Monday, April 30, 2012

മാസ്റ്റേഴ്സ് (Masters)


മലയാള ചലച്ചിത്ര രംഗത്ത്‌ യാതൊരു ലോജിക്കുമില്ലാത്ത തട്ടുപൊളിപ്പന്‍ ചിത്രങ്ങളുടെ സംവിധായകരില്‍ പ്രമുഖനാണ് ജോണി ആന്റണി.  ആദ്യ ചിത്രം മുതല്‍ ആളുകളെ ചിരിപ്പിക്കുക എന്നതിലുപരി മറ്റൊന്നും നല്‍കാനില്ലാത്ത ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്  വ്യക്തമായ കാര്യമാണ്. എന്നാല്‍ മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹം എത്തുമ്പോള്‍, നമുക്കായി അദ്ദേഹമൊരുക്കുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്. സ്ഥിരം തമാശ ചിത്രങ്ങളില്‍ നിന്നും വഴി മാറി, ഒരു പോലീസ് ത്രില്ലറാണ്  മാസ്റ്റേഴ്സ്.  പ്രിഥ്വിരാജും തമിഴകത്തെ സംവിധായകനും നടനുമായ ശശികുമാറും പ്രധാന കഥാപാത്രങ്ങളില്‍ വരുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു നീണ്ട താര നിര തന്നെയുണ്ട്‌. സിന്‍സിയര്‍ സിനിമക്ക് വേണ്ടി ശരത്ചന്ദ്രന്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജിനു എബ്രഹാമാണ്. നാം ഇന്ന് വരെ കണ്ടു വന്ന പോലീസ് ത്രില്ലര്‍ ജനുസിലുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് മാസ്റ്റേഴ്സ്. 

രണ്ടു കാറുകള്‍ കത്തിയെരിഞ്ഞ്‌ വ്യവസായ പ്രമുഖന്‍ ബാലഗംഗാധാരനും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ദക്ഷയും കൊല്ലപ്പെടുന്നു. കോട്ടയം എ.എസ്.പി-യായ ശ്രീരാമകൃഷ്ണന്‍ അന്വേഷണം ഏറ്റെടുത്ത ഉടനെ തന്നെ മറ്റു രണ്ടു കൊലപാതകങ്ങളും സംഭവിക്കുന്നു. രണ്ടു സംഭവങ്ങളിലും ശ്രീരാമകൃഷ്ണന്‍ കാണുന്ന സാദൃശ്യത അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ മുന്നോട്ടുള്ള പ്രയാണം ശ്രമകരമാകുന്നു. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ മിലാന്‍ പോലും അന്വേഷണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നു. പിന്നീട് ഈ മരണങ്ങള്‍ക്ക് പിന്നെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ശ്രീരാമകൃഷ്ണന്‍. ഉദ്ദ്വേഗഭരിതമായ അന്വേഷണമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.

ഒരു നവാഗതന്‍റെ പരിഭ്രമം ഇല്ലാതെയാണ് ജിനു എബ്രഹാം ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ ഉണ്ട് എന്ന് മാത്രമല്ല, പതിവ് ശൈലിയില്‍ നിന്നും അല്പം മാറി നടക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പല പോലീസ് ചിത്രങ്ങളിലും കാണുന്ന സ്ഥിരം ക്ലീഷേ സന്ദര്‍ഭങ്ങള്‍ ഒരു പരിധി വരെ ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.  അല്പം വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍ നമ്മുടെ കേരള സമൂഹത്തിനെതിരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ ചിത്രത്തിന്‍റെ കാതല്‍. നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളും അതിന്റെ ഇരകളുടെയും ജീവിതം പലപ്പോഴും സിനിമകളിലൂടെ നാം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങളാണ്, ലാല്‍ ജോസ്ന്റെ അച്ഛനുറങ്ങാത്ത വീട് അതിനൊരു അപവാദമായി പറയാം. അത്തരമൊരു വിഷയത്തെ കൊലപാതകങ്ങളുമായി ബന്ധിപ്പിച്ചാണ് ജിനു ഇതിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു കച്ചവട സിനിമക്ക് വേണ്ട ചേരുവകളും ഇതില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ സംതൃപ്തരാക്കാനുള്ള ജിനുവിന്റെ ശ്രമം പാഴായില്ല എന്നാണു ചിത്രം നമുക്ക് തരുന്ന സന്ദേശം. സംഭാഷണങ്ങളിലെ മിതത്വവും, പാത്രസൃഷ്ടിയിലെ മികവും എടുത്തു പറയേണ്ടതാണ്.

