കാസര്‍ഗോഡെന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളാവും നമുക്ക് മുന്നില്‍ വരിക. വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ വരാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്‍ഡോസള്‍ഫാന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും, അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനേക്കുറിച്ചും 2002-ല്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് (NIOH) നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ, എന്‍ഡോസള്‍ഫാന്റെ ഉത്പാദനവും വിതരണവും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതിനു ശേഷം, പല തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കൃഷി മന്ത്രാലയവും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, നിരോധനം നടപ്പിലായില്ല. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ദൂഷ്യവശങ്ങള്‍ കണ്ട് ലോകത്തിലുടനീളം 61 രാജ്യങ്ങളില്‍ ഇതു നിരോധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ മലേഷ്യയിലും, ബ്രസീലിലും ഇതു നിരോധിക്കാനുള്ള ഉത്പ്രേരകമായത്, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ വിവരങ്ങള്‍ അവര്‍ മനസ്സിലാക്കിയതിനാലാണ്. പക്ഷേ ഇന്ത്യയും നമ്മുടെ ഭരണകൂടവും ഇതുവരെ അതു കണ്ടതായി നടിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷാന്ത്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍ഗോട്ടെത്തുകയും, തെളിവെടുപ്പ് നടത്തി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വീണ്ടും ഒരു പഠനത്തിനാണ് നീക്കം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ അനുകൂലികളായ ആളുകളെ നിറച്ച ഒരു സമിതിയെ പഠനത്തിനും നിയോഗിച്ചു. അതിന്റെ റിപ്പോര്‍ട്ട് എന്താകും എന്നു നമുക്കിപ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ഏക രാജ്യം ഇന്ത്യയായിരുന്നു. അന്ന് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കില്‍, വളരെ എളുപ്പത്തില്‍ എന്‍ഡോസള്‍ഫാന്‍ നമുക്ക് നിരോധിക്കുവാന്‍ കഴിയുമായിരുന്നു. തലമുറകളിലേക്ക് വരെ ദൂഷ്യവശങ്ങള്‍ എത്തുന്ന ഈ എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ വിഷത്തിന്റെ 70 ശതമാനം ഉത്പാദനം ഇന്ത്യയിലാണ്. അതിന്റെ വാണീജ്യ സാധ്യതകളെ തകര്‍ക്കുന്ന നടപടിയാവും, എന്‍ഡോസള്‍ഫാന്‍ നിരോധനം, അതാണ് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. അതിനൊപ്പം ഇതിന്റെ കുത്തക വിതരണക്കാരുടെ സമ്മര്‍ദ്ദവും. എന്തായാലും ഈ നടപടികള്‍ ശുഭസൂചകമല്ല.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം കേരളത്തിന്റെയകത്ത് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കയാണ്. മാധ്യമങ്ങള്‍ ഏറ്റെടുത്ത പോരാട്ടത്തിലേക്ക് സാമൂഹിക പ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊപ്പം, ജനങ്ങളും പങ്കു ചേര്‍ന്നിരിക്കുന്നു. നവയുഗ മാധ്യമങ്ങളായ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയവയിലും പ്രതിഷേധാഗ്നികള്‍ ആളിക്കത്തുന്നുണ്ട്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും, അവരുടെ പിന്തുണ നേടാനും ഇതിനു കഴിയുന്നുണ്ട്. എന്നിരുന്നാല്‍ കൂടി എന്‍ഡോസള്‍ഫാന്‍ അനുകൂല വിഭാഗം ഇതിനെതിരായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഒട്ടേറെ പെയ്ഡ് എന്‍ഡോസള്‍ഫാന്‍ ഏജന്റുമാര്‍ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഇപ്പോളുണ്ട്. അവരുടെ പ്രധാന ഉദ്ദേശ്യം, തെറ്റായ വിവരങ്ങള്‍ നല്‍കി ആള്‍ക്കാരെ ഈ പോരാട്ടത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതാണ്. ഗൂഗിള്‍ പോയി ‘ban endosulfan‘ എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന സൈറ്റ്, http://www.whybanendosulfan.org/ എന്നതാണ്. അതില്‍ പൂര്‍ണ്ണമായും എന്‍ഡോസള്‍ഫാന്‍ അനുകൂല വസ്തുതകള്‍ മാത്രമാണ്. ഇതു വരെ നടന്ന പഠനങ്ങളെല്ലാം തെറ്റ് എന്ന രീതിയിലുള്ള കാര്യങ്ങള്‍, ഇതു വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ പര്യാപ്തമാണ്.
എന്‍ഡോസള്‍ഫാനടക്കമുള്ള കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച വിചിന്തനം നടക്കുന്ന ജനീവ കണ്‍വെന്‍ഷന്‍ ആരംഭിക്കുന്ന ദിവസമാണ് ഇന്ന്, ഏപ്രില്‍ 25. ഈ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിച്ചു കൊണ്ടാണ് കേരളത്തിലെ സമരം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. സാമൂഹിക പ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും, രാഷ്ട്രീയക്കാരും, കലാ-സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖരും ഈ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഇന്ന് ഉപവാസമനുഷ്ഠിക്കുന്നു. ഈ പോരാട്ടം ശക്തി പ്രാപിക്കട്ടേ എന്നും, ഈ ജനകീയ പ്രക്ഷോഭം നമ്മുടെ ഭരണചക്രം തിരിക്കുന്ന പുംഗവന്മാരുടെ കണ്ണു തുറപ്പിക്കട്ടേ എന്നും നമുക്കീ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം. വരും തലമുറകള്‍ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മണിച്ചിമിഴും കൈകോര്‍ക്കുന്നു....
പാലക്കാടുനിന്നും ഇരിങ്ങാലക്കുടയെന്ന മറ്റൊരു രാജ്യത്തേക്കുള്ള വിദേശയാത്രയാണ് ഒ വി വിജയന്റെ പ്രശസ്തമായ ഇരിങ്ങാലക്കുട എന്ന ചെറുകഥയുടെ ഇതിവൃത്തം. സഞ്ചാരികള്‍ ഇരിങ്ങാലക്കുടയെത്തുമ്പോള്‍ കാണുന്നതെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ്. ഭാഷ ഒട്ടും തന്നെ മനസ്സിലാവുന്നില്ല. അവിടെ ഇന്ത്യക്കാരുണ്ടോ എന്ന അന്വേഷണമാണ് പിന്നീടു നടത്തുന്നത്. കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്. -ഇരിങ്ങാലക്കുടയിലെ വിശേഷപദാര്‍ത്ഥങ്ങള്‍ വല്ലതും വാങ്ങിക്കളയാം എന്നുകരുതി ഞാന്‍ മൂപ്പനോടൊപ്പം ഒരു കടയില്‍ കയറി. മരുന്നുകടയായിരുന്നു അത്.
ഇരിങ്ങാലക്കുട ഭാഷക്ക് ഇന്തോ ആര്യന്‍ വിഭാഗത്തില്‍പ്പെട്ട ഭാഷകളോടു ഗണ്യമായ അടുപ്പമുണ്ട്. ഒരു ദന്തവൈദ്യനായിരുന്ന എനിക്ക് ഈ സാദൃശ്യം പെട്ടെന്ന് വ്യക്തമായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പീടികക്കാരന്‍ ടെലഫോണെടുത്ത് ആരെയോ വിളിച്ച് ഇരിങ്ങാലക്കുടഭാഷയില്‍ പറഞ്ഞു. 'ഡാാാ, അന്തോണ്യേ, സ്‌റ്റ്രെപ്റ്റമൈസിനിണ്ട്്ാ? ഡാ, നീയ്യാ വേഷങ്കെട്ട്് കളാ. ഡാാ, എന്തൂട്ട്് വര്‍ത്താനാ ഈ പറേണ്? പഴേ കസ്റ്റമറണ്. ആ അന്ത്രൂന്റെ കയ്യീ കൊടുത്തയക്ക്.' എന്നിട്ട് പച്ച മലയാളത്തില്‍ എന്നോട് ' ഭഗവാന്‍, താങ്കള്‍ കാംക്ഷിക്കുന്ന സിദ്ധൗഷധം ഇനിയും കാലവിളംബമെന്യേ ഭഗവല്‍ സന്നിധിയില്‍ ആഗതമാവും '
സറ്റയറിന്റെ മേമ്പൊടിയോടെ ഭാഷാവ്യതിയാനം കഥാവിഷയമാക്കുകയായിരുന്നു ഒ വി വിജയന്‍. സൂക്ഷ്മാംശബദ്ധമായ ഇത്തരം ഭാഷാഭേദങ്ങളുടെ വൈവിധ്യം പല മാനദണ്ഡങ്ങളാലും ഏറെ പ്രകടമാകുന്ന നഗരമാണ് സാംസ്‌കാരികതലസ്ഥാനമായ തൃശൂര്‍.
