Friday, January 30, 2009

ലവ്‌ ഇന്‍ സിംഗപ്പോര്‍ (Love In Singapore)

മമ്മൂട്ടി നായക കഥാപാത്രത്തിലെത്തിന്ന ആദ്യത്തെ റാഫി-മെക്കാര്‍ട്ടിന്‍ ചിത്രമാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍. കഥ, തിരക്കഥ, സംഭാഷണം എന്നിവ റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ തന്നെയാണ്‌. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ റാഫിയാണ്‌. തെലുങ്കു നടി നവനീത്‌ കൌര്‍ ആണ്‌ ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സലീം കുമാര്‍, രാജന്‍.പി.ദേവ്‌, ബിജു കുട്ടന്‍, ജയസൂര്യ, ജനാര്‍ദ്ദനന്‍, ലാലു അലക്സ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, മങ്കാ മഹേഷ്‌, സുകുമാരി, ഗീതാ വിജയന്‍, ശ്രുതി ലക്ഷ്മി തുടങ്ങി ഒരു ചെറിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്‌. ലളിതമായ ഒരു കഥ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു. അതാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍.

ഇത്‌ മച്ചുവിന്റെ (മമ്മൂട്ടി) കഥയാണ്‌. ആദ്യ രംഗത്തില്‍ തന്നെ സിംഗപ്പൂരില്‍ കറങ്ങി നടക്കുന്ന മച്ചു, ആരെയോ അന്വേഷിക്കുന്നു എന്നു പറയുന്നു. ആദ്യ പകുതിയെ ഒരു ഫ്ലാഷ്‌ ബാക്കു പോലെ അവതരിപ്പിച്ച്‌ കഥ പറഞ്ഞിരിക്കുന്നു. തെരുവില്‍ പാട്ട പറുക്കി നടന്ന ഒരു തെരുവിന്റെ സന്തതിയായ ഒരു ചെക്കന്‍ വളര്‍ന്ന്‌ കോടീശ്വരനാകുന്നു. എല്ലാവരേയും മച്ചു മച്ചു എനു വിളിക്കുന്ന അവന്റേ പേരു്‌ മച്ചു എന്നായി മാറി. ബാല്യകാല സുഹൃത്തുക്കളായ ഷുക്കൂര്‍ ഖാനും (സലീം കുമാര്‍) നാരായണ്‍ജി (ബിജുക്കുട്ടന്‍) എന്നിവരാണ്‌ മച്ചുവിന്റെ സന്തതസഹചാരികള്‍. തെരുവിന്റെ മക്കളായതിനാല്‍, സാധാരണക്കാരോട്‌ അനുകമ്പയും സ്നേഹവുമെല്ലാം മച്ചുവിനം സുഹൃത്തുക്കള്‍ക്കും ഉണ്ട്‌. കൊച്ചി നഗരത്തിലെ ഏറ്റവും വലിയ സ്ക്രാപ്പ്‌ ഡീലറായ മച്ചു, ബിസിനസ്സ്‌ ഉപദേഷ്ടാവായ സായിപ്പിനെ (നെടുമുടി വേണു) പരിചയപ്പെടുന്നതോടെ, മച്ചുവിനു മുന്നില്‍ സ്വപ്നങ്ങളുടെ മറ്റൊരു വലിയ ലോകം തുറക്കപ്പെടുകയാണ്‌. ഷെയര്‍ മാര്‍ക്കറ്റ്‌ ബിസിനസ്സ്‌ ചെയ്യുന്ന സായിപ്പ്‌ ഒരു സുപ്രഭാതത്തില്‍ മച്ചുവിന്റെ പണവും, ബിസിനസ്സില്‍ നഷ്ടം വന്നു എന്നു പറഞ്ഞ്‌, ആതമഹത്യക്കു ശ്രമിക്കുന്നു. എന്നാല്‍ അതിനു പകരമായി, മച്ചു സായിപ്പിന്റെ മകളെ കല്യാണം കഴിച്ചോളാം എന്നു പറയുന്നു. പക്ഷേ ആള്‍മാറാട്ടം നടത്തി, മച്ചുവിനെ കബളിപ്പിച്ച്‌ സായിപ്പ്‌ സിംഗപ്പൂരിലേക്കു കടന്നു കളയുന്നതോടെ കഥാഗതി തിരിയുകയാണ്‌. സായിപ്പിനെ കണ്ടുപിടിക്കാനും, കണ്ടുപിടിച്ച്‌ തന്റെ പണം തിരികെ നേടാന്‍ മച്ചു സിംഗപ്പൂരിലേക്ക്‌ തിരിക്കുന്നു. ഇതാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍ എന്ന ചിത്രത്തിനെ ഇതിവൃത്തം..

അഭിനയത്തില്‍ മമ്മൂട്ടി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരിക്കുന്നു. മമ്മൂട്ടിയെ പോലൊരു നടന്‌ അഭിനയിച്ചു ഫലിപ്പിക്കാന്‍ തക്കതൊന്നും ഈ ചിത്രത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഒരു വിധം നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്തിട്ടുമുണ്ട്‌. എന്നാല്‍ സഹചാരികളായി വരുന്ന സലീംകുമാറും ബിജുക്കുട്ടനും വളരെ നന്നായി തന്നെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കി അഭിനയിച്ചിരിക്കുന്നു. ചെറിയ റോളെങ്കിലും ജയസൂര്യ, തന്റെ അഭിനയം മികച്ചതാക്കി. രാജന്‍.പി.ദേവിന്റെ കഥാപാത്രത്തെ എവിടോക്കെയോ കണ്ടു മറന്നതു പോലെ തോന്നി. സുരാജ്‌ വെഞ്ഞാറമൂടിന്റെ കഥാപാത്രം സ്ഥിരം പാറ്റേണിലുള്ളതാണെങ്കിലും, വളരെക്കുറച്ച്‌ തമാശ രംഗങ്ങളേ കൈകാര്യം ചെയ്യുന്നുള്ളു. ജനാര്‍ദ്ദനനും, സുകുമാരിയും, ഗീതാവിജയനുമെല്ലാം വന്നു പോകുന്ന കഥാപാത്രങ്ങളായപ്പോള്‍, ചെറുതെങ്കിലും, ലാലു അലക്സ്‌ തന്റെ പോലീസ്‌ വേഷത്തെ മോശമാക്കിയില്ല. നായിക നവനീത്‌ കൌര്‍ ഇടക്കിടെ വന്നു പോകുമെന്നല്ലാതെ, അവസാന സീനില്‍ വരെ കാര്യമായൊന്നും ചെയ്യാനില്ല. ദൌര്‍ഭാഗ്യവശാല്‍ കഥ ചുറ്റിപറ്റി നില്‍ക്കുന്നത്‌ ഈ കഥാപാത്രത്തേയും. റാമ്പ്‌ രംഗങ്ങളില്‍ മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നു. വിവിധ വേഷഭൂഷാദികളില്‍ രംഗത്തെത്തുന്ന മമ്മൂട്ടി, ഇപ്പോഴും താന്‍ തന്നെയാണ്‌ മലയാളത്തിലെ ഏറ്റവും ചെറുപ്പം നിലനിര്‍ത്തുന്ന നടന്‍ എന്ന്‌ നിസ്സംശയം തെളിയിച്ചിരിക്കുന്നു.