പോലീസ് ത്രില്ലറുകള്‍ മലയാളിക്ക് പുതുമയല്ല. മികച്ച പോലീസ് സിനിമകള്‍ കണ്ട മലയാളികളുടെ മുന്നിലേക്ക്‌ ഒരു പോലീസ് ചിത്രം വയ്ക്കുമ്പോള്‍, അതില്‍ എന്തെങ്കിലും വ്യത്യസ്ത ഉണ്ടാവണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയാവണം ജോണി ആന്റണി ഈ ചിത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ ഭൂതകാലത്തില്‍, തമാശ ചിത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്ത സംവിധായകന്‍, അതില്‍ നിന്നും വ്യത്യതമായി നല്ല കയ്യടക്കതോടെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തെ ഒരു കച്ചവട സിനിമകൂടിയായി കാണുന്നു എന്നത് വ്യകതാമാകുന്നത്, ആ ശ്രമത്തിനിടയില്‍ പലപ്പോഴും ആ കയ്യടക്കം നഷ്ടമാകുന്നത് കാണുമ്പോഴാണ്. വളരെ പതിയെ പറഞ്ഞു തുടങ്ങി, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, പിന്നീട് വേഗത കൂടി അതിന്‍റെ പരിസമാപ്തിയില്‍  എത്തുകയാണ് ചിത്രം. പിഴവുകള്‍ അവിടിവിടെയായി കാണാമെങ്കിലും, പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാന്‍ ജോണി ആന്റണിക്ക് കഴിയുന്നു.

അഭിനയത്തില്‍ പ്രിഥ്വിരാജ് തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കിയിരിക്കുന്നു. മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപിച്ച ശശികുമാറിനെ ഡബ്ബിംഗ് ചതിച്ചു. അതൊരു കല്ലുകടിയായി മാറുന്നുവെങ്കിലും, ഭംഗിയായി തന്നെ അദ്ദേഹം തന്‍റെ ആദ്യത്തെ മലയാള കഥാപാത്രത്തെ അവതരിപ്പിച്ചു. നായികമാരായ പയ്യ ബാജ്പൈ, അനന്യ എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യുവാനില്ല ചിത്രത്തില്‍. ഒരു പരിധി വരെ അവരും വന്നു പോകുന്ന കഥാപാത്രങ്ങളായി മാറുന്നു.  സിദ്ദിഖ്, ബിജു മേനോന്‍, ഷമ്മി തിലകന്‍, സലിം കുമാര്‍, മുകേഷ്, ഗീത, മിത്ര കുര്യന്‍, കാതല്‍ സന്ധ്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗം നമുക്ക് പ്രതീക്ഷ തരുന്നു. മധു നീലകണ്ടന്റെ  ചായാഗ്രഹണം മികച്ച നിലവാരം പുലര്‍ത്തുമ്പോള്‍, കെവിന്‍ തോമസിന്റെ ചിത്ര സന്നിവേശം ചിത്രത്തിന് വേഗത പകരുവാന്‍ സഹായിച്ചിരിക്കുന്നു. ചിത്രത്തിനായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്, ഒരു പക്ഷെ ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം പശ്ചാത്തല സംഗീതമാണ്. ഷിബു ചക്രകര്‍ത്തി വരികളെഴുതി ഗോപി സുന്ദറൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന് ബാധ്യതയാണ് എന്ന് പറയാതെ വയ്യ. 

 മലയാളത്തിലെ മികച്ച പോലീസ് ത്രില്ലരുകളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമൊന്നുമല്ല മാസ്റ്റേഴ്സ്, ക്ലൈമാക്സ് ഒഴികെ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക്‌ ബാധ്യതയാകുന്നില്ല. എന്നാല്‍ ക്ലൈമാക്സ് എല്ലാവര്ക്കും ദഹിച്ചുവെന്നു വരില്ല. എന്നാല്‍ പതിവ് വഴികളില്‍ നിന്ന് മാറി നടന്നു ഒരുക്കിയിക്കുന്ന ഒരു മികച്ച ചിത്രം തന്നെയാണിത്. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വേണ്ട വേഗതയും പിരിമുരുക്കവുമെല്ലാം, ഈ ചിത്രം  പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നു.ഒരിക്കലും ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല...

എന്‍റെ റേറ്റിംഗ് :  3.5/5.0

Sunday, April 15, 2012

ഓര്‍ഡിനറി (Ordinary)


'ഓര്‍ഡിനറി' എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന രൂപം നമ്മുടെ ആനവണ്ടിയുടെതാവും. ആ ആനവണ്ടിയും ഒരു പ്രധാന കഥാപാത്രമാകുന്ന ഒരു കഥ പറയുകയാണ്‌, നവാഗത സംവിധായകന്‍ സുഗീത് ഈ ചിത്രത്തിലൂടെ. സംവിധായകന്‍റെ കഥക്ക് തിരനാടകവും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ - മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍,  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ശ്രീത ശിവദാസ്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കാടിനകത്തുള്ള ഗവി എന്ന ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസും, ജീവനക്കാരും, അതില്‍ ദിവസേന യാത്ര ചെയ്യുന്ന ഗ്രാമവാസികളുമാണ് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആ ബസ്സിന്‍റെ കണ്ടക്ടറായി ഇരവിക്കുട്ടന്‍ പിള്ള എന്ന ഇ രവി (കുഞ്ചാക്കോ ബോബന്‍) എത്തുന്നു. ബസ്സിന്‍റെ ഡ്രൈവറായ പാലക്കാടന്‍ സുകുവിനൊപ്പം (ബിജു മേനോന്‍) ഗവിയിലെത്തുന്ന ഇരവി പതിയെ ഗവിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയും, ഗ്രാമവാസികളുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അതിനിടെ അവിടെ വച്ച് കണ്ടു മുട്ടുന്ന കല്യാണിയെ (ശ്രീത ശിവദാസ്) ഇരവി ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അവിചാരിതമായ ചില കാര്യങ്ങളാണ് ഇരവിയുടെയും സുകുവിന്‍റെയും ജീവിതത്തില്‍ പിന്നെ സംഭവിക്കുന്നത്‌. ഇരവി ഒരു കൊലപാതകത്തില്‍ പ്രതിയാകുകയും ചെയ്യുന്നതോടെ ആകാംഷാഭരിതമായ ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തുന്നു.
 