'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചി ടിപ്പിക്കല്‍ തൃശൂര്‍ ഭാഷയുടെ വക്താവാണ്. തൃശൂരിലെ അരിയങ്ങാടിയും അതിനുചുറ്റും വികസിച്ചിരിക്കുന്ന നസ്രാണിഭാഷയുമാണ് പ്രാഞ്ചിയേട്ടനെ അസ്സല്‍ തൃശൂര്‍ക്കാരനാക്കുന്നത്. കാപട്യങ്ങളില്ലാത്ത പ്രാഞ്ചിയുടെ ആത്മവിശ്വാസമാണ് അയാളെ പുണ്യാളനോടുപോലും സൗഹാര്‍ദ്ദം സ്ഥാപിക്കത്തക്ക വിധത്തില്‍ സത്യസന്ധനായ തൃശൂര്‍ക്കാരനാക്കുന്നത്.
പ്രാഞ്ചി (പുണ്യാളനോട്) : അപ്പൊ ഇക്കണ്ട കാലം കേരളത്തിലെ സത്യക്രിസ്ത്യാനികള് മലയാളത്തില് വേദപുസ്തകം വായിച്ചതും പ്രാര്‍ത്ഥിച്ചത്വൊക്കെ വേസ്റ്റായി, ഇല്ലേ? മ്മക്കും മ്മടെ ആള്വാള്‍ക്കും ഒന്നും മനസ്സിലായ്ട്ടില്ല്യാന്ന് ചുരുക്കം. അത് വല്യ ചതിയായ്‌പ്പോയിട്ടാ... നിക്ക് ഈ ഡൗട്ട് നേര്‍ത്തേ ഇണ്ടായിര്ന്ന്. ഞാന്‍ സണ്‍ഡേക്ലാസ്സിലെ അച്ചനോട് ചോയിച്ചതാ; അച്ച, അച്ചാ യേശുക്രിസ്തൂന്ന് ഒരു പേര് ജീസസ്സിന്ള്ള കാര്യം ആള്‍ക്കറിയ്യോന്ന്. മണലുകൂട്ടി തൊടമ്മലെ തൊലി ഒരുറുപ്പ്യ വട്ടത്തില് പിച്ചിയെട്ത്തു ഗഡീ.
ഒടുവില്‍ ഇതാ പ്രാഞ്ചിയേട്ടനും പുണ്യാളനും. തികച്ചും തൃശൂര്‍ക്കാരുടെ സിനിമ എന്നു വിളിക്കാവുന്ന ഒന്ന്. തൃശൂരിന്റെ അരിയങ്ങാടിയും പുത്തന്‍ പള്ളിയും ബാനര്‍ജിക്ലബ്ബും സാഹിത്യ അക്കാദമിയുമൊക്കെ ലൊക്കേഷനുകളില്‍ തിളങ്ങി നില്‍ക്കുന്നു.- 'മലയാളസിനിമയിലെ വ്യത്യസ്തമായ ചില കയ്യൊപ്പുകള്‍' എന്ന ടൈറ്റിലില്‍ രഞ്ജിത്തിന്റെ തിരക്കഥകള്‍ക്ക് സാറാജോസഫ് എഴുതിയ ആമുഖം ഇങ്ങനെ പ്രസ്താവിക്കുന്നു.
ഭാഷാപരമായ വ്യതിയാനങ്ങള്‍ പ്രാദേശികതയുടെ പരിഛേദങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ - കൊടുങ്ങല്ലൂരും കുന്നംകുളത്തും ഷൊര്‍ണൂരും മറ്റും - പ്രകടമായിരിക്കുമ്പോള്‍ തന്നെ തൃശൂര്‍നഗരത്തിന്റെ ടിപ്പിക്കല്‍ ഭാഷാഭേദത്തിലും വ്യക്തമായി സ്വാധീനം ചെലുത്തുന്നു. തൊഴില്‍, സമുദായം, ഭൂമിശാസ്ത്രപരമായ പ്രവണതകള്‍, സാംസ്‌കാരികപശ്ചാത്തലം എന്നിവയെല്ലാം ഇത്തരം പ്രാദേശികഭാഷാഭേദങ്ങള്‍ക്ക് ഇടയൊരുക്കുന്നു.
'തൃശൂരും അയ്യന്തോളും ലാലൂരും അന്തിക്കാടും ഒല്ലൂരുമൊക്കെയുള്ള പ്രാദേശികഭാഷയില്‍ത്തന്നെ കാര്യമായ വ്യതിയാനങ്ങളുണ്ട് . തൃശൂര്‍ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരും പറഞ്ഞു വല്ലാതെയാക്കിയ രണ്ടു പദങ്ങളാണ് ശവി, കന്നാലി എന്നിവ. അങ്ങാടിയുടെ ഭാഷയാണത്. ഞാനാദ്യം തന്നെ തീരുമാനിച്ചു ആ രണ്ടു പദങ്ങള്‍ പടത്തില്‍ നിന്ന് ഒഴിവാക്കണമെന്ന്,.'
പ്രാഞ്ചി ആന്റ് ദി സെയിന്റിന്റെ സംവിധായകന്‍ രഞ്ജിത് പറയുന്നു. 'അതുപോലെ തൃശൂര്‍ ഭാഷയില്‍ ഞാന്‍ കാണുന്ന പ്രത്യേകത കാര്യങ്ങള്‍ വളരെ ഫ്രാങ്കായി പറയുന്നു എന്നതാണ് വലിപ്പച്ചെറുപ്പമൊന്നും ഇക്കാര്യത്തില്‍ തടസമേയല്ല. സ്വന്തം പ്രാദേശികഭാഷയില്‍ത്തന്നെ അവര്‍ ആരോടും എന്തും ചോദിക്കും.' തൃശൂര്‍കാരനില്‍ രഞ്ജിത് കണ്ട ഈ ആത്മാര്‍ത്ഥത തന്നെയാണ് പ്രാഞ്ചിയേട്ടനെക്കൊണ്ട് പുണ്യാളനുമായി സംസാരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
ടിപ്പിക്കല്‍ തൃശൂര്‍ ഭാഷ ഏറ്റവുമധികം സമരസപ്പെട്ടിരിക്കുന്നത് നസ്രാണി ഭാഷയോടാണ്. അതേ സമയം ഏതാണ്ടെല്ലാ തൃശൂര്‍ക്കാരുടെയും മലയാളത്തില്‍ പറച്ചിലിന്റെ ഈണത്തിന് ഒരു ഏകതാനതയുണ്ടുതാനും. അങ്ങാടിജീവിതവുമായി ബന്ധപ്പെട്ട് രൂപീകൃതമായ പ്രാദേശികഭാഷാഭേദത്തിന്റെ പാരമ്പര്യം ക്രിസ്ത്യാനികള്‍ക്കുതന്നെയാണ് കൂടുതലായി അവകാശപ്പെടാനാവുക. വള്ളുവനാടന്‍ ഭാഷാശൈലിയില്‍ നിന്ന് പരമാവധി അകലുമ്പോള്‍ത്തന്നെ അത് കൊച്ചി ഭാഷാഭേദത്തിന്റെ സ്വാധീനവലയത്തില്‍ അധിഷ്ഠിതമാകുകയും ചെയ്യുന്നു. പദങ്ങളിലുണ്ടാകുന്ന വര്‍ണ്ണലോപം തന്നെ മാതൃകയായെടുക്കാം .'നമ്മള്‍ ' എന്ന പദം കൊച്ചിയില്‍ അന്ത്യവര്‍ണ്ണം ലോപിച്ച് 'നമ്മ, നുമ്മ' എന്നിങ്ങനെയും തൃശൂരില്‍ ആദ്യവര്‍ണ്ണം ലോപിച്ച് 'മ്മള് 'എന്നായും മാറുന്നു. ലോപം പദത്തിന്റെ ആദിമധ്യാന്തങ്ങളിലെവിടെയാണെങ്കിലും ശരി പ്രയോഗത്തിലെ ചുരുക്കലാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.
