Sunday, February 28, 2010

തിലകനും മലയാള സിനിമയും


മലയാള സിനിമയില്‍ വിവാദങ്ങള്‍ പതിവാണ്.... എല്ലാ വര്‍ഷവും അതു പതിവുമാണ്. പോയ വര്‍ഷമുള്ള വിവാദമായിരുന്നു അഭിനേതാക്കളുടെ സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയും തമ്മിലുണ്ടായത്‌. എന്നാല്‍ മാക്ടയില്‍ നിന്നും പ്രമുഖരെല്ലാം രാജി വച്ച്‌ ഫെഫ്ക എന്ന ഒരു സംഘടന തുടങ്ങിയതോടെ, കാറ്റു പോയ ബലൂണ്‍ പോലെയായി വിനയനും കൂട്ടരും. ചില പാര്‍ട്ടിക്കാരുമായി ചേര്‍ന്ന്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ല എന്നതാണ് സത്യം. സിനിമാ രംഗത്തു തന്നെ ഒറ്റപ്പെട്ടു പോയ വിനയന്‍, അവസാനം തന്റെ തിരിച്ചു വരവിന്റെ ഭാഗമായി യക്ഷിയും ഞാനും എന്നൊരു ചിത്രമെടുക്കാന്‍ തീരുമാനിക്കുന്നു. മലയാളത്തിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായി അമ്മ അംഗീകരിക്കുന്നത്‌ ഫെഫ്കയെയാണ്. അതു കൊണ്ടു തന്നെ വിനയനുമായോ മാക്ടയുമായോ സഹകരിക്കേണ്ടതില്ല എന്ന തീരുമാനമായിരുന്നു അമ്മയുടേത്‌. എന്നാല്‍ നടന്‍ തിലകന്‍ ആ നിര്‍ദ്ദേശം ലംഘിച്ച്‌ യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതോടെ ഫെഫ്ക ഇടഞ്ഞു. വിനയനുമായി സഹകരിച്ച തിലകനുമായി സഹകരിക്കേണ്ടതില്ല എന്ന് ഫെഫ്ക തീരുമാനിച്ചു. അതിന്റെ ഭാഗമായി, തിലകന്‍ അഭിനയിക്കേണ്ടിയിരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. അതിനെതിരെ പരസ്യപ്രസ്താവനയുമായി തിലകന്‍ രംഗത്തു വന്നു. ഒരു സൂ‍പ്പര്‍ സ്റ്റാറാണ് അതിനു പിറകിലെന്ന്‌ ആരോപിച്ച തിലകന്‍, തന്നെ മലയാള സിനിമയില്‍ നിന്നും വിലക്കിയിരിക്കയാണെന്ന്‌ പറഞ്ഞു. അമ്മയുടെ കൈനീട്ടം പോലെയുള്ള അനുകൂല്യങ്ങള്‍ തനിക്ക്ക്` ലഭിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതോടെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്‌. എന്നാല്‍ മറ്റൊരു അവസരത്തില്‍, മോഹന്‍ ലാലുമായി തനിക്ക്‌ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും, മമ്മൂട്ടിയുമായി അത്ര രസത്തിലല്ല എന്നും തിലകന്‍ മാധ്യമങ്ങളോടു പറഞ്ഞു. താന്‍ ഈഴവനായതു കൊണ്ട്‌ തന്നെ ഒതുക്കാന്‍ ശ്രമിക്കയാണെന്നും അദ്ദേഹം മറ്റൊരവസരത്തില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു വിലക്ക്‌ തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്‌ അമ്മ വ്യക്തമാക്കി. എന്നാല്‍ തിലകന്‍ പരസ്യ പ്രസ്താവന തുടര്‍ന്നു കൊണ്ടേയിരുന്നു. അതിനിടയില്‍ അമ്മ, തിലകനോട്‌ വീശദീകരണം ആവശ്യപ്പെട്ടു. അതിനിടെ ഫെഫ്കയുടെ തലപ്പത്തുള്ള ബി.ഉണ്ണീക്രുഷ്ണനെതിരേയും തിലകന്‍ ആഞ്ഞടിച്ചു. എന്നാല്‍ ജാതി പറഞ്ഞു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തിലകനിലെ നടന്‍ മരിച്ചിരിക്കുന്നു എന്നു പറഞ്ഞ്‌ ബി.ഉണ്ണിക്രുഷ്ണനും രംഗത്തു വന്നതോടെ വിവാദം കൊഴുത്തു. അമ്മയേയും ഫെഫ്കയേയും വിമര്‍ശിച്ച്‌ പല തവണ രംഗത്തെത്തിയ തിലകന്‍, കമ്മ്യൂണിസ്റ്റു സഹയാത്രികനായിട്ടു കൂടി കമ്മ്യൂണിസ്റ്റുകാര്‍ വരെ തന്നെ തിരിഞ്ഞു നോക്കിയില്ല എന്നും പറന്നു. തന്റെ ജീവനുവരെ ആപത്തുണ്ടെന്നും ഫാന്‍സ്‌ അസോസിയേഷനുകള്‍ തന്നെ വേട്ടയാടുകയാണെന്നും പറഞ്ഞാണ് തിലകന്‍ പിന്നീട്‌ മാധ്യമങ്ങളുടെ മുന്നില്‍ എത്തിയത്‌. അതിനിടയിലാണ് തിലകനോട്‌ കാണിച്ചത്‌ നീതികേടാണ് എന്നു പറഞ്ഞ്‌ സുകുമാര്‍ അഴീക്കോട്‌ രംഗത്തു വന്നത്‌. അതു പിന്നീട്‌ സുകുമാര്‍ അഴീക്കോടൂം, മോഹന്‍ലാലും ഇന്നസെന്റും തമ്മിലുള്ള വാക്കു തര്‍ക്കമായി മാറി. അതിനിടയില്‍ മൌനം ഭഞ്ജിച്ച്‌ മമ്മൂട്ടി രംഗത്തെത്തുകയും വിവാദങ്ങളും പരസ്യ പ്രസ്താവനകളും അവസനിപ്പിക്കണമെന്നും അവശ്യപ്പെട്ടു. മമ്മൂട്ടി മധ്യസ്ഥനായാല്‍ ഉപാധികളോടെ ചര്‍ച്ചയാവാം എന്ന്‌ തിലകന്‍ പറഞ്ഞു, എന്നാല്‍ മധ്യസ്ഥനാവാന്‍ തനിക്കു താല്പര്യമില്ലെന്നും, ഞാന്‍ അമ്മയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കിയതോടെ, മധ്യസ്ഥതയ്ക്ക്‌ മമ്മൂട്ടിയുടെ ആവശ്യമില്ലെന്നും, അമ്മയുടെ അച്ചടക്ക കമ്മറ്റിക്കു മുന്നില്‍ താന്‍ പോകുന്ന പ്രശ്നമില്ലെന്നും തിലകന്‍ പ്രസ്താവിച്ചു. അതിനിടെ തിലകനെ മുഖ്യ കഥാപാത്രമാകുന്ന ഒരു ഹോളിവുഡ്‌ ചിത്ര (ഡാം 999) ത്തിന്റെ സംവിധായകന്‍, വിവാദങ്ങള്‍ അവസാനിപ്പിച്ച ശേഷം മാത്രമേ തിലകനെ അഭിനയിപ്പിക്കൂ എന്ന്‌ വ്യക്തമാക്കി. തനിക്ക് ഓസ്‌കാര്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്‌ അറിഞ്ഞിട്ട്‌, അസൂയമൂത്ത സൂപ്പര്‍ സ്റ്റാറുകളുടെ ഇടപെടലാണ് ഇതിന്റെ പിറകിലെന്ന്‌ തിലകന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ഡാം 999 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ഉണ്ടെന്ന്‌ പറഞ്ഞ്‌ തിലകന്‍ അമ്മയുടെ അച്ചടക്ക സമതിക്കു മുന്നില്‍ ഹാജരായില്ല. എന്നാല്‍, ഷൂട്ടിങ്‌ നടക്കുന്നില്ല എന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും മനസ്സിലക്കിയ അമ്മ, തിലകന്റെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്റ്‌ ചെയ്തു. മാര്‍ച്ച്‌ എട്ടു വരെ വിശദീകരണം നല്‍കുവാനായി അദ്ദേഹത്തിന് സമയവും നല്‍കി. എന്നാല്‍ അത്‌ തന്നെ അപായപ്പെടുത്താനുള്ള പ്ലാനാണെന്നും, അമ്മയുമായി സഹകരിക്കില്ലെന്നും തിലകന്‍ പറഞ്ഞു. കഴിയുമെങ്കില്‍ സമാന്തര സംഘടന ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും തിലകന്‍ വ്യക്തമാക്കി. അതോടെ ഡാം 999 ല്‍ നിന്നും തിലകന്‍ പുറത്തായി.. അദ്ദേഹം ഇനി എന്തു ചെയ്യുമെന്ന്‌ കണ്ടറിയുക തന്നെ...