വളരെ ലളിതമായ കഥ എന്നത്‌, ഈ കഥയുടെ പ്ലസ്സ്‌ ആകുമ്പോള്‍, അതു തന്നെ ഈ കഥയുടെ ന്യൂനതയുമാകുന്നു. ഒട്ടനവധി മികച്ച തമാശരംഗങ്ങള്‍ ഉണ്ടങ്കിലും, അവയെ കോര്‍ത്തിണക്കിയപ്പോള്‍ ഒരല്‍പം അഭംഗി തോന്നി. അതാണ്‌ റാഫി-മെക്കാര്‍ട്ടിന്റെ ഈ തിരക്കഥയുടെ പ്രധാന പ്രശ്നമായി തോന്നിയതു്‌. പക്ഷേ, മച്ചുവിനെ പറ്റിക്കുവാന്‍ നടത്തുന്ന ആള്‍മാറാട്ട രംഗങ്ങളും, ജയസൂര്യയുടെ രംഗപ്രവേശവുമെല്ലാം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തന്റെ ശക്തി ഉപയോഗിക്കുന്നതില്‍ കൂടുതല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌, ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന മച്ചുവിനെയാണ്‌ നാം കാണുക. അമാനുഷിക കഥാപാത്രമില്ല എന്നത്‌ ഈ കഥയുടെ ഒരു പ്ലസ്സാണ്‌. സംവിധാനത്തില്‍ റാഫി-മെക്കാര്‍ട്ടിന്‍ ഒരുപാട്‌ പിന്നോക്കം പോയിരുന്നു. ഒരു ലളിതമായ കഥയില്‍ ഇത്രയും വലിയൊരു ചിത്രം നിര്‍മ്മിക്കുക എന്നത്‌ തന്നെ ഒരു വലിയ പരീക്ഷണമാണ്‌. കഥാപാത്രങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ചിത്രത്തെ ഇനിയും മികച്ചതാക്കി മാറ്റാം കഴിയുമായിരുന്നു എന്ന്‌ തോന്നി. കഥയുടെ തുടക്കം കണ്ടാലെ ഒടുക്കം ഊഹിക്കാമെങ്കിലും, അവസാനം ഊഹത്തിനപ്പുറത്തേക്കെത്തിച്ചിരിക്കുന്നു എന്നത്‌ ഒരു നല്ല കാര്യമാണ്‌.

ഈ ചിതത്തിന്റെ ഗാനങ്ങളൊരുക്കിയിരിക്കുന്നത്‌ സുരേഷ്‌ പിറ്റേഴ്സാണ്‌. ഗാനരചന, രാജീവ്‌ ആലുങ്കലും സന്തോഷ്‌ വര്‍മ്മയും. റാഫി മെക്കാര്‍ട്ടിന്റെ സ്ഥിരം ടീമായ സുരേഷ്‌ പീറ്റേഴ്സിന്‌, ആ പഴയ പ്രഭാവം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. വെറുതെ കുറച്ചു ശബ്ദങ്ങള്‍ കുത്തിനിറച്ചതു പോലെ അനുഭവപ്പെട്ടു. ഗാനങ്ങളുടെ വരികള്‍, ഒരിത്തിരി ശ്രമപ്പെട്ട്‌ അറിയാന്‍ ശ്രമിച്ചെങ്കിലും അവയും നിരാശപകരുന്നതായിരുന്നു. മോഹന്‍ സിത്താരയുടെ പിന്നണി സംഗീതം മികച്ചതായി തോന്നി. ചിത്രത്തിന്റെ സാങ്കേതിക മികവ്‌ ആരേയും ആകര്‍ഷിക്കുന്നതാണ്‌. സിംഗപ്പൂരിന്റെ ഭംഗി ഒപ്പിയെടുത്ത ക്യാമറാമാന്‍ സഞ്ജീവ്‌ ശങ്കര്‍, റാമ്പ്‌ സീനുകളേയും മികച്ച രീതിയില്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. കലാസംവിധാനത്തില്‍ ബോബന്റെ കഴിവും സഞ്ജീവിനെ സഹായിച്ചിട്ടുണ്ടാവണം. ഹരിഹരപുത്രന്റെ എഡിറ്റിംഗും നന്നയി, പക്ഷേ ഇടക്കു ഒന്നു രണ്ടിടങ്ങളില്‍ സീനുകള്‍ തമ്മില്‍ ബന്ധമില്ലാത്തതു പോലെ തോന്നി, പിന്നെ എന്റെ സുഹൃത്താണ്‌ പറഞ്ഞത്‌, അത്‌ തീയേറ്ററുകാര്‍ കത്രിക വച്ചതാണെന്ന്‌!!! അധികം സംഘട്ടന രംഗങ്ങള്‍ ഇതില്‍ ഇല്ല. ഉള്ളവ ഭംഗിയായി ചെയ്തിരിക്കുന്നു.

ഇതൊരു ഫാന്‍സിനു വേണ്ടിയുള്ള സിനിമ എന്നു വേണമെങ്കില്‍ പറയാം, പക്ഷേ അമാനുഷികമായി ഒന്നുമില്ല എന്നത്‌ അവരെ നിരാശരാക്കിയിരിക്കും, തീര്‍ച്ച. അഭിനയത്തേക്കാള്‍ ഇതിന്റെ ദൌര്‍ബല്യമായി എനിക്ക്‌ തോന്നിയത്‌ തിരക്കഥയും സംവിധാനവുമാണ്‌. ഈ ചിത്രത്തെ ഇതിലും മികച്ചതാക്കാന്‍, ഒരു മികച്ച തിരക്കഥാകൃത്തിനും, സംവിധായകനും കഴിയും എന്നു തോന്നിപ്പോയി, പലവട്ടം. ഈ ചിത്രത്തിന്റെ ആകെ തുക എന്നത്‌, കുടുംബവുമായി അല്‍പനേരം തീയേറ്ററില്‍ പോയിരുന്ന്‌ ചിരിക്കാം. പക്ഷേ ഒരിക്കലും ഒരു നിരൂപകന്റെ മനസ്സുമായി ഇതു കാണാന്‍ പോകരുത്‌, അതു നിങ്ങളെ നിരാശപ്പെടുത്തും....

Tuesday, January 6, 2009

സംഗീതത്തിന്റെ രാജകുമാരന്‌ ജന്മദിനാശംസകള്‍

ഇന്ത്യന്‍ സംഗീത ശാഖയുടെ സ്വകാര്യ അഹങ്കാരമായ സംഗീത മാന്ത്രികന്‍ അള്ളാ രഖാ റഹ്മാനെന്ന എ.ആര്‍ റഹ്മാന്‌ എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍. സംഗിതം കൊണ്ട്‌ നമ്മേ വിസ്മയിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ജനനം 1966, ജനുവരി 6ന്‌ ചെന്നയില്‍ ആയിരുന്നു. തെന്നിന്ത്യന്‍ സിനിമകള്‍ക്ക്‌, പ്രത്യേകിച്ച്‌ മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ക്ക്‌ സംഗീത സംവിധാനം നല്‍കിയ ആര്‍.കെ.ശേഖറാണ്‌ അദ്ദേഹത്തിന്റെ പിതാവ്‌. സംഗീത കുടുംബത്തില്‍ ജനിച്ച റഹ്മാന്റെ ആദ്യനാമം ദിലീപ്‌ കുമാര്‍ എന്നായിരുന്നു. പിന്നീട്‌ കുടുംബമൊന്നാകെ മതം മാറിയപ്പോള്‍ അദ്ദേഹം റഹ്മാനെന്ന നാമം സ്വീകരിച്ചു. വിവിധ വാദ്യോപകരണങ്ങള്‍ വായിച്ചിരുന്ന അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ പല ബാന്ഡുകളിലും അംഗമായിരുന്നു. അതു വഴി അദ്ദേഹം ഇളയരാജയുടെ ട്രൂപ്പിലും എത്തി. എം.എസ്‌ വിശ്വനാഥന്‍, രമേഷ്‌ നായിഡു എന്നിവരുറ്റെ ട്രൂപ്പുകളില്‍ ജോലി നോക്കിയ അദ്ദേഹം, കുന്നക്കുടി, സാക്കിര്‍ ഹുസൈന്‍ എന്നിവരുമൊത്ത്‌ കലാപരിപാടികള്‍ക്കായി ലോകപര്യടനവും നടത്തി.