 ബസ്സുമായി ബന്ധപ്പെട്ട കഥയായത്‌ കൊണ്ടാവും ഒരു യാത്ര പോകുന്നത് പോലെയാണ് ഈ ചിത്രം നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയിലെ പുതുമയെക്കാള്‍ കഥ പറഞ്ഞ രീതിയാവും ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുക. നാം കേട്ടിട്ടുള്ള ഒരു കഥയെ, വളരെ ലളിതമായി മറ്റൊരു പശ്ചാത്തലത്തില്‍ പറയുക എന്നതാണ് സുഗീത് ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. അതിനായി നിഷാദിന്‍റെയും മനുപ്രസാദിന്റെയും തിരക്കഥയും സംഭാഷണങ്ങളും നന്നായി സഹായിച്ചിരിക്കുന്നു. സരസമായ സംഭാഷണങ്ങളും തമാശകളും നിറഞ്ഞ ആദ്യ പകുതിയില്‍ തന്നെ ഇവര്‍ക്ക് പ്രേക്ഷകരെ കയ്യിലെടുക്കുവാനായി എന്നതാണ് ഇതിന്‍റെ മേന്മ. രണ്ടാം പകുതിയില്‍ ഉദ്ദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുതിയിരിക്കുന്നുവെങ്കിലും, ചിത്രം ചെന്ന് നില്‍ക്കുന്നത് പ്രേക്ഷകര്‍ക്ക്‌ ഊഹിക്കുവാന്‍ കഴിയുന്നിടത്ത് തന്നെ എന്നത് ഒരു ന്യൂനതയായി പറയാം. ഗവി പോലൊരു ഉള്‍നാടന്‍ ഗ്രാമത്തിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതില്‍ അവര്‍ മികവു പുലര്‍ത്തിയിരിക്കുന്നു, പ്രത്യേകിച്ചും, ബാബുരാജ് അവതരിപിച്ച വക്കച്ചന്‍ എന്ന കഥാപാത്രം. പക്ഷെ കഥാപാത്രങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കാതെയാണ് തിരനാടകം കടന്നു പോകുന്നത് എന്നും പറയേണ്ട വസ്തുത തന്നെ. കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും കഥയെ മുന്നോട്ടു കൊണ്ട് പോകുമ്പോള്‍, ഈ ന്യൂനതകള്‍ സമര്‍ത്ഥമായി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം.
 
സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ കഥയെ തിരശീലയില്‍ എത്തിക്കുന്ന കര്‍ത്തവ്യം ഭംഗിയായി തന്നെ സുഗീത് ചെയ്തിരിക്കുന്നു. നവാഗതനെങ്കിലും, മികച്ച രീതിയില്‍ തന്നെ ചിത്രത്തെ അവതരിപ്പിക്കുവാന്‍ സുഗീതിനു കഴിഞ്ഞിരിക്കുന്നു. അല്‍പമൊന്നു പരിഭ്രമിക്കുന്ന രണ്ടാം പകുതിയിലെ കഥയെ, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതില്‍ ഒരു സംവിധായാകന്‍റെ കയ്യടക്കം വ്യക്തം. മലയോര ഗ്രാമത്തെ അവതരിപ്പിക്കാന്‍, കുട്ടിക്കാനത്തെയും ഗവിയുടെയും  ദൃശ്യചാരുത അതിമനോഹരമായി ഫൈസല്‍ അലി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. കോട മഞ്ഞും മലനിരകളും തണുപ്പുമെല്ലാം പ്രേക്ഷകരെ ഗവിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.  ചിത്രത്തിനുതകുന്ന വിധം ക്യാമറ ചലിപ്പിക്കുവാന്‍ ഫൈസലിനു കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാന്‍. സാജന്‍റെ ചിത്രസംയോജനവും ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. രാജീവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ "എന്തിനീ മിഴി രണ്ടും.." എന്ന ഗാനം ശ്രവണ സുഖം പകരമുമ്പോള്‍, "തെച്ചിപ്പൂ മന്ദാരം.." എന്ന ഗാനം ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. മറ്റു രണ്ടു ഗാനങ്ങളും ബോറടിപ്പിക്കാതെ കടന്നു പോകുന്നു എന്നതിനപ്പുറം, ചിത്രത്തിലവയ്ക്ക് വലിയ പ്രസക്തി ഒന്നും ഇല്ല. 

അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും ബാബുരാജും എന്ന് സംശയമില്ലാതെ പറയാം. സോള്‍ട്ട് & പെപ്പര്‍ ബാബുരാജിനെ ഗുണ്ടയില്‍ നിന്നും ഹാസ്യനടനാക്കി എന്ന് തോന്നുന്നു. പാലക്കാടന്‍ ഭാഷയുമായി ബിജു മേനോന്‍ കസറിയപ്പോള്‍, കുഞ്ചാക്കോ ബോബന്‍ ഇരവിയെ തെറ്റില്ലാതെ അവതരിപ്പിച്ചു എന്ന് വേണം പറയാന്‍. ശ്രീതയുടെ കല്യാണി ശരാശരിയില്‍ ഒതുങ്ങി, അതിലുപരി ഒന്നും തന്നെ തിരക്കഥ ആ കഥാപാത്രത്തിനായി ഒരുക്കിയിരുനില്ല എന്ന് പറയുന്നതാവും ശരി. അഭിനയ സാധ്യതയുള്ള വേഷങ്ങളായിരുന്നു ആന്‍ അഗസ്റ്റിന്റെതും ആസിഫ് അലിയുടെതും, പക്ഷെ നമ്മെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരുടെതും. ഭദ്രന്‍ എന്ന കഥാപാത്രത്തില്‍, ആസിഫ് അലിയെ മാത്രമേ നമുക്ക് കാണുവാനാകുന്നുള്ളൂ, ആ കഥാപാത്രത്തിനൊരു വ്യക്തിത്വം നല്‍കുന്നതില്‍ ആസിഫ് പരാജയപ്പെട്ടു. അന്ന എന്ന കഥാപാത്രത്തെ അവതരിപിച്ച ആന്‍ അഗസ്റ്റിന്‍, പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതി വീഴുന്നതും നാം കാണുന്നു. ധര്‍മജന്‍  അവതരിപിച്ച ആന്റപ്പന്‍ കൊള്ളാം. ലാലു അലക്സ്, ജിഷ്ണു, വൈഗ, സലിം കുമാര്‍, കൊച്ചു പ്രേമന്‍, ഹേമന്ത്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തില്‍ പല വേഷങ്ങളിലായി നമുക്ക് മുന്നില്‍ എത്തുന്നു.
 
പുതുമ അന്യം നില്‍ക്കുന്ന കഥയെങ്കിലും നല്ലൊരു അവതരണ ശൈലി കൊണ്ട് അതിനെ മറികടക്കാന്‍ സുഗീതിനും കൂട്ടര്‍ക്കും കഴിഞ്ഞിരിക്കുന്നു. നവാഗതനെങ്കിലും നല്ല കയ്യടക്കതോടെയാണ് സുഗീത് ഓര്‍ഡിനറി നമുക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ തിരക്കഥയുടെയും സംഭാഷണത്തിന്റെയും പങ്കു എടുത്തു പറയേണ്ടതാണ്. സിറ്റുവേഷനല്‍ ആയ നര്‍മ്മങ്ങളും നല്ല കഥാപാത്രങ്ങളും നമ്മെ ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. നമുക്കായി സുഗീതും കൂട്ടരും ഒരുക്കിയിരിക്കുന്ന ഓര്‍ഡിനറി, Extraordinary തന്നെ!!!
.


Friday, April 6, 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പീ.ഓ (Mullassery Madavankutty Nemom P.O)


സിനിമക്കുള്ളിലെ കഥ പറയുന്ന ചിത്രങ്ങള്‍ ധാരാളം നാം കണ്ടു കഴിഞ്ഞു. അവിചാരിതമായി സിനിമാ നിര്‍മ്മാതാവാവേണ്ടി വന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുകയാണ്‌ മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പി.ഓ. നവാഗതനായ കുമാര്‍ നന്ദ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സ്വാതി ഭാസ്കരാന് നിര്‍വഹിച്ചിരിക്കുന്നത്. അനൂപ്‌ മേനോന്‍, ബാല, നിഷാന്ത് സാഗര്‍, ഇന്നസെന്റ്, കെ.പി.എസ്.സി ലളിത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കാര്‍ത്തിക് വിഷന് വേണ്ടി സാം വര്‍ഗ്ഗീസ്, കെ.എസ് ചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 ഒരു സാധാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടി. അമ്മ പാര്‍വതിയമ്മയും, ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍ കുട്ടിയുടെ ലോകം. അഭിനയ കമ്പം അല്പം ഉണ്ടെങ്കിലും, സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നതാണ് മാധവന്‍ കുട്ടിയുടെ സ്വപ്നം. അവിചാരിതമായി ഒരു സിനിമ നിര്‍മ്മിക്കേണ്ട സാഹചര്യത്തിലേക്ക് മാധവന്‍ കുട്ടി എത്തിപ്പെടുന്നതും, പിന്നെ ആ സിനിമക്കായി കുടുംബവും, ബന്ധങ്ങളും, ഭൂമിയും പണവുമെല്ലാം നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം.  