സൂപ്പര്‍ താരങ്ങളും ഫാന്‍സ്‌ അസോസിയേഷനുകളും മലയാള സിനിമ നശിപ്പിക്കുന്നത്‌ എന്നു പറഞ്ഞാണ് തിലകന്‍ ആദ്യ വെടി പൊട്ടിച്ചത്‌. അവരാണ് തന്നെ ക്രിസ്ത്യന്‍ ബ്രദേശ്സില്‍ നിന്നും പൂറത്താക്കിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്‌. എന്നാല്‍ ഫെഫ്കയുടെ അപ്രീതിയാണ് അതിനു കാരണമെന്ന് പകല്‍ പോലെ വ്യക്തമാണ്. വിനയനുമായി സഹകരിക്കുന്നവരുമായി സഹകരിക്കേണ്ട കാര്യമില്ല എന്നാണ് അവരുടെ പ്രഖ്യാപിത നയം തന്നെ. അതിനെതിരായി പോയ തിലകനെ ജോഷി ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ സഹകരിപ്പിച്ചാല്‍ ഫെഫ്ക പിന്മാറുമെന്ന് നിര്‍മ്മാതാവിനെ അവര്‍ അറിയിച്ചതുകൊണ്ടാണ് തിലകന്‍ പുറത്തായത്‌. എന്നാല്‍ അത്‌ അമ്മയുടെ നേരെ കുതിര കയറാനുള്ള അവസരമായി തിലകന്‍ കണ്ടതാണ് അദ്ദേഹത്തിനു പറ്റിയ അമളി. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും അമ്മ നല്‍കുന്ന ആനുകൂല്യങ്ങള്‍ തനിക്ക്‌ കിട്ടുന്നില്ല എന്നും പറഞ്ഞായിരുന്നു തിലകന്റെ അടുത്ത വെടി. എന്നാല്‍ അമ്മ അത്‌ നിഷേധിക്കുകയും തിലകന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇത്രയും അടിസ്ഥാന രഹിതമായ ആരോപനങ്ങള്‍, അതും പത്ര മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞ തിലകന്റെ തൊലിക്കട്ടി അപാരം എന്നേ പറയാന്‍ കഴിയൂ...

തിലകന്‍ നടത്തിയ ഏറ്റവും ഹീനമായ ഒരു ആരോപണമായിരുന്നു ജാതിപരമായ വിവേചനം നിലനില്‍ക്കുന്നു എന്നുള്ളത്‌. താന്‍ ഈഴവനായതിനാല്‍, നായന്മാര്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു തിലകന്റെ ആരോപണം. തനിക്ക് ലഭിക്കേണ്ട പല വേഷങ്ങളും നെടുമുടി വേണു തട്ടിയെടുത്തു എന്നായിരുന്നു അതിന്റെ അനുബന്ധമായ ആരോപണം. ഹിസ്‌ ഹൈനസ്‌ അബ്ദുള്ളയിലെ വേഷം തന്റേതായിരുന്നുവെന്നും, അത്‌ നെടുമുടി വേണു തട്ടിയെടുത്തുവെന്നുമായിരുന്നു ആരോപണത്തിന്റെ ബാക്കി. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായിരുന്ന സിബി മലയില്‍ അതു നിഷേധിച്ചു. കലയില്‍ ജാതിയും മതവും കാണാത്തവരാണ് മലയാളികള്‍. എന്നാല്‍ ജാതി കാര്‍ഡിളക്കി ഒരു കലാകാരന്‍ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തോടെ പുച്ഛമാണ് തോന്നുന്നത്‌. അത് അദ്ദേഹത്തിന്റെ കേവലം അപകര്‍ഷതാ ബോധമായി മാത്രമേ കാണാന്‍ കഴിയൂ. ഈഴവ സമുദായത്തില്‍ നിന്നും എത്രയോ കലാകാരന്മാര്‍ നമ്മുടെ മലയാളം സിനിമാ രംഗത്ത്‌ ഉണ്ടായിട്ടുണ്ട്‌, ഇപ്പോഴും ഉണ്ട്. തിലകനുമാത്രം ഇങ്ങനെ ഓരോ തോന്നലുകള്‍ ഉണ്ടാവുന്നത്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ തകരാറു മാത്രമാണെന്ന്‌ തിരിച്ചറിയാനുള്ള അറിവ്‌ മലയാളികള്‍ക്കുണ്ട്.

ബി.ഉണ്ണിക്രുഷ്ണനെ നിശിതമായി വിമര്‍ശിച്ച തിലകന്‍, അദ്ദേഹത്തെ വിവരമില്ലാത്തവന്‍ എന്നാണ് വിളിച്ചത്‌. ഒരു കലാകാരനോട്‌ മറ്റൊരു കലാകാരന്‍ കാണിക്കേണ്ട ബഹുമാനം പോലും തിലകന്‍ കാണിച്ചില്ല എന്നത്‌ അദ്ദേഹത്തിന്റെ ദുഷിച്ച മാനസിക സ്ഥിതിയെയാണ് കാണിക്കുന്നത്‌. മമ്മൂട്ടിയാണ് തന്നെ വിലക്കിയതിനു പിന്നില്‍ എന്ന്‌ ആരോപണം ഉന്നയിച്ച തിലകന്‍, പിന്നീട്‌ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നു പറഞ്ഞ്‌ മലക്കം മറിഞ്ഞു. ആര്‍ക്കെതിരേയും നിക്രുഷ്ടമായ ആരോപണങ്ങള്‍ ഒരു ഉളുപ്പില്ലാതെ നടത്താന്‍ കഴിയുകയും, പിന്നീട്‌ ഞാന്‍ ഒന്നും പറഞ്ഞില്ലേ എന്ന്‌ പറഞ്ഞ്‌ കൈകഴുകാനും തിലകനെങ്ങനെ കഴിയുന്നു എന്നോര്‍ത്ത്‌ മലയാളികള്‍ അമ്പരപ്പെടുന്നുണ്ടാകും. ആ ഉളുപ്പില്ലായ്മ അദ്ദേഹം പിന്നീടും കാണിച്ചു തന്നു. മമ്മൂട്ടി മധ്യസ്ഥനായാല്‍ ഉപാധികളോടെ ചര്‍ച്ചയാവാം എന്ന്‌ പറഞ്ഞ തിലകന്‍, മധ്യസ്ഥനാവാന്‍ തനിക്കു താല്പര്യമില്ലെന്ന്‌ മമ്മൂട്ടി പറഞ്ഞപ്പോള്‍ മലക്കം മറിഞ്ഞു. അങ്ങനെ ഒരു മധ്യസ്ഥത തനിക്ക്‌ ആവശ്യമില്ലെന്നും മമ്മൂട്ടിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് തിലകന്‍ പറഞ്ഞത്‌. ഇനിയും തിലകന്‍ പറയുന്നതൊക്കെ വിശ്വസിക്കണമോ എന്നു മലയാളികള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

അതു മാത്രമോ, തിലകന്റെ പല പ്രസ്താവനകളും ബാലിശമാണ്. അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരാകാന്‍ പറയുന്നത്‌ തന്നെ അപായപ്പെടുത്താനുള്ള അടവാണെന്നു പറഞ്ഞത്‌ ഒരു ഭൂലോക വങ്കത്തരമാണ്. ഫാന്‍സ്‌ അസോസിയേഷനുകളില്‍ നിന്നും തനിക്ക്‌ വധഭീഷണിയുണ്ടെന്നും മറ്റും മാധ്യമങ്ങളില്‍ തട്ടി വിടുന്നത്‌ സഹതാപ തരംഗമുണ്ടാക്കാ‍നുള്ള ശ്രമം മാത്രമാണ്. തനിക്ക്‌ ഓസ്കാര്‍ കിട്ടാന്‍ സാധ്യതയുള്ളതിനാലാണ് തന്നെ ഹോളിവുഡ്‌ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ ശ്രമിക്കുന്നത്‌ എന്നൊക്കെ കേള്‍ക്കുമ്പോള്‍, ചിരി വരുന്നു. ഇത്രയും മുതിര്‍ന്ന ഒരു നടന്‍ ഇത്രയും ബാലിശമായ പ്രസ്താവനകള്‍ നടത്തുന്നതു കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്‌. തന്റെ ഭാഗത്ത്‌ ന്യായമില്ല എന്ന് അറിയുന്നതിലാണ്, ആരോപണങ്ങള്‍ ഉയര്‍ത്തി, അമ്മയുടെ അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരാകാതെ തിലകന്‍ ഒളിച്ചു കളിക്കുന്നത്‌. അമ്മയില്‍ വീശ്വാസമില്ല എന്നൊക്കെ പറയുന്നത്‌ വെറും മുട്ടാപ്പോക്കു ന്യായം മാത്രമാണ്. സമാന്തര സംഘടന ഉണ്ടാക്കാനിറങ്ങിയാല്‍ വിനയന്റെ അവസ്ഥയാകും തനിക്കെന്ന്‌ തിലകന് നന്നായി അറിയാം. അതു കൊണ്ടു തന്നെ, പരമാവധി വിവാദങ്ങള്‍ ഉണ്ടാക്കി ഒരു ബലിയാടിന്റെ പരിവേഷം നേടിയെടുക്കാനാ‍വും തിലകന്റെ ശ്രമം. തിലകനെന്ന കലാകാരനെ മലയാളികള്‍ ഇഷ്ടപ്പെടുന്നു, അദ്ദേഹം നമുക്കായി കാഴ്ചവച്ച നല്ല കഥാപാത്രങ്ങളെ മലയാളികള്‍ നെഞ്ചിലേറ്റി ലാളിക്കുന്നു. എന്നാല്‍ ഇപ്പോല്‍ തിലകന്‍ കാണിക്കുന്നത്‌ വെറും ചീപ്പ്‌നെസ്സാണ്. അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉടലെടുത്ത മാനസിക വ്യഥ. ഇതൊക്കെ കാണിച്ച്‌ അദ്ദേഹം നമുക്കു മുന്നില്‍ സ്വയം ചെറുതായി മാറുന്നു. അതിന് മലയാളികളൊരിക്കലും തിലകനു മാപ്പു നല്‍കില്ല... അദ്ദേഹം മണ്‍‌മറഞ്ഞാല്‍ പോലും.....

