Monday, February 14, 2011

രാജസേനനോടൊരു വാക്ക്......

ലയാള സിനിമയില്‍ കത്തി പടരുന്ന ഒരു തരംഗമായി മാറിയിരിക്കയാണ് തുടര്‍ ഭാഗങ്ങള്‍. ഒട്ടനവധി ചിത്രങ്ങളുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നു കഴിഞ്ഞിരിക്കുന്നു, പലതും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. എഗെയിന്‍ കാസര്‍ഗോഡ് കാദര്‍ ഭായി, സീനിയര്‍ മാന്‍ഡ്രേക്ക്, ആഗസ്ത് 15 എന്നിവയൊക്കെ ഉദാഹരണം മാത്രം. ഒരു പക്ഷേ മലയാളത്തിന് ഈ തുടര്‍കഥകള്‍ ചിര പരിചിതമാണ്.  കെ.മധു -മമ്മൂട്ടി - എസ്.എന്‍ സ്വാമി കൂട്ടുകെട്ടിന്റെ സി.ബി.ഐ ചിത്രങ്ങളും, സത്യന്‍ അന്തിക്കാടൊരുക്കിയ നാടോടിക്കാറ്റിന്റെ തുടര്‍ ഭാഗങ്ങളായ പട്ടണ പ്രവേശവും, അക്കരെ അക്കരെ അക്കരെയും ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച തുടര്‍ സിനിമകള്‍ ഇവയാണെന്നു തോന്നുന്നു. സിദ്ദിഖ്-ലാല്‍ ഒരുക്കിയ റാംജിറാവ് സ്പീക്കിങ്ങിന്റെ തുടരനായി മാണി സി കാപ്പനൊരുക്കിയ മാന്നാര്‍ മത്തായി സ്പീക്കിങ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ആ പട്ടികയുടെ അവസാന ഭാഗത്തെ ഈയിടെയായി കേള്‍ക്കുന്ന മറ്റൊരു പേരുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ കഥയില്‍, ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത “മേലേപ്പറമ്പില്‍ ആണ്‍വീട്“ എന്ന ചിത്രം. അതിന്റെ രണ്ടാം ഭാഗവുമായി വരാന്‍ രാജസേനന്‍ ഒരുങ്ങുന്നു എന്നാണ് ശ്രുതി. ജയറാം എന്ന നടനെ കുടുംബ സദസ്സുകളുടെ നായകനാക്കിയ ചിത്രമായിരുന്നു 1993 ല്‍ ഇറങ്ങിയ “മേലേപ്പറമ്പില്‍ ആണ്‍വീട്“. ഒരു പക്ഷേ ജയറാം - രാജസേനന്‍ കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ച സൂപ്പര്‍ ഹിറ്റുകളുടെ തുടക്കം അവിടെ നിന്നായിരുന്നു. ഗിരീഷ് പുത്തഞ്ചേരി പറഞ്ഞ ഒരു കഥയുടെ ത്രെഡില്‍ നിന്നും വികസിച്ച്, രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം, മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളുടെ നിരയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഏകദേശം അരക്കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഈ ചിത്രം, മൂന്നു കോടിയിലധികം  രൂപയാണ് നിര്‍മ്മാതാവിന് നേടിക്കൊടുത്തത്.

തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്ന രാജസേനനും ജയറാമിനും ഒരു പിടിവള്ളിയായിരിക്കും മേലേപ്പറമ്പിലിന്റെ രണ്ടാം ഭാഗമെന്നതു തീര്‍ച്ചയാണ്. എന്നാല്‍ ഇത്രയും നല്ലൊരു ചിത്രത്തിന്റെ തുടര്‍ ഭാഗമൊരുക്കുമ്പോള്‍, അതിലും മികച്ച തിരക്കഥയും നര്‍മ്മവും ആവശ്യമായി വരും. കാരണം, മേലേപ്പറമ്പില്‍ നമ്മുടെ മനസ്സില്‍ ഉണ്ടാക്കിയിട്ടുള്ള സ്ഥാനം അതാണ്. കാലഘട്ടത്തിനനുസരിച്ച കോലം കെട്ടല്‍ നടത്തിയാല്‍ മാത്രമെ ഈ ചിത്രത്തെ 2011ല്‍ മലയാളികള്‍ക്കു മുന്നില്‍ എത്തിക്കാന്‍ കഴിയു. ആ ഒരു സാഹചര്യത്തില്‍, 18 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന്റെ തുടര്‍ഭാഗം വരുമ്പോള്‍, അവ പ്രേക്ഷക പ്രതീക്ഷകള്‍ തകര്‍ക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്.  രാജസേനന്റെയും ജയറാമിന്റെയും കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍, അടുത്തകാലത്തെ അവരുടെ പ്രകടനം നിരാശാജനകമെന്നു പറയാതെ തരമില്ല. ആ ഒരു അവസ്ഥയില്‍, മേലെപ്പറമ്പിലിന്റെ ഗതിയും വ്യത്യസ്തമാകും എന്ന് പ്രത്യാശിക്കാന്‍ കഴിയുന്നില്ല. സ്ഥിരം ഫോര്‍മുലയില്‍ ഉറച്ചു നിന്നതിന്റെ ഫലമാണ് ജയറാമും രാജസേനനും ഇന്നു അനുഭവിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച അവര്‍ മാറിയില്ല എന്നത്, അവരുടെ ചിത്രങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്.

തുടര്‍ ചിത്രങ്ങള്‍ എങ്ങനെ ആദ്യ ചിത്രങ്ങളുടെ പേരു നശിപ്പിക്കാം എന്നതിന്റെ മകുടോദാഹരണമാണ് കിലുക്കം എന്ന ചിത്രത്തിന്റെ തുടരനായി വന്ന കിലുക്കം കിലുകിലുക്കം എന്ന ചിത്രം. മോഹന്‍ലാലിന്റെ ജോജി എന്ന അതിഥി വേഷം പോലും ഈ ചിത്രത്തെ സഹായിച്ചില്ല. മലയാളികള്‍ ഇന്നും ആ ചിത്രം കാണുമ്പോള്‍, കിലുക്കത്തെ ആരാധനയോടെ സ്മരിക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കും. അടുത്തകാലത്തായി നമുക്ക് മുന്നിലെത്തിയ രണ്ടു തുടര്‍ ചിത്രങ്ങള്‍ നമുക്ക് പരിശോധിക്കാം. എഗെയിന്‍ കാസര്‍ഗോഡ് കാദര്‍ ഭായി, സീനിയര്‍ മാന്‍ഡ്രേക്ക്. മിമിക്സ് പരേഡ്, കാസര്‍ഗേഡ് കാദര്‍ ഭായി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തുടരനായിരുന്നു എഗെയിന്‍ കാസര്‍ഗോഡ് കാദര്‍ ഭായി. പക്ഷേ കാലത്തിനൊപ്പിച്ച് രൂപം മാറി നമുക്ക് മുന്നിലെത്തിയപ്പോള്‍ എഗെയിന്‍ കാസര്‍ഗോഡ് കാദര്‍ ഭായിയെ പ്രേക്ഷകര്‍ അപ്പാടെ തിരസ്കരിച്ചു. അതു മാത്രമല്ല, ഈ ചിത്രം പഴയ ചിത്രങ്ങള്‍ക്കു കൂടെ ചീത്തപ്പേരുണ്ടാക്കി. ആരും പ്രതീക്ഷിക്കാതെ, നമുക്ക് മുന്നിലെത്തി, പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രമായിരുന്നു ജൂനിയര്‍ മാന്‍ഡ്രേക്ക്. അപ്രതീക്ഷിത വിജയം നേടിയ ഈ ചിത്രം, typical slapstick comedyയുടെ നല്ല ഉദാഹരണമായിരുന്നു. എന്നാല്‍ അതേ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സീനിയര്‍ മാന്‍ഡ്രേക്ക് എന്ന പേരില്‍ വന്നപ്പോള്‍, പ്രേക്ഷകര്‍ അതിനെ നിരാകരിച്ചു. ഇന്‍ ഹരിഹര്‍ നഗറിന്റെ തുടര്‍ച്ചയായി വന്ന ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്നിവ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും, ടു ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിനു ലഭിച്ച പ്രതികരണം ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നിനു ലഭിച്ചില്ല എന്നത്, പ്രേക്ഷകരുടെ താല്പര്യക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.