വളരെക്കുറച്ച് കാര്യം പറഞ്ഞ് പെട്ടെന്നവസാനിപ്പിക്കുക എന്നത് വ്യാപാരസമൂഹത്തിന്റെ രീതിയാണ്. അത് ധ്വനിപ്രധാനമായിരിക്കുകയും ചെയ്യും. തൃശൂരിലെ അങ്ങാടിജീവിതത്തിന്റെ പുരാതനചിത്രം നായരങ്ങാടിയില്‍ നിന്ന് പരിശോധിച്ചു തുടങ്ങിയാല്‍പ്പോലും വാമൊഴിയിലെ സംക്ഷിപ്തസ്വഭാവം വ്യക്തമാകും. നായന്‍മാര്‍ നടത്തിയ കച്ചവടം പുരോഗമനപരമാകാത്ത കാലയളവില്‍ കൃസ്ത്യാനികളെ ഇവിടെയെത്തിച്ച് കച്ചവടപരമായ ചുമതലകള്‍ നല്‍കിയത് ആധുനിക തൃശൂരിന്റെ ശില്‍പ്പിയായ ശക്തന്‍ തമ്പുരാനായിരുന്നു. 1776-ല്‍ ടിപ്പുസുല്‍ത്താന്റെ ആക്രമണത്തെത്തുടര്‍ന്ന് ക്ഷേത്രനഗരമായ തൃശ്ശിവപേരൂര്‍ ഛിന്നഭിന്നമായി. സാമ്പത്തികമായി നേരിട്ട തകര്‍ച്ചയില്‍ നിന്നു കരകയറാനും തൃശൂരിനെ ഒരു വാണിജ്യകേന്ദ്രമാക്കാനുമുള്ള ഉറച്ച തീരുമാനത്തോടെയാണ് ശക്തന്‍തമ്പുരാന്‍ ക്രിസ്ത്യാനികളെ തൃശൂരിലേക്ക് ക്ഷണിച്ചത്. 18-ാം നൂറ്റാണ്ടിന്റെ ആദ്യകാലയളവുവരെ തൃശ്ശിവപേരൂരില്‍ കൃസ്ത്യാനികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. 1794 മുതല്‍ ഇവിടെ സ്ഥിരതാമസമാക്കിയ ക്രിസ്ത്യാനികള്‍ കഠിനാദ്ധ്വാനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കച്ചവടത്തിന്റെയും സാമ്പത്തികസ്രോതസുകളുടെയും വ്യക്തമായ അടിത്തറ പാകി. കുടിയിരുത്തപ്പെട്ട നസ്രാണികളുടെ ഭാഷ ഇവിടുത്തെ സവിശേഷഭാഷയുമായി സമരസപ്പെടുകയായിരുന്നു.
സാറാ ജോസഫിന്റെ 'ആലാഹയുടെ പെണ്‍മക്കള്‍' ഈ ഭാഷാസവിശേഷതയുടെ പഠനാര്‍ഹമായ ഉദാഹരണങ്ങളിലൊന്നാണ്. അമ്മാമയുടെ വാമൊഴി കഥാചരിത്രം എന്ന ഭാഗം നോക്കുക;
കൊടുങ്ങല്ലൂര്‍ ഭാഗത്തെ 'ഞങ്ങള്‍' തൃശൂരെത്തുമ്പോള്‍ 'മ്മള് ' ആയി മാറുന്നു. ഭാഷാപരമായും വ്യാകരണപരമായും ഉള്ള വിപുലമായ വ്യതിയാനങ്ങളാണ് തൃശൂര്‍ഭാഷയുടെ പ്രത്യേകത. 'മ്മളിപ്പൊ ദെവിടേക്കാ പോണേ..?' - ഭാഷ ചുരുക്കുകയാണിവിടെ .'കുട്ടി' എന്നതിന് 'ക്ടാവെ'ന്നു പറയും. അതു പിന്നെയും പരിണമിച്ച് 'ക്‌റാവ'ാകുന്ന (ട എന്നത് റ യാകുന്നു) സ്ഥലവുമുണ്ട്. പറയുന്നതിലുള്ള എളുപ്പമാക്കല്‍ ജീവിതവീക്ഷണത്തിന്റെ ഭാഗമായി വരുന്നതാകാം ഇതിനു കാരണം. ഇത്തരം ഒഴിവാക്കലുകള്‍ ഒരുവശത്തുള്ളപ്പോള്‍ത്തന്നെ ചില വാക്കുകളില്‍ കൂട്ടിച്ചേര്‍ക്കലുകളും നടക്കുന്നുണ്ട്. 'തമ്മില്‍ തമ്മില്‍' എന്നുള്ളതിന് 'തമ്മാമ്മില്‍' എന്നു പറയുന്നത് അപ്രകാരമാണ് . ഇത് തൃശൂരില്‍ മാത്രമുള്ള പ്രയോഗമാണ്. കോവിലനെപ്പോലെയുള്ള എഴുത്തുകാര്‍ ഇത്തരം പ്രയോഗങ്ങള്‍ രചനകളില്‍ നിര്‍ലോഭം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 'നിന്നെക്കൊണ്ടുകൂട്ടിയാ കൂട്വൊടാ...' എന്നിങ്ങനെ സവിശേഷപ്രയോഗങ്ങള്‍ വേറെയും നിരവധിയുണ്ട്. അന്ത്യലോപം, ആദ്യലോപം തുടങ്ങിയ നിയമങ്ങള്‍ ഒരുപക്ഷേ ഏറ്റവുമധികം പ്രകടമാകുന്ന പ്രാദേശികഭാഷാഭേദം തൃശൂരിന്റെതായിരിക്കും. അപ്പൊഴുത്- അപ്പോള്‍ - അപ്പോ - -പ്പോ, ക്ലീനര്‍ ലോപിച്ചാല്‍ കിളി. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട് . ദ്രാവിഡഭാഷയിലെ അംഗീകൃത നിയമങ്ങള്‍ പലതുമാണ് ഈ ഭാഷാന്തരങ്ങളില്‍ സാധൂകരിക്കപ്പെടുന്നത്.
ഇവ്വിധത്തിലുള്ള സൂക്ഷ്മവും സ്ഥൂലവുമായ വ്യതിയാനങ്ങള്‍ അണുവിട വ്യതിചലിക്കാതെ പ്രകടിപ്പിക്കുവാനാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത്.
പ്രാഞ്ചി : വെല സലാവുദ്ദീന്‍ പറഞ്ഞ വെല തന്നെ. വക്കുപൊട്ടാണ്ടെ ആ കാഷ് ഞാനങ്ങ് തരും... പക്ഷേ ഒരു ചെറിയപ്രശ്‌നണ്ട്... ഈ കൂട്ടുകുടുംബസെറ്റപ്പ്ന്ന് പറഞ്ഞാ... ഞാനിത് കൊറേ ഡീല് ചെയ്തിട്ട്ള്ളതാ.ഇപ്പോ മ്മളൊരു സ്ഥലം കണ്ട് , വെലൊറപ്പിച്ച് , അഡ്വാന്‍സാ വീശും... അപ്പ,ദാ വര്ണു ഒരു പാര്‍ട്ടി. ന്റെ ഭാഗം വില്‍ക്കണില്ലാന്ന് പറഞ്ഞ് ഒരു കോടാലി എടുത്തെറിയും ആ എടപാടില്‍ക്ക്... അങ്ങനെണ്ടായിട്ടിണ്ട്... അങ്ങനെ വല്ലതും ഇവ്‌ടൊണ്ടോ.. അതാ എനിക്ക് ക്ലിയറാവണ്ടെ... എന്താ ഉതുപ്പേട്ടാ... മമ്മൂട്ടി എന്ന നടന്‍ നൂറുശതമാനവും കച്ചവടക്കാരനായ തൃശൂര്‍ക്കാരന്‍ അരിപ്രാഞ്ചി ആയി മാറുകയാണിവിടെ.
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റില്‍ അഭിനയിച്ചിരിക്കുന്നവരില്‍ അധികവും തൃശൂര്‍കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നസെന്റ്, ഇടവേള ബാബു, ബിജുമേനോന്‍, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരെല്ലാം തൃശൂര്‍കാരാണ്. ടിനിടോം ആലുവക്കാരനാണെങ്കിലും തൃശൂര്‍ഭാഷയെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. സിനിമയില്‍ ആദ്യന്തം നിറയുന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇവരോടൊപ്പം ചേരുമ്പോള്‍ ഭാഷാപരമായുണ്ടാകാനിടയുള്ള താരതമ്യപ്പെടുത്തലുകളെപ്പോലും അനായാസം മറികടക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ കയ്യില്‍ സുഭദ്രമായ ഒരു കഥാപാത്രത്തെയും അതിനുതകുന്ന വാമൊഴിവൈവിധ്യത്തെയും സൃഷ്ടിച്ച സാഹചര്യം രഞ്ജിത്ത് ഇങ്ങനെയോര്‍ക്കുന്നു.