ആഗതന്‍ - The one who came

ഒരു ഇടവേളയ്ക്കു ശേഷം ദിലീപിനെ നായകനാക്കി കമല്‍ ഒരുക്കുന്ന ചിത്രമാണ് ആഗതന്‍ - The one who came. വിയ മീഡിയ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ മാത്യു ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കമലും കലവൂര്‍ രവികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ നായിക ചാര്‍മ്മി എത്തുന്നു. ബിജു മേനോന്‍, ലാല്‍, സെറീനാ വഹാബ്‌, ഇന്നസെന്റ്, ഷബ്‌ന, ശില്പാ ബാല, അംബികാ മോഹന്‍ എന്നിങ്ങനെ ഒരു വന്‍ താരനിരയെ കൂടാതെ തമിഴ്‌ സൂപ്പര്‍ താരം സത്യരാജും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.




ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയില്‍ ജോലി നോക്കുകയാണ് ഗൌതം മേനോന്‍ (ദിലീപ്‌). ചെറുപ്പത്തില്‍ തന്നെ, ഒരു തീവ്രവാദി ആക്രമണത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടയാളാണ് ഗൌതം. ശ്രീനഗറില്‍ ബാങ്കുദ്യോഗസ്ഥാനായി ജോലി നോക്കിയിരുന്ന മുകുന്ദന്‍ മേനോനായിരുന്നു ഗൌതമിന്റെ അച്ഛന്‍. അവിടെ വച്ച്‌ കുടുംബാംഗങ്ങള്‍ മരിക്കുന്നത്തോടെ ഗൌതമിനെ ഡോക്ടര്‍ ഉണ്ണിത്താന്‍ എടുത്തു വളര്‍ത്തുന്നു. അവിചാരിതമായാണ് അയാള്‍ ശ്രേയയെ (ചാര്‍മ്മി) കണ്ടുമുട്ടുന്നത്‌. പിന്നീട്‌ പലപ്പോഴായി വീണ്ടും അവളെ കാണുന്നുവെങ്കിലും ഗൌതം അവളോട് അകലം സൂക്ഷിക്കുന്നു. എന്നാല്‍ ഗൌതമിന്റെ അടുത്ത സുഹ്രുത്തു കൂടിയായ സുധീറിന്റെ ബന്ധുവാണ് ശ്രേയ, അങ്ങനെ പതിയെ ആ ബന്ധം വളരുകയും, കല്യണത്തിലേക്ക്‌ എത്തുകയും ചെയ്യുന്നു. എന്നാല്‍ കല്യാണത്തിനായി ശ്രേയയുടെ മാതാപിതാക്കളുടെ അടുത്തെത്തുന്ന ഗൌതമിന്റെ ഉദ്ദേശം ഗൂഢമാണ്... ആഗതന്‍ എന്ന ചിത്രം നമുക്കായി സമ്മാനിക്കുന്നത്‌ ഈ സസ്‌പെന്‍‌സാണ്....

വളരെ സാധാര രീതിയില്‍ പുരോഗമിക്കുന്ന ഒരു കഥ, എന്നാല്‍ പ്രതീക്ഷിക്കാതൊടുവില്‍ ഒരു സസ്‌പെന്‍സ്.. ഇതാണ് ആഗതനെന്ന ചിത്രത്തിന്റെ കഥാഗതി. കഥയുടെ പോക്ക്‌ പ്രവചനാതീതം എന്നു പറയുക വയ്യെങ്കിലും നായകന്റെ ഉദ്ദേശ്യം മറച്ചു വച്ച്‌ കഥയെ മുന്നോട്ടു കൊണ്ടു പോകുവാന്‍ തിരക്കഥയ്ക്ക്‌ കഴിയുന്നുണ്ട്‌. അതിനു സഹായകമായ രീതിയില്‍ ഒരുക്കിയ തിരക്കഥ അല്പമെങ്കിലും പാളുന്നത്‌, നായകന്റെ ബുദ്ധിപരമായ നീക്കങ്ങള്‍ ബുദ്ധിരഹിതമല്ലേ എന്നു പ്രേക്ഷകനു തോന്നുമ്പോഴാണ്. എന്നാല്‍ സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വം എടുത്തു പറയേണ്ട കാര്യമാണ്. ചിത്രത്തിന്റെ തുടക്കം തന്നെ കാശ്മീര്‍ താഴ്വരയില്‍ ചിത്രീകരിച്ച മനോഹരമായ ഒരു ഗാനത്തിലൂടെയാണ്. എന്നാല്‍ പിന്നീടങ്ങോട്ട്‌ ഗാനങ്ങള്‍ അവിടേയും ഇവിടേയും തിരുകി കയറ്റിയിരിക്കുകയാണ്. അനാവശ്യ സന്ദര്‍ഭത്തിലുള്ള ഗാനങ്ങള്‍ കഥാഗതിയെ ഒട്ടും തന്നെ സഹായിക്കുന്നില്ല എന്നത്‌ ഒരു ന്യൂനതയാണ്. ഈ തിരക്കഥയെ സിനിമയാക്കിയിരിക്കുമ്പോള്‍ സംവിധായകന്റെ മികവുമാത്രമാണ് പ്രേക്ഷകരെ തീയേറ്ററില്‍ പിടിച്ചിരുത്തുന്നത്‌.

ആരുടേയും അഭിനയം, മികച്ച പ്രകടനം എന്നു പറയുന്ന ഗണത്തില്‍ പെടുത്തുവാന്‍ കഴിയുകയില്ല. സൂത്രശാലിയായ കഥാപാത്രമായി ദിലീപ്‌ നന്നയി അഭിനയിച്ചിരിക്കുന്നു, എന്നാല്‍ ചാര്‍മ്മിയുടേ ശ്രേയ എന്ന കഥാപാത്രത്തിന് അധികമായി ഒന്നും തന്നെ ചെയ്യുവാനില്ല. കഥാനായകന്റെ പ്രതികാര നടപടികളിലൊരു വഴികാട്ടിയായി മാത്രം ആ കഥാപാത്രം മാറുന്നു. അഭിനയ മികവ്‌ പുറത്തെടുക്കുവാനുള്ള രംഗങ്ങളൊന്നും തന്നെ ചാര്‍മ്മിക്കീ സിനിമയില്‍ ഇല്ല എന്നതാണ് സത്യം. ശ്രേയയുടെ പിതാവായ ജനറല്‍ ഹരീന്ദ്ര വര്‍മ്മ എന്ന കഥാപാത്രമാണ് സത്യരാജിന് ഈ ചിത്രത്തില്‍. കഥാപാത്രം ശക്തമെങ്കിലും, അത്‌ അഭിനയിച്ച്‌ ഫലിപ്പിക്കുന്നതിലും, ഡബ്ബിങ്ങിലെ പാളിച്ചകളും അദ്ദേഹത്തിനു തിരിച്ചടിയായി. സായ്‌കുമാറാണ് സത്യരാജിനു വേണ്ടി ഡബ്ബിങ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. അദ്ദേഹം അതു നന്നായി ചെയ്തിരിക്കുന്നുവെങ്കിലും, മലയാ‍ളികള്‍ക്ക് സുപരിചിതനായ സായികുമാറിന്റെ ശബ്ദം ഒരു രീതിയിലും സത്യരാജിന് ഇണങ്ങുന്നില്ല എന്നതാണ് സത്യം. അത്‌ ചിത്രത്തിലുടനീളം മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു. കലണ്ടര്‍ എന്ന ചിത്രത്തിനു ശേഷം സറീന വഹാബ്‌ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്‌. ഭേദപ്പെട്ട അഭിനയമാണ് സെറീനയുടേത്‌. ചിത്രത്തില്‍ എറ്റവും നന്നായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ ലാലാണ്. ജോര്‍ജ്ജെന്ന കഥാപാത്രത്തെ അതി മനോഹരമായി അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ബിജു മേനോനും, ഇന്നസെന്റും, ബാബു നമൂതിരിയുമെല്ലാം തങ്ങളുടെ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്‌.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗമാകും പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുക. ഭ്രമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്‌ പിച്ച വെച്ച അജയന്‍ വിന്‍സെന്റിന്റെ മികച്ച ഛായാഗ്രഹണമാണ് ആഗതനില്‍ നാം കാണുന്നത്‌. കാശ്മീര്‍ താഴ്വരയുടേയും കൂര്‍ഗ്ഗിലെ മുന്തിരി തോട്ടങ്ങളുടേയും ഭംഗി, മികച്ചരീതിയില്‍ പകര്‍ത്തുവാന്‍ അജയനു കഴിഞ്ഞിട്ടുണ്ട്. അതു പോലെ തന്നെ ബാംഗ്ലൂര്‍ നഗരത്തിന്റെ വിവിധ കാഴ്ചകളും അതിമനോഹരമായി അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നു. അതിനൊപ്പം വി. സാജന്റെ ചിത്രസംയോജനം കൂടി ചേരുന്നതാണ് ചിത്രത്തെ ആകര്‍ഷകമാക്കുന്നത്‌. പാണ്ഡ്യന്‍ നിര്‍വഹിച്ചിരിക്കുന്ന ചമയം, അരുണ്‍ സീനുവിന്റെ ശബ്ദമിശ്രണം, സമീറാ സനീഷിന്റെ വസ്ത്രാലങ്കാരം, പ്രശാന്തിന്റെ കലാ സംവിധാനം എന്നിവയും ചിത്രത്തോടു ചേര്‍ന്നു പോകുന്നുണ്ട്‌. ഒരു പക്ഷേ മികവാണ് പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ച്‌ തിരക്കഥയിലെ ഓട്ടകള്‍ അടയ്ക്കുന്നതെന്ന്‌ പറയാതെ വയ്യാ.