1991ല്‍ സ്വന്തമായി പഞ്ചതന്ത്രമെന്ന റെക്കോര്‍ഡിങ് സ്റ്റൂഡിയോ തുടങ്ങിയ അദ്ദേഹം, കുറെ പരസ്യചിത്രങ്ങള്‍ക്ക്‌ സംഗീതസംവിധാനവും നിര്‍വഹിച്ചു. തുള്ളി നീലം ഹായ്‌.. എന്നു തുടങ്ങുന്ന റീഗല്‍ തുള്ളിനീലത്തിന്റെ പരസ്യം ഇന്ത്യക്കാര്‍ മറക്കുമെന്ന്‌ തോന്നുന്നില്ല. 1992ല്‍ മണിരത്നം, തന്റെ ചിത്രത്തിനായി ഒരു പുതുമുഖത്തെ തേടുന്നതിനിടെയാണ്‌ റഹ്മാനെക്കുറിച്ചറിയുന്നതും അദ്ദേഹത്തെ "റോജ"ക്കായി സംഗീത സംവിധാനം ചെയ്യാന്‍ ക്ഷണിക്കുന്നതും. അത്‌ അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംഗീതസംവിധായകനുള്ള രജത കമലം സ്വന്തമാക്കിയ അദ്ദേഹം പിന്നീട്‌ തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ 17 വര്‍ഷമായി നമ്മേ, പല ഭാഷകളില്‍ മികച്ച സംഗീതം നല്‍കി ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയിലേക്കു വരുന്നതിനു മുന്നെ, അദ്ദേഹം യോദ്ധാ എന്ന മലയാള ചിത്രത്തിനും സംഗീതം നല്‍കി. മിന്‍സാര കനവ്‌, ലഗാന്‍, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും മൂന്നു തവണ കൂടി രജത കമലം സ്വന്തമാക്കി. സംഗീത സംവിധായകന്‍ എന്നതിലുപരി, സ്വന്തം സംഗീതത്തില്‍ പാടി മികച്ച ഒരു പിടി ഗാനങ്ങളും അദ്ദേഹം നമുക്ക്‌ സമ്മാനിച്ചു. വെള്ളൈ പൂക്കള്‍, ദില്‍സേ രെ...എന്നിവ ഉദാഹരണങ്ങള്‍ മാത്രം. അദ്ദേഹത്തിന്റെ ആല്‍ബങ്ങളായ വന്ദേമാതരവും ജനഗണമനയും ഇന്ത്യന്‍ സംഗീത പ്രേമികളെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്‌. വ്യത്യസ്തമായ ഗാനങ്ങള്‍ ഒരുക്കുന്ന അദ്ദേഹം, ഏതാനും ഇംഗ്ലീഷ്‌ ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നു. തമിഴ്‌ നാട്‌ സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അദ്ദേഹത്തെ, ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. അടുത്തിടെ അദ്ദേഹത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡിനും നോമിനേറ്റ്‌ ചെയ്യപ്പെട്ടു.

ഇനിയും മികച്ച ഗാനങ്ങള്‍ ഈ ലോകത്തിനു സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന്‌ കഴിയട്ടെ എന്നും അദ്ദേഹം ഇനിയും പ്രശസ്തിയുടെ ഔന്നത്യത്തിലെത്തട്ടെ എന്നും ഹൃദയപുരസ്സരം ആശംസിക്കുന്നു....

എ.ആര്‍.റഹ്മാനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.

Monday, January 5, 2009

മമ്മൂട്ടിയുടെ ബ്ലോഗ്‌


മലയാളികള്‍ക്കും മലയാള സിനിമാ പ്രേമികള്‍ക്കും ആനന്ദം പകരുന്ന ഒരു വാര്‍ത്തയായിരുന്നു പത്മശ്രീ ഭരത്‌ മമ്മൂട്ടി ബ്ലോഗിങ്‌ തുടങ്ങന്നു എന്ന്‌. എണ്ണിയാലൊടുങ്ങാത്ത ബ്ലോഗര്‍മാരുടെ ഇടയിലേക്ക്‌ ഒരു സൂപ്പര്‍സ്റ്റാര്‍ കടന്നു വരുക എന്നത്‌ തികച്ചു ആകസ്മികവും ബ്ലോഗറെ സംബന്ധിച്ചിടത്തോളം ആവേശകരവുമായ ഒന്നാണ്‌. ബോളിവുഡ്‌ സൂപ്പര്‍ താരങ്ങളായ അമിതാഭ്‌ ബച്ചന്‍, അമീര്‍ ഖാന്‍ എന്നിവരുടെ ചിവടു പിടിച്ചാണ്‌ മമ്മൂട്ടിയും ബ്ലോഗിങ്‌ രംഗത്തേക്കു കടന്നു വന്നത്‌. അമിതാഭിനും അമീറിനും ലഭിച്ച അതേ സ്വീകരണമാണ്‌ മമ്മൂട്ടിക്കും ലഭിച്ചിരിക്കുന്നത്‌. ആയിരക്കണക്കിന്‌ ഹിറ്റാണ്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ സൈറ്റില്‍ ലഭിച്ചത്‌. അമിതാഭും അമീറും സ്വന്തം ആരാധകരോട്‌ സംവദിക്കാനാണ്‌ ബ്ലോഗിങ്‌ തുടങ്ങിയതെങ്കില്‍, മമ്മൂട്ടി കാലില പ്രസ്കതമായ കാര്യങ്ങളാണ്‌ മലയാളികളോട്‌ സംവദിക്കുന്നത്‌. "ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ." എന്നു പറയുക വഴി, മമ്മൂട്ടി തന്റെ നയം വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. സമ്പദ്‌ വ്യവസ്ഥയുടെ രാഷ്ട്രീയം എന്ന ഹ്രസ്വമായ തന്റെ ആദ്യത്തെ പോസ്റ്റില്‍ ലോകം ഇന്നു നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, അതിന്‌ കാരണഭൂതമായ വസ്തുതകളിലേക്കും, അതിന്റെ വരുംവരായ്കകളെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. മമ്മൂട്ടിയെ എന്ന നടനെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ആദരിക്കുന്നവര്‍, വളരെ പ്രതീക്ഷയോടെ കടന്നു ചെല്ലുമ്പോള്‍ അവര്‍ കാണുന്ന ഇത്തരം ഒരു പോസ്റ്റ്‌ ചിലപ്പോള്‍ അവരെ നിരാശരാക്കിയേക്കാം. നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം പങ്കു വയ്ക്കുമ്പോള്‍, ഒരു അമീര്‍ ഖാന്‍ ബ്ലോഗോ അമിതാബ്‌ ബച്ചന്‍ ബ്ലോഗോ പ്രതീക്ഷിക്കുന്നവര്‍ക്ക്‌ ഒരു പക്ഷേ ഇതങ്ങ്‌ ദഹിച്ചു എന്നു വരില്ല. ആദ്യമായാണ്‌ മലയാളത്തില്‍ ഒരു നടന്‍ ബ്ലോഗിങ്‌ രംഗത്തേക്കു കടന്നു വരുന്നത്‌. ഒരു പക്ഷേ മാതൃഭാഷയില്‍ ബ്ലോഗെഴുതുന്ന ആദ്യത്തെ നടന്‍ കൂടിയാകും അദ്ദേഹം. മുന്നോട്ടുള്ള സമയങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന്‌ കൂടുതല്‍ വിജ്ഞാനപ്രദമായ ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു. എന്തായാലും മലയാളത്തിന്റെ കലാ സാംസ്കാരിക രംഗത്തിന്‌ ഉണര്‍വ്വു പകരുന്ന ഒരു നീക്കമാകട്ടെ ഇത്‌ എന്നാശംസിക്കുന്നു.