ഈ ഒരു ഗണത്തിലേക്ക് മേലേപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം കടന്നു വരുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുന്നില്ല. ജയറാമും, ജഗതിയും, വിജയരാഘവനും, നരേന്ദ്രപ്രസാദും, ജനാര്‍ദ്ദനനുമൊക്കെ തകര്‍ത്ത് അഭിനയിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചു നാം ചിന്തിക്കുമ്പോള്‍ തന്നെ പ്രതീക്ഷകള്‍ വാനോളമാണ്. മറ്റു ചിത്രങ്ങളിലെ പോലെ, കേട്ടു മറന്ന നര്‍മ്മങ്ങളും അവിഞ്ഞ രംഗങ്ങളും ഒപ്പം പഴഞ്ചന്‍ ഫോര്‍മുലയുമായാണ് ഈ ചിത്രം വരുന്നതെങ്കില്‍, ചിത്രം പരാജയത്തിന്റെ കയ്പ്പു നീര്‍ കുടിക്കുമെന്നതില്‍ സംശയമില്ല. ചിത്രമിറങ്ങുന്നതിനു മുന്നെ അതിന്റെ ജാതകമെഴുതുവാന്‍ ഞാന്‍ ആളല്ല, പക്ഷേ ഈ തുടര്‍ ഭാഗം മൂലം, മേലേപറമ്പില്‍ ആണ്‍ വീട് എന്ന ചിത്രത്തിന്റെ നല്ല പേര് കളയുന്നത്, ആ ചിത്രം അന്നും ഇന്നും എന്നും കണ്ട് ആസ്വദിക്കുന്ന എന്നെപ്പോലൊരു പാവം സിനിമാ പ്രേമിക്ക് സഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. രാജസേനനോട് ഒരേ ഒരു വാക്കേ എനിക്കു പറയുവാനുള്ളൂ... വേണ്ടാ... പ്ലീസ്....

അര്‍ജുനന്‍ സാക്ഷി (Arjunan Sakshi)

മലയാള സിനിമാ ലോകത്തെ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ ഇറങ്ങുന്നത് നന്നേ വിരളമായാണ്. അത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നത് അതിലും വിരളമായി മാത്രമാണ്. നൂറു ശതമാനം കച്ചവടം ലക്ഷ്യമാക്കി ചിത്രമെടുക്കുന്ന മലയാള സിനിമാ മേഖലയില്‍ എന്ത് സാമൂഹിക പ്രതിബദ്ധയാണിഷ്ടാ എന്നാരെങ്കിലും ചോദിച്ചാല്‍, സംഭവം സത്യമല്ലേ എന്നു ചിന്തിക്കുവാനെ നമുക്കു കഴിയൂ. മുഖ്യധാരാ സിനിമയിലെ പ്രഗല്‍ഭരായ സംവിധായകര്‍ പോലും സ്വന്തം പാറ്റേണില്‍ നിന്നും വ്യതിചലിക്കാതെ, മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന കാഴ്ച നാം കാണുവാന്‍ തുടങ്ങിയിട്ടു കാലമേറെയായി. സാമൂഹിക പ്രതിബദ്ധ അല്പമെങ്കിലുമുണ്ടെന്ന് അവകാ‍ശപ്പെടുന്ന ചിത്രങ്ങളില്‍, അനാവശ്യമായി കടന്നു വരുന്ന കുടുംബ പശ്ചാത്തലവും, പ്രണയവും, മറ്റു ക്ലീഷേകളും നമ്മെ ആനന്ദിപ്പിക്കുന്നതിലധികം ബോറടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇതേ ഫോര്‍മുല ആവര്‍ത്തിക്കുവാനുള്ള വ്യഗ്രതയാണ് പലപ്പോഴും മുഖ്യധാരാ സിനിമയില്‍ നാം കാണുന്നത്.

കണ്ടു മടുത്ത ക്ലീഷേകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ പുതുമുഖ സംവിധായകര്‍ തയ്യാറെടുക്കുന്നു എന്ന ശക്തമായ സന്ദേശം നല്‍കി നമുക്കു മുന്നിലേക്കെത്തിയ ചിത്രമായിരുന്നു പാസഞ്ചര്‍. സോഫ്റ്റവെയര്‍ എഞ്ചിനീയറായിരുന്ന ശ്രീ.രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകര്‍ക്കൊരു നവ്യാനുഭവമായി മാറി. ഒരു പക്ഷേ, മാറ്റം ആഗ്രഹിച്ചിരുന്ന മലയാളികള്‍ ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നു വേണം പറയാന്‍. അതു മാത്രമല്ല, നിരൂപക ശ്രദ്ധ കൂടി നേടിയ ചിത്രമെന്നതു കൂടി പാസഞ്ചറിന് അവകാശപ്പെടാവുന്ന ഒരു മേന്മയാണ്. ഒരിടവേളയ്ക്കു ശേഷം രഞ്ജിത്ത് ശങ്കര്‍, കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജുനന്‍ സാക്ഷി. രഞ്ജിത്തിനൊപ്പം, യുവതലമുറയുടെ താരമായി അവരോധിക്കപ്പെട്ട പൃഥ്വിരാജും ചേരുന്നു. എസ്.ആര്‍.റ്റി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എത്സമ്മ എന്ന ആണ്‍കുട്ടിയിലൂടെ ശ്രദ്ധേയയായ ആന്‍ അഗസ്റ്റിന്‍ ഈ ചിത്രത്തിന്‍ നായികയാകുമ്പോള്‍, മുകേഷ്, ബിജു മേനോന്‍, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

കൊച്ചിയുടെ കളക്ടറായിരുന്നു ഫിറോസ് മൂപ്പന്‍ (മുകേഷ്) ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. എന്നാല്‍ പോലീസും, സി.ബി.ഐയും അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനാവുന്നില്ല. അങ്ങനെ സി.ബി.ഐ കേസവസാനിപ്പിക്കുവാന്‍ തീരുമാനിക്കുന്ന സമയത്താണ്, മാതൃഭൂമി ലേഖകയായ അഞ്ജലി മേനോന് (ആന്‍ അഗസ്റ്റിന്‍) അര്‍ജുനന്‍ എന്നൊരാളില്‍ നിന്നും ഒരു കത്തു ലഭിക്കുന്നത്. ഫിറോസ് മൂപ്പന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ് താനെന്നും, എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്നും അവകാശപ്പെടുന്ന അര്‍ജുനന്‍, പക്ഷേ ഭീതി മൂലം അയാള്‍ പുറത്തു വരാന്‍ ആഗ്രഹിക്കുന്നില്ല. ആ കത്ത് പ്രസിദ്ധീകരിക്കുന്നതോടെ, ഫിറോസ് മൂപ്പന്‍ കൊലക്കേസ്  വീണ്ടും ചൂടു പിടിക്കുന്നു. അതിനു ശേഷം, അര്‍ജ്ജുനനെ കാണിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ട് അഞ്ജലിക്ക് പല ഭീഷണികളും ലഭിക്കുന്നു. ഒടുവില്‍, അര്‍ജ്ജുനനെ ഒരു റെസ്റ്റോറന്റില്‍ എത്തിക്കുവാന്‍ അഞ്ജലിക്ക് അന്ത്യശാസനം ലഭിക്കുന്നു. പോലീസിന്റെ സഹായം തേടുന്ന അഞ്ജലി, അവരെ കുടുക്കാനായി ആ റെസ്റ്റോറന്റില്‍ എത്തുന്നു. ആ സമയത്താണ് യുവ ആര്‍ക്കിടെക്റ്റായ റോയ് മാത്യു (പൃഥ്വിരാജ്) അവിചാരിതമായി റെസ്റ്റോറന്റില്‍ എത്തുന്നതും, അഞ്ജലിയുടെ ടേബിള്‍ ഷെയര്‍ ചെയ്യുന്നതും. അതോടെ റോയ് മാത്യു അര്‍ജുനനായി മാറുന്നു. പിന്നീട് റോയിയുടെ ജീവിതത്തില്‍ അയാള്‍ നേരിടുന്ന സംഭവ വികാസങ്ങളാണ് അര്‍ജുനന്‍ സാക്ഷിയുടെ ഇതിവൃത്തം.