'5വര്‍ഷം അതായത് 19 വയസ് മുതല്‍ 23വയസുവരെ ഞാന്‍ ജീവിച്ചിരുന്ന സ്ഥലമാണ് തൃശൂര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലുണ്ടായിരുന്നപ്പോള്‍... ആ പീരീഡില്‍ തൃശൂര്‍ ഭാഷയുടെ കൃത്യമായ ഒരു ഒബ്‌സര്‍വേഷന് അവസരമുണ്ടായിരുന്നു.'
നസ്രാണികള്‍ക്കിടയില്‍ നിന്നാണ് വ്യാപാരസമൂഹത്തിന്റെ ഭാഷ വികാസമെടുത്തത്. ഇതര സാമൂഹികഘടകങ്ങള്‍ക്കൊപ്പം തൊഴിലും ഭാഷാസമൂഹങ്ങളെ രൂപീകരിക്കാന്‍ കാരണമാകുന്നുണ്ട്. വാണിയംകുളത്ത് കാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്തയില്‍പ്പോലും അവരുടേതായ ഭാഷയുണ്ട; കച്ചവടക്കാര്‍ക്കുമാത്രം മനസ്സിലാവുന്ന ഭാഷയാണതെന്നു മാത്രം. ചെറിയ മുതല്‍ മുടക്കു കൊണ്ട് വലിയ ലാഭമുണ്ടാക്കുന്ന ബിസിനസ് രീതി ഭാഷയില്‍ വരുന്നത് ഇപ്രകാരമാണ്. ഒരുദാഹരണം നോക്കൂ. എന്തു കൂട്ടമാണ് - എന്താണ് വിശേഷം എന്നാണ് അതിന്റെ അര്‍ത്ഥം; 'എന്തൂട്ടറ' എന്നാണ് പറയുക.
ഇവിടെ നസ്രാണികള്‍ക്കിടയിലും വാമൊഴിവ്യതിയാനങ്ങള്‍ നിരവധിയുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റില്‍ വിദ്യാസമ്പന്നരായ കഥാപാത്രങ്ങള്‍ക്കിടയില്‍ക്കാണുന്ന ഭാഷാപ്രത്യേകതകള്‍ അതു വെളിപ്പെടുത്തുന്നവയാണ് . തൃശൂരിലെ അരിയങ്ങാടി,അഞ്ചുവിളക്ക് എന്നിവിടങ്ങളിലൊക്കെയുള്ള ടിപ്പിക്കല്‍ തൃശൂര്‍ഭാഷയുടെ കളിയാണ് പ്രാഞ്ചിയും കൂട്ടരും നടത്തുന്നത്. മിക്കവാറും പള്ളികളോടൊക്കെ ചേര്‍ന്ന് വീടുകളില്‍ നിരനിരയായി രൂപപ്പെട്ട അങ്ങാടിജീവിതത്തിന്റെ ഉപോല്‍പ്പന്നം കൂടിയാണിത്. തൃശൂര്‍അങ്ങാടിക്കും ഒല്ലൂരിനും ഇടക്കുള്ള സ്ഥലങ്ങള്‍, ആരാധനാലയത്തെ ചുറ്റിപ്പറ്റിയുള്ള ജീവിത പശ്ചാത്തലം എന്നിവയില്‍ നിന്നെല്ലാമാണ് പ്രാഞ്ചിയില്‍ നാം കാണുന്ന ഭാഷ രൂപമെടുത്തത്. പ്രാഞ്ചിയേട്ടന്റെ മനസ്സു പിടിച്ചടക്കിയ സുന്ദരി പത്മശ്രീയും മറ്റും പ്രതിനിധാനം ചെയ്യുന്ന തിരുവമ്പാടി ക്ഷേത്രപരിസരം, കിഴക്കുംപാട്ടുകര തുടങ്ങിയ ഭാഗങ്ങളില്‍ ഭാഷ തന്നെ ഒന്നു വേറെയാണ്.
ഇവിടുത്തെ വ്യാകരണസംബന്ധിയായ വ്യതിയാനം പ്രധാനമായും വേറൊരുതരത്തിലുള്ള ക്രിസ്തീയരൂപീകരണത്തിന്റെ ഭാഗം കൂടിയാണ് . തൃശൂര്‍ നഗരത്തില്‍ നിന്നു മാറി കുന്നംകുളത്തുള്ള പ്രാദേശികഭാഷാവ്യതിയാനങ്ങള്‍ പരിശോധിക്കാം. ഇവിടെയുള്ള നസ്രാണിവിഭാഗം തൃശൂര്‍ നഗരത്തിലേതുപോലെ കത്തോലിക്കരല്ല. കുന്നംകുളത്തുകാര്‍ നിര്‍മ്മിക്കുന്ന വീടിന്റെ പാറ്റേണില്‍പ്പോലും സാംസ്‌കാരികമായ വ്യതിയാനം ദൃശ്യമാണ്. ഇവര്‍ വീടു പണിയുന്നത് റോഡിലേക്കുകയറ്റിയാണ്; പറമ്പെല്ലാം വീടിന്റെ പിന്‍ഭാഗത്തുമുണ്ടാവും.
തൃശൂരില്‍ നസ്രാണിഭാഷയും നായര്‍ഭാഷയും തമ്മില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. 'എന്തൂട്ട്‌റ' എന്ന് ഒരു നായരോ നമ്പൂതിരിയോ ചോദിക്കാറില്ല. അവര്‍ക്ക് അവരുടേതായ ഭാഷാഭേദം തന്നെയുണ്ട് .എന്നാല്‍ വ്യാപാരസമൂഹവുമായുള്ള അടുത്ത സഹകരണം കൊണ്ട് പല വാക്കുകളിലും ഐകരൂപ്യം ഉണ്ടായിട്ടുണ്ടുതാനും. പൂങ്കുന്നം ഭാഗത്തേക്കു പോകുന്ന വഴി പ്രധാനമായും ബ്രാഹ്മണന്‍മാരുടെ സാന്നിധ്യമേഖലയാണ്; പ്രത്യേകിച്ചും തമിഴ്ബ്രാഹ്മണന്‍മാര്‍. ഗോസായിക്കുന്ന് പൊതുവെ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്ന സ്ഥലമാണ്. അവരുടെ സ്വാധീനം ഒല്ലൂര്‍ വരെ നീളും. ഇവിടെയെല്ലാം വാമൊഴിവഴക്കങ്ങളില്‍ ചെറുതും വലുതുമായ വ്യതിയാനങ്ങളുണ്ടാകുന്നുണ്ട്. അയ്യന്തോളുകാരുടെ ഭാഷയല്ല നഗരത്തിലേത്. തൃശൂര്‍ നഗരഭാഷയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് കുന്നംകുളംഭാഷക്ക്. മണലൂര്‍ വരുന്ന ഭാഷാഭേദം മറ്റ് സ്ഥലങ്ങളില്‍ ഉണ്ടാകണമെന്നില്ല. ഏനാമ്മാവ് ഭാഗത്ത് മുസ്ലീങ്ങളാണ് കൂടുതലുള്ളത്. സ്വാഭാവികമായി അവരുടെ അധീശത്വം അവിടുത്തെ ഭാഷാഭേദത്തില്‍ പ്രകടമാവും. നാട്ടികയിലെത്തുമ്പോള്‍ പ്രാധാന്യം ഈഴവവിഭാഗത്തിനാകുന്നു.
'പ്രാഞ്ചിയേട്ടനില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന സ്‌ലാങ്ങിനെ അതേപടി കൊണ്ടുവരാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്. സമ്മതിച്ചു കൊടുക്കണം. വലിയ കഴിവാണത്. ഒരു പക്ഷേ എഴുതാനത് എളുപ്പമായിരിക്കും എന്നാല്‍ പറയുന്നതത്ര ഈസിയല്ല... വിവിധഭാഷാഭേദങ്ങള്‍ സിനിമയിലൂടെ ഏറ്റവും ഫലപ്രദമായി പറഞ്ഞയാളാണദ്ദേഹം.' സാറാ ജോസഫ് വിലയിരുത്തുന്നു.
കുറിക്കുകൊള്ളുന്ന നര്‍മ്മം, സര്‍കാസം കലര്‍ന്ന ജീവിതവീക്ഷണം എന്നിവയൊക്കെ തൃശൂര്‍കാരെയും അവരുടെ ഭാഷയെയും വേറിട്ടതാക്കുന്നു. അതേസമയം ഭാഷ വളരെ ഋജുവാണുതാനും; വളച്ചുകെട്ടലില്ല. ആലങ്കാരികഭാഷയിലവര്‍ വിശ്വസിക്കുകയും ചെയ്യുന്നില്ല. ഭാഷയെ ഏറ്റവും ചുരുക്കി ഉപയോഗിക്കുന്നവരാണ് തൃശൂര്‍കാര്‍; കുന്നംകുളത്തുകാര്‍ പ്രത്യേകിച്ചും. വി കെ എന്‍, ടി ഡി രാമകൃഷ്ണന്‍, ഐപ്പ് പാറമേല്‍ തുടങ്ങി ഈ ഭാഷയുടെ പ്രയോക്താക്കളായ സാഹിത്യകാരന്‍മാരും നിരവധിയാണ്.