ഒറ്റ വരിയില്‍ മനോഹരമായ പ്രമേയമാണ് സിനിമയുടെത്. ഒരു പിടി നല്ല കഥാപാത്രങ്ങളും, അവര്‍ കടന്നു പോകുന്ന മികച്ച കഥാ മുഹൂര്‍ത്തങ്ങളും ഈ പ്രമേയത്തെ മികച്ചതാക്കുമായിരുന്നു. പക്ഷെ അവിടെയാണ് ഈ ചിത്രത്തിന്‍റെ തിരനാടകം പരാജയപ്പെടുന്നത്. Irrational ആയ കഥാപാത്രങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ന്യൂനത. അതിനൊപ്പിച്ച്‌ എഴുതി ചേര്‍ത്തിരിക്കുന്ന രംഗങ്ങള്‍ ഒരല്‍പം പോലും വിശ്വസനീയവുമല്ല. കഥയില്‍ ചോദ്യമില്ല എന്നാണെങ്കിലും, കണ്ടിരിക്കുന്ന പ്രേക്ഷകന്‍റെ ക്ഷമയെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് മിക്കതും. പഴയ പല ചിത്രങ്ങളിലും കണ്ട അമ്മ-മകന്‍ രംഗങ്ങള്‍, സ്കൂളില്‍ കല്ലു പെന്‍സിലിനായി വഴക്കിട്ട പക ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്ന വില്ലന്‍, പാവത്താനായ നായകന്‍ ക്ലൈമാക്സില്‍ വീരശൂരപരാക്രമി ആകുന്നു, പണത്തിനായി വിഷമിച്ചിരിക്കുമ്പോള്‍ അവിചാരിതവും അവിശ്വസനീയവുമായി പണം വന്നു ചേരുക, അങ്ങനെ കുറെ അധികം ക്ലീഷേ രംഗങ്ങളും.

തിരനാടകത്തിലെ പിഴവുകളെ മറികടക്കാനുള്ള ഒരു ശ്രമവും സംവിധായകന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. തിരക്കഥയെ അപ്പാടെ ചിത്രീകരിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ് സംവിധായകനും ഇവിടെ ചെയ്തിരിക്കുന്നത്. തന്‍റെ സിനിമ തനിക്കു പ്രേക്ഷകരോട് സംവദിക്കുവാനുള്ള മാധ്യമമാണെന്നും, സംവിധായകനെന്ന നിലയിലുള്ള കയ്യടക്കം കഥയിലെ ന്യൂനതകളെ മറികടക്കുവാന്‍ സഹായിക്കുമെന്നുള്ള വിശ്വാസവും ഇല്ലാതെയാണോ കുമാര്‍ നന്ദ തന്‍റെ ആദ്യ സംരഭത്തിനായി ഇറങ്ങി തിരിച്ചത് എന്ന് സംശയിക്കാം. സംവിധായകന്‍റെ അശ്രദ്ധ എടുത്തു കാണിക്കുന്നത് അബദ്ധജടിലമായ ചായഗ്രഹണത്തിലാണ്. പുതുമുഖമായ ശിവകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇടതടവില്ലാതെ ഔട്ട്‌ ഓഫ് ഫോക്കസായ രംഗങ്ങളുടെ ബഹളമാണ്. രതീഷ്‌ വേഗ ഈണം പകര്‍ന്ന "കണ്ണാരം പൊത്തി" എന്ന ഗാനം ശ്രവണ സുഖം പകരുന്നു, രവീന്ദ്രന്‍ മാഷ്‌- ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ടിന്റെ "പാതിമായും ചന്ദ്രലേഖ" എന്ന ഗാനം മികവു പുലര്‍ത്തുന്നു. ചിത്രത്തില്‍ ആശ്വാസമാകുന്നത് ഈ ഗാനങ്ങലാകും.  

അല്പം വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്യണം എന്ന ആഗ്രഹാമാകാം അനൂപ്‌ മേനോനെ ഈ ചിത്രത്തില്‍ എത്തിച്ചത്. സ്വാഭാവികമായി അഭിനയിക്കാന്‍ അനൂപ്‌ ശ്രമിച്ചെങ്കിലും, തിരക്കഥയിലെ പിഴവുകള്‍ അദ്ദേഹത്തെ അമ്പേ ചതിച്ചു. പല രംഗങ്ങളിലും അനൂപ്‌, മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, ഒരു പക്ഷെ നാം കണ്ടു മറന്ന രംഗങ്ങള്‍ ചിത്രത്തില്‍ കുത്തി നിറച്ചതിനാലാവാം. കെ.പി.എസ്.സി ലളിതയുടെ അമ്മ വേഷം, സ്ഥിരം പാറ്റെണിലുള്ളതായി, അതിന്‍റെ വ്യത്യസ്തമാക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല. നായികയായി അഭിനയിച്ച സോണാലിനു ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യുവാനില്ല. മറ്റു വേഷങ്ങള്‍ ചെയ്തവരെല്ലാം ശരാശരിയില്‍ ഒതുങ്ങി.