 
പഴുതുകളില്ലാത്ത തിരക്കഥയായിരുന്നു പാസഞ്ചറിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ പാസഞ്ചറില്‍ നിന്നും അര്‍ജുനന്‍ സാക്ഷിയിലെത്തുമ്പോള്‍, പലപ്പോഴും നമുക്ക് സംവിധായകനോട് ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സാധ്യത ഈ ചിത്രം തരുന്നുണ്ട്. ഒരു പക്ഷേ, പ്രണയം + പാട്ട് + ആക്ഷന്‍ + ക്ലീഷേ രംഗങ്ങള്‍ + സെന്റിമെന്‍സ് എന്ന സ്ഥിരം കൊമേര്‍ഷ്യന്‍ സിനിമ പാറ്റേണീല്‍ നിന്നും മാറിച്ചിന്തിക്കയാണ് സംവിധായകനിവിടെ. ഇവയൊന്നുമില്ലാതെ, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രമെങ്ങനെയെടുക്കാം എന്നതിന്റെ ദൃഷ്ടാന്തമാണ് അര്‍ജുനന്‍ സാക്ഷി. വേഗത്തില്‍ ചലിക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റേത്, അത് അല്പമെങ്കിലും പിന്നോട്ട് പോകുന്നത്, രണ്ടാം പകുതിയുടെ ആദ്യഭാഗത്താണ്. പക്ഷേ പ്രേക്ഷകരെ മുഷിപ്പിക്കാതെ കൊണ്ടു പോകാന്‍, തിരക്കഥാകൃത്തുകൂടിയായ സംവിധായകനു കഴിഞ്ഞിരിക്കുന്നു. സസ്പെന്‍സ് ഒന്നും ഇല്ലാതിരുന്നിട്ടു കൂടി, ത്രില്ലിങ് എഫക്റ്റ് വരുത്തുവാന്‍ വേണ്ട പിരിമുറുക്കം ചിത്രം കൊണ്ടുവരുന്നുണ്ട്. ക്ലൈമാക്സ് രംഗങ്ങള്‍ ബോറായില്ലെങ്കിലും, കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതില്‍ കാണിച്ചിരിക്കുന്ന മികവ് തെല്ലൊന്നുമല്ല ചിത്രത്തെ സഹായിച്ചിരിക്കുന്നത്. അനാവശ്യമെന്ന് തോന്നുന്ന ഒരു കഥാപാത്രം പോലും ചിത്രത്തില്‍ കടന്നു വരുന്നില്ല എന്നത് ഒരു പ്ലസ് പോയിന്റാണ്.  സ്വാഭാവികമായ സംഭാഷണങ്ങള്‍ പലപ്പോഴും നമ്മെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളുമാണ്. ഒരു പക്ഷേ മനുഷ്യ മനസ്സാക്ഷി എന്നൊരു കാര്യം വേരറ്റു പോകുന്ന ഈ സമൂഹത്തിലേക്ക്, ബുദ്ധിപൂര്‍വ്വം രഞ്ജിത്ത് ശങ്കര്‍ തൊടുക്കുന്ന ചോദ്യശരങ്ങളാണവ. നെടുങ്കന്‍ ഡയലോഗുകള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍ തിരക്കഥയിലുണ്ടായിരുന്നിട്ടു കൂടി, തന്റെ കഥാപാത്രങ്ങളെ സൂപ്പര്‍ ഹീറോയാക്കാതെ, സാധാരണക്കാരന്റെ വാക്കുകളുപയോഗിക്കുവാനാണ് രഞ്ജിത്ത് ശ്രമിച്ചിട്ടുള്ളത്, അതു തികച്ചും അഭിനന്ദനാര്‍ഹമാണ്. തന്റെ രണ്ടാമത്തെ ചിത്രമായിട്ടു കൂടി, ഒരു മികവുറ്റ സംവിധായകന്റെ കയ്യടക്കം രഞ്ജിത്ത് കാണിച്ചിട്ടുണ്ട്. പഴുതുകളുള്ള ഒരു തിരക്കഥയെ, പ്രേക്ഷകരെ മുഷിപ്പിക്കാതെ ദൃശ്യവത്കരിക്കുക എന്ന ശ്രമകരമായ കാര്യം നന്നായി തന്നെ രഞ്ജിത്ത് നിര്‍വഹിച്ചിരിക്കുന്നു.

