Friday, May 23, 2008

ഷേക്‌സ്പിയറ്‍ M.A മലയാളം- നിരൂപണം


ജയഭാരതി തീയറ്റേഴ്സിന് വേണ്ടി നാടകം എഴുതുന്നത് ഷേക്സ്പിയര്‍ പവിത്രനാണ് ( ജയസൂര്യ ). ജീവിത ഗന്ധിയായ ഒരു നാടകം മാത്രമെ താന്‍ എഴുതൂ എന്ന്‌ വാശിയുള്ള പവിത്രന്‍ ഇപ്പോള്‍ ഒരു പ്രശ്‌നത്തിലാണ്‌. ജയഭാരതി തീയറ്റേഴ്സിന് ഉടനെ ഒരു പുതിയ നാടകം വേണം, പക്ഷേ ഒരു നല്ല കഥ ലഭിക്കുന്നില്ല. ജയഭാരതി തീയറ്ററുകാര്‍ പവിത്രനെ ഒരു നാട്ടിന്‍പ്രദേശത്ത് കൊണ്ടുപോയി താമസിപ്പിക്കുന്നു, എഴുതുവാനായി. തന്‍റെ പുതിയ വാസസ്ഥലത്ത് വെച്ച് പവിത്രന്‍ ഒരു പെണ്‍കുട്ടിയെ ( റോമ ) പരിചയപ്പെടുന്നു. അയാള്‍ ആ പെണ്‍കുട്ടിയുടെ കഥ നാടകമാക്കിത്തുടങ്ങുന്നു. കഥക്ക് വേണ്ടി നാടകകൃത്ത്, ജീവിതത്തില്‍ പ്രയോഗിക്കാനായി അവളില്‍ പല ആശയങ്ങളും കുത്തിവെക്കുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടി അപ്രത്യക്ഷയാവുന്നു - പണമുണ്ടാക്കി കുടുംബം രക്ഷിക്കാനായി ബാംഗ്ലൂരിലേക്ക്. നായകന്‍ തന്‍റെ കാമുകിയെ അന്വേഷിച്ച് ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നു. മാസങ്ങള്‍ക്ക് ശേഷം അയാള്‍ അവളെ കണ്ടെത്തുന്നു, വിചിത്രമായ കഥകളറിയുന്നു, പിന്നെ ക്ലൈമാക്സ്. ഇതാണ്‌ ഷേക്‌സ്പിയറ്‍ M.A മലയാളം എന്ന ചിത്രത്തിണ്റ്റെ ഇതിവൃത്തം.

