Sunday, December 26, 2010

കോക്ക് ടെയില്‍ (Cock Tail)

വിഷയ ദാരിദ്ര്യം മലയാള സിനിമയെ ബാധിച്ചിട്ട് വര്‍ഷങ്ങള്‍ കുറേയായി. പുതുമയാര്‍ന്ന വിഷയങ്ങളെന്ന പേരില്‍ ചവറുകള്‍ പുറത്തു വരുന്നതും നാം കണ്ടു തുടങ്ങി. പക്ഷേ ഈയിടെയായി, ഹോളിവുഡില്‍ നിന്നും ചിത്രങ്ങള്‍ അടിച്ചു മാറ്റി മലയാളത്തില്‍ എത്തിക്കുന്നത് പതിവായി മാറിയിരിക്കുന്നു. പണ്ടു പ്രിയദര്‍ശനെപ്പോലെയുള്ള സംവിധായകര്‍ അതു ഫലപ്രദമായി ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോളുണ്ടാകുന്ന ചിത്രങ്ങള്‍ പലപ്പോഴും മൂലകഥയോട് യാതോരു നീതീകരണവും പുലര്‍ത്താതെയാണ് ഇറങ്ങുന്നത്. അതു കൊണ്ടു തന്നെ, അടുത്ത കാലത്തായി ബൂലോകത്തെ നിരൂപണങ്ങള്‍ എല്ലാം തന്നെ, ചിത്രങ്ങളെ ഹോളിവുഡ് ചിത്രങ്ങളുമായി താരതമ്യ പഠനം നടത്തി, സംവിധായകരെ ചീത്ത വിളിക്കുക എന്ന കര്‍ത്തവ്യത്തില്‍ മുഴുകിയിരിക്കുകയാണ്. അന്‍വര്‍ ഇറങ്ങിയപ്പോള്‍, അതിലെ പ്ലസ് പോയിന്റുകളെ കാണാതെ, അന്ധമായി അതിനെ എതിര്‍ത്തവര്‍, കോക്ക് ടെയിലിനെയും അതു പോലെയാണ് കണ്ടത്. പിയേഴ്സ് ബ്രോസ്നനും, ജെറാള്‍ഡ് ബട്ടലറും മരിയാ ബെലോയും അഭിനയിച്ച Butterfly On a Wheel എന്ന കനേഡിയന്‍ ചിത്രത്തില്‍ നിന്നുമാണ് കോക്ക് ടെയില്‍ ജന്മം കൊണ്ടിരിക്കുന്നത്.

ഒട്ടേറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച മിലന്‍ ജലീല്‍ മലയാളികള്‍ക്കായി, ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് കോക്ക് ടെയില്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ ചിത്രസംയോജകന്‍ അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കഥ, തിരക്കഥ എന്നിവ തയാറാക്കിയിരിക്കുന്നത് ശ്യാം മേനോന്‍. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ചിത്രത്തിലെ നായകനായ അനൂപ് മേനോനാണ്. അദ്ദേഹത്തെ കൂടാതെ, സംവൃതാ സുനില്‍, ജയസൂര്യ, ഇന്നസെന്റ്, മാമുക്കോയ, ഫഹദ് ഫാസില്‍, ബേബി എസ്തര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

