Sunday, February 3, 2008

കൊച്ചിയില്‍ കുറെ നിമിഷങ്ങള്‍....


ഇത്തവണ നാട്ടിലേക്കു പോയപ്പോള്‍ വളരെ അവിചാരിതമായാണ്‌ കൊച്ചിയിലെത്തിയത്‌. ഒരിക്കലും അങ്ങനെ ഒരു യാത്ര മനസ്സിലുണ്ടായിരുന്നില്ല. പകല്‍ മുഴുവന്‍ അവിടെ ചിലവഴിച്ചപ്പോള്‍, ഉച്ച തിരിഞ്ഞു കൊച്ചിയിലെ പ്രശസ്തമായ മറൈന്‍ ഡ്രൈവിലെത്തി. ഒട്ടേറെ തണല്‍ മരങ്ങള്‍ ഉള്ള അവിടെ, എവിടെയെങ്കിലും ഒന്നു സ്വസ്ഥ്മായി ഇരിക്കാമെന്ന ആഗ്രഹരൂപേണയാണവിടെ എത്തിയത്‌. പക്ഷെ അവിടുള്ള തണലെല്ലാം പലരും കൈവശപ്പെടുത്തിയിരുന്നു. പതുക്കെ പഴയ പാലത്തിണ്റ്റെ ദിശയില്‍ നടന്നു. പാലത്തിണ്റ്റെ മുകളിലെത്തിയപ്പോഴെ മനസ്സിലായി മുന്നോട്ട്‌ നടന്നിട്ട്‌ കാര്യമില്ല. തണലും കുറവ്‌, കൂടാതെ സ്വസ്ഥത നശിപ്പിക്കുവാനായി വളരെ ഉച്ചത്തില്‍ മറൈന്‍ ഡ്റൈവ്‌ മൈതാനിയില്‍ പാട്ടും വച്ചിരിക്കുന്നു. നിരാശയോടെ തിരികെ നടന്നു. അവിടെ കായലില്‍ ഒരു ഫ്ളോട്ടിങ്ങ്‌ റെസ്റ്റോറണ്റ്റ്‌ കണ്ടു. അങ്ങോട്ടു കയറിയാലെന്താ എന്ന ആലോചനയില്‍ നിന്നപ്പോഴാണ്‌, എന്നെ മറ്റൊരു ചിന്ത പിടി കൂടിയത്‌. എന്തുകൊണ്ട്‌ പുതിയ പാലത്തിണ്റ്റെ അടുക്കലേക്ക്‌ നടന്നു കൂടാ..? പതുക്കെ അതിനു നേരെ നടന്നു തുടങ്ങിയപ്പോള്‍ തന്നെ തിരക്കേറിയ ഒരന്തരീക്ഷം അതിനടുത്ത്‌ കാണുവാനിടയായി. പതുക്കെയെങ്കിലും, കായലില്‍ നിന്നടിക്കുന്ന ആ ഇളം കാറ്റുമെറ്റ്‌ ഞാന്‍ മുന്നോട്ടു തന്നെ നടന്നു. വഴിക്കിരുപുറവും ആളുകള്‍ ഇരിക്കുന്നത്‌ ഞാന്‍ കണ്ടു. അതില്‍ കൊച്ചിക്കാറ്‍ കുറവെന്ന്‌ കണ്ടാലെ അറിയാം, പലരും കൊച്ചികാണാന്‍ വന്നിറങ്ങിയവരാണ്‌. അതില്‍ മലയാളികളല്ലാത്ത ആള്‍ക്കാരെയും കണ്ടു. അതില്‍ ഒരു കൂട്ടറ്‍ അവരുടെ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ സഹായിക്കാമോ എന്നു ചോദിച്ചെന്നെ സമീപിച്ചു. അവരുടെ ഫോട്ടോ എടുത്ത്‌, അവരോട്‌ യാത്ര പറഞ്ഞു ഞാന്‍ പുതിയ പാലത്തിണ്റ്റെ അടുത്തെത്തി. അതിനടുത്തെങ്ങും തണല്‍ മരങ്ങളെ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ നല്ല വെയിലുണ്ടായിരുന്നു. ആ ചൂട്‌ സഹിക്കുവാനാകാതെ ഞാന്‍ പെട്ടെന്നു പാലം കയറി മുകളില്‍ എത്തി. അതിനപ്പുറത്തെ ബെഞ്ചുകളെല്ലാം തന്നെ കാലിയായിരുന്നു. പതുക്കെ അവയെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. നല്ല വെയില്‍ അവിടെയുമുണ്ട്‌, അതാണ്‌ ആള്‍ക്കാരെല്ലാം ബെഞ്ചുകള്‍ ഉപേക്ഷിച്ചിരിക്കുന്നത്‌. മുന്നോട്ട്‌ നടന്നപ്പോള്‍, ചൂടു കപ്പലണ്ടിയുമായി ഒരാള്‍ മുന്നിലെത്തി. അപ്പോള്‍ ഊണുകഴിച്ചതെയുണ്ടായിരുന്നുള്ളു എന്നുള്ളതിനാല്‍്‍ അയാളെ നിരാശനാക്കി അയക്കേണ്ടി വന്നു. അങ്ങറ്റത്തായി ഒരു മരച്ചുവട്‌ ഒഴിഞ്ഞു കിടക്കുന്നത്‌ കണ്ടു. ഏതോ രണ്ട്‌ കമിതാക്കള്‍ അപ്പോള്‍ ഉപേക്ഷിച്ചു പോയ ഒരു സ്ഥലമായിരുന്നു. വെയിലുമില്ല. വൈദ്യം കല്‍പിച്ചതും, രോഗി ഇച്ഛിച്ചതും പാല്‌ എന്ന അവസ്ഥ. അവറ്‍ക്ക്‌ മനസ്സാ ഒരു നന്ദി പറഞ്ഞുകൊണ്ട്‌ ഞാനവിടെ പോയി ഇരിപ്പാരംഭിച്ചു. ഞാനിരുന്നത്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പേരിലുള്ള ബോട്ട്‌ ജെട്ടിയുടെ അടുത്തായിരുന്നു. അതിണ്റ്റെ അവസ്ഥ കണ്ട്‌ പരിതപിച്ചു പോയി. മഹാനായ കലാകാരണ്റ്റെ പേരിലുള്ള ഒരു ബോട്ട്‌ ജെട്ടിയുടെ ആ അവസ്ഥ, അദ്ദേഹത്തെ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കും. അവിടെ ഇരുന്നപ്പോള്‍ തോന്നിയ ഒരു പ്രധാന കാര്യം, മൂക്കു പൊത്താതെ ഇരിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്‌. മറൈന്‍ ഡ്രൈവിണ്റ്റെ മറ്റേതു ഭാഗത്തു പോയാലും ആ ദുര്‍ഗന്ധം നമ്മൂടെ മൂക്കിലേക്ക്‌ തുളച്ചു കയറും. പക്ഷെ അതില്‍ നിന്നും വിഭിന്നമായൊരവസ്ഥ്‌ കണ്ടപ്പോള്‍ അത്ഭുതം തോന്നാതിരുന്നില്ല. കൊച്ചിതന്നെയാണോ എന്ന്‌ സംശയിച്ചു എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകും. കുറെ നേരം കപ്പലും ബോട്ടുകളും ചെറുവള്ളങ്ങളും നോക്കിയിരുന്നപ്പോള്‍ ബോറടിച്ചു തുടങ്ങി. ശക്തമായ വെയില്‍ ആയതിനാല്‍ ആരും ആ ഭാഗത്തേക്കു വരുന്നതുമില്ല!!! ആകെ നിരാശനായിരുന്നു. കൊറിക്കാന്‍ കപ്പലണ്ടി വാങ്ങാമെന്നു കരുതിയപ്പോള്‍ അയാളെയും കാണുന്നില്ല.