വളരെ രസകരമായ ഒരു കഥയാണ്‌ ചിത്രത്തിണ്റ്റേത്‌. നമ്മുടെ സാധാരണ ചിത്രങ്ങളെപ്പോലെ തന്നെ, കണ്ണീരും ദുരിതവും എല്ലാം ഇതിണ്റ്റെ ഭാഗമാണ്‌. പക്ഷേ, ഒരു നാടകകൃത്ത്‌ ഒരു പുതിയ കഥയ്ക്കുവേണ്ടി, തണ്റ്റെ ആശയങ്ങള്‍ ഒരാള്‍ക്കു പറഞ്ഞു കൊടുക്കുകയും, അതു വഴി അയാളുടെ ജീവിതത്തില്‍ അയാള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരികയും ചെയ്യുന്നു. പക്ഷേ നിനച്ചിരിക്കാതെ കഥയില്‍ വരുന്ന വ്യതിയാനത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ കഴിയാതെ പോയി എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത. ചിത്രത്തിണ്റ്റെ ക്ളൈമാക്സ്‌ നന്നായെങ്കിലും, അതിനു മുന്നെയുള്ള സംഭവങ്ങള്‍ അവിശ്വസനീയമായി തോന്നും. പക്ഷേ യഥാറ്‍ത്ഥ സംഭവങ്ങളിലേക്ക്‌ നമ്മെ കൈപിടിച്ചു കൊണ്ട്‌ പോകും മുന്നെ, പ്രേക്ഷകരെ അവരുടേതായ വഴിയില്‍ ചിന്തിക്കാനൊരു വഴിമരുന്നിട്ടിട്ടുണ്ടെന്നുള്ളതൊരു വളരെ പ്രധാന ഘടകമാണ്‌. ശക്തമായ ഒരു കഥയുണ്ടെങ്കിലും, അതിനെ ചൂഷണം ചെയ്യാനുള്ള ഒരു തിരക്കഥയുടെ അഭാവം, ഇതില്‍ പ്രകടമായിക്കാണം. ഇതില്‍ പ്രേക്ഷകരെ ചിരിപ്പിക്കുവാനുള്ള വളരെയധികം രംഗങ്ങള്‍ ഉണ്ട്‌. തീയേറ്ററുകളില്‍ ഇതൊരു ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ടിക്കുന്നുണ്ടെങ്കിലും, പല രംഗങ്ങളും തിരുകി കയറ്റിയതു പൊലെ തോന്നുന്നു. പാത്ര സൃഷടിയും അങ്ങനെ തന്നെ. തമാശ രംഗങ്ങള്‍ക്കായി കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയതു പോലെ തോന്നുന്നു. കലാഭവന്‍ മണിയും, ഇന്നസെണ്റ്റും, ജഗതിയും, രാജന്‍ പി. ദേവും, അനൂപും, ബിജുക്കുട്ടനും, കുളപ്പുള്ളി ലീലയുമെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌. സായി കുമാറും, ജയകൃഷ്ണനും പ്രധാന വേഷത്തില്‍ വരുമ്പോള്‍ ചെറിയ ചെറിയ കഥാപത്രങ്ങള്‍ പോലും നന്നായി അവതരിപിച്ചിരിക്കുന്നു. തമാശ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ സലീം കുമാറാണ്‌. അദ്ദേഹത്തിണ്റ്റെ സ്വതസിദ്ധമായ ശൈലിയില്‍, കഥാപാത്രത്തെ അവതരിപ്പിച്ചുവെങ്കിലും, അശ്ളീലം നിറഞ്ഞ തമാശകള്‍ അദ്ദേഹത്തിണ്റ്റെ തമാശകളുടെ ഭാഗമായിക്കഴിഞ്ഞു എന്നു തോന്നുന്നു. പക്ഷേ ഈ ചിത്രത്തിലെ തമാശകള്‍, അത്രയും തരം താഴുന്നില്ല എന്നുള്ളത്‌ ഒരു നല്ല കാര്യമാണ്‌. ജഗതി ശ്രീകുമാറിനെ വേറുതെ ഒരു കഥാപാത്രമായി ഉപയോഗിച്ചിരിക്കുന്നു. അദ്ദേഹത്തിണ്റ്റെ കഴിവുകളെ അല്‍പമെങ്കിലും ഉപയോഗിക്കാന്‍ ആ കഥാപാത്രത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന്‌ സംശയമാണ്‌.