സാമൂഹിക മൂല്യമുള്ള ഒരു ചിത്രത്തിന് നല്‍കുവാനുള്ളത് ഒരു സന്ദേശം മാത്രമായിരിക്കും, അതില്‍ അഭിനേതാക്കളുടെ ഉജ്ജ്വല പ്രകടനമൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല. നായകനെന്ന നിലയില്‍ പ്രിഥ്വിരാജ്, റോയ് മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ യുവ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിഥ്വിയെ സൂപ്പര്‍ താരത്തിന്റെ യാതോരു “പെര്‍ഫോര്‍മന്‍സും” ഇല്ലാതെ കാണുവാന്‍ കഴിയുന്നു എന്നതു തന്നെ, സ്വാഭാവികത സമ്മാനിക്കുന്നുണ്ട്. നായകന്റെ നിഴലില്‍ ഒതുങ്ങിപ്പോവാതെയാണ് നായികാ കഥാപാത്രമായ അഞ്ജലിയെ ആന്‍ അഗസ്റ്റിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറുതെങ്കിലും, ഡോ.ഇബ്രാഹിം മൂപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ജഗതിയുടെ അഭിനയമാണ് വേറിട്ടു നില്‍ക്കുന്നതും, ശ്രദ്ധിക്കപ്പെടുന്നതും. വിജയരാഘവന്‍, നെടുമുടി വേണു, വിജീഷ് , സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍ തുടങ്ങിയവരും ചെറു വേഷങ്ങളിലാണെങ്കില്‍ പോലും, ചിത്രത്തിലുടനീളം നമുക്ക് മുന്നിലെത്തുന്നു. വില്ലന്മാരായി നമുക്ക് മുന്നിലെത്തുന്ന ബിജു മേനോനും സുരേഷ് കൃഷ്ണയും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തെ അനുഭവവേദ്യമാക്കുന്നതില്‍ സാങ്കേതിക വിഭാഗത്തിനുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന അജയന്‍ വിന്‍സെന്റിനും, ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്ന രഞ്ജന്‍ എബ്രഹാമിനും അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ് മുഴുവനും. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലെ രംഗങ്ങളും, കാര്‍ ചേസ് രംഗങ്ങളുമെല്ലാം മനോഹരമായി തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കാര്‍ ചേസ് രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച പൃഥ്വിയുടെ ചങ്കൂറ്റവും പ്രശംസനീയം തന്നെ. ഇവര്‍ക്കൊപ്പം അരുണ്‍ സീനുവിന്റെ ഇഫക്റ്റും മികച്ച് നില്‍ക്കുന്നു. പക്ഷേ സി.സി.ടി.വി വഴി എസ്.എല്‍.ആര്‍ ക്വാളിറ്റിയിലുള്ള ചിത്രമെടുക്കുന്ന പരിപാടി അല്പം ബോറായിപ്പോയി. അനില്‍ പനച്ചൂരാന്‍ വരികളെഴുതി, ബിജിബാല്‍ സംഗീതമൊരുക്കിയ രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇക്കാണും നാടക രംഗമെന്ന ഗാനത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമൊന്നുമില്ല, പക്ഷേ ആദ്യ ഭാഗത്തെ കഥ ഡിസ്ക്രിപ്റ്റീവായി പറയാതെ, ഒതുക്കി ചിത്രീകരിക്കാന്‍ ഇതു സാഹായിക്കുന്നുണ്ട്. തീം സോങ്ങു പോലെ തയ്യാറാക്കിയിരിക്കുന്ന ഉണരുന്നൊരു എന്ന ഗാനവും ചിത്രത്തിന്റെ വേഗത കൂട്ടാനായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടും മോശമായില്ലാ എന്നു പറയാം. ബിജിബാലാണ് ചിത്രത്തിന്റെ റീ-റെക്കോര്‍ഡിങ് ചെയ്തിരിക്കുന്നത്. ചിത്രത്തോട് ചേര്‍ന്നു പോകുന്ന വിധം മനോഹരമായാണ് അദ്ദേഹമത് ചെയ്തിരിക്കുന്നത്.

