Wednesday, January 27, 2010

ഹാപ്പി ഹസ്‌ബന്റ്സ്‌ (Happy Husbands)

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ സജി സുരേന്ദ്രന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹാപ്പി ഹസ്‌ബന്റ്സ്. ഗ്യാലക്സി പ്ലസ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തന്റെആ‍ദ്യ ചലച്ചിത്ര സംരംഭമായ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിനായി തൂലിക ചലിപ്പിച്ച കൃഷ്ണ പൂജപ്പുര തന്നെയാണ് ഈ ചിത്രത്തിലും തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌. ജയറാം, ഇന്ദ്രജിത്ത്, ജയസൂര്യ, ഭാവന, സംവ്രുത സുനില്‍, റിമ കല്ലുങ്കല്‍, വന്ദന, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, മണിയന്‍ പിള്ള രാജു എന്നിങ്ങനെ ഒരു താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്.

സ്ത്രീലമ്പടന്മാരായ മൂന്നു ഭര്‍ത്താക്കന്മാരുടേയും, അവരെ സംശയത്തൊടെ വീക്ഷിക്കുന്ന ഭാര്യമാരുടേയും, അവരുടെ ഇടയിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുമ്പോളുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ആധാരം. കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഉടമയാണ് മുകുന്ദന്‍ മേനോന്‍ (ജയറാം), അയാളുടെ സംശയാലുവായ ഭാര്യയാണ് കൃഷ്ണേന്ദു (ഭാവന). വിദ്യാഭാസം കുറഞ്ഞ തന്നെ ഭര്‍ത്താവ്‌ കബളിപ്പിക്കയാണോ എന്ന സംശയം എപ്പോഴും കൃഷ്ണേന്ദുവിനുണ്ട്‌. കല്യാണം കഴിഞ്ഞ്‌ മൂന്നു വര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തത്‌ അവരുടെ സംശയത്തിന്റെ ബലമേറ്റുന്നു. കൃഷ്ണേന്ദുവിന്റെ ആത്മാര്‍ത്ഥ സുഹ്രുത്താണ് ശ്രേയ (സംവ്രുത). ശ്രേയയുടെ ഭര്‍ത്താവ്‌ രാഹുല്‍ (ഇന്ദ്രജിത്ത്‌) വളരെ പ്രമുഖനായ ഒരു ബിസിനസുകാരനാണ്. എല്ലാവരുടേയും മുന്നില്‍ മാന്യനായ രാഹുല്‍, പക്ഷേ പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നയാളാണ്. ഇതറിയാതെ കൃഷ്ണേന്ദു തന്റെ ഭര്‍ത്താവായ മുകുന്ദനെ ജീവിതം എങ്ങനെ ആസ്വദിക്കണം എന്നു പഠിക്കുവാന്‍ രാഹുലിനൊപ്പം ചേരുവാന്‍ നിര്‍ബന്ധിക്കുന്നു. ഒരു നൈറ്റ് ക്ലബ്ബില്‍ വച്ച്‌ രാഹുല്‍ ഡയാനയെ (റീമ കല്ലുങ്കല്‍) മുകുന്ദനു പരിചയപ്പെടുത്തുന്നു. മുകുന്ദന്റെ ഒപ്പം ഫോട്ടോഗ്രാഫറായി ജോലി നോക്കുകയാണ് ജോണി (ജയസൂര്യ). അയാള്‍ സറീനയുമായി (വന്ദന) ഇഷ്ടത്തിലാണ്. പിന്നീട്‌ കഥ പുരോഗമിക്കുന്നത്‌ മുകുന്ദനും, രാഹുലും, ജോണിയും ഡയാനയുമായുള്ള ബന്ധം ഭാര്യമാര്‍ അറിയാതിരിക്കാന്‍ കഷ്ടപ്പെടുന്നതിനെ ആസ്പദമാക്കിയാണ്... ഒരു മിനിട്ട്‌...ഈ കഥ എവിടെയോ കേട്ട പോലെ, അല്ലേ..? സംശയിക്കേണ്ട, 2002 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ചാര്‍ളി ചാപ്ലിന്‍, 2005 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം നോ എന്‍‌ട്രി തുടങ്ങിയ ചിത്രങ്ങളുമായി ഈ ചിത്രത്തിന് വിദൂരമല്ലാത്തെ സാമ്യം ഉണ്ട്‌. പക്ഷേ ചിത്രത്തിന്റെ ക്രെഡിറ്റ്സിലെവിടേയും അങ്ങനെ ഒരു പരാമര്‍ശമില്ല.. കഥയുടെ പശ്ചാത്തലം മാത്രം മാറിയെന്നേയുള്ളൂ. ആ ചിത്രങ്ങള്‍ കണ്ട ആര്‍ക്കും ഈ ചിത്രത്തിന്റെ കഥാഗതിയും രംഗങ്ങളും ഊഹിക്കുക എന്നത്‌ അത്ര വിഷമമുള്ള കാര്യമല്ല. അവിടെയാണ് തിരക്കഥാക്രുത്ത്‌ അമ്പേ പരാജയപ്പെടുന്നത്‌. കോമഡി എന്ന പേരില്‍ അവിടിവിടെ തിരുകി കയറ്റിയ ചളുകള്‍ പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനു പകരം, ഈ സിനിമയ്ക്കു ഞാന്‍ കയറിയല്ലോ എന്നു ചിന്തിപ്പിക്കുകയാണ്. കഥയില്‍ ചോദ്യമില്ല എന്നു പറയുന്നതു പോലെ, ഈ കഥയില്‍ ലോജിക്കിനും സ്ഥാനമില്ല്ല.