 സിനിമയെക്കുറിച്ച് അറിയാതെ സിനിമാ നിര്‍മ്മിക്കാന്‍ ഇറങ്ങുന്ന സാധാരണക്കാരനായ ഒരു നിര്‍മ്മാതാവിന്‍റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചു കാണിക്കുവാന്‍ ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സിനിമ എന്ന വ്യവസായത്തിലെ പ്രശ്നങ്ങളും മോശം പ്രവണതകളും ഒക്കെ ഇതില്‍ ചര്‍ച്ചാ വിഷയമാകുന്നു. എന്നാല്‍ ഒന്നിനെയും കുറിച്ച് ആഴത്തില്‍ സംസാരിക്കാതെ എല്ലാം ഒരു വഴിപാട് പോലെ തൊട്ടു കൂട്ടി പോകാനാണ് സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റും സിനിമാ സമരവും സംഘടനകളും നിര്‍മ്മാതാവിന്‍റെ സാമ്പത്തിക പ്രതിസന്ധികളും അങ്ങനെ എത്രയോ കാര്യങ്ങള്‍, മനോഹരമായി നമുക്കായി ഒരുക്കാന്‍ കഴിയുമായിരുന്ന ഒരു ചിത്രമായിരുന്നു മുല്ലശ്ശേരി മാധവന്‍ കുട്ടി, എന്നാല്‍ അലക്ഷ്യമായ സംവിധാനം കൊണ്ടും, തിരക്കഥയിലെ ന്യൂനതകള്‍ കൊണ്ടും,  ക്ലീഷേ രംഗങ്ങള്‍ കുത്തി നിറച്ച ഒരു പഴങ്കഥയായിപ്പോയി മുല്ലശ്ശേരി മാധവന്‍ കുട്ടി....

എന്‍റെ റേറ്റിംഗ് :
1.0/5.0

Wednesday, April 4, 2012

ഈ അടുത്ത കാലത്ത് (Ee Adutha Kalathu)


ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു 'ഈ അടുത്ത കാലത്ത്'. സ്ഥിരം സിനിമാ ആഖ്യാന ശൈലിയില്‍ നിന്നും മാറി നടക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം മലയാളത്തില്‍ ഇന്ന് നടക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ നമ്മുടെ യുവസംവിധായകര്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ട്രാഫിക്ക് എന്നാ ചിത്രം നമുക്ക് സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ കഥാഖ്യാനം, മറ്റു പല ചിത്രങ്ങളിലും നാം കണ്ടു. അതിനോട് സാദൃശ്യം പുലര്‍ത്തുന്ന ശൈലിയുമായാണ്, ഈ അടുത്ത കാലത്ത് എന്ന ചിത്രം നമുക്ക് മുന്നില്‍ എത്തുന്നത്‌. കോക്ക്ടെയില്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം, രാഗം മൂവിസിന്‍റെ ബാനറില്‍  രാജു മല്ലിയത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തിന്‍റെ ആഖ്യാന രീതി റൂബിക് ക്യൂബ് പസ്സില്‍ പോലെയാണ്. ഒരേ നഗരത്തില്‍ പല സ്ഥലങ്ങളിലായി, സമൂഹത്തിന്‍റെ പല തട്ടുകളില്‍ ജീവിക്കുന്ന ആറ് പേരുടെ ജീവിതം. കാലക്രമത്തില്‍ അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പല സാഹചര്യങ്ങള്‍ കടന്നു വരുന്നു. അതില്‍ പലതും അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കടന്നു പോകുന്നു. പിരിമുറുക്കവും ആകാംഷയും ഇടകലര്‍ന്ന ഒരു കഥാഗതിക്കൊടുവില്‍ അവര്‍ ആറ് പേരും അവരുടെ ജീവിത യാത്ര തുടര്‍ന്നു പല വഴിയില്‍ യാത്രയാകുന്നു. ഒരു റൂബിക് ക്യൂബ് സോള്‍വ് ചെയ്യുന്നത് പോലെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആറുകഥകള്‍ കൂട്ടിയിണക്കി ഒരു തിരനാടകമെഴുതുക എന്ന ശ്രമകരമായ ജോലി മുരളി ഗോപി ഒരുവിധം ഭംഗിയായി ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളെ അവിശ്വസനീയമായ രീതിയില്‍ കൂട്ടിമുട്ടിക്കാതെ, എന്നാല്‍ നാടകീയത കളയാതെ അവരുടെ ജീവിതങ്ങളെ ബന്ധപ്പെടുതുന്നതില്‍ തിരക്കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു എന്നി വേണം പറയാന്‍. എന്നാല്‍ പഴുതുകളില്ലാത്ത തിരക്കഥയല്ല അദ്ദേഹത്തിന്റേത്. പല സന്ദര്‍ഭങ്ങളിലും പ്രേക്ഷക മനസ്സില്‍ സംശയങ്ങളും ചോദ്യങ്ങളും ബാക്കി വച്ചിട്ടാണ് കഥ മുന്നേറുന്നത്. അത് പോലെ തന്നെ ആദ്യപകുതിയില്‍ കഥ പറച്ചില്‍ ആവശ്യമുള്ളതിലും അല്പം കൂടുതലായത്, ചിത്രത്തിന്‍റെ വേഗതയെ തന്നെ ബാധിച്ചു എന്ന് വേണം കരുതാന്‍. സാമൂഹിക പ്രസക്തിയുള്ള പല കാര്യങ്ങളെയും ഒരു ഒഴുക്കന്‍ മട്ടില്‍ തൊട്ടു തലോടി പോയി എന്നതൊഴിച്ചാല്‍, ഒന്നിനെയും ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ തിരക്കഥാകൃത്ത്‌ ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കഥാഗതിക്ക് അത് അനിവാര്യമല്ലാത്തതിനാലാവണം അങ്ങനെ ഒരു രീതി അദ്ദേഹം സ്വീകരിച്ചത് എന്ന് വേണം കരുതാന്‍.

