗര്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചു വരവ്‌ പ്രതീക്ഷിച്ച പ്രേക്ഷകരെ നിരാശയിലാക്കുന്ന ചിത്രമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി. 16 മണിക്കൂറില്‍ ചിത്രീകരിച്ച്‌ ചരിത്രം സ്രുഷ്ടിച്ച ഭഗവാനെന്ന ചിത്രവും പ്രതീക്ഷിയ്ക്കൊത്ത്‌ ഉയര്‍ന്നില്ല. എന്നാല്‍ ഭ്രമരം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ തനിക്കിപ്പോഴും നല്ല റോളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന്‌ മോഹന്‍ലാല്‍ തെളിയിച്ചു. എന്നാല്‍ അതിനു ശേഷം വന്ന ഏയ്ഞ്ചല്‍ ജോണ്‍ പാടെ നിരാശപ്പെടുത്തി. ക്രിസ്തുമസ്സിന് റിലീസായ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രം പ്രമേയം കൊണ്ട്‌ വ്യത്യസ്തത പുലര്‍ത്തി ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്‌. പഴശ്ശിരാജ എന്ന ചിത്രത്തില്‍ തന്റെ ശബ്ദം കൊണ്ട്‌ സാന്നിധ്യമറിയിച്ചു മോഹന്‍ ലാല്‍. എന്നാല്‍ പൊതുവേ നോക്കിയാല്‍ അത്ര മികച്ച വര്‍ഷമായിരുന്നില്ല ലാലിന് ഈ കൊല്ലം. ലവ്‌ ഇന്‍ സിംഗപ്പൂര്‍, ഈ പട്ടണത്തില്‍ ഭൂതം, ഡാഡി കൂള്‍, ലൌഡ്‌സ്പീക്കര്‍, കേരള വര്‍മ്മ പഴശ്ശിരാജ, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, ചട്ടമ്പിനാട്‌ എന്നിങ്ങനെ 7 മമ്മൂട്ടി ചിത്രങ്ങളാണ് മലയാളികള്‍ക്കു മുന്നില്‍ എത്തിയത്‌. കേരളാ കഫേ എന്ന ചിത്രത്തിലെ പുറം കാഴ്ചകള്‍ എന്ന ചിത്രത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ലവ്‌ ഇന്‍ സിംഗപ്പൂര്‍ എന്ന് ചിത്രം വമ്പന്‍ പരാജയമായപ്പോള്‍, ഈ പട്ടണത്തില്‍ ഭൂതം കുട്ടികളെ ആകര്‍ഷിച്ച്‌ രക്ഷപ്പെട്ടു. ഡാഡി കൂള്‍ എന്ന ചിത്രവും ശരാശരി നിലവാരം മാത്രമേ പുലര്‍ത്തിയുള്ളൂ. എന്നാല്‍ ലൌഡ്‌ സ്പീക്കറെന്ന ചിത്രത്തിലൂടെ മമ്മൂട്ടി തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്‌. മലയാളികള്‍ കാത്തിരുന്ന കേരള വര്‍മ്മ പഴശ്ശിരാജയിലും അദ്ദേഹത്തിന്റെ പ്രകടനം തിളക്കമാര്‍ന്നതായിരുന്നു. വളരെയധികം വ്യത്യസ്തതകളുമായി എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ചു. ഈ ചിത്രത്തില്‍ മൂന്നു വേഷങ്ങളിലാണ് മമ്മൂട്ടി തിരശ്ശീലയിലെത്തിയത്‌. ക്രിസ്തുമസ്സ്‌ ചിത്രമായി പുറത്തു വന്ന ചട്ടമ്പിനാടില്‍ ഒരു വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്‌. ഒരു മികച്ച കോമഡി ചിത്രമെന്ന പേര് ഇതിനകം സമ്പാദിച്ച ചട്ടമ്പിനാട്‌ മികച്ച ഇനിഷ്യല്‍ കളക്ഷനുമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍, തിരിച്ചടികളുണ്ടായെങ്കിലും, ഈ വര്‍ഷം വളരെ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.


