Sunday, April 3, 2011

ആഗസ്ത് 15 (August 15)

മമ്മൂട്ടിയെ നായകനാക്കി 1988-ല്‍ സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു ആഗസ്ത് 1. കെ.ജി.ആര്‍ എന്ന മുഖ്യമന്ത്രിയ വധിക്കാനിറങ്ങിത്തിരിച്ച ഒരു കൊലയാളിയുടെയും, അയാളെ എങ്ങനെയും ആ ഉദ്യമത്തില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന സി.ബി സിഐഡി ഓഫീസര്‍ ഡി.വൈ.എസ്.പി പെരുമാളിന്റേയും കഥയായിരുന്നു ആ ചിത്രം. ഹോളിവുഡ് ചിത്രമായ The Day of the Jackal-നെ ആധാരമാക്കി എസ്. എന്‍ സ്വാമിയായിരുന്നു ആ ചിത്രത്തിന്റെ കഥയൊരുക്കിയത്. മമ്മൂട്ടി-എസ് എന്‍ സ്വാമി കൂട്ടുകെട്ടിന്റെ വന്‍ വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു ആഗസ്ത് 1. അതേ കൂട്ടുകെട്ട് വീണ്ടും വരുകയാണ് ആഗസ്ത് 15-ലൂടെ. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എം.മണിയാണ്.

ആഗസ്ത് 1 ല്‍ അഭിനയിച്ചവരില്‍ മമ്മൂട്ടിയെ കൂടാതെ, ജഗതി ശ്രീകുമാര്‍ മാത്രമാണ് ആഗസ്ത് 15 ലുള്ളത്, അതും വ്യത്യസ്തമായ ഒരു കഥാപാത്രമായി. പെരുമാളിനും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി പെരുമാള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാള്‍ ഐ.പി.എസ്സാണ്. നെടുമുടി വേണു, സായി കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സിദ്ധിഖ്, മേഘ്ന രാജ്, ശ്വേതാ മേനോന്‍, ലാലു അലക്സ, തലൈവാസല്‍ വിജയ്, മധു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വലുതും ചെറുതുമായി ഒട്ടനവധി താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

മുഖ്യമന്ത്രിക്ക് ഹൃദയാഘാതമുണ്ടാകുകയും, പിന്നീടത് ഒരു കൊലപാതക ശ്രമത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ആഗസ്ത് 15 ന്റെ കഥ ആരംഭിക്കുന്നത്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഓഫീസറായ പെരുമാളിനെ ചുമതലപ്പെടുത്തുന്നു. തന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ വീണ്ടും പെരുമാളിന് മുഖ്യമന്ത്രിയെ മറ്റൊരു കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷിക്കേണ്ടി വരുന്നു. ഒടുവില്‍, ആ കൊലപാതകിയെ പെരുമാള്‍ കണ്ടെത്തി വധിക്കുന്നു. ഒപ്പം കൊലപാതകിക്കു പിറകിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യുന്നു. അതാണ് ആഗസ്ത് 15ന്റെ രത്ന ചുരുക്കം.