മമ്മൂട്ടിയുടെ ബ്ലോഗ്‌

Saturday, January 3, 2009

കണ്ണൂര്‍

കണ്ണൂര്‍ വീണ്ടും നിണമണിയുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ ആവര്‍ത്തിക്കപ്പെടുന്നു. കണ്ണുനീര്‍ വറ്റാത്തെ അവിടുത്തെ അമ്മമാരുടേയും സഹോദരിമാരുടേയും ദു:ഖത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട്‌....

രക്തത്താല്‍ അഭിഷിക്തമാം നാട്‌
നിണച്ചാലൊഴുകിയ പന്‌ഥാവ്‌ മാത്രം
ശാന്തമായിരിക്കും സമയമില്ല
കൊല്ലും കൊലയും നടക്കുന്നു നിരന്തരം
കൊലപാതകങ്ങള്‍ക്കു നിപുണരവര്‍
രക്തബന്ധവുമൊരു തടസ്സമല്ല
വിധവകളാകും സ്ത്രീകള്‍തന്‍
തേങ്ങല്‍ നിലയ്ക്കില്ലൊരിക്കലും
അനാഥരാകും കുട്ടികള്‍ തന്‍ ദു:ഖം
കണ്ടില്ലെന്നു നടിക്കുന്നുവല്ലോ ആ ലോകം
ഇനിയും നിര്‍ത്താതെ തുടര്‍ന്നു വരുന്നു
നിഷ്ഠൂരമാം രാഷ്ട്രീയ കൊലപാതകങ്ങള്‍
ബോംബും വടിവാളുമാണാ കൈകളില്‍
സ്നേഹമെന്തെന്നറിഞ്ഞു കൂടാ
രക്തത്തിന്‍ ഗന്ധമാണെന്തിനും
വെറുപ്പു തോന്നുമൊരു കാടന്‍ സംസ്കാരം
കൊലവിളികളെങ്ങും മുഴങ്ങി കേള്‍ക്കും
വാശിയിലാണവര്‍ ഒരു സമനിലയ്ക്കായ്‌
മരണമെവിടേയും പതിയിരിക്കും
ആഗതമാവുമതെവിടെ നിന്നും
ഉണ്ടാകുമോ ഇതിന്നൊരവസാനം
ശാന്തിയും സമാധാനവും കൈവരുമോ
ലോകത്തിന്‍ പ്രാര്‍ത്ഥനയെന്നുമുണ്ട്‌
ഇനിയെങ്കിലും ശാന്തമാകുമോ കണ്ണൂര്‍....?

Thursday, January 1, 2009

മലയാള സിനിമ 2008


മലയാള സിനിമയേ സംബന്ധിച്ച്‌ മഹത്തായ ഒരു വര്‍ഷമായിരുന്നില്ല. കയറ്റിറക്കങ്ങളും പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി സമ്മിശ്രമായ ഒരു വര്‍ഷമായിരുന്നു 2008. ഏകദേശം അമ്പതിലധികം ചിത്രങ്ങള്‍ പുറത്തിറങ്ങിയ ഈ വര്‍ഷം, വിജയം നേടിയവ വിരലിലെണ്ണാവുന്നതു മാത്രമായി ചുരുങ്ങി. മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിച്ച ചിത്രമായ ട്വന്റി-20 പുറത്തിറങ്ങിയത്‌ ഈ വര്‍ഷമായിരുന്നു. മലയാള സിനിമ വിവാദങ്ങളില്‍ കൂടി കടന്നു പോയ വര്‍ഷം കൂടിയാണിത്‌. അമ്മയിലും മാക്ടയിലുമുണ്ടായ വിവാദങ്ങള്‍ മലയാള സിനിമയെ പ്രതികൂലമായി ബാധിച്ചു. പ്രതിഭാധനരായ ഒരു കൂട്ടം അഭിനേതാക്കള്‍ അരങ്ങൊഴിഞ്ഞ വര്‍ഷം കൂടിയായിരുന്നു 2008.

സൂപ്പര്‍ സ്റ്റാറുകളുടെ ശ്രദ്ധേയമായ സാന്നിധ്യം ഇത്തവണയും മലയാള സിനിമയില്‍ ഉണ്ടായിരുന്നു. 6 ചിത്രങ്ങളില്‍ വീതം അഭിനയിച്ച്‌ മോഹന്‍ലാലും സുരേഷ്‌ ഗോപിയും തങ്ങളുടെ സാന്നിധ്യമറിയിച്ചപ്പോള്‍, മമ്മൂട്ടി അഞ്ച്‌ ചിത്രങ്ങളിലും ജയറാമും ദിലീപും 3 ചിത്രങ്ങളില്‍ വീതം അഭിനയിച്ചു. പൃഥ്വിരാജ്‌ 4 ചിത്രങ്ങളിലും കലാഭവന്‍ മണിയും ജയസൂര്യയും യഥാക്രമം നാലും മൂന്നും ചിത്രങ്ങളില്‍ തിരശ്ശീലയില്‍ എത്തി. മോഹന്‍ലാലിന്റെ മാടമ്പി ഉജ്ജ്വല വിജയം നേടിയപ്പോള്‍ ഇന്നത്തെ ചിന്താവിഷയം, കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ ശരാശരി വിജയത്തിലൊതുങ്ങി. കെ.പി കുമാരന്റെ ഓഫ്‌ ബീറ്റ്‌ ചിത്രമായ ആകാശഗോപുരങ്ങള്‍ മികച്ച പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സാധാരണക്കാരനെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടു. കോളേജ്‌ കുമാരന്‍ സമ്പൂര്‍ണ്ണ പരാജയമാകുകയും ചെയ്തു. പക്ഷേ മിഴികള്‍ സാക്ഷി, പകല്‍ നക്ഷത്രങ്ങള്‍ എന്നീ ഓഫ്‌ ബീറ്റ്‌ ചിത്രങ്ങള്‍ മോഹന്‍ ലാല്‍ എന്ന നടന്റെ സാന്നിധ്യം മൂലം കൂടുതല്‍ ആളുകളിലേക്കെത്തി എന്നതും എടുത്തു പറയേണ്ട കാര്യമാണ്‌. ആറു ചിത്രങ്ങളിലഭിനയിച്ച സുരേഷ്‌ ഗോപിക്ക്‌ ഒരു ഹിറ്റു പോലും സൃഷ്ടിക്കാനായില്ല. ഷാജി കൈലാസ്‌ ചിത്രമായ ദി സൌണ്ട്‌ ഓഫ്‌ ബൂട്ട്‌ മാത്രം മാത്രമാണ്‌ ഒരു ശാരാശരി നിലവാരം പുലര്‍ത്തിയത്‌. രൂപേഷ്‌ പോളിന്റെ മൈ മദേഴ്സ്‌ ലാപ്‌ടോപ്‌ എന്ന ഓഫ്‌ ബീറ്റ്‌ ചിത്രത്തെ തന്റെ സാനിധ്യം കൊണ്ട്‌ രക്ഷിക്കാന്‍ സുരേഷ്‌ ഗോപിക്കായില്ല. താവളവും ആയുധവും പ്രേക്ഷകരെ നിരാശരാക്കിയപ്പോള്‍ പകല്‍ നക്ഷത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ജനശ്രദ്ധയാകര്‍ഷിച്ചു. 2007 തന്റെ പേരിലാക്കിയ മമ്മൂട്ടിക്ക്‌ മികച്ച തുടക്കമാണ്‌ 2008ല്‍ ലഭിച്ചത്‌. രഞ്ജിത്ത്‌ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത കയ്യൊപ്പ്‌, ഒരു ഓഫ്‌ ബീറ്റ്‌ ചിത്രമായിരുന്നിട്ടു കൂടെ ഒരു കൊമേര്‍ഷ്യല്‍ ഹിറ്റാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. രഞ്ജിപണിക്കരുടെ രൌദ്രം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍, അന്‍വര്‍ റഷീദിന്റെ അണ്ണന്‍ തമ്പി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി. അതിനു ശേഷം വളരെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ പരുന്ത്‌, ഒരു ശരാശരിയില്‍ ഒതുങ്ങി. മമ്മൂട്ടിയുടെ മികച്ച പ്രകടനം മാത്രമായിരുന്നു ആ ചിത്രത്തിന്റെ പ്ലസ്‌ പോയിന്റ്. അതിനു പിറകേ എത്തിയ മായാ ബസാര്‍ ശരാശരിക്കു താഴേ പോയത്‌ മമ്മൂട്ടിയുടെ ഇമേജിനെ സാരമായി ബാധിച്ചു. ഈ വര്‍ഷം 2 ഇരട്ട കഥാപാത്രങ്ങളെ അദ്ദേഹം തിരശ്ശീലയില്‍ എത്തിച്ചു.