ഒരു വന്‍ താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ആര്‍ക്കുമില്ല എന്നതാണ് സത്യം. കുറച്ചു കോമാളിത്തരങ്ങളും ഗോഷ്ടികളും മാത്രമാണ് അഭിനയമെന്ന രീതിയില്‍ ചിത്രത്തിലെ മൂന്നു നായകന്മാരും കാഴ്ച വയ്ക്കുന്നത്‌. അതില്‍ പോലും ജയറാമിന്റെ തനതായ ചില അഭിനയ ശൈലികള്‍ കടന്നു വരുന്നതിനാല്‍ അധികം നമുക്ക്‌ ബോറടിക്കില്ല, എന്നാല്‍ ഇന്ദ്രജിത്തും, ജയസൂര്യയും ജയറാമിനോട്‌ മത്സരിച്ച്‌ കോമാളിത്തരം കാണിക്കുമ്പോള്‍ അറിയാതെയെങ്കിലും കൂവിപ്പോകുന്നു. നിഷ്കളങ്കയായ പെണ്‍കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ഭാവന അമ്പേ പരാജയമായി മാറുന്നു. പട്ടു സാരിയും ചുറ്റിയുള്ള ഭാവനയുടെ അഭിനയം അസഹ്യം എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌. സ്ഥിരം കോമാളി വേഷത്തില്‍ സലീം കുമാറും സുരാജും ഉണ്ട്‌, എന്നാലും പലപ്പോഴും നമ്മെ ചിരിപ്പിക്കുന്നത്‌ ഇവരുടെ തമാശകള്‍ (ചളുകള്‍) മാത്രമാണ്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി റീമാ കല്ലുങ്കല്‍, സംവ്രുത സുനില്‍, പുതുമുഖതാരമായ വന്ദന എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരിക്കുന്നു. എന്നാല്‍ റീമയുടെ കഥാപാത്രത്തിന് ഒരു സ്വാഭാവികത നല്‍കുവാന്‍ കഴിയാതെ പോകുന്നു എന്നത്` ഒരു വാസ്തവമാണ്. ചില രംഗങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ ചുറ്റിക്കറങ്ങുന്ന കഥാപാത്രമായി റീമ അവതരിപ്പിച്ച ഡയാന. മണിയന്‍ പിള്ള രാജും, സാദിഖ്‌, മാമുക്കോയ എന്നിവര്‍ കയറി ഇറങ്ങിപ്പോകുന്ന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ട്‌.


ചിത്രത്തിലെ കഥയിലും അവതരണത്തിലും പാളിച്ചകളുണ്ടെങ്കിലും പ്രേക്ഷകരെ തീയേറ്ററുകളില്‍ പിടിച്ചിരുത്തുന്നതില്‍, ചിത്രത്തിന്റെ ഛാ‍യാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന അനില്‍ നമ്പ്യാര്‍ പ്രധാന പങ്കു വഹിക്കുന്നു. കളര്‍ഫുള്ളായ ഒരു ചിത്രമാക്കി ഇതിനെ മാറ്റുന്നതില്‍ അനില്‍ പ്രധാന പങ്കു വഹിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച രംഗങ്ങള്‍ അതിന് മികച്ച ഉദാഹരണങ്ങളാണ്. ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്‌ മനോജാണ്, ചിത്രത്തിലുടനീളം തരക്കേടില്ലാത്ത എഡിറ്റിങ്ങാണ് മനോജ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. എന്നാല്‍ രണ്ടാം പകുതിയില്‍ അനുഭവപ്പെടുന്ന ഇഴച്ചിലിന് മനോജും ഉത്തരവാദിയാണ്. കലാസംവിധാനവും, വേഷാലങ്കാരങ്ങളും അല്പം പിന്നിലേക്കാണീ ചിത്രത്തില്‍. പല രംഗങ്ങളിലും അസ്വാഭാവികത പ്രകടമാണ്. എം.ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ യാതോരു ചലനവും ഉണ്ടാക്കുന്നില്ല, ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ കുറെ വാ‍ക്കുകള്‍ കുത്തിനിറച്ചവ മാത്രമാണ്. പക്ഷേ ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം ചിത്രത്തോടു ചേര്‍ന്നു പോകുന്നുണ്ട്‌.


