Sunday, January 9, 2011

ട്രാഫിക്ക് (Traffic)

കുറച്ചു കാലം മുന്നെ, മലയാള സിനിമയില്‍ ക്യാമറയ്ക്കു മുന്നിലും പിറകിലുമുള്ള പ്രമുഖര്‍ അണിനിരന്ന ഒരു സിനിമാധിഷ്ഠിത ടോക്ക് ഷോയില്‍ പൊതുവായി ഉയര്‍ന്നു വന്ന ഒരു വാ‍ദമായിരുന്നു, മലയാളത്തില്‍ മികച്ച കഥകളുടെ അഭാവവും, സംവിധായകര്‍ പരീക്ഷണങ്ങള്‍ക്കു മുതിരാത്തതുമാണ് മലയാള സിനിമയുടെ പ്രതിസന്ധിയെന്ന്. എന്നാല്‍ ആ മേഖലയിലേക്ക് വിപ്ലവകരമായ ഒരു മാറ്റവുമായി കടന്നു വന്ന ചിത്രമായിരുന്നു രഞ്ജിത് ശങ്കറൊരുക്കിയ പാസഞ്ചര്‍. അതിനു ശേഷം, പ്രമുഖരായ സംവിധായകര്‍ തങ്ങളുടെ സ്ഥിരം ശൈലിയില്‍ ചടഞ്ഞുകൂടിയിരുന്നപ്പോള്‍, പുതുമുഖ സംവിധായകര്‍ പാസഞ്ചറിന്റെ ചുവടുപിടിച്ച് വളരെയധികം നല്ല പ്രൊജക്ടുകളുമായി മുന്നോട്ടു വരുന്ന കാഴ്ച നാം കണ്ടു. അതിന്റെ പിന്നോടിയാണ് രാജേഷ് പിള്ളയുടെ ‘ട്രാഫിക്ക്’ എന്ന ചിത്രം. മലയാളത്തിന് പുതുമ സമ്മാനിക്കുന്ന ഒരു പരീക്ഷണ ചിത്രമാണിത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമാണ് ട്രാഫിക്ക്. 2011 ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് ട്രാഫിക്ക്. ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥകളൊരുക്കിയ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ട്രാഫിക്കിന്റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, സായ് കുമാര്‍, സന്ധ്യ, ലെന, റോമ തുടങ്ങി വലിയൊരു താര നിരയുമായാണ് ട്രാഫിക്ക് നമുക്ക് മുന്നില്‍ എത്തുന്നത്. മലയാളത്തിലെ റോഡ് മൂവി ത്രില്ലര്‍ എന്ന ഗണത്തിലേക്കാണ് ട്രാഫിക്ക് എത്തുന്നത്.