ചിത്രത്തിലെ ഗാനങ്ങള്‍ അങ്ങിങ്ങായി തിരുകി കയറ്റപ്പെട്ടവയാണെങ്കിലും, കേള്‍ക്കാന്‍ ഇമ്പമുള്ളവയാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച്, ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന ഗാനങ്ങളാണിവ. രഞ്ജിത്ത്‌ ആലപിച്ച ഞാന്‍ കനവില്‍ കണ്ട, കാര്‍ത്തിക്കും ശ്രേയാ ഘോഷാലും ആലപിച്ച മഞ്ഞുമഴക്കാട്ടില്‍.. എന്നിവയാണ് അവയില്‍ മികച്ച ഗാനങ്ങള്‍. ശ്രേയാ ഘോഷാല്‍ വീണ്ടും മലയാളത്തിലൊരു നല്ല ഗാനം ആലപിച്ചിരിക്കുന്നു എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്. ഓരോ കനവും..., മുന്തിരിപ്പൂവിന്‍ വര്‍ണ്ണജാലം... എന്നിവയും ശ്രവണ സുഖം തരുമെങ്കിലും അത്ര ആകര്‍ഷകമല്ല. ഗാനങ്ങള്‍ക്കൊപ്പമൊരുക്കിയിരിക്കുന്ന ന്രുത്ത രംഗങ്ങള്‍ അത്ര ആകര്‍ഷകമല്ല. സുജാതയുടെ ചുവടുകള്‍ ശരാശരിയില്‍ ഒതുങ്ങുന്നു എന്നതാണ് സത്യം.

സ്വന്തം സഹോദരിയുടെ മരണത്തിനു പ്രതികാരം ചെയ്യാനെത്തുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആഗതന്‍ നമ്മെ നിരാശപ്പെടുത്തുന്നില്ല. സംവിധായകന്റെ കഴിവിലും, സാ‍ങ്കേതിക വിഭാഗത്തിന്റെ മികവിലും ഈ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കും. പക്ഷേ ചിത്രം അവസാനിക്കുമ്പോഴും തിരക്കഥയിലെ പാളിച്ചകള്‍ പ്രേക്ഷക മനസ്സുകളില്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും എന്നുള്ളത്‌ തീര്‍ച്ചയാണ്. എന്നിരുന്നാലും ദിലീപിന്റെ കോമാളീ വേഷങ്ങളില്‍ നിന്നും വിപരീതമായി നല്ലൊരു കഥാപാത്രത്തെ കാണുവാന്‍ കഴിഞ്ഞു എന്ന ആശ്വാസത്തോടെയാവും പ്രേക്ഷകര്‍ തീയേറ്റര്‍ വിടുക. ഒരു സൂപ്പര്‍ ഹിറ്റായില്ലെങ്കിലും സാമ്പത്തികമായി ചിത്രം വിജയിക്കുമെന്നു തന്നെ കരുതാം..

ആഗതന്‍ : ഞാന്‍ കനവില്‍ കണ്ടൊരു...
ആഗതന്‍ : മഞ്ഞു മഴക്കാറ്റില്‍...

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

Monday, February 15, 2010

മുല്ലപ്പെരിയാര്‍... നമ്മെ കാത്തിരിക്കുന്നതെന്ത്...?


എനിക്ക്‌ ഓര്‍മ്മ വച്ച നാള്‍ മുതല്‍ പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു വിവാദമാണ് മുല്ലപ്പെരിയാറിനെ സംബന്ധിച്ചത്‌, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം. ബലക്ഷയമുള്ള അണക്കെട്ടിന്റെ ഉയരം കൂട്ടാനാവില്ലെന്ന് കേരളവും, കൂട്ടിയെ മതിയാവൂ എന്ന്‌ തമിഴ്‌നാടും. ഈ തര്‍ക്കത്തിനു പിന്നിലെ കഥ അതീവ രസകരമാണ്. മലയാളികള്‍ക്ക്‌ ഭീഷണിയായി ഈ അണക്കെട്ട്‌ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട്‌ 114 വര്‍ഷത്തിലേറെയായി. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത്‌ ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ അണക്കെട്ടാണിത്‌. 1896 ലാണ് ഈ അണക്കെട്ട്‌ പൂര്‍ത്തിയായത്‌. 19 നൂറ്റാണ്ടിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ടിന്, ബ്രിട്ടീഷ്‌ ആര്‍ക്കിടെക്ടായിരുന്ന പെനി ക്വിക്ക്‌ നല്‍കിയ ആയുസ്സ്‌ വെറും 50 വര്‍ഷം മാത്രമായിരുന്നു. 114 വര്‍ഷമായിട്ടും അതവിടെ നില്‍ക്കുന്നതിന് ബ്രിട്ടീഷുകാര്‍ക്ക്‌ ഒരു നന്ദി പറയാതിരിക്കാന്‍ കഴിയില്ല.

കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥന്‍ തമിഴ് നാടാണ് എന്നതാണ് അതിലും വലിയ തമാശ. അണക്കെട്ടു നിര്‍മ്മിച്ച കാലത്ത്‌ മദ്രാസ്‌ രാജ്യത്തിലെ മധുരയിലെ കനത്ത ജലക്ഷാമവും വരള്‍ചയും പരിഹരിക്കാനായി ബ്രിട്ടീഷുകാരുടെ ബുദ്ധിയിലുദിച്ച ആശയമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്‌. അണക്കെട്ടുണ്ടാക്കി പെരിയാറിലെ വെള്ളം മധുരയിലേക്ക്‌ തിരിച്ചു വിടുക. അന്നത്തെ സാങ്കേതിക വിദ്യകളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ മനോഹരമായി തന്നെ അവര്‍ നടപ്പിലാക്കി. ഇതിന്റെ സുഗമമായ നടത്തിപ്പിന്, മദ്രാസ്‌ സര്‍ക്കാരും തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മയും തമ്മിലൊരു പാട്ടക്കരാര്‍ 1886ലുണ്ടാക്കി. കരാര്‍ പ്രകാരം അണക്കെട്ടും, അതു സ്ഥിതി ചെയ്യുന്ന പ്രദേശവും 999 വര്‍ഷത്തേക്ക്‌ മദിരാശി സര്‍ക്കാരിന് പാട്ടത്തിന് നല്‍കി. അതിന്മേലുള്ള പൂര്‍ണ്ണ നിയന്ത്രണവും മദിരാശി സര്‍ക്കാരിനായിരിക്കും. പ്രതിഫലമായി ഏക്കറിന് 5 രൂപ പാട്ടമായി തിരുവിതാംകൂര്‍ മഹാരാജാവിന് നല്‍കി പോന്നു. 999 വര്‍ഷത്തിനു ശേഷം, അടുത്തൊരു 999 വര്‍ഷം കൂടി ഇതു കൈവശം വയ്ക്കാവുന്ന തരത്തിലുള്ള ഒരു ഉപാധിയും കരാറിലുണ്ടായിരുന്നു. 50 വര്‍ഷം പ്രായം കണക്കാക്കിയ അണക്കെട്ടിനാണ് ഏകദേശം 2000 കൊല്ലാം നീളുന്ന പാട്ടക്കാരാര്‍ ഉണ്ടാക്കിയത്‌. തിരുവിതാംകൂര്‍ മഹാരാജാവിന്റെ മണ്ടത്തരമോ, അറിവില്ലായ്മയോ അല്ലെങ്കില്‍, വളരെ വിദഗ്ദമായി ബ്രിട്ടീഷുകാര്‍ ഒരുക്കിയ കെണിയോ, ഇപ്പോള്‍ ആണക്കെട്ട്‌ ഏകദേശം 60 ലക്ഷം ആ‍ളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.