എന്നാല്‍ റോമ എന്ന നടിക്ക്‌ ഒരു ഗ്രാമീണപ്പെണ്‍കൊടിയുടെ റോള്‍ അത്ര കണ്ട്‌ ചേരുന്നില്ല എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. പല സ്ഥലത്തും അത്‌ നിഴലിച്ച്‌ കാണൂന്നതുമുണ്ട്‌. രണ്ടു രംഗങ്ങളിലേക്കായി സുരാജ്‌ വെഞ്ഞാറമൂടിനെ അവതരിപ്പിച്ചതും അല്‍പം ബോറായി. ഇടവേളയില്‍ സംവിധായകറ്‍ ഒരുക്കിവയ്ക്കുന്ന ആ സസ്‌പെന്‍സ്‌ കൊള്ളാം. പക്ഷേ, ഇടവേളയ്ക്കു ശേഷം അത്‌ പ്രേക്ഷകരെ നിരാശപ്പെടുത്തുക തന്നെ ചെയ്യും. ജയസൂര്യ തണ്റ്റെ വേഷം നന്നയി അഭിനയിച്ചിട്ടുണ്ട്‌. പക്ഷേ, ആ പഴയ മിമിക്രിക്കാരണ്റ്റെ ഭാവാഭിനയത്തില്‍ നിന്നും പുറത്തു വരാന്‍ അദ്ദേഹത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ഈ വേഷം അദ്ദേഹത്തിന്‌ നല്ല കുറേ വേഷങ്ങള്‍ സമ്മാനിക്കും എന്നത്‌ തീറ്‍ച്ച. സംഗീതത്തിന്‌ അധികം പ്രാധാന്യമൊന്നുമില്ലാത്തെ ചിത്രത്തില്‍, കുറേ ഗാനങ്ങള്‍ കുത്തി നിറച്ചിട്ടുണ്ട്‌. തികച്ചു അനാവശ്യമായ ഗാനങ്ങളാണവ എന്നതിലുപരി, കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങള്‍ ഒന്നും തന്നെ ഇല്ല. മോഹന്‍ സിത്താര നമ്മെ നിരാശപ്പെടുത്തിക്കളഞ്ഞു. പക്ഷേ, ഒരു നാടക ഗാനത്തിണ്റ്റെ കെട്ടിലും മട്ടിലും അവതരിപ്പിച്ചിരിക്കുന്ന ടൈറ്റില്‍ ഗാനം, മികച്ച നിലവാരം പുലറ്‍ത്തിയിരിക്കുന്നു. പഴയ നാടക കാലത്തേക്ക്‌ നമ്മെ കൂട്ടിക്കൊണ്ട്‌ പോകാന്‍ ഇതു നമ്മേ സഹായിക്കുന്നുണ്ട്‌. അനില്‍ പനച്ചൂരാന്‍ എന്ന ഗാനരചയിതാവ്‌ ഈ ഗാനം മനോഹരമായി എഴുതിയെങ്കിലും, മറ്റുള്ളവ ആകറ്‍ഷണീയമല്ലാതെ പോയി. കലാസംവിധാനവും ഛായാഗ്രഹണവും മികച്ചതായി തോന്നി. ഗ്രാമത്തിണ്റ്റെ ഭംഗി ഒപ്പിയെടുത്തുള്ള ക്യാമറാ വറ്‍ക്ക്‌ ആകറ്‍ഷണീയമായി തോന്നി.

ചുരുക്കിപ്പറഞ്ഞാല്‍ കണ്ടിരിക്കവുന്ന ഒരു ചിത്രം. ചെറിയ ചിതമെങ്കിലും, വലിയ ഒരു താരനിരയോട്‌ കൂടിയ ഒരു തമാശ ചിത്രം. ഇതിനെ ഒരു കുടുംബ ചിത്രം എന്ന പേരിലും കാണാം പക്ഷേ അതെത്രത്തോളം എന്നുള്ളത്‌ പ്രേക്ഷകനെ ആശ്രയിച്ചിരിക്കും. മറ്റൊരു തലത്തിലേക്ക്‌ കൊണ്ടു പോകാമായിരുന്ന ഈ ചിത്രത്തെ ഭാവനാശൂന്യമായ തിരക്കഥ ചതിച്ചു. മലയാളത്തിലെ എന്നത്തേയും മികച്ച ചിത്രമാവാന്‍ ഈ ഷേക്സ്‌പിയറിനു കഴിയുമായിരുന്നു, തിരക്കഥയ്ക്കൊരല്‍പ്പം കൂടി കാതലുണ്ടായിരുന്നെങ്കില്‍. ജയസൂര്യയും കലാഭവന്‍ മണിയുമടങ്ങുന്ന തമാശക്കാരുടെ ഒരു നിരയും, ഷേക്‌സ്പിയറ്‍ M A മലയാളമെന്ന വിചിത്രമായ പേരും ഈ ചിത്രത്തെ രക്ഷിച്ചുവെന്നു തോന്നുന്നു, കാരണം ഞാനീ ചിത്രം കാണുമ്പോഴും ഇതിനു നല്ല തിരക്കായിരുന്നു, 3 ആഴ്ചക്കു ശേഷം!!!

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.