കേവലം മൂന്നു ചിത്രങ്ങളില്‍ മാത്രമാണ്‌ ജയറാവും ദിലീപും തിരശ്ശീലയില്‍ എത്തിയത്‌. നോവല്‍ എന്ന ചിത്രം പ്രേക്ഷകര്‍ തിരസ്കരിച്ചപ്പോള്‍, വെറുതെ ഒരു ഭാര്യയിലൂടെ തന്റെ തിരിച്ചു വരവ്‌ ജയറാം ഗംഭീരമാക്കി. അതിന്റെ ബലത്തില്‍ പാര്‍ത്ഥന്‍ കണ്ട പരലോകത്തിനെ ഭേദപ്പെട്ട കളക്ഷന്‍ നേടി കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബ്ലെസിയുടെ കല്‍ക്കത്ത ന്യൂസായിരുന്നു, ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. ആ ചിത്രം ശരാശരിക്കുപരി എത്തിയെങ്കിലും, ലാല്‍ ജോസിന്റെ മുല്ല തികഞ്ഞ പരാജയമായി. വര്‍ഷത്തിനൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ക്രേസി ഗോപാലന്‍ എന്ന ചിത്രം അധികം പരിക്കുകളില്ലാതെ തീയേറ്ററുകളില്‍ ഓടുന്നു. ശ്രദ്ദേയമായ യാതോരു വേഷവും കലാഭവന്‍ മണിക്ക്‌ ഇത്തവണ ഉണ്ടായിരുന്നില്ല. തന്റെ സ്ഥിരം പാറ്റേണിലുള്ല ചിത്രങ്ങള്‍ ബോക്സ്‌ ഓഫീസില്‍ പരാജയമായി മാറി. പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു 2008. ഒരു മമ്മൂട്ടി ഫാനിന്റെ കഥ പറയുന്ന വണ്‍വേ ടിക്കറ്റ്‌ എന്ന പരീക്ഷണ ചിത്രം ശരാശരിയില്‍ഒതുങ്ങിയപ്പോള്‍ കേന്ദ്ര കഥാപാത്രമല്ലായിരുന്നെങ്കില്‍ കൂടി, തിരക്കഥയും തലപ്പാവും മികച്ച നിലവാരം പുലര്‍ത്തി. വര്‍ഷാവസാനം എത്തിയ ലോലിപോപ്പും മികച്ച അഭിപ്രായമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഷേക്‌സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ ഭേദപ്പെട്ട വിജയമാണ്‌ ജയസൂര്യക്കു ഈ വര്‍ഷം പറയാനായി ഉള്ളത്‌. അദ്ദേഹത്തിന്റെ പോസിറ്റീവ്‌ ഹിറ്റായില്ലെങ്കിലും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്‌. മറ്റു ചിത്രങ്ങളില്‍ അപ്രധാന റോളുകളിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. മികച്ച കോമഡി ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഈ വര്‍ഷം, അണ്ണന്‍ തമ്പിയും ഷേക്‌സ്പിയറും മികച്ച നിലവാരം പുലര്‍ത്തി. ജഗതിയും സുരാജ്‌ വെഞ്ഞാറമൂടും, ബിജുക്കുട്ടനും ഈ രംഗത്ത്‌ നല്ല പ്രകടനം കാഴ്ച വച്ചു.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ ഇറങ്ങാതിരുന്ന ഈ വര്‍ഷം, അതിനൊരല്‍പമെങ്കിലും അപവാദമായത്‌, മിഴികള്‍ സാക്ഷിയും വെറുതെ ഒരു ഭാര്യയുമായിരുന്നു. സുകുമാരിയുടെ മികച്ച പ്രകടനമാണ്‌ നമുക്ക്‌ മിഴികള്‍ സാക്ഷിയില്‍ കാണാന്‍ സാധിച്ചത്‌. വെറുതെ ഒരു ഭാര്യയിലൂടെ തന്റെ കരിയറിലെ മികച്ച പ്രകടനമാണ്‌ ഗോപിക നടത്തിയത്‌. തിരക്കഥയിലെ പ്രിയാമണിയുറ്റെ പ്രകടം എടുത്തു പറയേണ്ട ഒന്നാണ്‌. ഷേക്സ്പിയറിലെ റോമയുടെ അഭിനയവും പ്രേക്ഷകരെ ആകര്‍ഷിച്ചു. ശലഭത്തിലൂടെ രമ്യാ നമ്പീശനും ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. മറ്റുള്ളവരെല്ലാം ചെറു ചെറു റോളുകളില്‍ ഒതുങ്ങി എന്നു പറയാം. സൂപ്പര്‍ ഹിറ്റായ മാടമ്പിയില്‍ കാവ്യാ മാധവന്റെ കഥപാത്രത്തിന്റെ ആവശ്യകത പോലുമില്ല എന്നതായിരുന്നു സ്ഥിതി. ആ ഒരു രീതിയില്‍ ചിന്തിച്ചാല്‍ തികച്ചും നിരാശാജനകമായ വര്‍ഷം എന്നു പറയേണ്ടി വരും. അമ്മയ്ക്കു വേണ്ടി നടന്‍ ദിലീപ്‌ നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി-20 ഈ വര്‍ഷം പുറത്തിറങ്ങി. മൂന്നു സൂപ്പര്‍സ്റ്റാറുകളടക്കം ഏകദേശം 60-70 കലാകാരന്മാര്‍ ഈ ചിത്രവുമായി സഹകരിച്ചു. ഫാന്‍സ്‌ അസോസിയേഷനുകളെ പൂര്‍ണ്ണമായി രസിപ്പിക്കുന്ന രീതിയില്‍ ഈ ചിത്രത്തിന്റെ കഥ മെനഞ്ഞ സിബി.കെ.തോമസ്‌-ഉദയകൃഷ്ണ എന്ന ഇരട്ട കഥാകൃത്തുക്കള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കയാണ്‌. നായികമാര്‍ക്ക്‌ അത്ര പ്രാധാന്യം ഇല്ലാത്ത ഒരു ചിത്രമാണിത്‌. എല്ലാവരേയും ഒത്തൊരുമിപ്പിച്ചു ചേര്‍ത്തെ ചിത്രമൊരുക്കിയ ജോഷിയും ദിലീപും ഇതിന്‌ വലിയൊരു അഭിനന്ദനം അര്‍ഹിക്കുന്നു. സര്‍വ്വ കളക്ഷന്‍ റെക്കോര്‍ഡുകളേയും തകര്‍ത്താണിത്‌ മുന്നേറിയത്‌.