ഐ.ജി, കാഞ്ചീപുരത്തെ കല്യാണം, ഹൈലേസാ, വൈരം, ബ്ലാക്ക്‌ ഡാലിയ എന്നിങ്ങനെ അഞ്ചു ചിത്രങ്ങളാണ് സുരേഷ്‌ ഗോപിക്കുണ്ടായിരുന്നത്‌. ഇതില്‍ ഐ ജിയും വൈരവും ശ്രദ്ധിക്കപ്പെട്ടപ്പോള്‍, മറ്റു മൂന്നു ചിത്രങ്ങളും തീയേറ്ററുകളില്‍ വന്നു പോയത്‌ ആരും അറിഞ്ഞില്ല. ഐ.ജിയിലെ വേഷം, പോലീസ്‌ വേഷങ്ങളില്‍ തിളങ്ങാന്‍ ഇപ്പോഴും തനിക്കു കഴിയുമെന്ന്‌ അദ്ദേഹം വിളിച്ചറിയിക്കയായിരുന്നു. വൈരത്തിലെ വേഷവും വ്യത്യസ്തമായ ഒന്നായിരുന്നു. കേരളാ കഫേയിലെ അദ്ദേഹത്തിന്റെ പ്രകടനവും അത്ര മികച്ചതായില്ല. ടിവി ചന്ദ്രന്റെ ഭൂമിമലയാളത്തിന്റെ അഭിനയം ശരാശരിക്കും മുകളിലായിരുന്നു. കളേഴ്സ്‌, മോസ & ക്യാറ്റ്‌, സ്വ ലേ, പാസഞ്ചര്‍ എന്നീ ചിത്രങ്ങളിലൂടെ ദിലീപ്‌ തന്റെ സാന്നിധ്യമറിയിച്ചപ്പോള്‍, പാസഞ്ചര്‍ മാത്രമേ ഹിറ്റായുള്ളൂ. മറ്റുള്ളവയൊന്നും തന്നെ യാതോരു ചലനവുമുണ്ടാക്കാതെ കടന്നു പോയി. ഈ വര്‍ഷവും ദിലീപിന്റെ ഗ്രാഫ്‌ താഴേക്കു തന്നെയായിരുന്നു. സമസ്ത കേരളം പി.ഓ, ഭാഗ്യദേവത, വിന്റര്‍, കാണാകണ്മണി, രഹസ്യപോലീസ്‌, സീതാകല്യാണം, മൈ ബിഗ്‌ ഫാദര്‍ എന്നിങ്ങനെ ഏഴു ചിത്രങ്ങളാണ് ജയറാമിന് ഈ വര്‍ഷമുണ്ടായിരുന്നത്‌. അതില്‍ ഭാഗ്യദേവത മെഗാഹിറ്റായപ്പോള്‍, കാണാകണ്മണി ഹിറ്റായി മാറി. മൈ ബിഗ്‌ ഫാദര്‍ ശരാശരിയിലൊതുങ്ങിയപ്പോള്‍, മറ്റുള്ള ചിത്രങ്ങള്‍ തീയേറ്ററുകളില്‍ വന്നു പോയത്` അധികമാരും അറിഞ്ഞില്ല. വര്‍ഷത്തിലെ ആദ്യ ചിത്രമായിരുന്ന സമസ്തകേരളം, വന്‍ പ്രതീക്ഷകളോടെ വന്ന്‌ വമ്പന്‍ പരാജയമായെങ്കിലും, ഭാഗ്യദേവതയും കാണാകണ്മണിയും ജയറാമിനെ വീണ്ടും കുടുംബപ്രേക്ഷകരുടെ പ്രിയ നായകനാക്കി. കലണ്ടര്‍, നമ്മള്‍ തമ്മില്‍, പുതിയമുഖം, റോബിഹൂഡ്‌ എന്നിങ്ങനെ നാലു ചിത്രങ്ങളിലും കേരളാ കഫേയിലെ ഐലന്റ്‌ എക്സ്‌പ്രസ്സ്‌ എന്ന ചിത്രത്തിലുമാണ് പ്രിഥ്വിരാജ്‌ തന്റെ സാന്നിധ്യമറിയിച്ചത്‌. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി വന്ന ചിത്രമായിരുന്നു കലണ്ടര്‍ എങ്കിലും അതു യാതോരു ചലനവുമുണ്ടാക്കാതെ കടന്നു പോയി. എന്നാല്‍ പ്രേക്ഷകര്‍ക്ക്‌ ഒരു ദ്രുശ്യവിരുന്നായി തീയേറ്ററുകളിലെത്തിയ പുതിയമുഖം സൂപ്പര്‍ഹിറ്റയത്‌ പ്രിഥ്വിക്ക്‌ ആശ്വാസമായി. നമ്മള്‍ തമ്മിലെന്ന ചിത്രം റിലീസിങ്‌ താമസിച്ച ഒന്നായിരുന്നു, അതു കൊണ്ടു തന്നെ പ്രേക്ഷകരാല്‍ ആകര്‍ഷിക്കപ്പെടാതെ പോയി. വര്‍ഷാവസാനം ഇറങ്ങിയ റോബിന്‍‌ഹുഡെന്ന ചിത്രവും പ്രേക്ഷക ശ്രദ്ധനേടാതെ പോയി. എന്നാല്‍ കേരള കഫേയിലെ വേഷം മനോഹരമാക്കുവാന്‍ പ്രിഥ്വിക്കു കഴിഞ്ഞു. കറന്‍സി, ഡോക്ടര്‍ പേഷ്യന്റ്, ഒരു ബ്ലാക്ക്‌ & വൈറ്റ്‌ കുടുംബം, ഇവര്‍ വിവാഹിതരായാല്‍, ഉത്തരാസ്വയംവരം, ഗുലുമാല്‍ എന്നീ ചിത്രങ്ങളില്‍ നായകനായി ജയസൂര്യ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. അതിനൊപ്പം, ലവ്‌ ഇന്‍ സിംഗപ്പൂര്‍, വൈരം, പത്താം നിലയിലെ തീവണ്ടി, കേരളാ കഫേ, റോബിന്‍ ഹുഡ് എന്നീ ചിത്രങ്ങളിലും സഹനടനായി ജയസൂര്യയെത്തി. ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഈ വര്‍ഷം അഭിനയിച്ച നായക നടന്‍ ജയസൂര്യയായിരിക്കും. നായകനായ ചിത്രങ്ങളില്‍ ഇവര്‍ വിവഹിതരായാല്‍, ഗുലുമാല്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയപ്പോള്‍, മറ്റുള്ളവ അത്രയ്ക്ക്‌ ശോഭിക്കാതെ പോയി. പത്താംനിലയിലെ തീവണ്ടിയിലെ ജയസൂര്യയുടെ അഭിനയം പ്രശംസയര്‍ഹിക്കുന്ന ഒന്നാണ്. കളേഴ്സ്‌, സുല്‍ത്താന്‍, കേരളോത്സവം 2009, ചട്ടമ്പി നാട്‌ എന്നീ ചിത്രങ്ങളിലൂടെ വിനുമോഹനും മലയാളത്തില്‍ സജീവമായിരുന്നുവെങ്കിലും, ചട്ടമ്പി നാടുമാത്രമേ അദ്ദേഹത്തിന് ഓര്‍ത്തിരിക്കാന്‍ വകയുള്ളതായുള്ളൂ. ആയിരത്തില്‍ ഒരുവന്‍, മലയാളി, കഥപറയും തെരുവോരം, ഒരു ബ്ലാക്ക്‌ & വൈറ്റ്‌ കുടുംബം എന്നീ ചിത്രങ്ങളിലൂടെ കലാഭവന്‍ മണിയും സജീവമായിരുന്നു. വളരെ കാലത്തിനു ശേഷം ബാബു ആന്റണി, ജഗദീഷ്‌ എന്നിവരെ നായകരാക്കി ചിത്രങ്ങള്‍ ഇറങ്ങിയ കൊല്ലമായിരുന്നു 2009. ശ്രീനിവാസനും വിനീത്‌ ശ്രീനിവാസനും ഒരുമിച്ച മകന്റെ അച്ഛന്‍ എന്ന ചിത്രം പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ബാല, മനോജ്‌.കെ.ജയന്‍, ബിജു മേനോന്‍, രാജസേനന്‍, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍ എന്നിവര്‍ നായകരായും ചിത്രങ്ങള്‍ ഇറങ്ങി. പല ചിത്രങ്ങളിലും പ്രധാനവും അപ്രധാനവുമായ റോളുകളില്‍ ഇവരെ നമുക്ക്‌ കാണുവാനും കഴിഞ്ഞു. നരേന്‍ റോബിന്‍ ഹുഡിലും ഭാഗ്യദേവതയിലും മാത്രമാണ് മലയാളികള്‍ക്ക്‌ മുന്നിലെത്തിയത്‌. മൈ ബിഗ്‌ ഫാദര്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ അച്ഛനായി അഭിനയിച്ച് ഗിന്നസ്‌ പക്രു ശ്രദ്ധേയനായി. സാഗര്‍ ഏലിയാസ്‌ ജാക്കിയിലെയും പഴശ്ശിരാജയിലേയും അഭിനയം സുമന്‍ എന്ന നടന് ഇനിയും വില്ലന്‍ വേഷങ്ങള്‍ മലയാളത്തില്‍ സമ്മാനിക്കപ്പെടുവാന്‍ സാധ്യതയേറ്റുന്നു. അതു പോലെ സാഗര്‍ ഏലിയാസ്‌
ജാക്കിയിലെ മറ്റൊരു വില്ലന്‍ സമ്പത് കുമാറും വൈവിധ്യമാര്‍ന്ന അഭിനയത്തിലൂടെ ശ്രദ്ധേയനായി. കോമഡി താരങ്ങളില്‍ സുരാജ്‌ വെഞ്ഞാറമൂടിന് പോയ വര്‍ഷം മികച്ചതായിരുന്നു. വിവിധ ചിത്രങ്ങളില്‍ വളരെയധികം നല്ല കോമഡി രംഗങ്ങള്‍ അദ്ദേഹം നമുക്ക്‌ സമ്മാനിച്ചു.