തൃശൂരിന്റെ വാമൊഴിചരിതത്തില്‍ കാലം രേഖപ്പെടുത്തുന്ന കഥാപാത്രമാണ് പ്രാഞ്ചി.ചിത്രത്തിന്റെ അവസാനസംഭാഷണമായി പ്രാഞ്ചി പുണ്യാളനോടാവശ്യപ്പെടുന്നതിങ്ങനെയാണ്.
പ്രാഞ്ചി : പുണ്യാളോ... ഞങ്ങളപ്പനും മോനും കൂടെ ഒരു പരീക്ഷ്യഴുതാന്‍ പോവ്വാട്ടോ... ഒരു ആള്‍ ദ ബെസ്റ്റ് പറഞ്ഞേ...
ചിത്രം കാണുന്ന സമസ്തപ്രേക്ഷകരും ഇവിടെ പ്രാഞ്ചിക്ക് ആള്‍ ദി ബസ്റ്റ് പറയുന്നു. കാണികള്‍ക്ക് ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസെന്ന പ്രാഞ്ചിയേട്ടന്‍ എത്രത്തോളം സ്വീകാര്യനായി എന്നതിന് മറ്റു തെളിവുകളുടെ ആവശ്യമില്ല. ഒപ്പം തൃശൂര്‍ഭാഷയുടെ അംബാസഡറായി മാറുന്ന മമ്മൂട്ടിയുടെ അഭിനയത്തികവിന് കരുത്താര്‍ന്ന മറ്റൊരു അഭ്രസാക്ഷ്യവുമാകുന്നു ഈ കഥാപാത്രം .
കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...
ചരിത്രത്തിന്റെ ഏടുകള്‍ ചലച്ചിത്ര കാവ്യങ്ങളായി മാറുക എന്നത് മലയാള സിനിമയെ സംബന്ധിച്ചടത്തോളം പുതിയൊരു കാര്യമല്ല. കേരള ചരിത്രത്തിലെ വീരപുരുഷന്മാരേയും പ്രധാനപ്പെട്ട സംഭവ വികാസങ്ങളേയുമെല്ലാം നാം തിരശ്ശീലയില്‍ കണ്ടു കഴിഞ്ഞു. അതിപ്പോള്‍ കേരള വര്‍മ്മ പഴശ്ശിരാജയില്‍ എത്തി നില്‍ക്കുകയാണ്. ആ ഗണത്തിലേക്കാണ് ഉറുമി എത്തിച്ചേരുന്നത്. നമുക്ക് മുന്നിലെത്തിയ ചരിത്ര സിനിമകളിലെല്ലാം തന്നെ, ചരിത്രത്തിന്റെ നേര്‍ പരിച്ഛേദമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഒരു കാലഘട്ടത്തിലെ ചില സാങ്കല്പിക കഥാപാത്രങ്ങളുടേയും അവരുടെ പോരാട്ട വീര്യത്തിന്റേയും കഥ പറയുകയാണ് ഉറുമിയിലൂടെ. ചരിത്രത്തിനും സാങ്കല്പികതയ്ക്കുമിടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണ് ഉറുമി എന്ന ചിത്രം സഞ്ചരിക്കുന്നത്.
ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, നടന്‍ പൃഥ്വിരാജ്, വ്യവസായി ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന്‍ തുടങ്ങിയ ആഗസ്ത് സിനിമ എന്ന സിനിമാ കമ്പിനിയുടെ ബാനറില്‍, ഇവര്‍ തന്നെ നിര്‍മ്മിച്ച ചിത്രമാണ് ഉറുമി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവന്‍ മലയാളികള്‍ക്കായി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഉറുമി. സാങ്കേതിക വശങ്ങളില്‍ സമീപകാല മലയാള സിനിമയെ പിന്തള്ളുന്ന ഉറുമി, താരനിര കൊണ്ടും സമ്പുഷ്ടമാണ്. പൃഥ്വിരാജിനെ കൂടാതെ, പ്രഭുദേവ, ജനീലിയ ഡിസൂസ, വിദ്യാ ബാലന്‍, ആര്യ, തബു, ജഗതി ശ്രീകുമാര്‍, നിത്യാ മേനോന്‍, അമോല്‍ ഗുപ്ത, ശശി കലിംഗ എന്നിവരും ഈ ചിത്രത്തിലുണ്ട്. ഇവര്‍ക്കൊപ്പം ഗാമയേയും കൂട്ടരേയും അവതരിപ്പിക്കുന്ന ഏതാനും വിദേശ നടന്മാരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടിലാണ് ആദ്യമായി കടലു കടന്ന് വിദേശീയര്‍ മലയാള മണ്ണില്‍ കാലുകുത്തുന്നത്. പോര്‍ച്ചുഗീസുകാരനായ വാസ്കോ ഡ ഗാമയാണ് കാപ്പാട്ട് കപ്പലിറങ്ങിയത്. കേരളത്തിലെ കുരുമുളകടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അനന്തമായ വ്യാപാര സാധ്യതകള്‍ കണ്ട ഗാമ, പോര്‍ച്ചുഗലിലേക്ക് മടങ്ങിയെങ്കിലും, പിന്നീട് 1502-ല്‍ പോര്‍ച്ചുഗല്‍ രാജാവായ മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശാനുസരണം വീണ്ടും കേരളത്തിലെത്തി. എന്നാല്‍ ആ വരവില്‍, മെക്കയില്‍ നിന്നും തീര്‍ത്ഥാടകരുമായി മടങ്ങിയ കപ്പല്‍ ഗാമ ആക്രമിക്കുകയും, അവരെ കൊല്ലുകയും ചെയ്യുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഉറുമിക്കു വേണ്ടിയുള്ള കഥാ സാഹചര്യം ഒരുക്കിയിരിക്കുന്നത്. ആ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരേ ഒരാള്‍ ചിറക്കല്‍ കുത്തുവിളക്കിന്റെ മകന്‍, കേളു നയനാരായിരുന്നു. തന്റെ അച്ഛനെ വധിച്ച ഗാമയുടെ തലയരിയുമെന്ന് പ്രതിജ്ഞയെടുക്കുന്ന കേളു, കപ്പലില്‍ കൊല്ലപ്പെട്ടവര്‍ ബാക്കി വക്കുന്ന സ്വര്‍ണ്ണം കൊണ്ട് ഒരു ഉറുമി തീര്‍ക്കുന്നു. ആ ഉറുമിയുമായി, 1524-ലെ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു. ഒടുവില്‍ ഗാമയെത്തുമ്പോള്‍, ഗാമയുമായുള്ള കേളു നയനാരുടെ പോരാട്ടമാണ് ചിത്രത്തിന്റെ കഥ.
ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ കഥയും, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ കഥയൊരുക്കിയിരിക്കുന്നതില്‍ ശങ്കര്‍ പ്രകടിപ്പിച്ചിരികുന്ന കരവിരുത് ഇതില്‍ പ്രകടമാണ്. ചരിത്രത്തില്‍ നിന്നും ഭാവനയില്‍ മെനഞ്ഞ കഥ ഉറുമിക്കായി കണ്ടെത്തുമ്പോള്‍, അതിലുണ്ടാകാവുന്ന കടമ്പകളെ സമര്‍ത്ഥമായി മറികടക്കാന്‍ ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ചിത്രം ആരംഭിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും, പിന്നെ അതിനെ പതിയെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് പറിച്ചു നടുകയും ചെയ്യുന്ന രീതിയും ആകര്‍ഷകമായി മാറി. പഴുതുകള്‍ നല്‍കാതെ എഴുതിയിരിക്കുന്ന തിരക്കഥ, ചിത്രത്തിന്റെ വാണീജ്യ താല്പര്യങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതാണെന്നു തോന്നുന്നു. കാരണം, വിദ്യാ ബാലനേയും തബുവിനേയും പോലുള്ള അഭിനേതാക്കളെ ചിത്രത്തിലെത്തിച്ചതും, ഈ തിരക്കഥയിലെ ഇത്തരം ഇടപെടലുകളാണ്. തിരക്കഥ മികച്ചു നില്‍ക്കുമ്പോള്‍, അല്പമെങ്കിലും പാളുന്നത് സംഭാഷണങ്ങളാണ്. പല കഥാപാത്രങ്ങളുടേയും സംഭാഷണങ്ങള്‍ ഇടയ്ക്ക് കല്ലുകടി ഉണ്ടാക്കുന്നുണ്ട്. അതു പോലേ അങ്ങിങ്ങായി ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കടന്നു വരുന്നു. പക്ഷേ അതു സ്ഥിരം പാറ്റേണില്‍, തമാശ സൃഷ്ടിക്കുവാനായി ചെയ്തിട്ടുള്ളതല്ല എന്നത് ഒരു വസ്തുതയാണ്.