ചിത്രത്തിന്‍റെ പോസിറ്റീവായ ഒരു ഘടകം അഭിനേതാക്കളാണ്. ഇന്ദ്രജിത്തിന്റെ വിഷ്ണുവും, മുരളി ഗോപിയുടെ അജയ് കുര്യനും, മികച്ചതായപ്പോള്‍, മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച തനുശ്രീ ഘോഷ് തന്‍റെ കഥാപാത്രം മികച്ചതാക്കി. ലെന, മൈഥിലി എന്നിവരുടെ കഥാപാത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി. മൈഥിലിയുടെ കഥാപാത്രത്തിന്റെ ഡബ്ബിംഗ്-ലെ പിഴവ് അവര്‍ക്ക് വിനയായി. അനൂപ്‌ മേനോനും ജഗതി ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെവെങ്കിലും, അവര്‍ വന്നു പോകുന്ന കഥാപാത്രമായത് കല്ലുകടിയായി. നിഷാന്‍ തന്‍റെ റുസ്തം എന്ന കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. ബൈജു, ഇന്ദ്രന്‍സ്, റിസ ബാവ, സരയൂ തുടങ്ങി കുറെ അധികം ചെറു ചേരി കഥാപാത്രങ്ങള്‍ വന്നും പോയിയുമിരിക്കുന്നു. തിരക്കഥക്ക് അനുയോജ്യമായ ട്രീട്മെന്ടു നല്‍കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്‍റെ ചിത്രസംയോജനവും സംവിധായകനായ അരുണ്‍ കുമാര്‍ തന്നെയാണ്. ഒരു മള്‍ട്ടി ലീനിയര്‍ ചിത്രത്തിന് ആവശ്യമുള്ള പോലെ, പല രംഗങ്ങളും നല്ല രീതിയില്‍ തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ വേഗതയെ ബാധിക്കുന്ന പല രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കില്‍, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, ചിത്രത്തിന്‍റെ ഇഴച്ചില്‍ അല്പം കുറയ്ക്കാമായിരുന്നു. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം ചിത്രം ആവശ്യപ്പെടുന്നതെന്തോ അത് നല്‍കുന്നു എന്നല്ലാതെ ഒരു തരത്തിലുള്ള വ്യത്യസ്തതയും നല്‍കുന്നില്ല. ഗോപീ സുന്ദര്‍ ഒരുക്കിയിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്, അവ ചിത്രത്തിനൊരു ബാധ്യതയാകുന്നു എന്നതാണ് സത്യം. 

വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍, തിരക്കഥയെ അല്പം തരനാരിഴകീറി പരിശോധിക്കണം. ഒരു പക്ഷെ തിരക്കഥകൃത്ത് ഈ കഥയെ സമീപിച്ച രീതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സമീപകാലത്ത് ഉയര്‍ന്നു വന്ന വിളപ്പില്‍ ശാല മാലിന്യ പ്രശ്നത്തെ അല്പം ലാഘവത്തോടെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. തോപ്പില്ശാലയിലെ സമരമുഖത്തെ നമുക്കായി പരിചയപ്പെടുത്തുമ്പോള്‍ ആ സമരത്തെ അല്പം ഇടിച്ചു താഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നമുക്കതില്‍ കാണുവാന്‍ കഴിയും. അത് പോലെ, കഥയുമായി ബന്ധമില്ലാതെ, സംഘപരിവാര്‍ ശാഘയും സ്വയം സേവകരും ഇതില്‍ പല രംഗങ്ങളില്‍ കടന്നു വരുന്നതും തിരനാടകത്തില്‍ നടത്തിയിരിക്കുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളാണ്. ഒരു സ്ത്രീയുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ കഥ കടന്നു പോകുന്നത്. നായികയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സ്ത്രീയുടെ കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിരിക്കുന്നതിലും വികലതകള്‍ ഉണ്ട്. പുരുഷ വിരോധിയായ ഒരു ഫെമിനിസ്റ്റായി നമുക്ക് മുന്നില്‍ എത്തിയ ആ കഥാപാത്രം കഥ പുരോഗമിക്കുമ്പോള്‍ ആ കാഴ്ചപ്പാടില്‍ നിന്നും മാറി പ്രണയ പരവശയാകുന്നു. ഇതെല്ലാം അദ്ദേഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളാവും. അതിന്‍റെ പ്രതിഫലനം തിരക്കഥയില്‍ കാണുന്നു എന്ന് മാത്രം. വിളപ്പില്‍ശാല വിഷയവും, ഗുണ്ടാ വിഷയവും, ബ്ലൂഫിലിം റാക്കറ്റുമെല്ലാം കുറച്ചുകൂടി ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്‍റെ സാമൂഹിക പ്രതിബദ്ധത ഒന്ന് കൂടി വര്‍ദ്ധിക്കുമായിരുന്നു. ദൈര്‍ഘ്യം അല്പം കുറച്ചു, തിരനാടകത്തില്‍ ഒരല്പം കൂടു ശ്രദ്ധ പതിപ്പിചിരുന്നെവെങ്കില്‍ "ഈ അടുത്ത കാലത്ത്" ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി മാറുവാന്‍ ഈ ചിത്രത്തിന് കഴിയുമായിരുന്നു. പക്ഷെ, തീയേറ്റരുകളിലെത്തുന്ന പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ വേണ്ട ഘടകങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്.ഇത് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ച.