ഒരേ ദിവസം, കൃത്യമായി പറഞ്ഞാല്‍ സെപ്തംബര്‍ 16ന്  പല സമയം പല സ്ഥലങ്ങളില്‍ നിന്നായി യാത്രയാരംഭിക്കുന്ന ഒരു പറ്റം ആളുകളുടെ ജീവിതത്തില്‍ ആകസ്മികമായി സംഭവിക്കുന്ന ചിലകാര്യങ്ങളും, അതിനെ തുടര്‍ന്ന് അവരുടെ യാത്ര ഒരേ ദിശയില്‍ ഒരേ ലക്ഷ്യത്തിലേക്കാവുന്നതുമാണ് ട്രാഫിക്ക് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.  കൈകൂലി കേസില്‍ അറസ്റ്റിലായി, ഒടുവില്‍ രാഷ്ട്രീയക്കാരുടെ സഹായത്തോടെ തിരിച്ച് സര്‍വീസില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്ന ട്രാഫിക്ക് കോണ്‍സ്റ്റബില്‍ സുദേവന്‍ (ശ്രീനിവാസന്‍), നല്ലൊരു ജേര്‍ണലിസ്റ്റാകണമെന്ന അഭിലാഷത്തോടെ ഇന്ത്യാവിഷന്‍ ചാനലില്‍ ജോയില്‍ ചെയ്യാന്‍ തയ്യാറെടുക്കുന്ന റെഹാന്‍ (വിനീത് ശ്രീനിവാസന്‍), കൂട്ടുകാരന്‍ രാജീവ് (ആസീഫ് അലി), തന്റെ ഡ്രീം പ്രോജക്റ്റിന്റെ റിലീസ് കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ (റഹ്മാന്‍), വിവാഹ വാര്‍ഷിക ദിവസത്തില്‍ തന്റെ ഭാര്യയ്ക്ക് മുന്നറിയിപ്പില്ലാതെ ഒരു വിവാഹ സമ്മാനമായി ഒരു കാര്‍ വാങ്ങിപ്പോകുന്ന ഹൃദ്രോഗ വിദഗ്ദന്‍ ഡോ.ഏബല്‍ (കുഞ്ചാക്കോ ബോബന്‍) എന്നിവരാണ് അവര്‍.  എറണാകുളത്തു വച്ച്, രാവിലെ 9 മണിക്ക്, ഒരു ബൈക്കപകടത്തില്‍ റെഹാന്‍ മരിക്കുന്നു. അയാളുടെ ഹൃദയം, പാലക്കാട്ട് മരണവുമായി മല്ലടിക്കുന്ന സിദ്ധാര്‍ത്ഥ് ശങ്കറിന്റെ മകള്‍ക്കു വേണ്ടി മാറ്റി വയ്ക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ അവിടെ ഹൃദയമെത്തിക്കുക എന്ന ദൌത്യം പോലീസ് കമ്മീഷണര്‍ അജ്മല്‍ നാസര്‍ (അനൂപ് മേനോന്‍) ഏറ്റെടുക്കുന്നു. അതില്‍ സുദേവനും, രാജീവും, ഡോ.ഏബലും എത്തിപ്പെടുന്നു. പിന്നീട് നടക്കുന്ന ഉദ്ദ്വേഗഭരിതമായ സംഭവ വികാസങ്ങളാണ് ട്രാഫിക്ക് നമുക്കായി അവതരിപ്പിക്കുന്നത്. 

അതി മനോഹരമായാണ് ബോബിയും സഞ്ജയും ഇതിന്റെ കഥയും, തിരക്കഥയും കഥാപാത്രങ്ങളും സൃഷ്ടിച്ചിരിക്കുന്നത്. ഒഴുക്കോടെ, പിരിമുറുക്കം നിലനിര്‍ത്തി, ഇഴച്ചിലുകളുണ്ടാക്കാതെയാണ് ഇതിന്റെ തിരനാടകം എഴുതപ്പെട്ടിരിക്കുന്നത്. ഓരോ പ്രതിബന്ധങ്ങള്‍ തരണം ചെയ്യുമ്പോള്‍, ഇനിയെന്താകുമെന്ന ചോദ്യം പ്രേക്ഷക മനസ്സുകളിലേക്കു കടന്നു വരുമ്പോള്‍ തന്നെ, അവരെ കാത്തിരിക്കുന്നത് അടുത്ത ഒരു ട്വിസ്റ്റാണ്. ചിത്രത്തിലുടനീളം പ്രേക്ഷകരെ കഥയ്ക്കൊപ്പം കൊണ്ടു പോകുവാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇതിന്റെ വിജയം. അനാവശ്യമെന്നു തോന്നുന്ന ഒരൊറ്റ കഥാപാത്രം പോലും  ഈ ചിത്രത്തിലില്ല എന്ന മലയാള സിനിമയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം ഈ ചിത്രത്തില്‍ കാണാം. മനോഹരമായി എഴുതപ്പെട്ട കഥയെ, മോശമാക്കാതെ അതി ഗംഭീരമായി തിരശ്ശീലയിലെത്തിക്കുവാന്‍ സംവിധായകനായ രാജേഷ് പിള്ളയ്ക്കു കഴിയുന്നു എന്നത് ചിത്രത്തിന്റെ വിജയത്തിന് പ്രധാന കാരണമാകുന്നു. പല രംഗങ്ങളിലും തീയേറ്ററില്‍ പ്രേക്ഷകര്‍ അറിയാതെ തന്നെ കയ്യടിക്കുന്നു എന്നത് തന്നെ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കുമുള്ള അംഗീകാരമായി നമുക്ക് കണക്കാക്കാം.