നമ്മുടെ സമൂഹത്തില്‍, പ്രത്യേകിച്ചും കൊച്ചിയുടെ നേരെ പിടിക്കുന്ന ദര്‍പ്പണമാണ് അര്‍ജുനന്‍ സാക്ഷി എന്ന ചിത്രം. ഒരു പക്ഷേ രാഷ്ടീയം പറയാതെ സമകാലീക സംഭവങ്ങളെ പറ്റി പ്രതിപാദിക്കുന്ന ചിത്രം എന്ന മേന്മ അര്‍ജുനന്‍ സാക്ഷിക്ക് അവകാശപ്പെടാം. കൊച്ചിയെക്കുറിച്ചും, കൊച്ചി നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ചും ചിത്രം പ്രതിപാദിക്കുന്നു. കൊച്ചിയുടെ വികസനത്തിനു തുരങ്കം വയ്ക്കുന്ന ചില ഗൂഢ ശക്തികളെക്കുറിച്ചാണ് ചിത്രം പറയുന്നതു മുഴുവന്‍. കണ്ടല്‍ക്കാടുകളും, മെട്രോ റെയിലും, ട്രാഫിക്ക് ബ്ലോക്കുമെല്ലാം ചിത്രത്തിലുടനീളം നമുക്ക് മുന്നിലെത്തുന്നു.  എന്നും നമ്മുടെ മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍, പലപല കാരണങ്ങള്‍ കൊണ്ട്, പ്രതികരിക്കാതെ മാറി നില്‍ക്കേണ്ടി വരുന്ന സാധാരണക്കാരന്റെ വക്താവാകുകയാണ് അര്‍ജുനന്‍ ഇവിടെ. സാഹചര്യങ്ങള്‍ അര്‍ജുനനാക്കുന്ന റോയ് മാത്യു എന്ന ചെറുപ്പക്കാരന്റെ അര്‍പ്പണ ബോധം, ഈ നാട്ടിലെ ഓരോ പൌരനുമുണ്ടാകേണ്ടതാണ് എന്ന സത്യം ഈ ചിത്രം വിളിച്ചു പറയുന്നു. അര്‍ജുനനും റോയ് മാത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാകുമ്പോള്‍, ഈ നാട്ടില്‍ ഇനിയും അര്‍ജുനന്മാര്‍ ഉണ്ടാകും എന്ന ചിത്രത്തിലെ പ്രമേയം കാലിക പ്രാധാന്യമേറിയതാണ്. ആദ്യമെ സൂചിപ്പിച്ച പോലെ, ഇതില്‍ പ്രണയമോ, സെന്റിമെന്‍സോ, ക്ലീഷേ രംഗങ്ങളോ, കോരിത്തരിപ്പിക്കാന്‍ നെടുനീളന്‍ ഡയലോഗുകളോ ഒന്നുമില്ല. നമ്മുടെ സമൂഹം നേരിടുന്ന ഒരു യാഥാര്‍ത്ഥ്യത്തിനു നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി, അതാണ് അര്‍ജുനന്‍ സാക്ഷി. സമൂഹത്തിനൊരു നല്ല സന്ദേശം നല്‍കുവാനായി സിനിമാ എന്ന മാധ്യമം തിരഞ്ഞെടുത്തിരിക്കുന്നു എന്നു മാത്രം. രണ്ടര മണിക്കൂര്‍ നേരം, വെറുതെ ആനന്ദിക്കാനാണ് നിങ്ങള്‍ തീയേറ്ററില്‍ പോകുന്നതെങ്കില്‍, ഈ ചിത്രം നിങ്ങള്‍ക്കിണങ്ങില്ല. പക്ഷേ നിങ്ങള്‍ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയാണെങ്കില്‍, സാമൂഹിക പ്രതിബദ്ധയില്‍ വിശ്വസിക്കുമെങ്കില്‍, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കുക തന്നെ ചെയ്യും. ടൈപ്പ് കാസ്റ്റഡ് ആവാതെ, നല്ല നല്ല പ്രമേയങ്ങളു മായി വരാന്‍ രഞ്ജിത്തിന് ഇനിയും കഴിയട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്.... ദൈവം സാക്ഷി..അര്‍ജുനന്‍ സാക്ഷി.

എന്റെ റേറ്റിങ്: 6.5 / 10

Wednesday, February 9, 2011

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍....