സംവിധായകരില്‍ ബ്ലെസ്സി, തന്നെ പതിവു ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി കല്‍ക്കത്ത ന്യൂസുമായിയാണ്‌ എത്തിയത്‌. ബ്ലെസിയുടെ നിലവാരത്തിലേക്കെത്തിയില്ലെങ്കിലും പ്രേക്ഷകരെ തീയേറ്ററില്‍ ഇരുത്താനീ ചിത്രത്തിനു കഴിഞ്ഞു എന്നത്‌ അദ്ദേഹത്തിന്റെ വിജയമായി. ഇന്നത്തെ ചിന്താവിഷയവുമായി വിഷുവിന്‌ തീയേറ്ററിലെത്തിയ സത്യന്‍ അന്തിക്കാട്‌ പ്രേക്ഷകരെ തികച്ചും നിരാശപ്പെടുത്തി. ഫാന്‍സ്‌ അസോസിയേഷന്റെ പിന്‍ബലത്തില്‍ തീയേറ്ററുകളില്‍ ചിത്രമോടിയെങ്കിലും, സത്യന്‍ അന്തിക്കാട്‌ തന്റെ സ്ഥിരം ഫോര്‍മുല ഒന്നു മാറ്റിപ്പിടിക്കുന്നതാണു നല്ലതെന്ന്‌ തോന്നുന്നു..അന്‍വര്‍ റഷീദ്‌ മറ്റൊരു വ്യത്യസ്തമായ അനുഭവമാണ്‌ അണ്ണന്‍ തമ്പിയില്‍ നമുക്ക്‌ നല്‍കിയത്‌. ആദ്യ രണ്ടു ചിത്രങ്ങളിലെ പോലെ തന്നെ തമാശയ്ക്കു പ്രാധാന്യം നല്‍കിയാണ്‌ ഈ ചിത്രവും അദ്ദേഹം ഒരുക്കിയത്‌. വി.കെ പ്രകാശ്‌ ഒരുക്കിയ പോസിറ്റീവ്‌ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. കെ.പി കുമാരന്റെ ആകാശഗോപുരങ്ങള്‍, പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. എം.ജി.ശശിയുടെ അടയാളങ്ങള്‍ തിയേറ്ററുകളില്‍ എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കാതെ കടന്നു പോയി. സൈക്കിള്‍ എന്ന ചിത്രത്തിലൂടെ ജോണി ആന്റണി തന്റെ സാന്നിധ്യമറിയിച്ചു. രണ്ടു മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയ രഞ്ജിത്‌, സംവിധായകരില്‍ ഈ വര്‍ഷത്തെ ഹീറോ ആയി മാറി. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അക്കു അക്‌ബറും, തലപ്പാവ്‌ സംവിധാനം ചെയ്ത നടന്‍ മധുപാലും തങ്ങള്‍ മലയാള സിനിമക്കൊരു മുതല്‍കൂട്ടാണെന്ന്‌ ഈ ചിത്രങ്ങളിലൂടെ വിളിച്ചറിയിച്ചിരിക്കുന്നു. ഇരട്ട സംവിധായകരായി രംഗപ്രവേശം ചെയ്ത ഷൈജു-ഷാജി, നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ നല്ലൊരു ചിത്രമായി എടുക്കാന്‍ തങ്ങള്‍ക്കു കഴിയും എന്നു തെളിയിച്ചിരിക്കുന്നു. രാജീവ്‌ നാഥിന്റെ പകല്‍ നക്ഷത്രങ്ങളും അശോക്‌ ആര്‍ നാഥിന്റെ മിഴികള്‍ സാക്ഷിയും വേറിട്ടൊരനുഭവമായി മാറി. ഗുല്‍മോഹറിലൂടെ ജയരാജ്‌ വ്യത്യസ്തമായൊരു കഥ പറഞ്ഞപ്പോള്‍ ഓഫ്‌ പീപ്പിള്‍ ആരേയും ആകര്‍ഷിക്കാതെ പോയി. സ്മാര്‍ട്ട്‌ സിറ്റിക്കു ശേഷം ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ മാടമ്പി, പ്രേക്ഷകരെ ആകര്‍ഷിച്ചുവെങ്കിലും, പലപ്പോഴും കണ്ടു മറഞ്ഞ കഥാപാത്രങ്ങള്‍ അരോചകമായി മാറി. കാര്‍ഗ്ഗില്‍ യുദ്ധത്തിന്റെ കഥ പറഞ്ഞ മേജര്‍ രവിയുടെ കുരുക്ഷേത്ര മികച്ച ദൃശ്യാനുഭവമായെങ്കിലും ഒരു ചിത്രമെന്ന നിലയില്‍ പരാജയമായി. കമലിന്റെ മിന്നാമിന്നികൂട്ടവും ശ്രദ്ധയാകര്‍ഷിക്കാതെ കടന്നു പോയി. ബിപിന്‍ പ്രഭാകറിന്റെ വണ്‍വേ ടിക്കറ്റ്‌ വലിയൊരു പരീക്ഷണം തന്നെയായിരുന്നു. എം.പത്മകുമാറിന്റെ പരുന്താണ്‌ ഈ വര്‍ഷത്തെ നിരാശാജനകമായ ചിത്രം. മമ്മൂട്ടിയുടെ മികച്ച പ്രകടനവും ഈ ചിത്രത്തെ രക്ഷിച്ചില്ല എന്നു പറയുന്നതാവും ശരി. തന്റെ സ്ഥിരം ശൈലിയില്‍ തുളസീദാസൊരുക്കിയ കോളേജുകുമാരനും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ഷാജി കൈലാസിന്റെ സൌണ്ട്‌ ഓഫ്‌ ദി ബൂട്ടും ശരാശരിക്കു താഴെ ഒതുങ്ങി. മായാബസാര്‍ ശരാശരിക്കു താഴെ പോയെങ്കിലും താനൊരു ഭാവിവാഗ്ദാനമാണെന്ന്‌ തോമസ്‌ ആന്റണി തെളിയിച്ചു. മുല്ലയുമായെത്തിയ ലാല്‍ജോസും മൈ മദേഴ്സ്‌ ലാപ്ടോപ്പുമായി എത്തിയ രൂപേഷ്‌ പോളും പ്രേക്ഷകരെ ആകര്‍ഷിക്കാതെ കടന്നു പോയി. പകല്‍നക്ഷത്രങ്ങളുടെ കഥയും തിരക്കഥയും തയ്യാറാക്കിയ അനൂപ്‌ മേനോന്‌ തന്റെ കഴിവുകള്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നൊരു സന്ദേശമാണ്‌ നല്‍കിയതു. മികച്ച രണ്ടു തിരക്കഥകളൊരുക്കി രഞ്ജിത്തും, തന്റെ ആദ്യ സംരഭത്തിന്‌ തിരക്കഥയെഴുതിയ മധുപാലും, വെറുതെ ഒരു ഭാര്യയുടെ തിരക്കഥ രചിച്ച കെ.ഗിരീഷ്‌കുമാറും മികച്ച ആസ്വാദന സുഖമാണ്‌ മലയാളിക്കു നല്‍കിയത്‌. എന്നാല്‍ കുരുക്ഷേത്രയുടെ തിരക്കഥയെഴുതിയ മേജര്‍ രവിയും പരുന്തിന്‌ തിരക്കഥ രചിച്ച ടി.എ.റസാഖും പ്രേക്ഷകരെ നിരാശരാക്കി. ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ട്‌ നോക്യേ എന്ന ചിത്രം കനത്ത പരാജയം ഏറ്റു വാങ്ങി. കുട്ടികള്‍ക്കായി എടുത്ത റോബോയും, പുതുമുഖങ്ങളുടെ അപൂര്‍വ്വയും ഇക്കൊല്ലം തീയേറ്ററുകളില്‍ എത്തി. അതില്‍ 18 വയസ്സുകാരനായ സംവിധായകന്‍ നിതിന്‍ രാമകൃഷ്ണന്‍ അപൂര്‍വ്വയിലൂടെ അരങ്ങേറ്റം കുറിച്ചു. ഷാഹുല്‍ അമീന്റെ വെളിപാടുകളും ശ്രദ്ധയാകര്‍ഷിച്ചു.