അഭിനയത്തില്‍ എല്ലാവരും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സുദേവന്‍. ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്ന ഈ കഥാപാത്രത്തെ ശ്രീനിവാസന്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം യുവതാരം ആസിഫ് അലിയുടേതാണ്. രാജീവ് എന്ന കഥാപാത്രത്തോട് 100% നീതിപുലര്‍ത്താന്‍ ആസിഫിനു കഴിഞ്ഞിരിക്കുന്നു. അപൂര്‍വ്വരാഗത്തിലെ നെഗറ്റീവ് കഥാപാത്രത്തിനു ശേഷം ആസിഫിനു ലഭിക്കുന്ന മികച്ച കഥാപാത്രമാണിത്. അല്പം നെഗറ്റീവ് കലര്‍ന്ന ഡോ.ഏബില്‍ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ മികച്ചതാക്കിയിരിക്കുന്നു. മറ്റൊരു മികച്ച പ്രകടനം സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ത്ഥായി അഭിനയിച്ച റഹ്മാന്റേതാണ്. ഇന്നത്തെ പല സൂപ്പര്‍ സ്റ്റാറുകളെയും വിമര്‍ശിക്കുന്ന രീതിയിലുള്ള പ്രകടനം പലപ്പോഴും തീയേറ്റരുകളില്‍ പൊട്ടിച്ചിരികളും കയ്യടികളും സമ്മാനിച്ചു. ചെറുതെങ്കിലും വിനീത് ശ്രീനിവാസന്റെ റെയ്ഹാന്‍ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. സന്ധ്യ, റോമ, ലെന, സായ് കുമാര്‍, വിജയകുമാര്‍, രമ്യാ നമ്പീശന്‍, റീനാ ബഷീര്‍ എന്നിവരുടേയും അഭിനയം ആകര്‍ഷകമായി എന്നു മാത്രമല്ല, ഒരു കഥാപാത്രവും പ്രേക്ഷകരെ മുഷിപ്പിക്കുന്നുമില്ല. രണ്ടു സീനില്‍ മാത്രമായി നമുക്കു മുന്നിലെത്തുന്ന ജോസ് പ്രകാശും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കും. പുതുമുഖങ്ങളും മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. 

ഈ ചിത്രത്തെ ആകര്‍ഷകമാക്കി മാറ്റുവാന്‍ ഇതിന്റെ സാങ്കേതിക വിഭാഗം വഹിച്ചിരിക്കുന്ന പങ്ക് ചെറുതല്ല. ഷൈജു ഖാലിദ് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് കുളിര്‍മ പകരുന്നതാണ്. ക്യാമറ കൊണ്ട് സര്‍ക്കസ് കാണിക്കാതെ, മനോഹരമായാണ് ഷൈജു ട്രാഫിക്കിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അതിവേഗതയില്‍ ചലിക്കുന്ന വാഹനങ്ങളും, വാഹനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും അസ്വാഭാവികത കൂടാതെ ചിത്രീകരിക്കാന്‍ ഷൈജുവിന് കഴിഞ്ഞിട്ടുണ്ട്. മഹേഷ് നാരായണന്റെ ചിത്രസംയോജനമാണ് ഛായാഗ്രഹണത്തോടൊപ്പം ഈ ചിത്രത്തിനു അനുഗ്രഹമായത്. ചിത്രത്തിന്റെ പിരിമുറുക്കം നിലനിര്‍ത്താനും, പ്രേക്ഷകരെ മുഷിപ്പിക്കാതിരിക്കാനും മഹേഷിനു കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ വേഗത പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കുന്നത് ചിത്രസംയോജനത്തിന്റെ മികവുകൊണ്ടാണ്.

ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് മെജോ ജോസഫാണ്. ബഹളമലയമല്ലാത്ത രീതിയില്‍ പ്രേക്ഷകരെ മുള്‍മുനയിലെത്തിക്കാന്‍ തിരക്കഥയെ സഹായിക്കുന്ന ഒരു ഘടകം ഈ മെജോയുടെ പശ്ചാത്തല സംഗീതമാണ്. മെജോയും സാംസണ്‍ കോട്ടൂറും ചേര്‍ത്തൊരുക്കിയിരിക്കുന്ന ഒരു ഗാനമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്താനാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്ന ഈ ഗാനം നമ്മെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുപോകുന്നു. ചെറിയ ഒരു സംഘട്ടന രംഗം മാത്രമാണ് ചിത്രത്തിലുള്ളത്. അതു നന്നായി ബോറടിപ്പിക്കാതെ ചിത്രീകരിക്കാനുള്ള വിവേകം സംവിധായകന്‍ കാണിച്ചിരിക്കുന്നു എന്നത് സന്തോഷം  പകരുന്ന ഒരു വസ്തുതയായി.

സൂപ്പര്‍ താരങ്ങളില്ലാത്തെ ഈ ചിത്രത്തിലെ താരമാരാണ് എന്ന ചോദ്യത്തിന് കഥയും തിരക്കഥയും എന്നു പറയാം. വ്യത്യസ്തയാര്‍ന്ന പ്രമേയവും, ആകര്‍ഷകമായ അവതരണ ശൈലിയും മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ് ട്രാഫിക്കിലൂടെ. മലയാളത്തില്‍ നിന്നും പരീക്ഷണ ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന പരാതിക്കും വിരാമമിട്ടുകൊണ്ടാണ് ട്രാഫിക്കിന്റെ വരവ്. ഒരു പക്ഷേ പ്രാഞ്ചിയേട്ടന്‍ കണ്ടതിനു ശേഷം, പ്രേക്ഷകരില്‍ നിന്നും വളരെ പോസിറ്റീവായ പ്രതികരണം ലഭിക്കുന്നതിന് ട്രാഫിക്കിനാണെന്നു തോന്നുന്നു. ഏറ്റവും സന്തോഷം നല്‍കുന്ന വസ്തുതയെന്തെന്നാല്‍, വളരെക്കാലത്തിനു ശേഷം, ഒരു ചിത്രം കഴിഞ്ഞതിനു ശേഷം തീയേറ്ററിലെ പ്രേക്ഷകരെല്ലാം, എഴുന്നേറ്റു നിന്നു കയ്യടിക്കുന്ന ഒരു കാഴ്ച ഞാന്‍ കാണുന്നത്, ട്രാഫിക്ക് അവസാനിക്കുമ്പോഴാണ്. ട്രാഫിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശംസകളും നേരുന്നു, അതിനൊപ്പം ഇനിയും നല്ല ചിത്രങ്ങളുമായി വരാന്‍ അവര്‍ക്കു കഴിയട്ടെ എന്നു ആശംസിക്കുകയും ചെയ്യുന്നു. 

എന്റെ റേറ്റിങ് - 6.75 / 10

13 comments:

  1. വളരെ നല്ല വിശകലനം

    ReplyDelete
  2. Great review! Makes me even more interested to watch the movie!

    So Rajesh Pillai is a guy to watch out for. Its good for Malayalam cinema that directors like him are coming up with fresh ideas & thoughts!

    Regards,
    Sujeeth

    ReplyDelete
  3. @ സുജീത്ത്,
    ചിത്രം കാണണം എന്നതില്‍ മറിച്ചൊരു അഭിപ്രായം ഇല്ലാ.

    രാജേഷ് പിള്ളയുടെ രണ്ടാമത്തെ ചിത്രമാണ് ട്രാഫിക്ക്. ആദ്യ ചിത്രമായ “ഹൃദയത്തില്‍ സൂക്ഷിക്കാന്‍” ഒരു വന്‍ പരാജയമായിരുന്നു. അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്, തെറ്റുകള്‍ തിരുത്തി ഒരു വലിയ തിരിച്ചു വരവാണ് രാജേഷ് പിള്ളയുടേത്. ഇനിയും നല്ല ചിത്രങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം.