അതിനിടയില്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു. ഞാന്‍ കടന്നു വന്ന പാലത്തിലൂടെ വരിവരിയായി കുറെ കുട്ടികള്‍ ഇറങ്ങിവരുന്നു. വളരെ നീളമുള്ള ഒരു വരിയായിരുന്നു അത്‌. അവറ്‍ മന്ദം മന്ദം നടന്ന്‌ എണ്റ്റെ സമീപത്തേക്കെത്തി. അവരെ തെളിച്ചു കൊണ്ട്‌ പോകുകയെന്നു തോന്നിക്കും വിധം കുറേയേറെ അധ്യാപികമാരും അവരുടെ കൂടെ ഉണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ അവരുടെ യൂണീഫോം എന്നെ വളരെ ആകറ്‍ഷിച്ചു. ക്രീം നിറത്തിലുള്ള ഷറ്‍ട്ടും, നീല നിക്കറും, ചുവപ്പില്‍ വെള്ള വരയുള്ള ബെല്‍റ്റും. ഭാരതീയ വിദ്യാനികേതണ്റ്റെ കീഴിലുള്ള ഏതോ ഒരു സ്കൂളാണെന്നു മനസ്സിലായി. ഒരു നിമിഷം എണ്റ്റെ മനസ്സും പിന്നിലേക്ക്‌ സഞ്ചരിച്ചു. ഒരിക്കല്‍ ഞാനുമിതു പോലെ നടന്നതാണ്‌. ഇതേ വേഷത്തില്‍, ഇതേ കുസൃതിയോടെ..എണ്റ്റെ പ്രൈമറി വിദ്യാഭ്യാസ കാലത്താണത്‌. സരസ്വതി വിദ്യാഭവന്‍ എന്ന ഭാരതീയ വിദ്യാനികേതണ്റ്റെ കീഴില്‍ തൊടുപുഴയിലുള്ള സ്കൂളിലാണ്‌ ഞാന്‍ പഠിച്ചിരുന്നത്‌. "ചേച്ചി അതെന്താ.... ", എന്നൊരു വന്‍ ശബ്ദത്തിലുള്ള വിളിയാണ്‌ എന്നെ ആ ചിന്തയില്‍ നിന്നും ഉണറ്‍ത്തിയത്‌. ആ കുട്ടി തണ്റ്റെ അധ്യാപികയെയാണ്‌ ചേച്ചി എന്നു വിളിച്ചത്‌. ആരായലും ആദ്യമൊന്നമ്പരക്കും, ഒരു കുട്ടി സ്വന്തം അധ്യാപികയെ ചേച്ചി എന്നു വിളിക്കുമ്പോള്‍... പക്ഷെ എന്നിലത്‌ എണ്റ്റെ ബാല്യകാലസ്മരണകള്‍ ഉണര്‍ത്തുക മാത്രമാണ്‌ ചെയ്തത്‌. വിദ്യാനികേതന്‍ സ്കൂളുകളുടെ ഒരു പ്രത്യേകതയാണത്‌. അവര്‍ കുട്ടികളെ കാണുന്നത്‌ സ്വന്തം കുട്ടികളെപ്പോലെയാണ്‌. ചേച്ചി എന്നു വിളിച്ചാലും, ഗുരുക്കന്‍മാരെ കുട്ടികള്‍ക്കും ബഹുമാനമാണ്‌. ഗുരുക്കന്‍മാരെ എവിടെ വച്ചു കണ്ടാലും "നമസ്തേ" പറയും വിദ്യാനികേതനിലെ കുട്ടികള്‍. അവരുടെ പഠന രീതിയും വ്യത്യസ്തമാണ്‌. സാധാരണ വിഷയങ്ങള്‍ക്കതീതമായി, ഭാരതീയ സംസ്കാരത്തെക്കുറിച്ച്‌ വ്യക്തമായ ഒരു അവബോധം അവര്‍ കുട്ടികളില്‍ സൃഷ്ടിക്കുന്നു. ചിലര്‍ ഈ സ്കൂളുകളെ ഹിന്ദുക്കളുടെ സ്കൂളുകളെന്ന്‌ പറഞ്ഞ്‌ പുച്ഛിക്കുമെങ്കിലും, അവിടെ എല്ലാ മതങ്ങള്‍ക്കും ഒരെ പരിഗണനയാണ്‌ നല്‍കുന്നതെന്ന്‌ എന്നെനിക്കറിയാം. മറ്റു മതങ്ങളെ മനസ്സിലാക്കാനും അവയുടെ അന്ത:സത്തയെ തിരിച്ചറിയാനും അവര്‍ ശ്രമിക്കുന്നതായി എനിക്ക്‌ തോന്നിയിട്ടുണ്ട്‌. എന്നെ എണ്റ്റെ വ്യക്തി ജീവിതത്തില്‍ വളരെയധികം സഹായിച്ച ഒരു കാലഘട്ടമായിരുന്നു അത്‌. എണ്റ്റെ സ്വഭാവരൂപീകരണവും, വ്യക്തിത്വ വികസനവും നടന്നതും ഞാന്‍ സരസ്വതിയില്‍ പഠിക്കുമ്പോഴായിരുന്നു. എണ്റ്റെ ആ പ്രിയ വിദ്യാലയത്തെപറ്റിയുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തിരതല്ലിയപ്പോള്‍, ക്യാമറയുമെടുത്ത്‌ ഞാന്‍ പതുക്കെ അവരുടെ നേറ്‍ക്കു നടന്നു. വളരെ പ്രതീക്ഷയോടെ ഞാന്‍ അവരോട്‌ സ്കൂളിണ്റ്റെ പേരു ഞാന്‍ ചോദിച്ചു. സരസ്വതി വിദ്യാഭവന്‍ തൊടുപുഴ എന്നൊരു മറുപടി പറയണമെ എന്നുള്ളില്‍ പ്രാര്‍ത്ഥിച്ചെങ്കിലും, അവറ്‍ ആലുവായില്‍ നിന്നുള്ള ഒരു സ്കൂളായിരുന്നു. ഒരു ചിരിയോടെ ഞാന്‍ ഞാനിരുന്ന മരച്ചുവട്ടില്‍ വന്നിരുന്നു. അപ്പോഴേക്കും, അവര്‍ തിരിക നടന്നു തുടങ്ങിയിരുന്നു. വളരെ അച്ചടക്കത്തോടെ വരി വരിയായി ആ കുരുന്നുകള്‍ തിരിഞ്ഞു നടക്കുന്നു. അവരുടെ അടുത്ത്‌ ലക്ഷ്യം സുഭാഷ്‌ പാറ്‍ക്കാണെന്നു തോന്നി. അവറ്‍ നടന്നാ പാലം കയറിയപ്പോഴാണ്‌, ഞാന്‍ അവരുടെ ഫോട്ടോ എടുക്കാന്‍ മറന്നു എന്നോറ്‍ത്തത്‌... അപ്പോഴേക്കും അവറ്‍ ആ പാലം കടന്നു പൊയ്ക്കഴിഞ്ഞിരുന്നു... കുറച്ചു നേരം കൂടി അവിടെ തന്നെ ഇരുന്ന്‌ പഴയ കാര്യങ്ങള്‍ ഓറ്‍മ്മിച്ചു. പിന്നെ പതിയെ ബാഗുമെടുത്ത്‌ തിരികെ നടന്നു. മനസ്സിനുള്ളില്‍ വല്ലാത്തൊരു വിങ്ങലോടെ... അതിനു കാരണം ഞാന്‍ തേടിയെങ്കിലും എനിക്കത്‌ കണ്ടെത്താനായില്ല...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.