മലയാള ചലചിത്ര ഗാന രംഗത്ത്‌ ഒരു പിടി നല്ല ഗാനങ്ങളുണ്ടായ ഒരു വര്‍ഷം കൂടിയാണിത്‌. ഗിരീഷ്‌ പുത്തഞ്ചേരിയും അനില്‍ പനച്ചൂരാനുമാണിതില്‍ മികച്ച സംഭാവനകള്‍ നല്‍കിയത്‌. മാടമ്പിയിലെ അമ്മ മഴക്കാറിന്‌ എന്നു തുടങ്ങുന്ന ഗാനവും, കല്‍ക്കത്താ ന്യൂസിലെ എങ്ങു നിന്നു വന്ന എന്നു തുടങ്ങുന്ന ഗാനവും ജനശ്രദ്ധയാകര്‍ഷിച്ചു. ഗുല്‍മോഹറിലെ ഒരു നാള്‍ എന്നു തുടങ്ങുന്ന ഗാനവും, തിരക്കഥയിലെ പാലപ്പൂ എന്ന ഗാനവും മികച്ച നിലവാരവും പുലര്‍ത്തി. അമ്മ മഴക്കാറിന്‌ എന്ന ഗാനം ആലപിച്ച യേശുദാസ്‌ താന്‍ തന്നെയാണ്‌ ഗാനഗന്ധര്‍വ്വന്‍ എന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സംഗീതത്തില്‍ എം.ജയചന്ദ്രനും മെജോ ജോസഫും രാഹുല്‍രാജും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ഗായകനായ വിനീത്‌ ശ്രീനിവാസന്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കാല്‍വച്ചു.

മലയാള സിനിമയെ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന വര്‍ഷമായിരുന്നു 2008. മാക്ടയുടെ വിഭജനവും അമ്മ പുതിയ സംഘടനയുടെ കൂടെ നിലയുറപ്പിച്ചതും എല്ലാം വിവാദമായി. ട്വന്റി-20യില്‍ സഹകരിക്കാത്തതിന്റെ പേരില്‍ മീരാജാസ്മിനോട്‌ വിശദീകരണം ആവശ്യപെട്ട്‌ ദിലീപ്‌ അമ്മക്കു കത്തു നല്‍കിയതും, വിനയനും സൂപ്പര്‍ സ്റ്റാറുകളും തമ്മിലുള്ള വാക്‌പയറ്റുമെല്ലാം നാം 2008-ഇല്‍ കണ്ടു. ഒടുവില്‍ റിലീസിങ്‌ സംബന്ധിച്ച്‌ തീയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം മായാബസാറിനെ ബി,സി ക്ലാസ്‌ തീയേറ്ററുകളില്‍ റിലീസ്‌ ചെയ്യിച്ചു. ട്വന്റി-20 സംബന്ധിച്ചും റിലീസിങ്‌ വിവാദമുണ്ടായെങ്കിലും അതു പെട്ടെന്നു തന്നെ കെട്ടടങ്ങി. ട്വന്റി-20യുടെ ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധനയില്‍ കോടതി ഇടപെട്ടതും, പോസ്റ്ററില്‍ മോഹന്‍ലാലിന്‌ നടുക്ക്‌ സ്ഥനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഫാന്‍സുകാര്‍ പിണങ്ങിയതുമെല്ലാം ഈ വര്‍ഷം മലയാളികള്‍ കണ്ടു. ഫാന്‍സുകാരുടെ മത്സരത്തിനൊടുവില്‍ മാടമ്പി അതി രാവിലെ 3 മണിക്കും പരുന്ത്‌ കൃത്യം 12:01നും റിലീസ്‌ ചെയ്ത്‌ ചരിത്രം സൃഷ്ടിക്കുന്നതും നാം ഇക്കൊല്ലം കണ്ടു. ദേ ഇങ്ങോട്ട്‌ നോക്യേയുടെ ചില ഭാഗങ്ങള്‍ തീയേറ്ററുകാര്‍ മുറിച്ചു എന്നു പറഞ്ഞ്‌ ബാലചന്ദ്ര മേനോന്‍ രംഗത്തു വന്നതും വിവാദമായി. ഭരത്‌ ഗോപി, രഘുവരന്‍, മോനീലാല്‍ എന്നി പ്രതിഭകള്‍ മലയാള സിനിമയോട്‌ വിട പറഞ്ഞ വര്‍ഷം കൂടിയാണ്‌ 2008. എന്തായാലും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സമ്മിശ്രമായ വര്‍ഷമായിരുന്നു 2008. ഇനി 2009-ഇല്‍ എന്തു സംഭവിക്കുമെന്ന്‌ കാത്തിരുന്നു കാണാം...

ബോക്സ്‌ ഓഫീസ്‌ ഹിറ്റുകള്‍

1. ട്വന്റി-20

2. അണ്ണന്‍ തമ്പി

3. വെറുതെ ഒരു ഭാര്യ

4. മാടമ്പി

5. തിരക്കഥ


കലാമൂല്യമേറിയ ചിത്രങ്ങള്‍

1. അടയാളങ്ങള്‍

2. കയ്യൊപ്പ്‌

3. ഗുല്‍മോഹര്‍

4. തലപ്പാവ്‌

5. പകല്‍നക്ഷത്രങ്ങള്‍ / തിരക്കഥ

നിരാശാജനകമായ ചിത്രങ്ങള്‍
1. പരുന്ത്‌
2. കോളേജ്‌ കുമാരന്‍
3. മുല്ല
4. ദേ ഇങ്ങോട്ട്‌ നോക്യേ
5. മിന്നാമിന്നിക്കൂട്ടം

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങള്‍
1. വെറുതെ ഒരു ഭാര്യ
2. ഷേക്‌സ്പിയര്‍ എം.എ മലയാളം
3. പോസിറ്റീവ്‌
4. കയ്യൊപ്പ്‌
5. സൈക്കിള്‍

ഒരു പുതുവര്‍ഷപ്പുലരിയില്‍...