മുല്ലപ്പെരിയാര്‍ ദുര്‍ബലമായ അണക്കെട്ടാണ് എന്നതിനെ സംബന്ധിച്ച്‌ ആര്‍ക്കും തര്‍ക്കമില്ല, എന്നാല്‍ ഡാം പൊട്ടിയാല്‍ ആ വെള്ളം തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവനെ ബാധിക്കില്ല എന്നതിനാല്‍ തീര്‍ത്തും അലംഭാവവും സ്വാര്‍ത്ഥവുമായ നിലപാടാണ് തമിഴ്‌നാട്‌ ഈ കാര്യത്തില്‍ സ്വീകരിക്കുന്നത്‌. മനുഷ്യജീവനു പുല്ലു വിലപോലും കല്‍പ്പിക്കാത്ത തമിഴ്‌നാടിന്റെ ഈ നിലപാട്‌ അങ്ങയട്ടം ലജ്ജാവഹവും ജുഗുപ്ത്സാവഹവുമാണ്. അണക്കെട്ടിനു മേല്‍ പൂര്‍ണ്ണ നിയന്ത്രണമുള്ള തമിഴ്‌നാട്‌, അണക്കെട്ടിനെ സംബന്ധിച്ച കേരളത്തിന്റെ പഠനങ്ങള്‍ക്കെല്ലാം പാര വയ്ക്കുകയാണ്. അവര്‍ ഉണ്ടാക്കിയ നോക്കുകുത്തി കമ്മറ്റികള്‍ പഠനം നടത്തി എന്നു വരുത്തി തീര്‍ത്ത്‌ തമിഴ്‌നാടിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ പടച്ചു വിടുകയാണ്. ജലനിരപ്പ്‌ താഴുമ്പോള്‍ മാത്രമെ അണക്കെട്ടിനുണ്ടായിരിക്കുന്ന വിള്ളലുകളും മറ്റും കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതിനെ മസില്‍ പവറും, നിയന്ത്രണാധികാരമെന്ന പവറും കാണിച്ച്‌ ലോകത്തിന്റെ മുന്നില്‍ നിന്നും മറയ്ക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടു സ്ഥിതി ചെയ്യുന്നത്‌ ഒരു ഭൂകമ്പ മേഖലയിലാണ് എന്നത്‌ മലയാളികളുടെ നെഞ്ചിടിപ്പ്‌ കൂട്ടുന്ന ഒരു വസ്തുതയാണ്. റിക്‍ടര്‍ സ്കെയിലില്‍ 6 എത്തുന്ന ഒരു ഭൂചലമുണ്ടായാന്‍ അതിനെ മുല്ലപ്പെരിയാര്‍ ഡാം അതിജീവിക്കുമെന്ന് ഒരു പഠനത്തിലും പറയുന്നില്ല. അങ്ങനെയങ്കില്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ത്രിശ്ശൂര്‍ ജില്ലകളിലായി ഏകദേശം 60 ലക്ഷത്തിലധികം ജനങ്ങളെയും സ്വത്തിനേയും പിന്നെ അറബിക്കടലില്‍ മുങ്ങിത്തപ്പിയാല്‍ മതി. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ അത്‌ 30 കിലോമീറ്റര്‍ അകലെയുള്ള ഇടുക്കി ഡാം താങ്ങിക്കൊള്ളും എന്നൊരു വാദമാണ് തമിഴ്‌ നാട്‌ പലപ്പോഴും ഉയര്‍ത്തിയിട്ടുള്ളത്‌. എന്നാ‍ല്‍ പലപ്പോഴും ഇടുക്കി അണക്കെട്ട്‌ നിറഞ്ഞ്‌ കവിയുന്ന കാഴ്ചയാണ് നാം കാണുന്നത്, ആ അവസരത്തില്‍ മുല്ലപ്പെരിയാര്‍ കൂടി തകര്‍ന്നാല്‍ പിന്നെ ബാക്കി ഊഹിക്കേണ്ട കാര്യമേയുള്ളൂ. എന്നാല്‍, ഇനി ഇടുക്കി ആ ജലം താങ്ങിയാല്‍ തന്നെ, മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവനെന്താ പുല്ലുവിലയാണോ തമിഴന്മാര്‍ കല്‍പ്പിച്ചിരിക്കുന്നത്‌?


തമിഴ്‌നാട്ടിലെ, മുല്ലപ്പെരിയാറിലെ ജലം കൊണ്ട്‌ ഉപജീവനം നടത്തുന്ന കര്‍ഷകരടക്കം എത്ര പേര്‍ക്ക്‌ ഇത്തരം ഗുരുതരമായ അവസ്ഥയാണ് മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നത്‌ എന്നതിനേക്കുറിച്ച്‌ അറിവുണ്ടാകും എന്നത്‌ ഒരു ചോദ്യമാണ്. രാഷ്ട്രീയക്കാരായ അവരുടെ നേതാക്കള്‍ വൈകാരികമായാണ് അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നത്‌. പണ്ടത്തെ കരാര്‍ ഇപ്പോഴും സാധുവാണെന്നും, തമിഴ് മക്കള്‍ക്ക്‌ ലഭിക്കേണ്ട അല്ലെങ്കില്‍ അവകാശമുള്ള വെള്ളം തരാതിരിക്കാനാണ് കേരളം ശ്രമിക്കുന്നതെന്നുമാണ് അവര്‍ ജനങ്ങളെ ധരിപ്പിച്ചിരിക്കുന്നത്‌. നേതാക്കളുടെ വാ‍ക്കുകള്‍ അമ്രുതിനു തുല്യമായി കാണുന്ന തമിഴന്മാര്‍ അത്‌ വെള്ളം തൊടാതെ വിഴുങ്ങി, കേരളത്തിനെതിരെ സമരത്തിനൊരുങ്ങുകയും ചെയ്യുന്നു. ഒരു കണ്‍സ്യൂമര്‍ സംസ്ഥാനമായ കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങളിലധികം വരുന്നത്‌ തമിഴ്‌നാട്ടില്‍ നിന്നാണ് എന്നവര്‍ക്കറിയാം. അതിനെതിരെ ഉപരോധം പ്രഖ്യാപിച്ചായിരുന്നു ആദ്യം അവര്‍ സമരം തുടങ്ങിയത്‌. തൂടര്‍ച്ചയായി മൂന്നു ദിവസം അവര്‍ കേരളത്തിലേക്ക്‌ പച്ചക്കറികളടക്കമുള്ള ചരക്കുകള്‍ കടത്തി വിടാതെ തടഞ്ഞു. എന്നാല്‍ മൂന്നു ദിവസം കൊണ്ടു തന്നെ, പച്ചക്കറികളും മറ്റും ചീഞ്ഞളിഞ്ഞ്‌ അവരുടെ നഷ്ടം 75 കോടിക്കു മീതെയായപ്പോള്‍ അവര്‍ തന്നെ സമരം പിന്‍‌വലിച്ചു. പിന്നീട്‌ പേരിനു മാത്രമുള്ള റോഡ്‌ ഉപരോധം മാത്രമായി പ്രക്ഷോഭങ്ങള്‍ ഒതുങ്ങി. എന്നിരുന്നാലും വൈക്കോയെ പോലെയുള്ള തലതെറിച്ച നേതാക്കള്‍ ഇപ്പോഴും ഈ വിഷയം കെടാതെ സൂക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കയാണ്. മധുരയുടെ പരിസരത്തുള്ള കര്‍ഷകര്‍ ഒന്നടങ്കം ആശ്രയിക്കുന്നത്‌ വൈഗ നദിയിലേക്ക്‌ മുല്ലെപ്പെരിയാറില്‍ നിന്നും ഒഴുകിയെത്തുന്ന ജലത്തെയാണ്. ഒരിക്കല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, പിന്നെ മധുര വരണ്ടുണങ്ങും. പിന്നീട്‌ കേരളം ഡാം പുനര്‍നിര്‍മ്മിച്ചാലും ഒരു തുള്ളി വെള്ളം പോലും തമിഴ്‌നാടിനു ലഭിക്കുകയുമില്ല. ഇത്‌ ക്രുഷിയുടേയും കര്‍ഷകരുടേയും നാശത്തിലേക്ക്‌ നയിക്കുമെന്നുള്ളതില്‍ യാതോരു തര്‍ക്കവുമില്ല. പിന്നീട്‌ അത് മലയാളിയും തമിഴന്മാരുമായുള്ള സംഘര്‍ഷമായി മാറും എന്നതില്‍ യാ‍തോരു സംശയവുമില്ല.


സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഈ പ്രശ്നത്തില്‍ ഒരു പരിഹാരത്തിലെത്താതിരിക്കാനുള്ള കാരണം തമിഴ്‌നാടിന്റെ പിടിവാശിയാണ്. രണ്ടു സംസ്ഥാനത്തിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുക മാത്രമെ ചെയ്യുന്നുള്ളൂ എന്നതാണ് സത്യം. അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്ന വാദവുമായി തമിഴ്‌നാട്‌ കോടതിയിലേക്ക്‌ നീങ്ങിയപ്പോള്‍ ആദ്യവിജയം അവര്‍ക്കായിരുന്നു. എന്നാല്‍ ഡാം സംരക്ഷണ നിയമം പാസാക്കി കേരളം ആ വിധിയെ എതിര്‍ത്തു. സുപ്രീം കോടതിയിലാണ് ഇപ്പോള്‍ വാദം നടക്കുന്നത്‌. പുതിയ അണക്കെട്ട്‌ ആവാം എന്നതായിരുന്നു കേരളം ആദ്യം മുതലെ സ്വീകരിച്ച നിലപാട്‌. എന്നാല്‍ തമിഴ്‌നാട്‌ അതിനെ എതിര്‍ത്തു. പുതിയ അണക്കെട്ടു വന്നാല്‍ പാട്ടക്കാരാര്‍ അസാധുവാകുമെന്നതും പിന്നീട്‌ അവര്‍ക്ക്` മുല്ലപ്പെരിയാറില്‍ അവര്‍ക്ക്‌ യാതോരു നിയന്ത്രണാധികാരങ്ങളുമുണ്ടാവില്ല എന്ന തിരിച്ചറിവാണ് അവരെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്‌. എന്നാല്‍ ഈ നീക്കം അവരെ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ നയിച്ചിരിക്കയാണ്. ഡാം സംരക്ഷണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട തമിഴ്‌നാട്‌ ഇപ്പോള്‍, സ്വയം കുഴിച്ച കുഴിയില്‍ ഇറങ്ങിയിരിക്കയാണ്. സുപ്രീം കോടതിയില്‍ കേരളത്തിന്റെ മുതിര്‍ന്ന അഭിഭാഷകണ്‍ ഹരീഷ്‌ സാല്‍‌വേ വാദിച്ചിരിക്കുന്നത്‌, ഇത്‌ അന്തര്‍ സംസ്ഥാന നദീ തര്‍ക്കമാണെങ്കില്‍ അത്‌ ജല ട്രൈബ്യൂണലിനു വിടണമെന്നും, അല്ല എങ്കില്‍, ഡാം കേരളത്തിനകത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍, കേരളം പാസാക്കിയ ഡാം സംരക്ഷന നിയമത്തിന് സാധുത നല്‍കണമെന്നുമാണ്. ജലട്രൈബ്യൂണലിലു പോയാല്‍, ജലത്തിന്റെ ഉറവിടം കേരളമാണെന്നിരിക്കെ, തമിഴ്‌നാടിന് അതില്‍ അവകാശം പറയാന്‍ സാധിക്കാതാകുകയും, കരാര്‍ റദ്ദാകുകയൂം ചെയ്യും. എന്നാല്‍ പുതിയ അണക്കെട്ടിനെ പറ്റി ആരാഞ്ഞപ്പോള്‍ തമിഴ് നാട്‌ പറഞ്ഞ വാദം ബാലിശമായിരുന്നു. പുതിയ അണക്കെട്ടിന്റെ നിയന്ത്രാധികാരം തമിഴ്‌നാടിനു നല്‍കണമെന്നും, വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അവര്‍ കേരളത്തിനു നല്‍കാമെന്നുമാണ് അവര്‍ പറഞ്ഞത്‌. കേരളത്തിനെന്തോ ദാനം തരാമെന്നു പറഞ്ഞ പോലെയുള്ള വാദം കേരളം അപ്പോഴേ തള്ളീ... എന്തായാലും കേസു വാദിക്കുന്ന വക്കീലടക്കം തമിഴന്മാര്‍ ഇത്രയ്ക്ക്‌ മണ്ടന്മാരായി പോയല്ലോ എന്നോര്‍ത്ത് സഹതപിക്കാം. എന്നാല്‍ നിയമത്തെയും വാദങ്ങളേയും തെളിവുകളേയും ആധാരമാക്കി, കേരളത്തിനെതിരായി കോടതി ഒരു വിധി പറഞ്ഞാല്‍, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന നിരപരാധികളുടെ ജീവന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നെ കരുതാനാവൂ‍.. അതോടെ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും തകരും.. സുപ്രീം കോടതി അനുകൂലമായൊരു വിധി പ്രസ്താവിക്കുമെന്നു കരുതാം...

സൂര്യകിരീടം വീണുടഞ്ഞു....

ഫെബ്രുവരി 11, 2010, മലയാ‍ള ഗാന ശാഖയ്ക്ക്‌ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം.. പിന്നെയും പിന്നെയും മനസ്സിന്റെ പടി കടന്നു വരുന്ന ഗാനങ്ങള്‍ മലയാളിക്ക്‌ സമ്മാനിച്ച മലയാളിയുടെ പ്രിയ ഗാനരചയിതാണ് ഗിരീഷ്‌ പുത്തഞ്ചേരി നമ്മോട്‌ വിട പറഞ്ഞ ദിനം. അസാമാന്യമായ കാവ്യഭാന കൊണ്ട്‌ അനുഗ്രഹീതനായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. തിരക്കഥയിലേക്കിറങ്ങിച്ചെല്ലാനും കഥാപാത്രങ്ങളുടെ മാനസിക സ്ഥിതി തിരിച്ചറിഞ്ഞ് വരികളൊരുക്കുവാനുമുള്ള കഴിവ്‌ ഗിരീഷിനുണ്ടായിരുന്നു. മറ്റു ഗാനരചയിതാക്കളില്‍ നിന്നും വ്യത്യസ്തമായി, സംഗീതത്തിലുണ്ടായിരുന്ന അവഗാഹം, താളാത്മകവും മനോഹരവുമായ വരികളൊരുക്കുന്നതിന് ഗിരീഷിനെ സഹായിച്ചിരുന്നു, ഒരു പക്ഷേ അതു തന്നെയാവും ഗിരീഷിനെ വ്യത്യസ്തനാക്കിയത്‌.

കോഴിക്കോട്ടെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഗിരീഷ്, ജന്മം കൊണ്ടു തന്നെ അനുഗ്രഹീതനായിരുന്നു. എന്നാല്‍ ഉപജീവനാര്‍ഥമാണ് അദ്ദേഹം ഗാന രംഗത്തേക്ക്‌ തിരിഞ്ഞത്‌. വിദ്യാഭ്യാസകാലത്തുതന്നെ കവിതാരചനയില്‍ കഴിവ്‌ തെളിയിച്ച അദ്ദേഹം പിന്നീട് ആകാശവാണിയുടെ വിവിധ നിലയങ്ങള്‍ക്കായി ലളിതഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് സജീവമായത്‌. അതിനു ശേഷം എച്ച്.എം.വി., തരംഗിണി തുടങ്ങിയ റെക്കോഡിങ് കമ്പനികള്‍ക്കുവേണ്ടിയും ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടിയും ഒട്ടേറെ ഗാനങ്ങള്‍ രചിച്ചു. എന്നാല്‍ സിനിമാ രംഗത്തേക്ക്‌ കടന്ന ഗിരീഷിന്റെ തുടക്കം അത്ര മികച്ചതായില്ല. ആദ്യം കുറെ ചിത്രങ്ങള്‍ക്കായി വരികളൊരുക്കിയെങ്കിലും ഒന്നും തന്നെ ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടു ദശാബ്ദംമുമ്പ് പുറത്തിറങ്ങിയ 'ചക്രവാളത്തിനപ്പുറം' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യഗാനം എഴുതിയത്. എന്നാല്‍ രഞ്ജിത്തെഴുതി ജയരാജ്‌ സംവിധാനം ചെയ്ത ജോണിവാക്കറില്‍, എസ്.പി വെങ്കിടേഷിന്റെ ഈണത്തിന് വരികളൊരുക്കിയ ഗിരീഷിന്റെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. അതോടെ ഗിരീഷ്‌ ശ്രദ്ധിക്കപ്പെട്ടും. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനത്തിന് വരികളെഴുതിയ ഗിരീഷിന്, പിന്നീട്‌ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏകദേശം 328 ചിത്രങ്ങളിലായി 1556 ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 'അഗ്‌നിദേവനി'ലെ ഗാനത്തിന് 1995-ല്‍ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തെത്തേടിയെത്തി. 1997 (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്), 1999 (പുനരധിവാസം), 2001 (രാവണപ്രഭു), 2002 (നന്ദനം), 2003 (ഗൗരീശങ്കരം), 2004 (കഥാവശേഷന്‍) എന്നീ വര്‍ഷങ്ങളിലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഗിരീഷ് സ്വന്തമാക്കി.