മലയാളത്തിലെ നായികമാരെല്ലാം സജീവമായിരുന്ന വര്‍ഷമായിരുന്നു 2009. ഒട്ടനവധി പുതുമുഖ നായികമാര്‍ അരങ്ങേറ്റം കുറിച്ച ഈ വര്‍ഷത്തില്‍, വളരെയധികം പേര്‍ അഭിനയ രംഗത്തേക്ക്‌ തങ്ങളുടെ തിരിച്ചു വരവും നടത്തി. ഈ വര്‍ഷം നായികമാരായി തിളങ്ങിയവരില്‍ പ്രമുഖര്‍, കനിഹ, പത്മപ്രിയ, പ്രിയങ്ക നായര്‍, മീരാ നന്ദന്‍, ലക്ഷ്മി റായ്‌, ലക്ഷ്മി ശര്‍മ്മ, ഭാമ എന്നിവരായിരുന്നു. ഭാഗ്യദേവത, പഴശ്ശിരാജ എന്നീ സൂപ്പര്‍ ഹിറ്റുകളില്‍ കനിഹ നായികയായപ്പോള്‍, ജയറാമിനൊത്ത്‌ അഭിനയിച്ച മൈ ബിഗ്‌ ഫാദര്‍ ശരാശരിയിലൊതുങ്ങി. കാണാകണ്മണി, പഴശ്ശിരാജ എന്നെ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പത്മപ്രിയ, ഭാര്യ സ്വന്തം സുഹ്രുത്ത്‌ എന്ന ചിത്രത്തിലും ഒരു നല്ല വേഷം കൈകാര്യം ചെയ്തു. ഭൂമിമലയാളം, കഥപറയും തെരുവോരം എന്നീ ഓഫ്‌ ബീറ്റ്‌ ചിത്രങ്ങളിലും അഭിനയിച്ച പത്മപ്രിയ, ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ കാണിച്ചു പോരുന്ന സൂക്ഷമതയ്ക്ക്‌ താന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന സന്ദേശമാണ് നല്‍കുന്നത്‌. ടിവി ചന്ദ്രന്റെ ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങളില്‍ നായികയായ പ്രിയങ്കാ നായര്‍ തന്റെ കഴിവു വിളിച്ചറിയിക്കുന്ന പ്രകടനമാണ് ഈ ചിത്രങ്ങളിലൂടെ നടത്തിയത്‌. വര്‍ഷാവസാനം, ഇവിടം സ്വര്‍ഗ്ഗമാണെന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികാ തുല്യ പ്രാധാന്യമുള്ള വേഷത്തിലും പ്രിയങ്ക നമുക്കു മുന്നിലെത്തി. കറന്‍സി, പുതിയമുഖം, പത്താം നിലയിലെ തീവണ്ടി എന്നി ചിത്രങ്ങളാണ് മീരാ നന്ദന്റേതായി ഈ വര്‍ഷം പുറത്തു വന്നത്‌, കറന്‍സി ഒരു ഫ്ലോപ്പായപ്പോള്‍, പുതിയമുഖം മെഗാഹിറ്റയൈ മാറി. അതേ പത്താം നിലയിലെ തീവണ്ടിയിലെ അഭിനയം ചലച്ചിത്ര നിരൂപകരുടെ പ്രശംസയ്ക്കു പാത്രമാകുകയും ചെയ്തു. 2 ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്‌, ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങി മൂന്നു ചിത്രങ്ങളില്‍ മാത്രമാണ് ലക്ഷ്മി റായ്‌ തിരശ്ശീലയിലെത്തിയത്‌. അതില്‍ 2 ഹരിഹര്‍ നഗര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ഹിറ്റായപ്പോള്‍, ചട്ടമ്പിനാട്‌ മികച്ച ഇനിഷ്യല്‍ ഉണ്ടാക്കുന്നു. ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രവും നല്ല അഭിപ്രയങ്ങളുമായി മുന്നേറുമ്പോള്‍ ഈ വര്‍ഷം ലക്ഷ്മിക്ക്‌ മികച്ചതായി. കളേഴ്സ്‌, ഇവര്‍ വിവാഹിതരായാല്‍, ഒരു ബ്ലാക്ക്‌ & വൈറ്റ്‌ കുടുംബംമെന്നീ ചിത്രങ്ങളിലാണ് ഭാമ അഭിനയിച്ചത്‌. അതില്‍ ഇവര്‍ വിവാഹിതരായാല്‍ മാത്രമാണ് ശരാശരി നിലവാരത്തില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. പറയാന്‍ മറന്നത്‌, ശുദ്ധരില്‍ ശുദ്ധന്‍ എന്നീ ഓഫ്‌ ബീറ്റ്‌ ചിത്രങ്ങളിലൂടെ ലക്ഷ്മി ശര്‍മ്മയും, ഡീസന്റെ പാര്‍ട്ടീസ്‌, വൈരം എന്നീ ചിത്രങ്ങളിലൂടെ മീരാ‍ വാസുദേവും മലയാളത്തില്‍ സജീവമായിരുന്നു. ഭഗവാന്‍, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ ലക്ഷ്മി ഗോപാല സ്വാമിയും തന്റെ സാന്നിധ്യമറിയിച്ചു. എന്നാല്‍ നായികാ വേഷങ്ങള്‍ മാത്രം നോക്കാതെ, പ്രാധാന്യമുള്ള റോളുകളില്‍ അഭിനയിച്ച സംവ്രുത സുനിലാണ് ഈ വര്‍ഷം മലയാളത്തില്‍ തിളങ്ങി നിന്നത്‌. ഭൂമിമലയാളം, സൂഫി പറഞ്ഞ കഥ, ഇവര്‍ വിവാഹിതരായാല്‍, രഹസ്യപോലീസ്, വൈരം, റോബിന്‍‌ഹുഡ്‌, നീലത്താമര എന്നീ ചിത്രങ്ങളിലാണ് സംവ്രുത തന്റെ സാന്നിധ്യമറിയിച്ചത്‌. അതില്‍ രഹസ്യപ്പോലീസിലെ കഥാപാത്രം മാത്രമാണ് തിരഞ്ഞടുപ്പിലെ പാളിച്ച എന്നു പറയുവാന്‍ സാധിക്കുക. സാഗര്‍ ഏലിയാസ്‌ ജാക്കിയിലും വിന്ററിലും റോബിന്‍‌ഹുഡിലും നായികയായ ഭാവനയ്ക്ക്‌ ബോക്സോഫീസില്‍ യാതോരു ചലനവും ഉണ്ടാക്കാന്‍ കഴിയാതെ പോയി. അതില്‍ റോബിന്‍‌ഹുഡിന്റെ തകര്‍ച്ച അപ്രതീക്ഷിതവുമായിരുന്നു. ബനാറസ്‌, കലണ്ടര്‍ എന്നീ ചിത്രങ്ങളിലൂടെ നവ്യാ നായര്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തി. ബനാറസ്‌, ഈ പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങളിലാണ് കാവ്യ മാധവന്‍ അഭിനയിച്ചത്‌. ബനാറസിലെ അഭിനയം കാവ്യയുടേയും നവ്യയുടേയും അഭിനയ ജീവിതത്തിലെ മുതല്‍ക്കൂട്ടുകളാണ്. ബോക്സോഫീസില്‍ യാതോരു ചലനവും സ്രുഷ്ടിക്കതെ പോയ കളേഴ്സ്‌, ഉത്തരാസ്വയംവരം എന്നീ ചിത്രങ്ങളിലാണ് റോമ ഈ വര്‍ഷം അഭിനയിച്ചത്‌. മധ്യവേനല്‍, പാലേരി മാണിക്യം എന്നീ ചിത്രങ്ങളിലൂടെ ശ്വേതാമേനോനും മലയാളത്തിന്റെ തന്റെ സാന്നിധ്യം അറിയിച്ചു. മീന, ഉര്‍വശി, ജ്യോതിര്‍മയി, വാണി വിശ്വനാഥ്‌, മുക്ത, മം‌മത, പ്രിയാമണി, സിന്ധു മേനോന്‍, പ്രവീണ എന്നിവരും വിവിധ ചിത്രങ്ങളില്‍ നായികമാരയി പ്രത്യക്ഷപ്പെട്ടു. മോസ്‌ & ക്യാറ്റ്‌, കാണാകണ്മണി എന്ന ചിത്രങ്ങളിലഭിനയിച്ച ബേബി നിവേദിതയാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബാലതാരം. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി കഥപറയും തെരുവോരമെന്ന ചിത്രം ഇറങ്ങിയെങ്കിലും, അഭിനയത്തില്‍ തിളങ്ങുവാന്‍ അതിലെ ബാലതാരങ്ങള്‍ക്ക്‌ കഴിയാതെ പോയി എന്നത് വലിയൊരു ന്യൂനതയായി.