ഒരു എസ്.എന്‍ സ്വാമി തിരക്കഥയില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റുകള്‍, നാം പ്രതീക്ഷിക്കാത്തവര്‍ വില്ലന്മാരാകുക തുടങ്ങി പുള്ളിയുടെ സ്ഥിരം നമ്പറുകളെല്ലാം ഈ ചിത്രത്തിലുണ്ട്. എന്നാല്‍ അവയ്ക്കൊന്നും പ്രേക്ഷകരെ തീയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു പഞ്ച് നല്‍കാന്‍ കഴിയുന്നില്ല എന്നതാണ്. വെറുതെ ഒരു കഥ പറഞ്ഞു പോകുന്നു എന്നല്ലാതെ, ഒരു പിരിമുറുക്കമോ ത്രില്ലിങ് അനുഭവമോ പ്രേക്ഷകനു സമ്മാനിക്കാന്‍ എസ്.എന്‍ സ്വാമിയുടെ തിരക്കഥയ്ക്ക് കഴിയാതെ പോകുന്നു. ആകെ ഒരു ആശ്വാസം, സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന “അമാനുഷികമായ” അന്വേഷണമല്ല ഈ ചിത്രത്തിലേതെന്നതാണ്. ദുര്‍ബലമായ തിരക്കഥയില്‍, തന്നെക്കൊണ്ട് പറ്റാവുന്ന വിധം ചില കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഷാജി കൈലാസ് ചെയ്തിരിക്കുന്ന കാര്യം. അധികം ക്യാമറാ ട്രിക്കുകളൊ, ഫ്രേംസിനെ മാറ്റി മറിച്ചുള്ള പരീക്ഷണങ്ങളോ ചെയ്യാത്തത് കാണുന്നവര്‍ക്ക് ഒരു അനുഗ്രഹമായി മാറി എന്നു വേണം പറയാന്‍. പിന്നെ അനാവശ്യമായി  ഗാനങ്ങളോ, സ്ഥിരം കോമഡി തൊഴിലാളികളായ സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് ഇത്യാദികളെ ഉള്‍പ്പെടുത്താതിനും നമുക്ക് ഷാജി കൈലാസിനോട് നന്ദി പറയാം.

പഴയ പെരുമാളിലേക്ക് തിരിച്ചു പോകാന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമം മമ്മൂട്ടിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു ചില ഭാഗങ്ങള്‍ കാണുമ്പോള്‍ നമുക്ക് മനസ്സിലാകും, പക്ഷേ ചിലപ്പോള്‍, ഒരു അനാവശ്യ മസിലുപിടുത്തം അവിടിവിടെയായി ഇല്ലേ എന്നൊരു സംശയം ചിത്രം കണ്ടിറങ്ങുമ്പോള്‍ നമുക്ക് തോന്നും. സമര്‍ത്ഥനും ബുദ്ധിമാനും എന്നൊക്കെ പറഞ്ഞ് പെരുമാളിനെ പരിചയപ്പെടുത്തുമെങ്കിലും, അതും കാണിക്കാനുള്ള അവസരം തിരക്കഥ നല്‍കാത്തതോടെ അങ്ങനെയും മമ്മൂട്ടിക്ക് തിളങ്ങാനാവാതെ പോകുന്നു. ഒട്ടേറെ താരങ്ങള്‍ സിനിമയിലുണ്ടെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍, ജഗതിയുടെ അരവിന്ദാക്ഷന്‍, ലാലു അലക്സിന്റെ പീറ്റര്‍ സഖറിയ എന്നിവയാണ്. ഒരു പക്ഷേ ഈ സിനിമയില്‍ നന്നായി അഭിനയിച്ചിരിക്കുന്നതും ഇവര്‍ രണ്ടു പേരുമാണ്. നായിക എന്നു പറഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന മേഘ്ന രാജിന് ഒരു അതിഥി വേഷത്തിന്റെ പ്രാധാന്യം പോലുമില്ല. കൊലയാളിയായി എത്തുന്ന സിദ്ധിഖ് തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ തന്റെ സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ സിദ്ധിഖിനും കഴിഞ്ഞിട്ടില്ല. സായികുമാറും, നെടുമുടിയും പാര്‍ട്ടി സെക്രട്ടറിയുടേതും മുഖമന്തിയുടേയും റോളുകള്‍ നന്നയി കൈകാര്യം ചെയ്തിട്ടുണ്ട്.