ഗിരീഷ്‌ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സ്രുഷ്ടിച്ചത്‌ വിദ്യാസാഗറിനൊപ്പമായിരുന്നു. അവര്‍ തമ്മിലുള്ള ആത്മബന്ധം വളരെയധികം ഹിറ്റുഗാനങ്ങള്‍ മലയാളിക്ക്‌ സമ്മാനിച്ചു. ട്യൂണിട്ട്‌ പാട്ടെഴുതുക എന്നതിലുപരി, ഗിരീഷിന്റെ വരികള്‍ക്ക്‌ സംഗീതം നല്‍കുക എന്നതാണ് വിദ്യാസാഗര്‍ ചെയ്തത്‌. അതു കൊണ്ടു തന്നെ കവിതാ സ്പര്‍ശമുള്ള വളരെയധികം ഗാനങ്ങള്‍ ആ കൂട്ടുകെട്ടില്‍ നിന്നും പിറന്നു. പിന്നെയും പിന്നെയും, ആരോ വിരല്‍ മീട്ടി, എത്രയോ ജന്മമായി, ഒരു രാത്രി കൂടി വിട വാങ്ങവേ, മറന്നിട്ടുമെന്തിനോ, ആരോരാള്‍ പുലര്‍മഴയില്‍, കരിമിഴി കുരുവിയെ, തൊട്ടുരുമ്മി ഇരിക്കാന്‍, കണ്ണാടി കൂടും കൂട്ടി... അങ്ങനെ തുടരുന്നു ആ നീണ്ട നിര. അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്റേയും പ്രിയപ്പെട്ട ഗാനരചിയിതാവായിരുന്നു ഗിരീഷ്‌. വരികളെഴുതുന്നത്‌ ഗിരീഷെങ്കില്‍, സംഗീതമൊരുക്കാ‍ന്‍ തനിക്കൊരു പ്രയാസവുമില്ല എന്നായിരുന്നു രവീന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞത്‌. കാര്‍മുകില്‍വര്‍ണന്റെ, കളഭം തരാം, ഒരു കിളി പാട്ട് മൂളവേ, ഹരി മുരളീരവം, പാടി തൊടിയിലേതോ, ഗംഗേ തുടങ്ങിയ ഹിറ്റു ഗാനങ്ങള്‍ ഈ കൂട്ടുകെട്ടിന്റെ സംഭാവനയാണ്. എം.ജയചന്ദ്രന്‍, എം.ജി രാധാക്രുഷ്ണന്‍, ജോണ്‍സണ്‍ എന്നിവരുമായും ഗിരീഷിന്റെ കൂട്ടുകെട്ട്‌ ഒട്ടേറെ ഹിറ്റു ഗാനങ്ങള്‍ മലയാളിക്ക്‌ സമ്മാനിച്ചു. ഗിരീഷ്‌ ഗാനരചന നടത്തിയ ജോണി വാക്കര്‍, കാശ്മീരം, മിന്നാരം, കാലാപാനി, ഈ പുഴയും കടന്ന്, ചന്ദ്രലേഖ, ഒരു യാത്രാമൊഴി, സമ്മര്‍ ഇന്‍ ബത്‌ലഹേം, കന്മദം, ഒരു മറവത്തൂര്‍ കനവ്, നിറം, രാക്കിളിപ്പാട്ട്, ഗ്രാമഫോണ്‍, മീശമാധവന്‍, ബാലേട്ടന്‍, അച്ചുവിന്റെ അമ്മ, കഥപറയുമ്പോള്‍, വടക്കുംനാഥന്‍, ബനാറസ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു. ഗാനരചനയില്‍ മാത്രമല്ല, മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന്റെ കഥയും 'കിന്നരിപ്പുഴയോരം', 'പല്ലാവൂര്‍ ദേവനാരായണന്‍', 'വടക്കുംനാഥന്‍', 'മേഘതീര്‍ഥം' എന്നിവയുടെ തിരക്കഥ, സംഭാഷണം എന്നിവയും അദ്ദേഹം രചിച്ചു. ഷഡ്ജം, തനിച്ചല്ല എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്യൂണിട്ട്‌ ഗാനമെഴുതുമ്പോള്‍ പല ഗാനരചയിതാക്കളും വാക്കുകള്‍ കൊണ്ട്‌ സര്‍ക്കസ്സുകള്‍ കാണിക്കുന്നത്‌ നാം കണ്ടിട്ടുണ്ട്‌. എന്നാല്‍ ഗിരീഷ്‌ വ്യത്യസ്തനായത്‌ അവിടെയാണ്. സംഗീത സംവിധാ‍യകര്‍ ചിട്ടപ്പെടുത്തുന്ന ട്യൂണുകള്‍ക്ക്‌ അനായാസം വരികളെഴുതുക എന്നത്‌ ഗിരീഷിന്റെ കഴിവായിരുന്നു, എന്നു മാത്രമല്ല, ആ വരികള്‍ക്ക് കാവ്യഭഗി ഒട്ടും നഷ്ടപ്പെടുകയും ചെയ്തിരുന്നില്ല. വെറുതെ ട്യൂണുകള്‍ക്ക്‌ വരികളെഴുതാതെ, തിരക്കഥയെയും കഥാ സന്ദര്‍ഭത്തെയും അടുത്തറിയുവാനും, അതിനൊപ്പിച്ച്‌ വരികളെഴുതുവാനും ഗിരീഷിന് കഴിഞ്ഞിരുന്നു എന്ന്‌ പ്രമുഖ സംവിധായകരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. കഥാ സന്ദര്‍ഭത്തിന് ചേരുന്നതു വരെ എഴുതിയ വരികളില്‍ മാറ്റം വരുത്തുവാനും ഗിരീഷ്‌ തയ്യാറായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാണീക്കുന്നു. ഉപജീവന മാര്‍ഗ്ഗത്തിനായി ഗാന രചന ആരംഭിച്ച തന്റെ ശക്തി, വാക്കുകളൊടുങ്ങാത്ത ആവനാഴിയാണെന്ന്‌ അഭിമാനത്തോടെ ഗിരീഷ്‌ പറയുമായിരുന്നു. ഇത്രയധികം വൈവിധ്യം പ്രകടമാക്കുന്ന ഒരു ഗാനരചയിതാവും നമുക്കിന്നില്ല എന്നത്‌ ദുഖകരമായ സത്യമാണ്. ഗിരീഷിന്റെ വിടവാങ്ങല്‍ നമുക്കിടയില്‍ സ്രുഷ്ടിച്ച ആ ശൂന്യത അങ്ങനെ തന്നെ നില്‍ക്കും...

ആ മഹാനായ കലാകാരനു മുന്നില്‍ സാഷ്ടാംഗം നമിക്കുന്നു... ആദരാഞ്ജലികള്‍...

Tuesday, February 9, 2010

ഏഷ്യാനെറ്റേ... ഞങ്ങള്‍ നിങ്ങളോടെന്തു തെറ്റു ചെയ്തൂ....?

മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഏഷ്യാനെറ്റ്‌. 1993 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ചാനല്‍ ദൂരദര്‍ശന്റെ ക്രൂരതയില്‍ നിന്നും മലയാളിയെ രക്ഷിക്കുവാന്‍ വന്നെത്തിയ ഒരു ദൈവദൂതനെ പോലെ ആയിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ത്തന്നെ മൂന്ന്‌ വ്യത്യസ്ത ചാനലുകള്‍, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്‌, ഏഷ്യാനെറ്റ് പ്ലസ്‌ ഈ ചാനലിനു സ്വന്തമായുണ്ട്‌. ആദ്യകാലങ്ങളില്‍ നിലവാരമുള്ള പരിപാടികളിലൂടെ പ്രേക്ഷകരെ ആനന്ദിപ്പിച്ച ഈ ചാനലിന്ന്‌ ഒരു ദുരവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ്. സിനിമാല, കോമിക്കോള, പുതിയ സിനിമകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളുമായി വന്ന ഏഷ്യാനെറ്റ്‌, പിന്നീട്‌ കണ്ണീര്‍ സീരിയലിലേക്ക്‌ ചുവടുമാറ്റി. പ്രേക്ഷകരെ ബോറടിപ്പിച്ചു കൊണ്ട്‌ അതു വര്‍ഷങ്ങളോളം മുന്നോട്ടു പോയി, ഒടുവില്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ ഈ സീരിയലുകള്‍ കുത്തനെ ഇടിഞ്ഞ്‌ താഴെ വീണതോടെ, ഹൊറര്‍ സീരിയലുകളിലേക്കായി അവരുടെ പ്രയാണം, അവിടെ നിന്ന്‌ പുരാണ കഥകളിലേക്കും.. അതിനിടയ്ക്കാണ് അമ്രുത ടിവി സൂപ്പര്‍ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുമായി രംഗത്തു വന്നത്‌. അതിനെ വെല്ലാന്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന രിയലൈറ്റി ഷോയുമായി ഏഷ്യാനെറ്റ്‌ രംഗത്തെത്തി. നാലു സീസണ്‍ പിന്നിടുന്ന ഈ ഷോയും നിലവാര തകര്‍ച്ച നേരിടുകയാണ്...