കൊച്ചിയിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പിനിയിലെ പ്രൊജക്ട് മാനേജറാണ് രവി എബ്രഹാം (അനൂപ് മേനോന്‍). ഭാര്യ പാര്‍വ്വതി (സംവൃത) മകള്‍ അമ്മു (ബേബി എസ്തര്‍) എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ് രവിയുടേത്. സമര്‍ത്ഥനും ബുദ്ധിമാനുമായ രവി, ജോലിയിലും ബിസിനസ്സിലുമെല്ലാം തിളങ്ങുന്നു, അതിന്റെ അസൂയ സഹപ്രവര്‍ത്തകര്‍ക്കൊക്കെയുണ്ടെങ്കിലും, സന്തുഷ്ടമായ ഒരു കുടുംബ ജീവിതമാണ് രവിയുടേത്. എന്നാല്‍ അതിപ്രധാനമായ ഒരു യാത്രയില്‍, വെങ്കില്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു അപരിചിതന് (ജയസൂര്യ) രവിയും പാര്‍വ്വതിയും ലിഫ്റ്റ് കൊടുക്കുന്നു. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. അമ്മു മോളുടെ ജീവന്‍ വച്ച് അയാള്‍ വില പേശുന്നതോടെ രവിയും പാര്‍വ്വതിയും ആകെ തളരുന്നു. രവിയുടെ സമ്പാദ്യവും, ജോലിയും, സല്പേരുമെല്ലാം വെങ്കി നശിപ്പിക്കുന്നു. എന്നാല്‍ അയാള്‍ അവിടെ നിര്‍ത്തുന്നില്ല. എന്താണ് വെങ്കിയുടെ ഉദ്ദേശ്യം, എന്താകും ഇതിന്റെ അവസാനം, അങ്ങനെ വളരെയേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിക്കൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്.

കഥ Butterfly On a Wheel എന്ന ചിത്രത്തില്‍ നിന്നും inspired ആയതിനാല്‍, അതിന്റെ മികവ് ശ്യാം മേനോനു നല്‍കേണ്ട കാര്യമില്ല. പക്ഷേ ചിത്രത്തെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കി മാറ്റുന്നതില്‍ ഇതിലെ സംഭാഷണങ്ങള്‍ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. ചിത്രത്തിലുടനീളം പിരിമുറുക്കം സൃഷ്ടിക്കുവാനും കഥാഗതിയെ പ്രേക്ഷകരിലേക്ക് എത്തിക്കുവാനും അതു വഹിക്കുന്ന പങ്ക് നിസാരമല്ല. വളരെ നാച്യുറലായി ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്ന അനൂപ് മേനോന്‍ അതിന്റ ക്രൈഡിറ്റ് അര്‍ഹിക്കുന്നു. ഒരു പുതുമുഖ സംവിധായകനെന്ന നിലയില്‍ അരുണ്‍ കുമാറിന്റെ പ്രകടനം മികച്ചത് എന്നു തന്നെ പറയേണ്ടി വരും. കഥയെ കേരളത്തിലേക്ക് പറിച്ചു നട്ടപ്പോള്‍, അതില്‍ ഒരു അസ്വാഭാവികതയും വരുത്താതിരിക്കാന്‍ അരുണ്‍ പരാമാവധി ശ്രമിച്ചിട്ടുണ്ട്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയെ മനോഹരമായി തന്നെ അരുണ്‍ അവതരിപ്പിച്ചിട്ടുണ്ട്.  ചിത്രത്തിന്റെ ചിത്രസംയോജകനും അരുണായതു കൊണ്ട്, അതീവ ശ്രദ്ധയോടെ തന്നെയാണ് ഫ്രെയിമുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും, സീനുകള്‍ കോര്‍ത്തെടുത്തിയിരിക്കുന്നതും. പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ഒരു സീനോ കഥാപാത്രങ്ങളോ ചിത്രത്തില്‍ ഇല്ല. അതു പോലെ വേണ്ടുവോളം പിരിമുറുക്കം നല്‍കുവാന്‍ ചിത്രത്തിനു കഴിയുകയും ചെയ്യുന്നു എന്നത് സംവിധായകന്റെ മികവായി പറയാം.  രവി കെ ചന്ദറിന്റെ സഹായിയായി ഛായാഗ്രഹണ രംഗത്ത് എത്തിയ പ്രദീപ് നായര്‍ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായി മാറുകയാണ് കോക്ക് ടെയിലിലൂടെ. വളരെ വ്യത്യസ്തമായി ചിത്രത്തിന്റെ രംഗങ്ങളൊരുക്കുവാന്‍ പ്രദീപിന് കഴിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്.