സാങ്കേതിക വിഭാഗത്തിനും വലിയ മേന്മയൊന്നും പറയാനില്ലാത്ത ചിത്രമാണ് ആഗസ്ത് 15. പ്രദീപ് നായരുടെ ഛായാഗ്രണം ശരാശരിയിലൊതുങ്ങുമ്പോള്‍, ആകെയുള്ള ആശ്വാസം ക്യാമറ കൊണ്ടുള്ള സര്‍ക്കസുകള്‍ ഒഴിവാക്കി എന്നതാണ്. അതു പോലെ കവടിയാര്‍ റോഡിലൂടെ പെരുമാള്‍ ബുള്ളറ്റില്‍ വരുന്ന രംഗങ്ങള്‍ നന്നായി പകര്‍ത്തിയിട്ടുമുണ്ട്. എല്‍.ഭൂമിനാഥന്‍ നടത്തിയിരിക്കുന്ന ചിത്രസംയോജനം ഒരു പരിധി വരെ ചിത്രത്തെ സഹായിച്ചിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ ഷാജി കൈലാസ് ചിത്രത്തില്‍ ഇഫക്റ്റുകളുടെ ഉപയോഗം നന്നേ കുറവാണ്. സമയ പരിമിതി മൂലം പുള്ളിക്കാരന്‍ അതു മറന്നു പോയതാണോ എന്നൊരു സംശയമില്ലാതില്ല. പളനി രാജിന്റെ ആക്ഷന്‍ രംഗങ്ങള്‍ പലതും നാം ഇതിനു മുന്നെ കണ്ടു മറന്നവ തന്നെ. ആഗസ്ത് 1 ന്റെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ആധുനികവത്കരിച്ച് ഈ ചിത്രത്തിലുണ്ട്. അത് മോശമല്ല എന്നു പറയാം.

ആഗസ്ത് 1 കണ്ട് പെരുമാളിനെ ഇഷ്ടപ്പെട്ട് ആഗസ്ത് 15 കാണുവാന്‍ പോയാല്‍ കടുത്ത നിരാശയാകും ഫലം. കാരണം ആഗസ്ത് 1 നെ അടുത്തെങ്ങുമെത്താന്‍ ആഗസ്ത് 15ന് കഴിയുന്നില്ല. എസ്.എന്‍ സ്വാമിയുടേയും ഷാജി കൈലാസിന്റേയും അക്കൌണ്ടിലേക്ക് മറ്റൊരു പരാജയം കൂടി. തുടര്‍ച്ചയായി ഒരേ ഫോര്‍മുല തന്നെ പരീക്ഷിച്ച പരാജയപ്പെടുന്ന ഇവരെ മാറ്റി നിര്‍ത്തുവാന്‍ നിര്‍മ്മാതാക്കള്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. വെറുതെ രണ്ടു മണിക്കൂര്‍ ടൈം പാസിനായി ഈ ചിത്രം കാണാം, ഒരു പക്ഷേ ആകെയുള്ള advantage, ഇതു നിങ്ങളെ കൊല്ലാകൊല ചെയ്യില്ല എന്നതു മാത്രമായിരിക്കും... 


എന്റെ റേറ്റിങ് : 2.0/10


വാല്‍ക്കഷണം: പടം പൊട്ടിയതോടെ മമ്മൂട്ടി ഫാന്‍സ് വന്‍ ഹാപ്പി. കഴിഞ്ഞ വര്‍ഷം ആദ്യമിറങ്ങിയ മമ്മൂട്ടി ചിത്രം ഷാജി കൈലാസിന്റെ ദ്രോണ 2010 ആയിരുന്നു. അതു എട്ടു നിലയില്‍ പൊട്ടിയെങ്കിലും, പിന്നീട് ആ വര്‍ഷം മമ്മൂട്ടിയുടേതായിരുന്നു. പ്രാഞ്ചിയേട്ടനും, കുട്ടിസ്രാങ്കും, ബെസ്റ്റ് ആക്ടറുമെല്ലാം ജനങ്ങള്‍ സ്വീകരിച്ചു. ഫാന്‍സിപ്പോള്‍ മനസ്സു കൊണ്ട് ഷാജി കൈലാസിനു നന്ദി പറയുകയാണ് !!!

1 comment:

  1. Totally agree with u on this..I thot of getting out of the movie hall in the second half since it was so dragging :)
    The only thing worth the rating atleast is Shaji Kailas and ofcourse the climax.
    Am waiting to watch Urumi over the weekend

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.