എസ്
.എം.എസ്‌ തട്ടിപ്പു വഴി കാശുണ്ടാക്കിയും, കരച്ചില്‍ നാടകം നടത്തി പ്രേക്ഷകരെ കരയിച്ചും ഐഡിയാ സ്റ്റാര്‍ സിംഗര്‍ ജനങ്ങളെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന പോലെ, കോമഡി ട്രൂപ്പുകള്‍ക്കായി ഒരു റിയാലിറ്റി ഷോ ഏഷ്യാനെറ്റ്‌ തുടങ്ങിയത്‌... അതിന്റെ മുഖ്യ ജഡ്ജായി സിനിമാ നടന്‍ ജഗദീഷും.. പോരെ പൂരം... പണ്ടു മിന്നും താരമെന്ന പരിപാടിയുമായി വന്ന് ജഗദീഷണ്ണന്‍ കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ പ്രേക്ഷകര്‍ മറന്നു കാണില്ല. അതില്‍ നിന്നും വിഭിന്നമാകില്ല ഇതും പ്രതീക്ഷിച്ച പ്രേക്ഷകരുടെ പ്രതീക്ഷ അണ്ണന്‍ കാത്തു സൂക്ഷിച്ചു. അലറി വിളികളും ബഹളമയമായ കമന്റുകളും കൊണ്ട്‌ പ്രേക്ഷകരെ എങ്ങനെ ബോറടിപ്പിക്കാം എന്ന്‌ ജഗദീഷണ്ണന്‍ കാണിച്ചു തന്നു, മൈക്ക്‌ കയ്യില്‍ കിട്ടിയിട്ടും ഇതുവരെ പാട്ടുപാടി നമ്മളെ വിഷമിപ്പിച്ചില്ല എന്നതു മാത്രം മെച്ചം. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെ ജഡ്ജസായിരിക്കുന്ന ടിനി ടോമും, സുരാജ്‌ വെഞ്ഞാറമൂടും അഭിനന്ദനമര്‍ഹിക്കുന്നു. ആ പരിപാടി നന്നാക്കാന്‍ ശ്രമിക്കുന്നതിനും, കൂടെ ജഗദീഷിനെ സഹിക്കുന്നതിനും. ഇത്തരന്‍ ഒരു റിയാലിറ്റു ഷോയ്ക്ക്‌ ജഗദീഷിനെ ജഡ്ജാക്കിയതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല. മലയാള സിനിമയിലെ കോമാളി വേഷങ്ങളിലൂടെ മാത്രം കോമഡി സ്രുഷ്ടിച്ച്‌ ജനങ്ങളെ ചിരിപ്പിക്കുന്ന ജഗദീഷിന്, കോമഡി ട്രൂപ്പുകള്‍ക്കായി നടത്തുന്ന റിയാലിറ്റി ഷോയുടെ “മുഖ്യ” ജഡ്ജാവാന്‍ എന്തു യോഗ്യതയാണുള്ളത്‌? ആ സ്ഥാനത്‌ കോട്ടയം നസീറിനെ ഇരുത്തിയിരുന്നെങ്കില്‍, ഈ ഷോ വളരെ മികച്ചതാകുമായിരുന്നു. വാരാന്ത്യങ്ങളില്‍ മാത്രമാണ് ഈ പരിപാടി സം‌പ്രേക്ഷണം ചെയ്യുന്നത്‌ എന്നത്‌ ആശ്വാസകരമാണ്..

എന്നാല്‍ ആ ആശ്വാസത്തിലിരുന്ന പ്രേക്ഷകരെ ഏഷ്യാനെറ്റ്‌ വീണ്ടും ചതിച്ചു.... കഴിഞ്ഞ ആഴ്ച മുതല്‍ പുതിയൊരു പ്രതിദിന പരിപാടി ഏഷ്യാനെറ്റ്‌ തുടങ്ങി...ട്വന്റി ട്വന്റി വണ്‍... പരസ്യം തന്നെ ഇങ്ങനെയാണ്, “ഇതില്‍ സിനിമാ താരങ്ങളില്ല...എന്നാല്‍ എന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റി ലാളിച്ച ഒരു പിടി കഥാപാത്രങ്ങള്‍ ഇതിലുണ്ട്‌...” എന്നാല്‍ ഇതിന്റെ ഗുട്ടന്‍സ്‌ ഒന്നറിയണമല്ലോ എന്നു വിചാ‍രിച്ചാണ് ഇത് കാണാനിരുന്നത്‌. അപ്പോള്‍ ദാ വരുന്നു, ദാസനും വിജയനും, സേതുരാമയ്യറുമെല്ലാം... ഇനിയെത്ര വരാന്‍ കിടക്കുന്നു... കുറെ മിമിക്രി താരങ്ങളെ വച്ച്‌ ഒരു സീരിയല്‍, കോമഡി എന്ന പേരില്‍ ചില കോപ്രായങ്ങള്‍... എല്ലാം അപരന്മാര്‍, അതും ശബ്ദവും, ഫിഗറും ഒറിജിനലുമായി സാമ്യമാകുന്നതേയില്ല... അബദ്ധവശാല്‍ ഒരു തവണ ഇതു കണ്ടു, ഇനിയൊരിക്കലും ഇതു കാണില്ല എന്ന്‌ പ്രതിജ്ഞയെടുത്തിട്ടാണ് ചാനല്‍ മാറ്റിയത്‌... നാടോടിക്കാറ്റിലെ ദാസനേയും വിജയനേയും, സി ബി ഐ സേതുരാമയ്യരേയും ഇഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ ഇതു കണ്ട്‌ കാര്‍ക്കിച്ചു തുപ്പാതിരുന്നാല്‍ നന്ന്‌... ഇപ്പോഴും മനസ്സിലാകുന്നില്ല്ല എങ്ങനെ ഏഷ്യാനെറ്റിന് ഇങ്ങനെ തരം താഴുവാന്‍ കഴിയുന്നുവെന്ന്‌.. നിലവാരത്തകര്‍ച്ചയുടെ ഉന്നതിയാണ് ഇത്തരം പ്രോഗ്രാമുകള്‍ സൂചിപ്പിക്കുന്നത്‌, വ്യത്യസ്ഥത എന്ന പേരില്‍ പ്രേക്ഷകരുടെ കഴുത്തറക്കുന്ന പ്രോഗ്രാമുകള്‍ പടച്ചു വിടാന്‍ ഏഷ്യാനെറ്റിനു മാത്രമേ കഴിയൂ... ദാ ട്വന്റി -ട്വന്റി വണ്ണിന്റെ ഒരു സാമ്പിള്‍.....

ക്രിയേറിവിറ്റി നഷ്ടപ്പെടുന്നുവെങ്കില്‍ ചാ‍നല്‍ അടച്ചു പൂട്ടണം, അല്ല്ലാതെ ഇത്തരം വങ്കത്തങ്ങള്‍ വിളമ്പുകയല്ല വേണ്ടത്‌. ഏതാനും ചില പ്രോഗ്രമുകള്‍ പരാമര്‍ശിച്ചുവെന്നേയുള്ളൂ... ഏഷ്യാനെറ്റില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പ്രോഗ്രാം പോലും ഇപ്പോള്‍ ഇല്ല എന്നതാണ് സത്യം.... ഇതൊന്നും ചാനല്‍ മേധാവികളുടെ ശ്രദ്ധയില്‍ പെടുന്നില്ലേ ആവോ...? അതോ പരസ്യ വരുമാനത്തിലും, എസ്.എം.എസ്‌ വോട്ടിങ്ങിലൂടെ കിട്ടുന്ന കാശിലും മനം മയങ്ങി അവരൊക്കെ ഇതൊന്നും ഞങ്ങളറിയുന്നില്ലേ എന്നു പറഞ്ഞിരിക്കയാണൊ...? എന്തായാലും ഇതൊക്കെ പ്രേക്ഷകര്‍ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്‌, അറിയുന്നുണ്ട്‌.. അവരൊക്കെ മനസില്‍ ചോദിക്കുന്നുണ്ടാകും.... ഏഷ്യാനെറ്റേ... ഞങ്ങള്‍ നിങ്ങളോടെന്തു തെറ്റു ചെയ്തൂ....?
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.