ഒരു വര്‍ഷം മുന്നെ, കഴിഞ്ഞ ഫെബ്രുവരി 10ന്  നമുക്കു മുന്നിലേക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ മരണവാര്‍ത്ത ന്യൂസ് ചാനലുകളില്‍ ബ്രേക്കിങ് ന്യൂസായാണ് കടന്നു വന്നത്. ഒരു പക്ഷേ മലയാള സിനിമാഗാന ശാഖയെ സ്നേഹിക്കുന്നവര്‍ക്ക്, അത് ബ്രേക്കിങ് ന്യൂസിനേക്കാള്‍ ഒരു ഷോക്കിങ് ന്യൂസായിരുന്നു. മഹാനായ ആ കവി നമ്മെ വിട്ടു പോയിട്ട് ഇന്ന്‍ ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ട കാര്യമില്ല. വയലാറും ശ്രീകുമാരന്‍ തമ്പിയും ഓ.എന്‍.വിയും അടക്കി വാണിരുന്ന മലയാള ഗാനരചനാ ശാഖയിലേക്ക്‌ ഒരു സുപ്രഭാതത്തില്‍ മനസ്സില്‍ നിറയെ കവിതയും ജീവിതാനുഭവങ്ങളുമായി ഒരു കടന്നു വന്ന ചെറുപ്പക്കാരനായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. ഭാവ സാന്ദ്രമായ ഗാനങ്ങളെഴുതി മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിക്കുവാന്‍‍, ഗിരീഷ് പിന്നെ അധിക സമയമെടുത്തില്ല. ചകവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയാണ് ഗിരീഷ് പുത്തഞ്ചേരി സിനിമാഗാന രചനയിലേക്ക് കടന്നു വന്നത്. അതിനു മുന്നെ ആകാശവാണിയുടെ വിവിധ നിലയങ്ങള്‍ക്കായി ലളിതഗാനങ്ങളും, എച്ച്.എം.വി., തരംഗിണി തുടങ്ങിയ റെക്കോഡിങ് കമ്പനികള്‍ക്കുവേണ്ടിയും ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ എഴുതിയിരുന്നു. എന്നാല്‍ ജോണിവാക്കര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഗിരീഷിന്റെ കരിയറിലെ വഴിത്തിരിവായത്. അതു ഹിറ്റായതോടെ ഗിരീഷ് മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. പിന്നീട് ഹിറ്റു ഗാനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു കൊണ്ടായിരുന്നു ഗിരീഷ് മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയത്. രവീന്ദ്രന്‍ മാഷിനൊപ്പവും, വിദ്യാസാഗറിനൊപ്പവും, എം.ജയചന്ദ്രനൊപ്പവുമാണ് ഗിരീഷ് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ ശിക്കാര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളും മലയാളികളെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്.

ഉപജീവന മാര്‍ഗ്ഗത്തിനായി സിനിമാഗാനങ്ങളെഴുതുവാന്‍ വരികയും, പിന്നീട്, അദ്ദേഹം മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറി. അദ്ദേഹത്തിന്റെ മരണ ശേഷം, വളരെയധികം ഗാനരചയിതാക്കള്‍ കടന്നു വന്നുവെങ്കിലും, അവരൊന്നും ഗിരീഷിന് പകരം വയ്ക്കാന്‍ കഴിയില്ല എന്ന സത്യം വേദനയോടെ നാം തിരിച്ചറിയുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വരികളൊരുക്കുകയാണ് ഗിരീഷ് ചെയ്തിട്ടുള്ളത്. കഥയെയും, കഥാപാത്രങ്ങളേയും അടുത്തറിയുകയും, തന്നെ കഥാപാത്രത്തിന്റെ സ്ഥാനത്തു നിര്‍ത്തി, കാവ്യ ഭംഗി നഷ്ടപ്പെടാതെ, ട്യൂണുകള്‍ക്കൊപ്പിച്ച് വരികളെഴുതുവാന്‍ ഗിരീഷിനുണ്ടായിരുന്നു പ്രാവീണ്യം പുതിയ തലമുറയിലെ ഗാനരചയിതാക്കള്‍ക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരുന്നു. അവിടെയാണ് അദ്ദേഹം വ്യത്യസ്തനാവുന്നതും, അദ്ദേഹത്തിന്റെ വിടവാങ്ങള്‍ നമുക്ക് വല്ലത്ത ഒരു ശൂന്യത സമ്മാനിക്കുന്നതും... ഗിരീഷ് പുത്തഞ്ചേരി മരിക്കുന്നില്ല... അദ്ദേഹത്തിന്റെ വരികളിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ അദ്ദേഹം ജീവിക്കും, അനശ്വരനായി....

ഈ പോസ്റ്റിലെ കാര്‍ട്ടൂണ്‍ ഞാന്‍ കടം കൊണ്ടതാണ്. ഇതു വരച്ച ശ്രീ.ജെ.കാരപ്പറമ്പലിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ ഈ സമയത്ത അറിയിക്കുന്നു.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.