ശക്തമായ തിരക്കഥയെ പരിപൂര്‍ണ്ണമായി ഉപയോഗിക്കുകയും അതിനെ താന്‍ മനസ്സില്‍ കണ്ട രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യം വളരെ ഭംഗിയായി സന്തോഷ് ശിവനെന്ന സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നു. അതാണ് ഉറുമിയെ ഒരു സന്തോഷ ശിവന്‍ ചിത്രമാക്കി മാറ്റുന്നത്. കഥാപാത്ര നിര്‍ണ്ണയത്തിലും സംവിധായകന്റെ മികവ് വ്യക്തമാണ്. പ്രഭുദേവയും ജനീലിയയുമെല്ലാം, ഉറുമിയിലെത്തിയിരിക്കുന്നത് അതിന്റെ തെളിവാണ്. ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുമ്പോള്‍ എന്നും സംഭവിക്കുന്നതു പോലെ, ചിത്രത്തിനുടനീളം ദൃശ്യ ഭംഗി പകരാന്‍ സന്തോഷ് ശിവനു കഴിയുന്നു. ചിത്രത്തെ ആകര്‍ഷമാക്കുന്നതില്‍ ഈ ഒരു വസ്തുത വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും സന്തോഷ് ശിവന്റെ അശോകയിലെ രംഗങ്ങളുമായി ഉറുമിയിലെ പല രംഗങ്ങള്‍ക്കും ഒരു വിദൂര സാമ്യം തോന്നുന്നുണ്ട്. മനോഹരമായി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ശ്രീകര്‍ പ്രസാദെന്ന ചിത്രസംയോജകനാണ്. ഒരു ഏച്ചുകെട്ടലുമില്ലാതെയാണ് ശ്രീകര്‍ പ്രസാദ് ഉറുമിയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. അമിതമായി എഫക്റ്റുകള്‍ ഉപയോഗിച്ചിട്ടില്ലെന്നത് മാത്രമല്ല, ഉപയോഗിച്ചിരിക്കുന്നവ അതി വിദഗ്ദ്ധമായി ചിത്രത്തോട് കൂട്ടിയിണക്കിയിരിക്കുന്നു. പക്ഷേ അവിടിവിടെയായി ഉപയോഗിച്ചിരിക്കുന്ന സ്ലോമോഷനുകള്‍, അല്പം കൂടുതലായി പോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഉറുമിയുടെ പ്രയോഗങ്ങളുടെ ആകര്‍ഷണം എപ്പോഴും അവ വേഗത്തില്‍ കാണിക്കുമ്പോഴാണ്, ഇതില്‍ അവ പൂര്‍ണ്ണമായും സ്ലോമോഷനിനേക്ക് മാറ്റിയിരിക്കുന്നു. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാമായിരുന്നു.
വന്‍ മുതല്‍ മുടക്കില്‍ ഇത്രയും വലിയ ചിത്രമെടുക്കുമ്പോള്‍, അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീ നടന്മാരെ കണ്ടെത്തുക എന്നത്. ഒരു പക്ഷേ, ഉറുമിയില്‍ ഇതിന് മുഴുവന്‍ മാര്‍ക്കും കൊടുക്കുവാന്‍ കഴിയുന്നു. പ്രധാന കഥാപാത്രമായ കേളു നയനാരെ പൃഥ്വിരാജ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ അവിടിവിടെയായുള്ള മസിലുപിടുത്തം ഒരല്പം ഒഴിവാക്കാമായിരുന്നു. കേളു നയനാരുടെ സന്തത സഹചാരിയായ വവ്വാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ, അഭിനയത്തില്‍ നാമിതുവരെ കാണാത്ത അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം വിളിച്ചറിയിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിലെ സര്‍പ്രൈസ് പാക്കേജ് എന്നത്, ജനീലിയ ഡിസൂസ അവതരിപ്പിച്ച അറയ്ക്കല്‍ ആയിഷ എന്ന കഥാപാത്രമാണ്. ചോക്ലേറ്റ് കഥാപാത്രങ്ങളില്‍ മാത്രം ഇതുവരെ അവരെ കണ്ടിരുന്ന നമ്മെ ഞെട്ടിക്കുന്ന പ്രകടനമാണ് ജനീലിയയുടേത്. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിട്ടുകൂടി, ആയിഷയെ തന്റേടത്തോടെ ഏറ്റടുത്ത്, മികച്ചതാക്കിയതില്‍ ജനീലിയ തീര്‍ച്ചയായുമൊരു കയ്യടി അര്‍ഹിക്കുന്നുണ്ട്. അതു പോലെ മറ്റൊരു മനോഹരമായ പ്രകടനം, ചെഞ്ചേരിക്കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറിന്റേതാണ്. സ്ത്രൈണം കലര്‍ന്ന ആദ്യ വേഷവും, പിന്നീട് പ്രതിനായക രൂപത്തിലേക്കുള്ള ഭാവപകര്‍ച്ചയും അതിമനോഹരമായാണ് ജഗതി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിറയ്ക്കല്‍ ബാലയെ അവതരിപ്പിച്ചിരിക്കുന്ന നിത്യാമേനോനും, ഭാനു വിക്രമനെ അവതരിപ്പിച്ചിരിക്കുന്ന അങ്കുര്‍ ഖന്നയും, ചിറക്കല്‍ രാജാവിനെ അവതരിപ്പിച്ചിരിക്കുന്ന അമോല്‍ ഗുപ്തയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. വാസ്കോ ഡ ഗാമയായി റോബി പ്രാറ്റ്, എസ്താവിയോ ഡ ഗാമയായി അലക്സ് ഒനീല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ചെറുതെങ്കിലും ചിറയ്ക്കല്‍ കൊത്തുവാള്‍ എന്ന കഥാപാത്രത്തെ തമിഴ് നടന്‍ ആര്യയും ഭംഗിയാക്കിയിരിക്കുന്നു. വിദ്യാ ബാലന്‍ രണ്ടു കാലഘട്ടത്തിലെ കഥാപാത്രങ്ങളായി തിരശ്ശീലയിലെത്തുമ്പോള്‍, തബു ഒരു ഗാനത്തില്‍ മാത്രമൊതുങ്ങുന്നു.
ചിത്രത്തിന്റെ മികവുകൂട്ടാന്‍ ഗാനരംഗങ്ങള്‍ സഹായിക്കുമ്പോള്‍, വളരെക്കാലത്തിനു ശേഷം കുറെയധികം നല്ല ഗാനങ്ങളും ഈ ചിത്രത്തിലൂടെ പിറവി കൊണ്ടിട്ടുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്‍, റഫീഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയിരിക്കുന്നത്, സംഗീത സംവിധാനം ദീപക് ദേവ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനം, യേശുദാസും ശ്വേത മോഹനും ചേര്‍ന്നു പാടിയ, “ആരോ നീ ആരോ“ എന്ന ഗാനമാണ്. അതിമനോഹരമായി ഇതു ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജോബ് കുര്യനും, റിതയും ചേര്‍ന്നു പാടിയ “ആരാണെ ആരാണേ” എന്ന ഗാനം ആലാപന ശൈലികൊണ്ടും ചിത്രീകരണം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍, ചിത്രത്തില്‍ ഒരു ഓളം പ്രതീതി നല്‍കാന്‍ ഇതു സഹായിക്കുന്നുണ്ട്. മഞ്ജരി പാടിയ, ”ചിമ്മി ചിമ്മി” എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയപ്പോള്‍, “ചലനം ചലനം”, “അപ്പാ” എന്നീ ഗാനങ്ങള്‍ മനോഹരമായി ആലപിച്ച പുതുശബ്ദം രശ്മി സതീഷും ഏറെ പ്രശംസ പിടിച്ചു പറ്റി. “തെലു തെലെ” എന്ന ഗാനം ആലപിച്ച രഞ്ജി, ആലാപന ശൈലികൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. “വടക്കു വടക്ക്” എന്ന ഗാനം ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. ചിത്രങ്ങളുടെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് ഖാന്‍, മധു ഗോപിനാഥ്, വക്കം സജീവ്, ഉല്ലാസ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. അതിമനോഹരമായി അവരാ ജോലി നിര്‍വഹിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ, ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെടുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്, സൌണ്ട് മിക്സിങ് രാജ് കൃഷ്ണനും. ചിത്രത്തിലുടനീളം ഇവരുടെ മികവ് പ്രകടമാണ്.