എന്റെ റേറ്റിംഗ്. - 3.0/5.0.


Monday, April 2, 2012

ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......

ഇന്ത്യയില്‍ ഫുട്ബോള്‍ അത്ര പോപ്പുലറല്ല. എന്നാല്‍ ദൃശ്യ മാധ്യമങ്ങളുടെ കടന്നു വരവോടെ, ഇന്ത്യയിലെ യുവാക്കള്‍ ഫുട്ബോളിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. Goal.com- പോലെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിനായി പ്രത്യേക വിഭാഗം തന്നെ തുറന്നിരിക്കുന്നതും അതുകൊണ്ടു തന്നെ. ഇന്ത്യയിലെ മാധ്യമങ്ങള്‍ നിലവാരമുള്ള സ്പോര്‍ട്സ് ലേഖകന്മാരെ നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശാഭിമാനി എന്ന പത്രത്തിന്‍റെ ലേഖകന്മാര്‍ ഇപ്പോഴും പഴയ പോലെ തന്നെ. ഈ വാര്‍ത്ത നോക്കൂ.. 
 

ഏപ്രില്‍ ഒന്നാം തീയതി, Goal.com-ല്‍ വന്ന വാര്‍ത്തയാണിത്. ഐവറി കോസ്റ്റിന്റെ പ്രധാന കളിക്കാരനും, ചെല്‍സിയ എന്ന ഇംഗ്ലീഷ് ക്ലബിലെ പ്രധാനിയുമായ ദ്രോഗ്ബ മോഹന്‍ ബാഗാനിലേക്ക് കൂടു മാറുന്നു എന്നതായിരുന്നു തലക്കെട്ട്‌. അതിന്‍റെ വിവരങ്ങള്‍ താഴേക്കു നിരത്തിയ Goal.com ഏറ്റവും ഒടുവില്‍, തങ്ങളുടെ ഏപ്രില്‍ ഫൂള്‍ സന്ദേശവും രേഖപ്പെടുത്തി. ഫുട്ബോളിനെക്കുറിച്ച് അല്പമെങ്കിലും വിവരമുള്ളവര്‍ ഈ തലക്കെട്ട്‌ കാണുമ്പോഴേ ഏപ്രില്‍ ഫൂള്‍ ആണെന്ന് തിരിച്ചറിയും. ബാക്കിയുള്ളവര്‍ ഇത് വായിച്ചു ഒടുവില്‍ എഴുതിയിരിക്കുന്ന ഏപ്രില്‍ ഫൂള്‍ സന്ദേശം കാണുമ്പോഴെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കും. എന്നാല്‍ നമ്മുടെ ദേശാഭിമാനി സ്പോര്‍ട്സ് ലേഖകന് ഇതെന്താ സംഭവം എന്ന് പിടി കിട്ടിയതെ ഇല്ല എന്ന് തോന്നുന്നു. ഇതാ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത‍.

 
ദേശാഭിമാനി സ്പോര്‍ട്സ് ലേഖകന്‍ മാത്രം കഥയറിയാതെ ആട്ടം കാണുന്ന പൊട്ടനെ പോലെ സംഭവം അത് പോലെ അങ്ങ് പകര്‍ത്തി പത്രത്തില്‍ വാര്‍ത്തയാക്കി. അവസാനം എഴുതിയ ഏപ്രില്‍ ഫൂള്‍ സന്ദേശം കണ്ടില്ലയോ അതോ കണ്ടിട്ട് മനസ്സിലായില്ലയോ എന്ന് അങ്ങേരോടു തന്നെ ചോദിക്കേണ്ടി വരും. ദേശാഭിമാനി ഇങ്ങനെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത് ഇതാദ്യമായല്ല. അമേരിക്കയില്‍ നടന്ന ഏതോ ഹോട്ട് ഡോഗ് തീറ്റ മതരാതെ കുറിച്ച്, 10  മിനിറ്റില്‍ 68 പട്ടിയെ തിന്നു ലോക റെക്കോഡ് എന്ന് ഫ്രണ്ട് പേജില്‍ വെണ്ടയ്ക്ക നിരത്തിയ പ്രത്രമാണത്. ഇന്‍റര്‍നെറ്റില്‍ പരതി വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം അത് കൊണ്ടു ഉദ്ദേശിക്കുന്നതെന്തു എന്ന് മനസിലാക്കാന്‍ തക്ക വിവരവും ബോധവുമുള്ള ആളുകളെ ലേഖകന്മാരായി നിയമിച്ചാല്‍ അവര്‍ക്ക് കൊള്ളാം. അല്ലെങ്കില്‍ പൊതു ജന മധ്യത്തില്‍ ഇത് പോലെ പരിഹാസ്യരാകേണ്ടി വരും..... ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.