സജീ സുരേന്ദ്രന്‍ എന്ന സംവിധായകന്റെ ആദ്യത്തെ സംവിധാന സംരംഭം, ഇവര്‍ വിവാഹിതരായാല്‍ എന്നത്‌ പിഴവുകളുടെ ഒരു കൂമ്പാരമായിരുന്നു. അതില്‍ നിന്നും അധികമൊന്നും മുന്നോട്ടു പോകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന ദുഖകരമായ വസ്തുത ഈ രണ്ടാമത്തെ ചിത്രം കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാകും. ആദ്യ ചിത്രത്തില്‍ നിന്നു വിഭിന്നമായി, ഒരു വലിയ താരനിരയെ അണിനിരത്തിയാണ് ഈ ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്‌. താരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ സജി സുരേന്ദ്രന്‍ വിജയിച്ചിരിക്കുന്നുവെങ്കിലും, അവരെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. നോ എന്‍‌ട്രി എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ മികച്ച രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്തിട്ടുണ്ട്‌. എന്നാല്‍ ഹാസ്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന താരങ്ങളായിട്ടു കൂടി ജയറാമിനേയും ഇന്ദ്രജിത്തിനേയും ജയസൂര്യയേയും, ഇത്രയും ഹാസ്യപ്രധാനമായ പ്രമേയത്തില്‍, വേണ്ട രീതിയില്‍ ഉപയോഗിക്കുവാന്‍ കഴിഞ്ഞില്ല എന്നത്‌ സംവിധായകന്റെ പരാജയമാണ്. അതിനു പകരം ആ ദൌത്യം അദ്ദേഹം ഏല്‍പ്പിച്ചത്‌ സുരാജിനേയും സലീം കുമാറിനേയുമാണ്. വളരെ ഹിറ്റായ ഒരു ചിത്രത്തിന്റെ / ചിത്രങ്ങളുടെ കഥയില്‍ നിന്നാണ് ഈ ചിത്രം ഉണ്ടായിരിക്കുന്നത്‌. പ്രേക്ഷകര്‍ പണ്ടേ സ്വീകരിച്ച പ്രമേയമായിട്ടുകൂടി, അതിനെ പ്രേക്ഷകരിലേക്ക്‌ എത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുന്നു. അതു കൊണ്ടു തന്നെ ഹാപ്പി ഹസ്‌ബന്റ്സ്‌ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഹാപ്പിയാകാനുള്ള സാധ്യത കുറവാണ്. സജിയുടെ ആദ്യ ചിത്രത്തിന്റെ ആസ്വാദനത്തില്‍ ഞാന്‍ പറഞ്ഞ കാര്യം ഒരിക്കല്‍ക്കൂടി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കയാണ്. സീരിയലല്ല, സിനിമ. ചലച്ചിത്ര ലോകം അദ്ദേഹത്തിന്റെ ചിന്തകള്‍ക്കപ്പുറമാണ് എന്ന തിരിച്ചറിവ്‌ അദ്ദേഹത്തിനുണ്ടാകണം. അത്ര ലളിതമായി സിനിമയെടുക്കാന്‍ കഴിയുമെന്ന മൌഢ്യ ധാരണമാറ്റി സജി വീണ്ടും സീരിയല്‍ രംഗത്തേക്ക്‌ തിരിച്ചു പോകണം. പാവം സിനിമാ പ്രേക്ഷകരെ വെറുതെ വിടണം...


എന്റെ റേറ്റിങ്: 2.2/10.0

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

2 comments:

  1. അടിത്തറ നിലവാരത്തില്‍ ഉള്ള കോമഡികള്‍ കണ്ടു തല തല്ലി ചിരിക്കുന്ന ഒരു സംഘം പ്രേക്ഷകര്‍ ഇപ്പോഴും ഉണ്ട് എന്ന ദുഃഖ സത്യം മാത്രമാണ് സജി സുരേന്ദ്രന്‍ , വി കെ പ്രകാശ്‌ തുടങ്ങിയവരുടെ ചിത്രങ്ങള്‍ അല്പമെങ്കിലും ഇനീഷ്യല്‍ കളക്ഷന്‍ നേടാനുള്ള കാരണം.. ദൃശ്യ മാധ്യമത്തിലെ കാന്‍സര്‍ എന്ന് വിശേഷിപ്പിക്കാവുന്ന മെഗാ സീരിയല്‍ സംസ്കാരം തന്നെയാണ് ഇങ്ങനെയൊരു പ്രേക്ഷക സംഘത്തെ സൃഷ്ടിക്കുന്നത്..

    ReplyDelete
  2. വി.കെ പ്രകാശിനെ പിന്നെയും സഹിക്കാം, കാരണം സാങ്കേതിക വിഭാഗമെങ്കിലും മെച്ചമാണ്.. സജി സുരേന്ദ്രന്‍, ഹൊറിബിള്‍... തമാശയ്ക്കൊക്കെ ഇത്രയും തറയാകാമോ..? അയാള്‍ അടുത്ത ചിത്രം ചെയ്യാന്‍ പോകുന്നു എന്നു കേട്ടു.. ദൈവത്തിനറിയാം. പ്രതീക്ഷയൊട്ടും ഇല്ല...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.