നായകന്‍ രവി എബ്രഹാമായി അനൂപ് മേനോന്‍ തിളങ്ങിയിരിക്കുന്നു. ആ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി തന്നെ അദ്ദേഹം തിരശ്ശീലയിലെത്തിച്ചിരിക്കുന്നു. ഒരു പക്ഷേ തിരക്കഥയ്ക്കു ശേഷം അദ്ദേഹത്തിനു ലഭിച്ച മികച്ച കഥാപാത്രമാകുമിത്. കഥാപാത്രം തിരഞ്ഞെടുക്കുന്നതില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പക്വത കാണിക്കുന്ന നടിയേത് എന്ന ചോദ്യത്തിന് നല്‍കാവുന്ന ഒരേയൊരുത്തരം സംവൃതാ സുനില്‍ എന്നാണ്. നായികയായി മാത്രമല്ല, സഹനടിയായും, അപ്രധാന വേഷങ്ങളിലുമെല്ലാം നമ്മുടെ മുന്നില്‍ പല തവണ എത്തിയിട്ടുണ്ട് സംവൃത. എന്നാല്‍ കോക്ക് ടെയിലില്‍ പ്രധാനപ്പെട്ട മുഴു നീള കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. തനിക്കു ലഭിച്ച അവസരം സംവൃത നന്നായി മുതലാക്കിയിട്ടുണ്ട്. പക്ഷേ നമ്മെ ഞെട്ടിക്കുന്ന പ്രകടനം വെങ്കിയെ അവതരിപ്പിക്കുന്ന ജയസൂര്യയുടേതാണ്. ക്രൂരനായ അപരിചിതനായി ജയസൂര്യ ജീവിക്കുകയാണ്. വ്യത്യസ്തമായാ രൂപത്തിലും ഭാവത്തിലും തിളക്കമാര്‍ന്ന പ്രകടനമാണ് ജയസൂര്യയുടേത്. തീര്‍ച്ചയായും ഈ പ്രകടനം, അദ്ദേഹത്തിന്റെ കരിയറിന് നല്‍കുന്ന മൈലേജ് വളരെയധികമാണെന്നുറപ്പാണ്. ചെറു വേഷങ്ങളിലെത്തിയ ഇന്നസെന്റും, മാമുക്കോയയും തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയപ്പോള്‍, ഫഹദ് ഫാസില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

 
രതീഷ് വേഗയും അല്‍ഫോണ്‍സും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രതീഷ് വേഗ ഈണം നല്‍കി, അനില്‍ പനച്ചൂരാന്‍ രചിച്ച നീയാം തണലിന് താഴെ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളത്. വിജയ് യേശുദാസും, തുളസീ യതീന്ദ്രനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനമാണ് രവി-പാര്‍വ്വതി ദമ്പതിമാരുടെ ജീവിതത്തെക്കുറിച്ച് നമുക്ക് പറഞ്ഞു തരുന്നത്. മറ്റു രണ്ടു ഗാനങ്ങള്‍ക്കും ഈണം നല്‍കിയിരിക്കുന്നത് അല്‍ഫോണ്‍സ് ആണ്. സയനോര ആലപിച്ച പറയാതാരോ എന്ന ഗാനവും, അല്‍ഫോണ്‍സ് ആലപിച്ച വെണ്ണിലാവിനുമകലേ എന്ന ഗാനവും ചിത്രത്തിനിടയില്‍ കടന്നു വരുന്നു. ഒരു പക്ഷേ descriptive ആയ തിരനാടകത്തെ ഒഴിവാക്കാന്‍ ഈ ഗാനങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.