ഒരു പറ്റം പുതുമുഖങ്ങള്‍ അഭിനയ രംഗത്തേക്ക്‌ കടന്നു വന്ന വര്‍ഷം കൂടിയാണ് 2009. ഓര്‍ക്കുക വല്ലപ്പോഴും, വെള്ളത്തൂവല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച രെജിത്ത്‌ മേനോനാണ് ഒരു പുതുമുഖ താരം. ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ തിലകന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരപ്പിച്ച ഈ നടന്‍, താന്‍ മലയാള സിനിമയ്ക്ക്‌ ഒരു വാഗ്ദാനമാനെന്ന്‌ വിളിച്ചറിയിക്കുന്ന പ്രകടനമാണ് നടത്തിയത്‌. ഫിഡില്‍ എന്ന ചിത്രത്തിലൂടെ ഗായകന്‍ വരുണ്‍ ജെ തിലകും നായകനായി മാറി. പക്ഷേ ചിത്രം ആരും ശ്രദ്ധിക്കാതെ കടന്നു പോയി എന്നത്‌ ദൌര്‍ഭാഗ്യകരമായിപ്പോയി. ഭ്രമരമെന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു മുന്നിലെത്തിയ സുരേഷ് മേനോനും വി.ജി.മുരളീകൃഷ്ണനും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്‌. രാജസേനന്‍ മലയാളികള്‍ക്ക്‌ അപരിചിതനല്ല, എന്നാല്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന്‌ മക്കള്‍ മൂന്ന്‌ എന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്‌ രാജസേനന്‍ തന്നെയാണ്. അത്ര മോശമല്ലാത്ത പ്രകടനമാണ് രാജസേനന്‍ ഈ ചിത്രത്തില്‍ കാഴ്ച വയ്ച്ചിരിക്കുന്നത്‌. ഋതു എന്ന ചിത്രത്തിലൂടെ നിഷാന്‍, ആസിഫ് അലി, വിനയ്‌ മനു ജോസ്‌ എന്നിങ്ങനെ ഒരു പറ്റം പുതുമുങ്ങളെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ ശ്യാമപ്രസാദാണ്. മാധ്യമപ്രവര്‍ത്തകനായ ശശി കുമാര്‍ ലൌഡ്‌സ്പീക്കര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തമിഴ് സിനിമയിലെ സൂപ്പര്‍ താരം ശരത്‌ കുമാര്‍ പഴശ്ശിരാജയിലെ ഇടച്ചേന കുങ്കനായി മലയാളികളുടെ മനം കവര്‍ന്ന വര്‍ഷം കൂടിയാണ് കടന്നു പോയത്‌. ഏയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെ നായകനായ ശാന്തനു ഭാഗ്യരാജ, തരക്കേടില്ലാതത പ്രകടനമാണ് കാഴ്ച വച്ചത്‌. കഴിഞ്ഞ വര്‍ഷത്തെ, എടുത്തു പറയേണ്ട പുതുമുഖ താരം നീലത്താമരയിലെ നായകനായി തിരശ്ശീലയിലെത്തിയ കൈലാഷാണ്. അഭിനയത്തില്‍ മറ്റു പുതുമുഖങ്ങലെ വെല്ലുന്ന പ്രകടനമാണ് കൈലാഷ്‌ ഈ ചിത്രത്തില്‍ കാഴ്ച വയ്ച്ചത്‌. കോമഡി രംഗത്തെ പരിചിത മുഖം, രമേഷ്‌ പിഷാരഡി, കപ്പല്‍മുതലാളീ എന്ന ചിത്രത്തിലൂടെ നായകനായി വന്നതും കഴിഞ്ഞ കൊല്ലം തന്നെ. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ഒരു പറ്റം നാടകാഭിനേതാക്കള്‍ രഞ്ജിത്ത്‌ മലയാള സിനിമയ്ക്ക്‌ പരിചയപ്പെടുത്തി. ചിത്രത്തിലെ അവരുടെ പ്രകടനം വിലയിരുത്തിയാല്‍, അവയില്‍ മിക്കവരേയും മികച്ച വേഷങ്ങളില്‍ മലയാള സിനിമയില്‍ കാണാന്‍ കഴിയുമെന്ന്‌ ഉറപ്പാണ്. പതിവു പോലെ പുതുമുഖ നായികമാരുടെ കുത്തൊഴുക്കു തന്നെയായിരുന്നു 2009ല്‍. ലവ്‌ ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തിലൂടെ നവനീത്‌ കൌര്‍ എന്ന പഞ്ചാബിയാണ് 2009ല്‍ ആദ്യമായി മലയാളികളുടെ മുന്നിലെക്കത്തിയത്‌. സമസ്ത കേരളം പി.ഓ എന്ന ചിത്രത്തിലൂടെ സേറാ, മോസ്‌ & ക്യാറ്റ്‌ എന്ന ചിത്രത്തിലൂടെ അശ്വതി, ഡോ.പേഷ്യന്റിലൂടെ രാധാ വര്‍മ്മ, ഭ്രമരത്തിലൂടെ ഭൂമിക ചൌള, റിതുവിലൂടെ റീമ കല്ലുങ്കല്‍, ഡാഡി കൂളിലൂടെ റിച്ചാ പല്ലൊഡ്‌, ഡൂപ്ലിക്കേറ്റിലൂടെ രൂപശ്രീ, ലൌഡ്‌സ്പീക്കറിലൂടെ ഗ്രേസി സിംഗ്‌, നീലത്താമരയിലൂടെ അര്‍ച്ചനാ കവി, കപ്പലുമുതലാളിയിലൂടെ സരയൂ, പാലേരി മാണിക്യത്തിലൂടെ മൈഥിലി, കേരളോത്സവം 2009 ലൂടെ വിഷ്ണുപ്രിയ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്‌ പുതുമുഖ നായികമാര്‍. റിസ്തുവില്‍ അരങ്ങേറ്റം കുറിച്ച്‌ നീലത്താമരയിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത റീമ കല്ലുങ്കല്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു പുതുമുഖമാണ്. അതു പോലെ തന്നെ പാലേരി മാണിക്യത്തിലൂടെ അരങ്ങേറ്റം കുറിച്ച മൈഥിലിയും. എന്നാല്‍ ഈ വര്‍ഷം മലയാളികളുടെ മനസ്സ്‌ കീഴടക്കിയ പുതുമുഖ നായിക അര്‍ച്ചനാ കവിതന്നെയാണ്. നീലത്താമരയിലെ പ്രകടനം എല്ലാവരേയും ഒരു പോലെ ആകര്‍ഷിക്കുന്നതായിരുന്നു.


2009 എന്നത്‌ തിരിച്ചു വരവുകളുടെ കാലഘട്ടം കൂടിയായിരുന്നു. വളരെ കാലത്തിനു ശേഷം, ഓര്‍ക്കുക വല്ലപോഴും എന്ന ചിത്രത്തിലൂടെ തിലകന്‍ ഒരു ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. പെരുമാള്‍ എന്ന ചിത്രത്തില്‍ നായകാനായി പഴയ ആക്ഷന്‍ ഹീറോ ബാബു ആന്റണി നമുക്കു മുന്നിലെത്തിയതും ഈ വര്‍ഷമായിരുന്നു. ബനാറസ്‌ എന്ന ചിത്രത്തിലൂടെ വിനീതും, ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ വേണു നാഗവള്ളിയും കലണ്ടര്‍ എന്ന ചിത്രത്തിലൂടെ പ്രതാപ് പോത്തനും, ഗുലുമാലിലൂടെ കുഞ്ചാക്കോ ബോബനും മലയാളത്തിലെത്തിയ വര്‍ഷമായിരുന്നു 2009. തങ്ങളുടെ വേഷങ്ങളില്‍ തിളങ്ങുവാന്‍ ഇവര്‍ക്കു കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. കഥാ സം‌വിധാനം കുഞ്ചാക്കോ എന്ന ചിത്രത്തിലൂടെ മീന, സാഗര്‍ ഏലിയാസ്‌ ജാക്കിയിലൂടെ ശോഭന, ബ്ലാക്ക്‌ ഡാലിയായിലൂടെ വാണി വിശ്വനാഥ്‌, പാസഞ്ചറിലൂടെ മം‌മ്‌ത, ഭാര്യ ഒന്ന്‌ മക്കള്‍ മൂന്നിലൂടെ സിതാര, കലണ്ടറിലൂടെ സെറീനാ വഹാബ്‌, രഹസ്യ പോലീസിലൂടെ സിന്ധു മേനോന്‍, ഒരു പെണ്ണും രണ്ടാണിലൂടെ പ്രവീണ, സീതാകല്യാണത്തിലൂടെ തമിഴ്‌ നായിക ജ്യോതിക, സ്വ ലേയിലൂടെ ഗോപിക എന്നിവരാണ് മടങ്ങിയെത്തിയ നായികമാരില്‍ പ്രമുഖര്‍. സിതാരയും ശോഭനയും, ഗോപികയും, പ്രവീണയും, മം‌മതയും മികച്ച അഭിനയം കാഴ്ക വച്ചപ്പോള്‍ മറ്റുള്ളവര്‍ ശരാശരിയിലൊതുങ്ങി.