ചരിത്രത്തിന്റെ കഥപറയുമ്പോള്‍, ആ കാലഘട്ടത്തിന്റെ വേഷവിധാനങ്ങളും അതിനൊപ്പിച്ചുള്ള കഥാപരിസരവും ആവശ്യമാണ്. മഹാരാഷ്ട്രയിലെ മല്‍ഷേജ ഖട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗവും സെറ്റുകള്‍ നിര്‍മ്മിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സെറ്റുകളൊരുക്കുന്നതില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബുവിന്റെ കരവിരുത് എത്ര അഭിനന്ദിച്ചാലും മതിവരില്ല. അത്ര ഭംഗിയായാണ് ഉറുമിയുടെ കഥാപരിസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിനായി വേഷവിധാനങ്ങള്‍ ഒരുക്കിയ ഏകാ ലഖാനി ഇതിനായി ഒരു നല്ല പഠനം തന്നെ നടത്തിയിട്ടുണ്ടെന്നു വ്യക്തം. കഥാപാത്രങ്ങളെ ഒരുക്കുന്നതില്‍ ചമയം നിര്‍വഹിച്ചിരിക്കുന്ന രഞ്ജിത്ത അമ്പാടി വലിയൊരു പങ്കു വഹിച്ചിരിക്കുന്നു. പലപ്പോഴും ചരിത്ര സിനിമകളില്‍. വേഷവിധാനങ്ങളിലും കഥാപരിസരങ്ങളിലും പ്രകടമായി കണ്ടുവരുന്ന കല്ലുകടി ഉറുമിയില്‍ കാണുന്നില്ല എന്നതു തന്നെ ഈ മൂന്നുപേരുടേയും മികവായി നമുക്ക് കാണാം. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനല്‍ അരശാണ്. കളരിപയറ്റിലെ ചുവടുകളും മറ്റും ഇടകലര്‍ത്തി അതിമനോഹരമായാണ് അനല്‍ ഉറുമിയുടെ സംഘട്ടനങ്ങള്‍ ചെയ്തിട്ടുള്ളത്. സാധാരണ നാം കാണുന്ന ട്രപ്പീസുകളി ഇതില്‍ ഇല്ല എന്നു തന്നെ പറയാം. അനല്‍ അരശിനൊപ്പം അഭിനന്ദിക്കപ്പെടേണ്ടത്, ചെറു സമയത്തിനുള്ളില്‍, കളരിപയറ്റും ഉറുമിപ്രയോഗവും പഠിച്ച് ഇതില്‍ അവതരിപ്പിച്ച ഇതിലെ, ജനീലിയ, പ്രഭുദേവ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളേയാണ്. അവരുടെ ആത്മാര്‍ത്ഥമായ ശ്രമവും, സംഘട്ടന രംഗങ്ങള്‍ക്ക് മിഴിവു പകരാന്‍ സഹായിച്ചു എന്നു വേണം കരുതാന്‍.
ചരിത്ര സിനിമകള്‍ പലതു കണ്ട മലയാളികള്‍ക്ക് ഉറുമി വേറിട്ടൊരു ദൃശ്യാനുഭവമായിരിക്കും. ഒരു താരത്തിന്റെ സിനിമ എന്നതിനപ്പുറം, ഒരു കൂട്ടം വ്യക്തികളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഉറുമി നമുക്ക് മുന്നിലെത്തുന്നത്. ഒരു സിനിമയെന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും അവരുടെ കണ്ടുപഴകിയ നമ്പറുകളുമാണെന്നു വിശ്വസിക്കുന്നവരുടെ കണ്ണു തുറപ്പിക്കുവാനുതകുന്ന ചിത്രമാണ് ‘ഉറുമി’. ഒരു ചിത്രത്തിലെ എല്ലാ വിഭാഗവും ഇത്രയുമധികം ഒരു ചിത്രത്തിനായി സംഭാവനകള്‍ നല്‍കുന്ന മലയാള സിനിമകള്‍ അത്യപൂര്‍വ്വമാണ്. ആ ശ്രേണിയിലേക്കാണ് ഉറുമി വന്നു ചേര്‍ന്നിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ നിന്നും നിര്‍മ്മിക്കാന്‍ കഴിയുമെന്നും, അങ്ങനെയുള്ളവ മലയാളി പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുമുള്ള ഒരു സന്ദേശം ഈ ചിത്രം നമുക്ക് തരുന്നുണ്ട്. ഉറുമി പോലെയുള്ള ചിത്രങ്ങള്‍ നമുക്കിന്ന് അനിവാര്യമാണ്. മലയാള സിനിമയെ ഗ്ലോബലാക്കാനുള്ള ശ്രമത്തിന്റെ ആദ്യ കാല്‍വയ്പാണിത്. ഇത്തരമൊരു സിനിമ മലയാളികള്‍ക്ക് സമ്മാനിച്ച ഇതിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം പൂച്ചെണ്ടുകള്‍.
എന്റെ റേറ്റിങ് : 8.5/10
വാല്‍ക്കഷണം : ഉറുമി ഇറങ്ങിയ അന്നുമുതല്‍, ബ്ലോഗുകള്‍, ചലച്ചിത്ര ഫോറങ്ങള്‍, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍ എന്നിവ വഴി ഇതിനെതിരെ നിരന്തരമായി നെഗറ്റീവ് കമന്റുകള്‍ പറഞ്ഞു നടക്കുന്ന ഒരു കൂട്ടം യൂണിവേഴ്സല്‍ താര ഫാന്‍സിനോട് ഒരേ ഒരു ചോദ്യം. “ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?”
മമ്മൂട്ടിയെ നായകനാക്കി 1988-ല്‍ സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു ആഗസ്ത് 1. കെ.ജി.ആര്‍ എന്ന മുഖ്യമന്ത്രിയ വധിക്കാനിറങ്ങിത്തിരിച്ച ഒരു കൊലയാളിയുടെയും, അയാളെ എങ്ങനെയും ആ ഉദ്യമത്തില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന സി.ബി സിഐഡി ഓഫീസര്‍ ഡി.വൈ.എസ്.പി പെരുമാളിന്റേയും കഥയായിരുന്നു ആ ചിത്രം. ഹോളിവുഡ് ചിത്രമായ The Day of the Jackal-നെ ആധാരമാക്കി എസ്. എന്‍ സ്വാമിയായിരുന്നു ആ ചിത്രത്തിന്റെ കഥയൊരുക്കിയത്. മമ്മൂട്ടി-എസ് എന്‍ സ്വാമി കൂട്ടുകെട്ടിന്റെ വന്‍ വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു ആഗസ്ത് 1. അതേ കൂട്ടുകെട്ട് വീണ്ടും വരുകയാണ് ആഗസ്ത് 15-ലൂടെ. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എം.മണിയാണ്.
ആഗസ്ത് 1 ല്‍ അഭിനയിച്ചവരില്‍ മമ്മൂട്ടിയെ കൂടാതെ, ജഗതി ശ്രീകുമാര്‍ മാത്രമാണ് ആഗസ്ത് 15 ലുള്ളത്, അതും വ്യത്യസ്തമായ ഒരു കഥാപാത്രമായി. പെരുമാളിനും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി പെരുമാള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാള്‍ ഐ.പി.എസ്സാണ്. നെടുമുടി വേണു, സായി കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സിദ്ധിഖ്, മേഘ്ന രാജ്, ശ്വേതാ മേനോന്‍, ലാലു അലക്സ, തലൈവാസല്‍ വിജയ്, മധു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വലുതും ചെറുതുമായി ഒട്ടനവധി താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
മുഖ്യമന്ത്രിക്ക് ഹൃദയാഘാതമുണ്ടാകുകയും, പിന്നീടത് ഒരു കൊലപാതക ശ്രമത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ആഗസ്ത് 15 ന്റെ കഥ ആരംഭിക്കുന്നത്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഓഫീസറായ പെരുമാളിനെ ചുമതലപ്പെടുത്തുന്നു. തന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ വീണ്ടും പെരുമാളിന് മുഖ്യമന്ത്രിയെ മറ്റൊരു കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷിക്കേണ്ടി വരുന്നു. ഒടുവില്‍, ആ കൊലപാതകിയെ പെരുമാള്‍ കണ്ടെത്തി വധിക്കുന്നു. ഒപ്പം കൊലപാതകിക്കു പിറകിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യുന്നു. അതാണ് ആഗസ്ത് 15ന്റെ രത്ന ചുരുക്കം.