കോക്ക് ടെയിലിനെ ഒരിക്കലും Butterfly On a Wheel എന്ന ചിത്രം വച്ച അളക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മൂലകഥയോട് പൂര്‍ണ്ണമായും നീതികരണം പുലര്‍ത്തിയാണ് കോക്ക് ടെയില്‍ നമുക്കായി എത്തുന്നത്. പക്ഷേ കഥ, തിരക്കഥ എന്നത് ശ്യാം മേനോന്‍ എന്നെഴുതിയതിനോട് യോജിക്കാനാവുന്നില്ല. അതൊഴിവാക്കി ക്രെഡിറ്റ് യഥാര്‍ത്ഥ ചിത്രത്തിന് നല്‍കാമായിരുന്നു. അതു മാറ്റി വച്ചാല്‍, പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത, സാമൂഹിക പ്രതി ബദ്ധതയുള്ള ഒരു ചിത്രമാണ് അരുണ്‍ കുമാര്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കാലിക പ്രാധാന്യമുള്ള ഒരു വിഷയം സന്ദേശമായി നല്‍കുവാന്‍ ഈ ചിത്രത്തിന് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം കൂട്ടുന്നത്. ഒരു പക്ഷേ 2010ല്‍ ഇറങ്ങിയ കലാമൂല്യമേറിയ ചിത്രങ്ങളിലൊന്ന്‍ എന്ന പദവി കോക്ക് ടെയിലിന് അവകാശപ്പെടാം. അരുണ്‍ കുമാറിന്റെ അരങ്ങേറ്റം ഒട്ടും മോശമായില്ല, നല്ല ചിത്രങ്ങളുമായി ഇനിയും വരുവാന്‍, അദ്ദേഹത്തിന് എല്ലാ ആശംസകളും നമുക്കേകാം...

വാല്‍ക്കഷണം : ഒരു മലയാള സിനിമ, ഹോളിവുഡ് ചിത്രത്തില്‍ നിന്നും inspired ആണെന്നു കേട്ടാലുടനെ, ചിത്രം കാണാതെ, ഹോളിവുഡ് ചിത്രം ഡിവിഡി എടുത്ത് കണ്ട്, മലയാള സിനിമയെ കുറ്റം പറയുന്നവര്‍ ഒന്നു മനസ്സിലാക്കണം, ഫ്രെയിം ടു ഫ്രെയിം  കോപ്പിയടിച്ചാലും, അതിനെ മലയാള സിനിമയുടെ പശ്ചാത്തലത്തിലെത്തിക്കാന്‍ തലയില്‍ ആള്‍ത്താമസം വേണം. അങ്ങനെയുള്ളവര്‍, അതു ഭംഗിയായി ചെയ്യുമ്പോള്‍, പടം കണ്ടു സഹായിച്ചില്ലെങ്കിലും, വെറുതെ വിമര്‍ശിച്ച് പ്രേക്ഷകരെ ചിത്രത്തില്‍ നിന്നും അകറ്റരുത്. ചിലപ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത് കലാമൂല്യമുള്ള ഒരു ചിത്രമായിരിക്കും....

4 comments:

 1. Pillecha,

  Eare vaikiyaanu ee movie kandathu…review ellam vaayichu eare pratheekshakalodeyum….satyam paranjal,ee movie vallathe bore adippichu. Cinema samvidhayakante kalayo atho nadante kazhivo ennathinu udaharanamaayi choondikkattavunna oru movie. thirakkathayilum mattum nalla prakadanam kaazhchavacha anoop ithil dayaneeyamaayi parichayappedunnu. “shock adippichaalum abhinayam varatha mukham” enna movie dialogue oorthu poyee. College student veshangalil thilangiya samvrithayum oru serious role abhinayikkunnathil valiya mikavonnum kaanichilla. Oru villain aayi jayasoorya thilangi. Anoop’s boss was also really good. Kadha nannayirunnu.ennal,vere aaro ezhuthiya katha. Prekshakaril oru chalanam polum ealppikkatha dialogues. It will be better if anoop does not write any more dialogues. Yes,Everyone knows that their daughters’ life is in the villains’ hands.But, there is no need to repeat it a 1000 times.

  English movie-yil ninnu kadameduthathaanenkil polum athu prathiphalippikkathe prekshakare theatre-il kayattunnathaanu mikavu.avideyanu priyadarshan vijayichathum…

  P.S. I had not seen the english version of the movie.