തിരിശ്ശീലയില്‍ മാത്രമല്ല, ക്യാമറയ്ക്കു പിന്നിലും പ്രതിഭയുടെ മിന്നലാട്ടം കണ്ട വര്‍ഷമാണ് 2009. ഭ്രമരം എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച അജയന്‍ വിന്‍സെന്റാണ് ഈ വര്‍ഷത്തിന്റെ ഒരു കണ്ടെത്തല്‍. ആ ചിത്രത്തെ ബ്ലെസ്സിയുടെ മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയതില്‍ ഒരു പ്രധാന പങ്ക്‌ വഹിച്ചത്‌ ഈ ഛായാഗ്രഹണം ആയിരുന്നു. വ്യത്യസ്തമായ ആംഗിളുകളും ക്യാമറാ ടെക്‌നിക്കുകളും കൊണ്ട്‌ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു അജയന്‍ വിന്‍സെന്റിന്റേത്‌. ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ സമീര്‍ താഹിര്‍ താന്‍ ഭാവിയൂടെ വാഗ്ദാനമാണെന്ന്‌ വിളിച്ചറിയിക്കുകയാണ്. ഇനിയും അവസരങ്ങള്‍ ഈ യുവപ്രതിഭയെ തേടിയെത്തേണ്ടിയിരിക്കുന്നു. സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന അമല്‍ നീരദും, ചിത്രസന്നിവേശം ചെയ്തിരിക്കുന്ന വിവേക്‌ ഹര്‍ഷനും സാങ്കേതികമായി മലയാള സിനിമ വളരെയധികം മുന്നോട്ടു പോയി എന്നു വിളിച്ചോതുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്‌. പുതിയമുഖം എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച ഭരണി കെ ധരന്‍, ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്ന സാംജിത്തും മലയാള സിനിമയ്ക്ക്‌ തന്നെ ഒരു പുതിയ മുഖം നല്‍കുവാന്‍ സഹായിച്ചിരിക്കുന്നു. വിവിധ ചിത്രങ്ങളില്‍ മുരുകേഷിന്റെ ഇഫക്റ്റുകളും ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു. മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ ഫാന്റസി ചിത്രമായിരുന്നു ഈ പട്ടണത്തിലെ ഭൂതം. സാധാരണ മലയാള സിനിമയില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍, കുറച്ചുകൂടി നിലവരത്തിലുള്ള ഇഫക്റ്റുകളും ഗ്രാഫിക്സും ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കും.ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് നിര്‍വഹിച്ചിരിക്കുന്ന ദുര്‍ഗാപ്രസാദിന് അവകാശപ്പെട്ടതാണ് അതിന്റെ മുഴുവന്‍ ക്രെഡിറ്റും. ലാല്‍ ജോസിന്റെ നീലത്താമരയെ ഒരു നിറക്കാഴ്ചയായി മാറ്റിയിരിക്കുന്നത്‌ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന വിജയ്` ഉലകനാഥനും, ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്ന രഞ്ജന്‍ എബ്രഹാമും ചേര്‍ന്നാണ്. ആദ്യമായി മലയാളികള്‍ക്കൊരു ക്യാമറ വുമണിനെ സമ്മാനിക്കുകയാണ്, ഗുലുമാല്‍ എന്ന ചിത്രത്തിലൂടെ വി.കെ.പ്രകാശ്‌. നടി രേവതിയുടെ ‘മിത്ര് മൈ ഫ്രെണ്ടി’ലൂടെ ശ്രദ്ധേയയായ ഫൈസിയ ഫാത്തിമയാണ് ഗുലുമാലിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. പാലേരി മാണിക്യമെന്ന ചിത്രം മലയാളികള്‍ക്ക്‌ വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചത്. അതിന്റെ പിറകില്‍ മനോജ്‌ പിള്ളയുടെ ഛായഗ്രഹണവും വിജയ്‌ ശങ്കറിന്റെ ചിത്രസംയോജനവുമാണ്. രഞ്ജന്‍ എബ്രഹാം, പി.സുകുമാര്‍, സഞ്ജീവ്‌ ശങ്കര്‍ തുടങ്ങിയ പ്രമുഖര്‍, പല ചിത്രങ്ങളിലൂടെ സജീവമായിരുന്നു ഈ വര്‍ഷം. സാങ്കേതിക രംഗങ്ങളിലും മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നു വ്യക്തമാക്കുന്നത്‌ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവിധ ചിത്രങ്ങള്‍.