2008 കടന്നു പോയി. ജീവിതത്തില്‍ മറക്കാനാവാത്ത ചില സ്മരണകള്‍ സമ്മാനിച്ച്‌, ചില അനുഭവങ്ങള്‍ നല്‍കി, 2008 യാത്ര പറഞ്ഞു പോയി. എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവില്‍ എത്തിയ വര്‍ഷം കൂടിയാണ്‌ കടന്നു പോയത്‌. എന്റെ വിവാഹം ഈ വര്‍ഷം മേയ്‌ 16നായിരുന്നു എന്റെ വിവാഹം. മനീഷ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന വര്‍ഷം. എന്റെ സന്തോഷങ്ങള്‍ പങ്കിടാനും, ദു:ഖങ്ങള്‍ പകുത്തെടുക്കാനും ദൈവം എനിക്കായി ഭൂമിയിലേക്കയച്ച, എന്റെ ജീവിത സഖി. എന്തോ, ജീവിതത്തെ ഒരിക്കലും ലാഘവബുദ്ധിയോടെ കാണാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നിരുന്നാല്‍ കൂടി, എന്റെ ഇതു വരെയുള്ള ജീവിതത്തെക്കുറിച്ചും, നാളെയെക്കുറിച്ചും, അടുത്ത തലമുറയെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും കൂടുതല്‍ ആലോചിക്കുവാന്‍ തുടങ്ങിയത്‌ വിവാഹത്തിന്‌ ശേഷമാണ്‌. അതെന്തുകൊണ്ടാണെന്ന്‌ എനിക്കറിയില്ല. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതിനാലാണോ, അതോ മറ്റെന്തെങ്കിലും പ്രേരണയാലാണോ, ആവോ എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ പരമപ്രഥാനമായ ചില തിരുമാനങ്ങള്‍ ഞാനെടുത്ത വര്‍ഷം. ഈ ജോലി, ഇതിന്റെ ഭാവി, ഇങ്ങനെ കഷ്ടപ്പെട്ടുള്ള ജീവിതം, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഈ ഓട്ടം, ഇതിങ്ങനെ എത്ര നാള്‍, എന്നതിന്‌ ഞാന്‍ തന്നെ, അല്ല ഞങ്ങള്‍ ഉത്തരം കണ്ടെത്തിയ വര്‍ഷം. സ്വാതന്ത്ര്യത്തിലെ ലോകത്തേക്ക്‌ ഒരു തീരുമാനത്തിന്റെ ദൂരം മാത്രമെയുള്ളു എന്ന്‌ തിരിച്ചറിഞ്ഞ വര്‍ഷം. അതിനായി എന്തു ത്യാഗവും സഹിക്കാം എന്ന്‌ മനസ്സില്‍ പ്രതിജ്ഞ ചെയ്ത വര്‍ഷം. അങ്ങനെ കടന്നു പോകുന്ന വര്‍ഷത്തിന്‌ വ്യക്തിപരമായി നോക്കുകയാണെങ്കില്‍ സവിശേഷതകള്‍ ഏറെ....

ഈ വര്‍ഷത്തിന്റെ അവസാനം അല്ലെങ്കില്‍ പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ് അതിമനോഹരമായിരുന്നു. പതിവിനു വിപരീതമായി ഇത്തവണ ഞാന്‍ പുതുവര്‍ഷം ആഘോഷിച്ചു. സാധാരണ വീടിനകത്തിരുന്ന്‌ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്‌ പതിവ്‌. പക്ഷേ ഈ വര്‍ഷം വീടിനു പുറത്തത്‌ ആഘോഷിച്ചു. ഈ ഉദ്യാനനഗരത്തില്‍ എത്തിയ ശേഷം, പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കിടന്നിരുന്ന ഞങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു കൂട്ടായെത്തിയത്‌, എന്റെ കസിനും കുടുംബവുമാണ്‌ (ബിനു ചേട്ടനും, ഗോപിക ചേച്ചിയും മാളുക്കുട്ടിയും). വെറുതെ കറങ്ങാമെന്നു കരുതി, കറങ്ങിത്തിരിഞ്ഞു എം.ജി റോഡിലും ബ്രിഗേഡിലുമൊക്കെ പോയി. പതിവിനു വിപരീതമായി, പുതുവത്സര സമയത്ത്‌ ബാംഗ്ലൂര്‍ ശാന്തമായിരുന്നു. വീഥികളില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ബൈക്കില്‍ പറന്നു നടക്കുന്ന ചെത്തു പയ്യന്മാരേയും കണ്ടില്ല. ട്രാഫിക്കും കുറവായിരുന്നു. നല്ല തണുപ്പുമുണ്ടായിരുന്നു. കാറില്‍ ഒരു റൌണ്ട്‌ കറക്കം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നല്ലൊരു റെസ്റ്റോറണ്ട്‌ നോക്കി നടന്ന്‌ അവസാനം ഷാങ്‌ഹായി സല്‍സ എന്നൊരു റെസ്റ്റോറണ്ട്‌ കണ്ടുപിടിച്ചു. അവിടെ ചൈനീസ്‌, മെക്സിക്കന്‍, കൊറിയന്‍, തായി, ക്യൂബന്‍ വിഭവങ്ങള്‍ ലഭിക്കും. അങ്ങനെ, അവിടെ നിന്നും ക്യൂബന്‍ ഭക്ഷണവും കഴിച്ച്‌ ഇറങ്ങിയപ്പോള്‍ പുതുവര്‍ഷപ്പുലരിക്ക്‌ പിന്നേയും മുക്കാല്‍ മണികൂര്‍ കൂടിയുണ്ട്‌. നിരത്തുകള്‍ പൊതുവെ വിജനമായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം മെസേജുകള്‍ അയച്ച്‌, വിളിക്കാനുള്ളവരെ ഒക്കെ വിളിച്ചതിനു ശേഷം, ആളുകള്‍ ഉള്ള സ്ഥലം നോക്കി ഞങ്ങള്‍ കറങ്ങി നടന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ അധികമാരേയും നിരത്തുകളില്‍ കാണുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വീടിനടുത്തെത്തിയപ്പോള്‍ സമയം 12ന്‌ അടുത്തായിരുന്നു. കുറച്ചു നേരം അവിടെ നിന്ന്‌ സംസാരിച്ചപ്പോഴേക്കും പുതുവര്‍ഷം ആഗതമായിരുന്നു. പെട്ടെന്ന്‌ എവിടെ നിന്നോ കുറെ അധികം ആളുകള്‍ നിരത്തുകളിലെത്തി. പടക്കങ്ങളും പൂത്തിരികളും കൊണ്ട്‌ നിരത്തുകള്‍ പ്രഭാപൂരിതമായി. അകലെയുള്ള ഒരു ഫ്ലാറ്റില്‍ നിന്നും ആര്‍പ്പു വിളികും കൂവലും കേള്‍ക്കുന്നുണ്ടായിരുന്നു. അടുത്തെവിടെയോ, ആരോ കരിമരുന്നു പ്രയോഗം നടത്തി. ആകാശമാകെ അത്‌ വര്‍ണ്ന ചിത്രങ്ങള്‍ തീര്‍ത്തു. കസിനോടും കുടുംബത്തോടും യാത്ര പറഞ്ഞ്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ നടന്നു. അങ്ങനെ പ്രതീക്ഷയുടെ, നന്മയുടെ, ഐശ്വര്യത്തിന്റെ ഒരു പുതുവര്‍ഷം ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നു.


എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...