  ReplyDelete
 2. @ M@mm@ Mi@

  താങ്കളോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നില്ല. പക്ഷേ തിരക്കഥ കുറച്ചു കൂടി നന്നാക്കാമെന്നു തോന്നി. ഒരു പക്ഷേ ഇതിന്റെ തിരക്കഥ എന്നത് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണ്. ഇംഗ്ലീഷ് ചിത്രത്തെ അതേ പടി പകര്‍ത്തിയിരിക്കുകയാണ്. സംഭാഷണങ്ങള്‍ പലതും വളരെ ലളിതമാണ് എന്നതാണ് എനിക്കു തോന്നിയ പ്രത്യേകത. സങ്കീര്‍ണ്ണത നിറഞ്ഞ സംഭാഷണങ്ങള്‍ ചിലപ്പോള്‍ ഈ ചിത്രത്തെ നെഗറ്റീവായി ബാധിക്കുമായിരുന്നു, കാരണം, അത്ര ലളിതമായാണ് ഇതിന്റെ തിരക്കഥ മുന്നോട്ട് പോകുന്നത്. ലളിതമായ സംഭാഷണങ്ങള്‍, ഒരു പക്ഷേ നമുക്കിടയില്‍ ജീവിക്കുന്ന ഒരാള്‍ പറയുന്ന ഡയലോഗുകള്‍ പോലെ ഫീല്‍ ചെയ്യുന്നതാണ് ഒരു പക്ഷേ പലര്‍ക്കും ഈ ചിത്രം ഇഷ്ടപ്പെടുവാനുള്ള കാരണമായി ഞാന്‍ പറഞ്ഞു കേട്ടത്. വളര്‍ന്നു വരുന്ന രണ്ട് അഭിനേതാക്കള്‍ എന്ന നിലയിലാണ് ഞാന്‍ അനൂപിന്റേയും സംവൃതയുടേയും അഭിനയത്തെ വിലയിരുത്തുന്നത്. എനിക്കു തോന്നിയത് അവരുടേത് അഭിനയം മിതമായത് എന്നതാണ്. ഓവറാക്കി നശിപ്പിക്കുന്നതിനേക്കാ‍ള്‍ മിതമാ‍യി അഭിനയിക്കുകയല്ലേ നല്ലത്? ജയസൂര്യയുടെ പ്രകടനം ഗംഭീരം, ഫഹദ് ഫാസില്‍ (അനൂപിന്റെ ബോസ്) പതിവില്‍ നിന്നും വ്യത്യസ്തമായി ഭേദപ്പെട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നു. ഒരു പക്ഷേ ഈയിടെ ഇറങ്ങിയതില്‍, ഏറ്റവും നല്ല അഭിനയം അദ്ദേഹത്തിന്റേതായി വന്നത് കോക്ക്ടെയിലിലാണ് എന്നാണ് എന്റെ അഭിപ്രായം. അതില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു.

  ഒരു പക്ഷേ ഇതു കാഴ്ചപ്പാടുകളുടെ വ്യത്യാസമാണ്. എന്റെ കാഴ്ചപ്പാടല്ല, താങ്കളുടേത്, താങ്കളുടേതല്ല മറ്റൊരാളുടേത്.. അതുകൊണ്ടാണ് ഒരേ സിനിമയക്ക് പല തരത്തിലുള്ള റിവ്യൂകള്‍ വരുന്നത്. :)

  ReplyDelete
 3. I totally agree with you. Same movie, in two different person’s views….
  I also noted the simplicity in dialogues, but, something could have been made better. I am not an expert in anything. So,I donno what has to be improved.  Everyone said good review about the movie,but I did not feel it as a great one .
  Seeing the actor Fahad Fazil(Fazil’s son?) for the first time..I thought that was Saju Kurup.

  ReplyDelete
 4. @ M@mm@ Mi@

  സംഭാഷണങ്ങളുടെ ലാളിത്യം അതിന്റെ പോസിറ്റീവായാണ് എനിക്കു തോന്നിയത്. ഫഹദ് ഈയിടെ നല്ല ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ആദ്യത്തെ സിനിമ ഓര്‍മ്മയില്ലേ? അതില്‍ നിന്നും വളരെയധികം പുരോഗമിച്ചിരിക്കുന്നു..

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.