സംഗീതരംഗത്ത് മികച്ച ഗാനങ്ങള്‍ പുറത്തു വന്ന വര്‍ഷമാണ് 2009. ഇളയരാജയും, എം.ജയചന്ദ്രനും, അലക്സ്‌ പോളും, ഔസേപ്പച്ചനുമെല്ലാം മലയാ‍ള ചലച്ചിത്ര രംഗത്ത്‌ തിളങ്ങി നിന്നു. മകന്റെ അച്ഛന്‍, ബനാറസ്‌, സുല്‍ത്താന്‍, ഇവര്‍ വിവാഹിതരായാല്‍, വൈരം, റോബിന്‍ ഹുഡ്‌, മൈ ബിഗ്‌ ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് എം.ജയചന്ദ്രന്‍ സംഗീതമൊരുക്കിയത്‌. അതില്‍ ചാന്തു തൊട്ടില്ലെ, നാട്ടുപാട്ടു കേട്ടോ, എനിക്കു പാടാന്‍, പ്രിയനു മാത്രം, മോഹിക്കല്ലേ എന്നു തുടങ്ങി ആകര്‍ഷകമായ ഒരു പിടി ഗാനങ്ങളാണ്‌. എം.ജെ നമുക്ക്‌ സമ്മാനിച്ചത്‌. ഭാഗ്യദേവതയിലും പഴശ്ശിരാജയിലുമാണ് ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ചത്‌. ഈ ചിത്രങ്ങളിലെ എല്ലാ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. സ്വപ്നങ്ങള്‍ കണ്ണെഴുതിയ, ആദിയുഷ സന്ധപൂത്തതെവീടെ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. മോസ്‌ & ക്യാറ്റിനും ഏയ്ഞ്ചല്‍ ജോണിനും സംഗീതമൊരുക്കിയ ഔസേപ്പച്ചന് ഒരു ഹിറ്റു പോലും സ്രുഷ്ടിക്കാനായില്ല. ലൌഡ്‌ സ്പീക്കര്‍, ഡാഡി കൂള്‍, കേരളാ കഫേ, പാസഞ്ചര്‍ എന്നിങ്ങനെ നാലു ചിത്രങ്ങള്‍ക്കാണ് ബിജി ബാല്‍ സംഗീതമൊരുക്കിയത്‌. കാട്ടാറിന്, കഥയമമ തുടങ്ങി ശ്രദ്ധേയമാ ഗാനങ്ങള്‍ അദ്ദേഹം മലയാളിക്കായി സമ്മാനിച്ചു, പാലേരി മാണിക്യമെന്ന ചിത്രത്തിന് സംഗീതമൊരുക്കി ശരത്തും തന്റെ സാന്നിധ്യം അറിയിച്ചപ്പോള്‍, അതിലെ ടൈറ്റില്‍ ഗാനം ആലപിച്ചത്‌ ബിജിബാലാണ്. ചട്ടമ്പിനാട്‌, 2 ഹരിഹര്‍ നഗര്‍ എന്ന ചിത്രങ്ങളുടെ സംഗീതം സംവിധാനം നിര്‍വഹിച്ചത്‌ അലക്സ് പോളായിരുന്നു. ഇരു ചിത്രങ്ങളിലേയും ഗാനങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. കാണാകണ്മണിയിലൂടെ ശ്യാം ധര്‍മ്മനും, ഭ്രമരത്തിലൂടെ മോഹന്‍ സിതാരയും, റിതുവിലൂടെ രാഹുല്‍ രാജും, നീലത്താമരയിലൂടെ വിദ്യാസാഗറും മലയാളത്തില്‍ ഗാനങ്ങള്‍ ഒരുക്കി. നീലത്താമരയില്‍ അനുരാഗവിലോചനനെന്ന ഗാനമായിരിക്കണം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പോപ്പുലറായ ഗാനം. സാഗര്‍ ഏലിയസ്‌ ജാക്കി എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ച ഗോപീ സുന്ദര്‍, ഈ പട്ടണത്തില്‍ ഭൂതത്തിന് സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍, ഡോ.പേഷ്യന്റിലൂടെ ബന്നത്ത്‌ വാദ്‌രത്ത്‌, ഗുലുമാലിലൂടെ എസ്.രമേശന്‍ നായരുടെ മകന്‍ മനു രമേശ്‌, ചെമ്പടയിലൂടെ റോബിന്‍ തിരുമല എന്നിവര്‍ സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. വ്യത്യസ്തമായ രീതിയില്‍ സംഗീതമൊരുക്കിയ ഗോപീ സുന്ദറും, മെലഡിയുടെ അനുഭവം സമ്മാനിച്ച ബന്നത്ത്‌ വാദ്‌രത്തും ഇനിയും നമുക്ക് സംഗീതാ‍നുഭവങ്ങള്‍ പകരുമെന്ന് കരുതാം. സുരേഷ്‌ പീറ്റേഴ്സും, ദീപക്‌ ദേവും തിരിച്ചു വരവു നടത്തിയ വര്‍ഷമായിരുന്നു കഴിഞ്ഞത്‌. ദീപക്‌ ദേവ്‌ സംഗീതമൊരുക്കിയ പുതിയമുഖത്തിലെ ഗാനങ്ങള്‍ ഹിറ്റായപ്പോള്‍, ലവ് ഇന്‍ സിംഗപ്പൂരിന്റെ പരാജയം സുരേഷ്‌ പീറ്റേഴ്സിന്റെ തിരിച്ചു വരവിന്റ്റെ മാറ്റുകുറച്ചു. ഗാനാലാപനത്തില്‍ യേശുദസും, പി.ജയചന്ദ്രനും, ചിത്രയും സുജാതയും, എം.ജി ശ്രീകുമാറും നിറഞ്ഞു നിന്നപ്പോള്‍, പുതു തലമുറയ്ക്കും വളരെയധികം അവസരങ്ങള്‍ ലഭിച്ചു. യേശുദാസ്‌ ആലപിച്ച ആദിയുഷ സന്ധ്യപൂത്തതെവിടെ എന്ന ഗാനം ഹിറ്റായപ്പോള്‍, കാട്ടാറിന് പോകാന്‍ എന്ന ഗാനമാണ് പി.ജയചന്ദ്രന്റെ ഹിറ്റില്‍ ഉണ്ടായിരുന്നത്. കുന്നത്തെ കൊന്നയ്ക്കും എന്ന ഗാനമാണ് ചിത്രയുടെ ഹിറ്റ്‌ ലിസ്റ്റില്‍ ആദ്യം, അതെ സമയം കാണാകണ്മണിയിലെ മുത്തെ മുത്തെ എന്ന ഗാനമാണ് സുജാതയുടേതായി വന്ന മികഛ ഗാനം. വെണ്ണിലവേ, ചാന്ദുതൊട്ടില്ലെ, അനുരാഗവിലോചനനായി എന്നീ മൂന്നു ഹിറ്റു ഗാനങ്ങള്‍ ആലപിച്ച് ബോളിവുഡ്‌ ഗായിക ശ്രേയാ ഘോശല്‍ ശ്രദ്ധേയയായി. പിച്ചവെച്ച നാള്‍ മുതല്‍, നാട്ടുപട്ടു കേട്ടോ എന്നീ ഹിറ്റുഗാനങ്ങള്‍ ആലപിച്ച്‌ ശങ്കര്‍ മഹാദേവനും, മഴ ഞാന്‍ അറിഞ്ഞിരുന്നില്ല, പാലേരി മാണിക്യത്തിലെ ഗസല്‍ എന്നിവ ആലപിച്ച്‌ ഹരിഹരനും മലയാളത്തില്‍ സജീവമായിരുന്നു.


2007 ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്ക്‌ അഭിമാനിക്കുവാനുതകും വിധമുള്ള പുരസ്കാരങ്ങളാണ് വാരിക്കൂട്ടപ്പെട്ടത്‌. മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാഞ്ചീവരത്തിന് ലഭിച്ചു. നാലു പെണ്ണുങ്ങള്‍ എന്ന ചിത്രം അണിയിച്ചൊരുക്കിയ അടൂര്‍ ഗോപാലക്രുഷ്ണന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടി. ആ ചിത്രത്തിലെ ചിത്രസന്നിവേശത്തിന് ബി.അജിത്‌ കുമാറിന് അവാര്‍ഡ്‌ ലഭിച്ചു. പരദേശി എന്ന ചിത്രത്തിലെ മേയ്ക്ക്‌-അപ്പിന് പട്ടണം റഷീദും, മികച്ച സംഗീതത്തിന് ഒരേ കടലിന്‌ സംഗീതമൊരുക്കിയ ഔസേപ്പച്ചനും പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച മലയാള ചിത്രമായി ശ്യാമപ്രസാദ്‌ സംവിധാനം ചെയ്ത ഒരേ കടല്‍ അര്‍ഹമായി. നോണ്‍ ഫീച്ചര്‍ ഫിലം വിഭാഗത്തില്‍ വിപിന്‍ വിജയ്‌ പബ്ലിക്ക്‌ റിലേഷന്‍ വകുപ്പിനു വേണ്ടി നിര്‍മ്മിച്ച പൂമരം സ്പെഷ്യന്‍ ജൂറി പുരസ്കാരം നേടി. ഡോക്യുമെന്ററി വിഭഗത്തില്‍, വെള്ളപ്പൊക്കം എന്ന ഡൊക്യുമെന്ററിക്ക്‌ മികച്ച സംവിധാനത്തിന് ജയരാജിന് പുരസ്കാരം ലഭിച്ചു. സിനിമയെക്കുറിച്ചുള്ള ലേഖനത്തിന്റെ വിഭാഗത്തില്‍, മികച്ച ചച്ചിത്ര നിരൂപകനുള്ള പുരസ്കാരം വി.കെ ജോസഫിനും ലഭിച്ചു. ദേശീയ പുരസ്കാര വേദിയില്‍ മലയാളം തിളങ്ങി നിന്ന ഒരു വര്‍ഷമാണ് കടന്നു പോയത്‌.


