Saturday, January 30, 2010

ചേതന്‍ ഭഗത്തും 3 ഇഡിയറ്റ്സും പിന്നെ നാട്ടുകാരും...


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിവാദങ്ങളിലൊന്നാണ് ചേതന്‍ ഭഗത്തും 3 ഇഡിയറ്റ്‌സ്‌ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും തമ്മില്‍ കഥയുടെ അവകാശത്തെ ചൊല്ലി നടക്കുന്ന തര്‍ക്കം. ക്രിസ്തുമസ്‌ ദിനം പുറത്തിറങ്ങിയ 3 ഇഡിയറ്റ്സ്‌ എന്ന ചിത്രം പ്രേക്ഷകരുടെ ഇടയില്‍ മികച്ച പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതിനിടയിലാണ്, ചിത്രത്തിന്റെ മൂലകഥ തന്റേതായിട്ടും, തന്നെ അവഗണിച്ചുവെന്നും, ചിത്രത്തിന്റെ ക്രെഡിസ്റ്റ്സില്‍ തന്റെ ബുക്കിന്റെയോ തന്റെയോ പേര് നല്‍കിയില്ല എന്നും ചേതന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ തുറന്നടിച്ചത്‌. എന്നാല്‍ 3 ഇഡിയറ്റ്സിന്റെ നിര്‍മ്മാതാക്കള്‍ ബാംഗ്ലൂരില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അതു നിഷേധിക്കുകയും, ചേതന്റെ കഥയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയാണ് തങ്ങള്‍ ചിത്രമെടുത്തിരിക്കുന്നതും, അതു കൊണ്ടു തന്നെ, ചിത്രത്തിന്റെ അവസാന ഭാഗത്തു വരുന്ന ക്രെഡിറ്റ്സില്‍ അത്‌ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ തുറന്നടിക്കുകയും ചെയ്തു. എന്നാല്‍ വിവാദം മാധ്യമങ്ങളിലെത്തിയപ്പോള്‍ ചര്‍ച്ചയായി, പ്രസ്താവനകള്‍ വിവാദങ്ങളായി. അതിനിടെയാണ് ഒരു പത്രസംമ്മേളനത്തില്‍, 3 ഇഡിയറ്റ്സിന്റെ നിര്‍മ്മാതാവായ വിധു വിനോദ് ചോപ്ര, അപ്രിയകരമായ ഒരു ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകനോട്‌ ‘ഷട്ട് അപ്പ്‌‘ പറഞ്ഞത്. അതോടെ മാധ്യമങ്ങളൊന്നടങ്കം ചേതന്‍ ഭഗത്തിന്റെ പിറകിലായി. നടനും 3 ഇഡിയറ്റ്സിലെ നായകനുമായ അമീര്‍ഖാന്‍ പിന്നീടങ്ങ്‌ മൌനം പാലിക്കുകയും ചെയ്തു... പ്രേക്ഷകര്‍ കണ്ടത്‌ ഈ കാഴ്ച മാത്രമല്ല. ഈ ഒരു വിവാദത്തോടെ, കൂടുതല്‍ പ്രേക്ഷകര്‍ തീയേറ്ററുകളില്‍ എത്തി ചിത്രം കണ്ടു, ചേതന്‍ ഭഗത്തിന്റെ ആരാധകരടക്കം വമ്പന്‍ തിരക്കാണ് തീയേറ്ററുകളില്‍ അനുഭവപ്പെട്ടത്‌, ചുരുങ്ങിയ ദിനം കൊണ്ടു തന്നെ, ഇതിന്റെ മുടക്കു മുതല്‍ ചിത്രം തിരിച്ചു പിടിച്ചു. ചേതന്‍ ഭഗത്തിന്റെ ബുക്ക്‌ 5 പോയിന്റ്‌ സംവണ്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു, പല പ്രസാ‍ധകശാലയിലും അത്‌ ഔട്ട്‌ ഓഫ്‌ സ്റ്റോക്കായി... ഇതൊക്കെ സംഭവിച്ചതോടെ ആരും മുന്‍‌കൈ എടുക്കാതെ വിവാദം പൊടൂന്നനെ കെട്ടടങ്ങി... മാധ്യമങ്ങളും ചര്‍ച്ച നിര്‍ത്തി... ഇതൊക്കെ കണ്ട്‌ ബ്ലോഗുകളിലൂടെയും കമ്മ്യൂണിറ്റികളിലൂടെയും ഘോര ഘോരം സംവാദങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ആരാധകര്‍ മാത്രം മണ്ടന്മാരായി... അമീര്‍ ഖാനും ഹാപ്പി, വിധു വിനോദ്‌ ചോപ്രയും ഹാപ്പി, ചേതന്‍ ഭഗത്തും ഹാപ്പി... ഇതാണ് മോനെ മാര്‍ക്കറ്റിങ്‌ തന്ത്രം...!!!

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.