    ReplyDelete
  4. Saw the movie 'TRAFFIC'... Absolutely different movie....A gripping STORY... The crowed went FrenZy..!!!
    It was a movie worth watching.... A totally different approach which touches the heart...As you will never miss TRAFFIC in roads; you should never miss TRAFFIC in theatre too….
    Vidya, Vivek, Sruthy, Shyma & Vikas
    All of you please watch the movie TRAFFIC... It is a brilliant work with innovative ideas molded with ultimate thrill, chill and shrill...!! RAHMAN's incredible performance, Rahman Rocks... as a megalomaniac Superstar, Siddarth Shankar The touch of one by another is the outside of each touching the inside of the other, and inside knowing the outside...
    A heart touching movie...A break-through of the past, present and future...
    The acting of Rahman in the film is simply perfect, the effect which is called 'RAHMAN EFFECT' '

    'R'omantic
    'A'ctor
    'H'aving
    'M'agnificent
    'A'cting skill &
    'N'atural talent

    = Yes, SUPERSTAR RAHMAN RELOADED...!!

    Hats off to TRAFFIC CREWS & ALL THE BEST.....!!! TRAFFIC' – will be A Trend Setter Film. Dont Miss It...!!

    ReplyDelete
  5. very good film by rajesh pillai and boby sanjai..
    excellent work

    ReplyDelete
  6. നല്ല അഭിപ്രായം കേട്ടപ്പളേ എനിക്ക് ഡബുട്ടുണ്ടാരുന്നു, അടിച്ചു മാറ്റിയതാരിക്കും എന്ന്...
    വിനോദയാത്ര സത്യേട്ടന്‍ കൊറിയന്‍ പടത്തീന്ന് ആണെല്‍ ഇത് ദേ സ്പാനിഷ് പടം ..!
    "Amores perros (2000)" http://www.imdb.com/title/tt0245712/

    ReplyDelete
  7. ethu Oru copy filim alla This is original one. inspiration oru kuttamalla

    ReplyDelete
  8. @Kalpak, Amores perros (2000) എന്ന സിനിമ തികച്ചു വ്യത്യസ്തമായ ഒന്നാണ്. അതിന്റെ സ്റ്റൈല്‍ മാത്രമാണ് ട്രാഫിക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. കഥ തികച്ചും വ്യത്യസ്തം. സ്റ്റൈല്‍ അഡാപ്റ്റ് ചെയ്യുക എന്നത് കോപ്പിയടിയല്ല. അതു കൊണ്ട് Amores perros ട്രാഫിക്കിന്റെ ഒറിജിനലാണെന്ന വാദത്തോട് ഒട്ടും യോജിക്കുന്നില്ല. ട്രാഫിക്കെന്ന നല്ല സിനിമയെ തളര്‍ത്താനെ ഇത്തരം വാദങ്ങള്‍ സഹായിക്കൂ എന്നാണ് എനിക്കു തോന്നുന്നത്.

    ReplyDelete
  9. Eeee cinema AYUDHA EZHUTHU- ile pala scenukalumaayum sammyam pularthunnille ennu oru samshayam....

    ReplyDelete
  10. @ ഒരിക്കല്‍,

    ആയുധ എഴുത്ത് എന്ന ചിത്രത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്ന ശൈലി തന്നെ മറ്റൊരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും കടം കൊണ്ടതാണ്. 11:42 എന്നൊരു ഹോളിവുഡ് ചിത്രമുണ്ട്, അത് അവതരിപ്പിച്ചിരിക്കുന്നത് ആയുധ എഴുത്ത് ശൈലിയിലാണ്. ട്രാഫിക്ക് ആ ശൈലി പിന്തുടരുന്നു എന്നല്ലാതാ, സീനികള്‍ തമ്മില്‍ സാമ്യമുള്ളതായി തോന്നിയില്ല.

    ReplyDelete
  11. @ kalpak vinodayaathrayile meera jasminte introduction maathrame copyullu...motham story original thaneya,,,ee paranja ameros peros thaankal kandittundo...poornamaaya arivundekil maathram abhipraayangall parayu...oru nalla chithrathe prothsaahippichillenkilum ingane degrade cheyyaruthu plss

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.