മലയാളത്തിന് നികത്താനാവാത്ത നഷ്ടങ്ങള്‍ സമ്മാനിച്ചു കടന്നു പോയ വര്‍ഷമായിരുന്നു 2009. ഒരു കൂട്ടം പ്രതിഭാധനരേയാണ് 2009 നമ്മില്‍ നിന്നും തട്ടിയെടുത്തത്‌. നിണമണിഞ്ഞ കാല്‍പ്പാടുകള്‍, കള്ളിച്ചെല്ലമ്മ എന്നിങ്ങനെ കലാമൂല്യമേറിയ വിവിധ ചിത്രങ്ങള്‍ നിര്‍മ്മിച്ച ശോഭനാ പരമേശ്വരന്‍ നായര്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നമ്മെ വിട്ടു പോയി. തിരക്കഥാക്രുത്തും സംവിധായകനുമായിരുന്ന ലോഹിതദാസ്‌, മലയാള സിനിമയുടെ ലോഹിയുടെ നഷ്ടമാണ് ഒരിക്കലും നമുക്ക്‌ നികത്താനാവാത്തത്‌. പത്മരാജന്‍, ഭരതന്‍ കാലഘട്ടത്തിന്റെ പിന്തുടര്‍ച്ചയെന്നോണം, മലയാള സിനിമയ്ക്ക്‌ ജീവിതഗന്ധിയായ കുറേ അധികം ചിത്രങ്ങള്‍ സമ്മാനിച്ച ലോഹിയുടെ അവിചാരിതമായ വേര്‍പാട്‌ മലയാളികള്‍ക്കൊന്നടങ്കം ഒരു ഞെട്ടലാണ് സമ്മനിച്ചത്‌. എന്നാല്‍ ആ ഞെട്ടല്‍ വിട്ടു മാറുന്നതിനു മുന്നെ, ഒരു മാസത്തെ കാലയളവില്‍, നാടകത്തിലൂടെ സിനിമയിലെത്തി, പ്രേക്ഷകരുടെ മനം കവര്‍ന്ന രാജന്‍ പി ദേവ്‌ നമ്മെ വിട്ടു പിരിഞ്ഞു. നായകനായും, കൊമേഡിയനായും, വില്ലനായും സ്വഭാവനടനായും സംവിധായകനായും നിര്‍മ്മാതാവയും മലയാളികള്‍ക്ക്‌ പരിചിതനായ കൊച്ചു വാവയുടെ മരണം സമ്മാനിച്ച വിടവ് നികത്താന്‍ മറ്റൊരു നടനില്ല എന്ന തിരിച്ചറിവ്‌ നമ്മേ ഏറെ ദുഖിപ്പിക്കുന്നതാണ്. ലോഹിയുടേയും, രാജന്‍ പി ദേവിന്റേയും മരണം മലയാളികളുടെ മനസ്സിനേല്‍പ്പിച്ച ആഘാതം മാറുന്നതിനു മുന്നെ, ആകസ്തിമകമായി അനുഗ്രഹീത നടന്‍ ഭരത്‌ മുരളി നമ്മേ വിട്ടു പിരിഞ്ഞു. മലയാളികള്‍ക്ക്‌ ഒരിക്കലും മറക്കാനാവത്ത കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ്‌ മുരളി. ഒരു പക്ഷേ മലയാള സിനിമാ പ്രേക്ഷകര്‍ 2009 നെ ശപിച്ച ഒരു നിമിഷമായിരിക്കുമത്‌. ഈ കഴിഞ്ഞ ഒക്‌ടോബറില്‍, പഴയകാല നായക നടി അടൂര്‍ ഭവാനി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗത്താലായിരുന്നു മരണം. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങളിലൊന്നായ, ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ എനിക്കു പാടാന്‍ എന്ന ഗാനം ആലപിച്ച സനേജ്‌ എന്ന ഗായകനും നമ്മെ വിട്ടു പിരിഞ്ഞ വര്‍ഷമായിരുന്നു 2009. ഈ വര്‍ഷത്തിനെ അവസാനമാണ് കന്നഡത്തിലെ പ്രസിദ്ധ നടന്‍ വിഷ്ണുവര്‍ദ്ധന്‍ അന്തരിച്ചത്‌. കൌരവര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ച നടനായിരുന്നു വിഷ്ണു വര്‍ദ്ധന്‍. ഇവരുടെ ആത്മശാന്തിക്കായി നമുക്ക്‌ ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം.


വിവാദങ്ങള്‍ കുറവായിരുന്ന വര്‍ഷമാണ് കടന്നു പോയത്‌. താരങ്ങളുടേയും മറ്റു സിനിമാ പ്രവര്‍ത്തകരുടേയും സംഘടന പ്രശ്നങ്ങള്‍ സജീവമായി നിലനിന്നിരുന്ന വര്‍ഷമായിരുന്നു ഇത്‌. സിനിമകളുടെ ചിലവ്‌ 3.5 കോടിയിലൊതുക്കണമെന്നും ഷൂട്ടിങ്‌ 45 ദിവസത്തില്‍ തീര്‍ക്കണമെന്നുമുള്ള പ്രൊഡ്യൂസര്‍ അസോസിയേഷന്റെ നിര്‍ദ്ദേശം വിവാദമാകുകയും, താരങ്ങളുടേയും, സാങ്കേതിക വിദഗ്ദരുടേയും സംഘടനകള്‍ അത് തള്ളുകയും ചെയ്തു. ലോഹിതദാസിന്റെ മരണ ശേഷം, അദ്ദേഹത്തിന്റെ ഡ്രീം പ്രൊജക്ടായിരുന്ന ഭീഷ്മരെക്കുറിച്ചും, ലോഹിയുടെ ചില അഭ്യുതയകാംഷികളെക്കുറിച്ചും ലോഹിയുടെ ഭാര്യ സിന്ധു ലോഹിതദാസ്‌ ഉയര്‍ത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പഴശ്ശിരാജ എന്ന ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലെ ടിക്കറ്റ്‌ നിരക്ക്‌ ഉയര്‍ത്താനുള്ള പ്രൊഡ്യൂസരുടെ നീക്കം വിവാദത്തിനു തിരി കൊളുത്തിയെങ്കിലും, പെട്ടെന്നു തന്നെ കെട്ടടങ്ങി. എന്നാല്‍ പഴശ്ശിരാജയൂടെ ക്ലൈമാസിനെ ചൊല്ലി എം.ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പഴശ്ശിരാജ കൊല്ലപ്പെടുകയായിരുന്നില്ല എന്നും വൈരമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നും വാദഗതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ വമ്പന്‍ വിജയം ഇത്തരം വിവാദങ്ങള്‍ പെട്ടെന്നു തന്നെ കെട്ടടങ്ങാന്‍ സഹായിച്ചു. ചിത്രത്തില്‍ ഇടച്ചെന കുങ്കനെ അവതരിപ്പിച്ചിരിക്കുന്ന രീതിയെക്കുറിച്ചും, കുറിച്യരെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്ന രീതിയും ആക്ഷേപങ്ങള്‍ ഉയര്‍ത്തി. ചിത്രത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ച റസൂല്‍ പൂക്കുട്ടി, തന്റെ പ്രയത്നത്തെ കേരളത്തിലെ തീയേറ്ററുകള്‍ നിലവാരം കുറഞ്ഞ ശബ്ദ സംവിധാനത്തിലൂടെ നശിപ്പിച്ചുവെന്ന്‌ പരസ്യമായി അഭിപ്രായപ്പെട്ടു. ഓ.എന്‍.വിയുടെ വരികള്‍ക്ക്‌ പഴശ്ശിരാജയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുവാന്‍ കഴിയാതെ പോയി എന്ന്‌, ആദിയുഷസന്ധ്യ എന്ന ഗാനാത്തെ ആധാരമാക്കി ഇളയരാജ അഭിപ്രായപ്പെട്ടത്‌ വിവാദമായിരുന്നു. ഓ.എന്‍.വി അതിനെക്കുറിച്ച്‌ പ്രതികരിച്ചില്ലെങ്കിലും, സാംസ്കാരിക കേരളം ഇളയരാജയുടെ പ്രസ്താവനയെ ശക്തിയായി എതിര്‍ത്തു. എന്നാലും വിവാദങ്ങളെ സംബന്ധിച്ച്‌, മുന്‍ വര്‍ഷങ്ങളിനേതിനേക്കാള്‍ നിശബ്ദമായ വര്‍ഷമാണ് കടന്നു പോയത്‌. എന്തായാലും നഷ്ടങ്ങള്‍ക്കപുറം മലയാള സിനിമയ്ക്കിത് മികച്ച വര്‍ഷമായിരുന്നു. ഈ സുവര്‍ണ്ണ കാലഘട്ടം 2010 ലും തുടരട്ടേ എന്ന്‌ പ്രതീക്ഷിക്കാം....