ഒരു എസ്.എന്‍ സ്വാമി തിരക്കഥയില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റുകള്‍, നാം പ്രതീക്ഷിക്കാത്തവര്‍ വില്ലന്മാരാകുക തുടങ്ങി പുള്ളിയുടെ സ്ഥിരം നമ്പറുകളെല്ലാം ഈ ചിത്രത്തിലുണ്ട്. എന്നാല്‍ അവയ്ക്കൊന്നും പ്രേക്ഷകരെ തീയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു പഞ്ച് നല്‍കാന്‍ കഴിയുന്നില്ല എന്നതാണ്. വെറുതെ ഒരു കഥ പറഞ്ഞു പോകുന്നു എന്നല്ലാതെ, ഒരു പിരിമുറുക്കമോ ത്രില്ലിങ് അനുഭവമോ പ്രേക്ഷകനു സമ്മാനിക്കാന്‍ എസ്.എന്‍ സ്വാമിയുടെ തിരക്കഥയ്ക്ക് കഴിയാതെ പോകുന്നു. ആകെ ഒരു ആശ്വാസം, സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന “അമാനുഷികമായ” അന്വേഷണമല്ല ഈ ചിത്രത്തിലേതെന്നതാണ്. ദുര്‍ബലമായ തിരക്കഥയില്‍, തന്നെക്കൊണ്ട് പറ്റാവുന്ന വിധം ചില കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഷാജി കൈലാസ് ചെയ്തിരിക്കുന്ന കാര്യം. അധികം ക്യാമറാ ട്രിക്കുകളൊ, ഫ്രേംസിനെ മാറ്റി മറിച്ചുള്ള പരീക്ഷണങ്ങളോ ചെയ്യാത്തത് കാണുന്നവര്‍ക്ക് ഒരു അനുഗ്രഹമായി മാറി എന്നു വേണം പറയാന്‍. പിന്നെ അനാവശ്യമായി ഗാനങ്ങളോ, സ്ഥിരം കോമഡി തൊഴിലാളികളായ സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് ഇത്യാദികളെ ഉള്‍പ്പെടുത്താതിനും നമുക്ക് ഷാജി കൈലാസിനോട് നന്ദി പറയാം.
പഴയ പെരുമാളിലേക്ക് തിരിച്ചു പോകാന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമം മമ്മൂട്ടിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു ചില ഭാഗങ്ങള്‍ കാണുമ്പോള്‍ നമുക്ക് മനസ്സിലാകും, പക്ഷേ ചിലപ്പോള്‍, ഒരു അനാവശ്യ മസിലുപിടുത്തം അവിടിവിടെയായി ഇല്ലേ എന്നൊരു സംശയം ചിത്രം കണ്ടിറങ്ങുമ്പോള്‍ നമുക്ക് തോന്നും. സമര്‍ത്ഥനും ബുദ്ധിമാനും എന്നൊക്കെ പറഞ്ഞ് പെരുമാളിനെ പരിചയപ്പെടുത്തുമെങ്കിലും, അതും കാണിക്കാനുള്ള അവസരം തിരക്കഥ നല്‍കാത്തതോടെ അങ്ങനെയും മമ്മൂട്ടിക്ക് തിളങ്ങാനാവാതെ പോകുന്നു. ഒട്ടേറെ താരങ്ങള്‍ സിനിമയിലുണ്ടെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍, ജഗതിയുടെ അരവിന്ദാക്ഷന്‍, ലാലു അലക്സിന്റെ പീറ്റര്‍ സഖറിയ എന്നിവയാണ്. ഒരു പക്ഷേ ഈ സിനിമയില്‍ നന്നായി അഭിനയിച്ചിരിക്കുന്നതും ഇവര്‍ രണ്ടു പേരുമാണ്. നായിക എന്നു പറഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന മേഘ്ന രാജിന് ഒരു അതിഥി വേഷത്തിന്റെ പ്രാധാന്യം പോലുമില്ല. കൊലയാളിയായി എത്തുന്ന സിദ്ധിഖ് തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ തന്റെ സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ സിദ്ധിഖിനും കഴിഞ്ഞിട്ടില്ല. സായികുമാറും, നെടുമുടിയും പാര്‍ട്ടി സെക്രട്ടറിയുടേതും മുഖമന്തിയുടേയും റോളുകള്‍ നന്നയി കൈകാര്യം ചെയ്തിട്ടുണ്ട്.
സാങ്കേതിക വിഭാഗത്തിനും വലിയ മേന്മയൊന്നും പറയാനില്ലാത്ത ചിത്രമാണ് ആഗസ്ത് 15. പ്രദീപ് നായരുടെ ഛായാഗ്രണം ശരാശരിയിലൊതുങ്ങുമ്പോള്‍, ആകെയുള്ള ആശ്വാസം ക്യാമറ കൊണ്ടുള്ള സര്‍ക്കസുകള്‍ ഒഴിവാക്കി എന്നതാണ്. അതു പോലെ കവടിയാര്‍ റോഡിലൂടെ പെരുമാള്‍ ബുള്ളറ്റില്‍ വരുന്ന രംഗങ്ങള്‍ നന്നായി പകര്‍ത്തിയിട്ടുമുണ്ട്. എല്‍.ഭൂമിനാഥന്‍ നടത്തിയിരിക്കുന്ന ചിത്രസംയോജനം ഒരു പരിധി വരെ ചിത്രത്തെ സഹായിച്ചിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ ഷാജി കൈലാസ് ചിത്രത്തില്‍ ഇഫക്റ്റുകളുടെ ഉപയോഗം നന്നേ കുറവാണ്. സമയ പരിമിതി മൂലം പുള്ളിക്കാരന്‍ അതു മറന്നു പോയതാണോ എന്നൊരു സംശയമില്ലാതില്ല. പളനി രാജിന്റെ ആക്ഷന്‍ രംഗങ്ങള്‍ പലതും നാം ഇതിനു മുന്നെ കണ്ടു മറന്നവ തന്നെ. ആഗസ്ത് 1 ന്റെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ആധുനികവത്കരിച്ച് ഈ ചിത്രത്തിലുണ്ട്. അത് മോശമല്ല എന്നു പറയാം.
ആഗസ്ത് 1 കണ്ട് പെരുമാളിനെ ഇഷ്ടപ്പെട്ട് ആഗസ്ത് 15 കാണുവാന്‍ പോയാല്‍ കടുത്ത നിരാശയാകും ഫലം. കാരണം ആഗസ്ത് 1 നെ അടുത്തെങ്ങുമെത്താന്‍ ആഗസ്ത് 15ന് കഴിയുന്നില്ല. എസ്.എന്‍ സ്വാമിയുടേയും ഷാജി കൈലാസിന്റേയും അക്കൌണ്ടിലേക്ക് മറ്റൊരു പരാജയം കൂടി. തുടര്‍ച്ചയായി ഒരേ ഫോര്‍മുല തന്നെ പരീക്ഷിച്ച പരാജയപ്പെടുന്ന ഇവരെ മാറ്റി നിര്‍ത്തുവാന്‍ നിര്‍മ്മാതാക്കള്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. വെറുതെ രണ്ടു മണിക്കൂര്‍ ടൈം പാസിനായി ഈ ചിത്രം കാണാം, ഒരു പക്ഷേ ആകെയുള്ള advantage, ഇതു നിങ്ങളെ കൊല്ലാകൊല ചെയ്യില്ല എന്നതു മാത്രമായിരിക്കും...
എന്റെ റേറ്റിങ് : 2.0/10
വാല്‍ക്കഷണം: പടം പൊട്ടിയതോടെ മമ്മൂട്ടി ഫാന്‍സ് വന്‍ ഹാപ്പി. കഴിഞ്ഞ വര്‍ഷം ആദ്യമിറങ്ങിയ മമ്മൂട്ടി ചിത്രം ഷാജി കൈലാസിന്റെ ദ്രോണ 2010 ആയിരുന്നു. അതു എട്ടു നിലയില്‍ പൊട്ടിയെങ്കിലും, പിന്നീട് ആ വര്‍ഷം മമ്മൂട്ടിയുടേതായിരുന്നു. പ്രാഞ്ചിയേട്ടനും, കുട്ടിസ്രാങ്കും, ബെസ്റ്റ് ആക്ടറുമെല്ലാം ജനങ്ങള്‍ സ്വീകരിച്ചു. ഫാന്‍സിപ്പോള്‍ മനസ്സു കൊണ്ട് ഷാജി കൈലാസിനു നന്ദി പറയുകയാണ് !!!