ബോക്സോഫീസ്‌ ഹിറ്റുകള്‍

1. കേരള വര്‍മ്മ പഴശ്ശിരാജ

2 ഹരിഹര്‍ നഗര്‍

3. ഭാഗ്യദേവത

4. ചട്ടമ്പി നാട്‌

5. പുതിയമുഖം

6. പാസഞ്ചര്‍

7. ഇവര്‍ വിവാഹിതരായാല്‍

8. മകന്റെ അച്ഛന്‍

9. ഇവിടം സ്വര്‍ഗ്ഗമാണ്

10. ലൌഡ്‌ സ്പീക്കര്‍


കലാമൂല്യമേറിയ ചിത്രങ്ങള്‍
1. കേരള വര്‍മ്മ പഴശ്ശിരാജ

2. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം

3. ഭ്രമരം

4. കേരളാ കഫേ

5. വിലാപങ്ങള്‍ക്കപ്പുറം / മകന്റെ അച്ഛന്‍

6. ലൌഡ്‌ സ്പീക്കര്‍ / നീലത്താമര

നിരാശാജനകമായ ചിത്രങ്ങള്‍
1. സാഗര്‍ ഏലിയാസ്‌ ജാക്കി

2. ലവ്‌ ഇന്‍ സിംഗപ്പൂര്‍

3. സമസ്തകേരളം പി.ഓ

4. മോസ്‌ & ക്യാറ്റ്‌

5. കലണ്ടര്‍


അപ്രതീക്ഷിത വിജയങ്ങള്‍

1. പാസഞ്ചര്‍

2. ഇവരെ വിവാഹിതരായാല്‍

3. ഡൂപ്ലിക്കേറ്റ്

4. ഗുലുമാല്‍ - ദി എസ്കേപ്പ്‌

5. വൈരം


ഓഫ്‌ ബീറ്റ്‌ ചിത്രങ്ങള്‍

1. ഒരു പെണ്ണും രണ്ടാണും

2. വിലാപങ്ങള്‍ക്കപ്പുറം

3. ഭൂമിമലയാളം

4. സൂഫി പറഞ്ഞ കഥ

5. പത്താം നിലയിലെ തീവണ്ടി.

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

8 comments:

  1. ഇത്രയും കാര്യങ്ങള്‍ എഴുതാന്‍ എന്ത് മാത്രം അധ്വാനിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. തികച്ചും അഭിനന്ദനീയം ആയ ഒരു ലേഖനം. നീളം ഒരല്പം കൂടി പോയോ എന്നൊരു സംശയം ഉണ്ട്.. പക്ഷെ ഒരു കാര്യം പോലും എഴുതാന്‍ വിട്ടു പോയി എന്ന് തോന്നുന്നില്ല.. അഭിനന്ദനങ്ങള്‍.. ഇനിയും ഇത് പോലെ ഉള്ളവ പ്രതീക്ഷിക്കുന്നു.. :)

    ReplyDelete
  2. ഹമ്മേ! കുറേയുണ്ടല്ലോ വായിക്കുവാന്‍! ആദ്യത്തെ പോസ്റ്ററുകള്‍ ചേര്‍ത്തുള്ള കൊളാഷ് നല്ല രസമുണ്ട്.

    ബോക്സ്‌ഓഫീസ് ഹിറ്റെന്നു പറയുമ്പോള്‍ ബോക്സ്‌ഓഫീസില്‍ ലാഭമുണ്ടാക്കിയത് എന്നല്ലേ? അങ്ങിനെയെങ്കില്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’ അത്ര വിജയമെന്നു പറയുവാനുണ്ടോ? ഭാഗ്യദേവതയോ, ഇന്‍ ഹരിഹര്‍നഗറോ തിയേറ്ററില്‍ നിറഞ്ഞോടിയയത്രയും പോലും പഴശ്ശിരാജാ ഓടിയിട്ടില്ല.

    തെറ്റുകള്‍ ധാരാളമായി കാണുന്നല്ലോ... സിനിമകളുടെ പേരുകളില്‍ പോലും. ഓണ്‍ലൈന്‍ മാഗസീനില്‍ കൂടി കൊടുക്കുന്നതല്ലേ, അല്പം കൂടി ശ്രദ്ധിക്കൂ... :-)
    --

    ReplyDelete
  3. @ അഖില്‍
    ഒരല്പം നീളം കൂടിപ്പോയോ എന്നൊരു സംശയം എനിക്കാദ്യമെ തന്നെ ഉണ്ട്‌. പിന്നെ എഴുതി വന്നപ്പോള്‍ ഇത്രയുമായി. ഒന്നും എടുത്തു കളയാന്‍ തോന്നിയില്ല. നന്ദി... :) തുടര്‍ന്നും വായിക്കുക...

    ReplyDelete
  4. @ഹരീ.... കൊളാഷ്‌ എന്റെ ഒരു പരീക്ഷണം ആയിരുന്നു. നന്നായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്‌. തെറ്റുകള്‍ തിരുത്തുന്നുണ്ട്‌. നീളം കൂടിയ പോസ്റ്റായതിനാല്‍ സമയമെടുക്കുന്നു. (മാഗസിന്‍ എഡിറ്റര്‍ കഷ്ടപ്പെട്ടു എന്നാണ് കേട്ടത്‌...) പല വെബ്‌സൈറ്റുകളും നല്‍കിയ ഡാറ്റയെ ആധാരമാക്കിയാണ് പഴശ്ശിരാജയെ ബോക്സോഫീസ്‌ ഹിറ്റാക്കിയത്‌. അവിടെ ഓടിയ കാലമല്ലല്ലോ, കിട്ടിയ കാശാണല്ലോ പ്രധാനം. 18-20 കോടി വരെ കളക്ഷന്‍ കിട്ടി, ബാക്കി ഓവര്‍സീസ്‌ റൈറ്റും വീഡിയോ റൈറ്റിലൂടെയും ഒപ്പിച്ചു എന്നാണ് സിഫി പറയുന്നത്‌. തുടര്‍ന്നും വായിക്കുക...

    ReplyDelete
  5. വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.. കുറെ സമയവും എടുത്തു.. പക്ഷെ ബൃഹത്തായ ലേഖനം.. ഒന്നും വിട്ടു പോയിട്ടില്ല
    കൊളാഷ് കൊളമായിട്ടില്ല... :-)
    എന്റെ അഭിപ്രായത്തില്‍ , കലാമൂല്യമേറിയ ചിത്രങ്ങളില്‍ ഭ്രമരവും പാലേരി മാണിക്യവും കഴിഞ്ഞിട്ടേ പഴശ്ശിരാജക്ക് ഇടമുള്ളൂ..

    ReplyDelete
  6. valare swagatharham aya oru sramam thanneyaanu ithu. dharaalam budhimuttiyittundennu manassilakkunnu.
    Hriyadayam niranja abhinandanangal

    ReplyDelete
  7. @മഹേഷ്

    നന്ദി... പഴശ്ശിരാജയെന്ന സിനിമയെയും ഭ്രമരത്തെയും പാലേരി മാണിക്യത്തിനേയും താരതമ്യം ചെയ്യാന്‍ കഴിയില്ല എന്നറിയാമല്ലൊ..? എന്നിരുന്നാലും സംവിധാനത്തിലും അഭിനയത്തിലും സാങ്കേതിക വിഭാഗത്തിലും പഴശ്സിരാജ മുന്നിട്ടു നില്‍ക്കുന്നു എന്നതിനാലാണ് അങ്ങനെ എഴുതിയത്‌. എന്റെ അഭിപ്രായമാണ് കേട്ടൊ...

    ReplyDelete
  8. @ അനുപമ

    നന്ദി.. അല്പം നീളം കൂടിപ്പോയിട്ടും ക്ഷമയോടെ വായിച്ചു തീര്‍ത്തു കമന്റിട്ടതിന് വളരധികം നന്ദി.. തുടര്‍ന്നും വായിക്കുക...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.