ഒരു ദിവസം പൊടുന്നെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ Girl In The Bus എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അതിനിടെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, ആ സ്ത്രീ അയാളെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യുന്നതുമായ ദൃശ്യങ്ങളടങ്ങുന്നതായിരുന്നു ആ വീഡിയോ. മൊബൈലില്‍ പകര്‍ത്തിയ ഈ രംഗങ്ങള്‍ ആകാംഷയോടെ തുറന്നു നോക്കുന്നവരുടെ മുന്നിലേക്ക് ആന്‍റി-ക്ലൈമാക്സ് പോലെ എത്തുന്നത്, She is 24 Female Kochi എന്നാണ്. കഥയറിയാതെ അമ്പരക്കുന്ന കാഴ്ചക്കാര്‍ക്ക് അപ്പോഴാണ് മനസ്സിലാവുന്നത്, അത് 22 Female Kottayam എന്ന ചിത്രത്തിന്‍റെ പ്രോമോ ആണ് എന്ന്. സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൂടെ തീപ്പൊരി വേഗത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോകള്‍ ലോകത്തില്‍ പല സ്ഥലങ്ങളില്‍ പരീക്ഷിച്ച വൈറല്‍ വീഡിയോ എന്ന ആശയത്തിന്‍റെ ഭാഗമാണ്. Girl In The Bus എന്ന വീഡിയോ മാത്രമല്ല, Two Girls & A Woman , Aunty In Blue Saree എന്നീ രണ്ടു വീഡിയോകള്‍ കൂടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
മെയിലിലൂടെയും ഫെസ്ബുക്കിലൂടെയും അതിവേഗം പ്രചരിക്കുന്ന ഈ വീഡിയോകള്‍, പ്രേക്ഷകരെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നത്. ഈ ആസ്വാദകരെ ചിത്രത്തിന്‍റെ പ്രേക്ഷകരാക്കി മാറ്റാം എന്നുള്ള കണക്കു കൂട്ടലിലാകും ചിത്രത്തിന്‍റെ അണിയറയിലുള്ള ആഷിക് അബുവും കൂട്ടരും. ചിത്രത്തിന്‍റെ ട്രെയിലരുകള്‍ക്ക് മുന്നേ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത് ഈ വീഡിയോകളാണ്. വളരെ അമച്വരിഷ് ആയിയാണ് ഈ വീഡിയോകള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്, അതും ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്. വളരെ കുറച്ചു കഥാപാത്രങ്ങള്‍, ലളിതമായ ആശയം, അത് ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കുക കൂടി ചെയ്തപ്പോള്‍ അത് പ്രേക്ഷകരെ ആകര്‍ഷിക്കുക തന്നെ ചെയ്തു എന്ന് വേണം പറയാന്‍. ഈ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത അതാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിന്‍റെ നവീനമായ പ്രചരണം ഈ വീഡിയോയില്‍ അവസാനിക്കുന്നില്ല. ഒരാഴ്ച മുന്നേ തന്നെ ചിത്രത്തിന്‍റെ പ്രചാരണാര്‍ത്ഥം ഏതാനും പോസ്റ്ററുകള്‍ വെളിയില്‍ വന്നിരുന്നു. അവയും സോഷ്യല്‍ മീഡിയാകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സി.എന്‍.എന്‍ - ഐ.ബി.എന്‍ റിയല്‍ ഹീറോ പുരസ്‌കാരം നേടിയ ഷീബ അമീറും, ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ ജിസ്മിയും, ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായിയും, കര്‍ഷകശ്രീ പുരസ്കാരം നേടിയ കുഞ്ഞുമോള്‍ ജോസുമെല്ലാം ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ നിറയുന്നു. 22 Female Kottayam എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നതിനു സമാനമായാണ് ഈ പോസ്റ്ററുകളെല്ലാം. പോസ്റ്ററുകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബു, പപ്പായ മീഡിയ, മല്‍ഫങ്ക്ഷന്‍ എന്നിവര്‍ക്കാണ് ഈ പ്രമോഷന്‍ ക്യാംപെയിനിന്റെ ക്രെഡിറ്റ് മുഴുവനും.
സിനിമയുടെ പ്രമോഷനായി പല കാലഘട്ടങ്ങളിലും പല പല രീതികളാണ് അവലംബിച്ചിരുന്നത്. പോസ്റ്ററുകള്‍ എക്കാലവും സജീവമായിരുന്നു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ അവ പ്രമോഷനുകളുടെ ചുക്കാന്‍ പിടിച്ചിരുന്നു. പിന്നീട് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച്, നോട്ടീസ് വിതരണം ചെയ്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ടെലിവിഷന്റെ പ്രസക്തി വര്‍ദ്ധിച്ചതോടെ ട്രെയിലറുകളും പരസ്യങ്ങളും ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സോഷ്യല്‍ മീഡിയ കടന്നു വന്നതോടെ ഈ പോസ്റ്ററുകളും സിനിമാ സംബന്ധമായ ചര്‍ച്ചകളും ചെറുപ്പക്കാരിലേക്ക് കുറച്ചൂടെ വേഗത്തിലും എളുപ്പത്തിലും എത്തിക്കുവാന്‍ സിനിമാ പിന്നണിക്കാര്‍ക്ക് കഴിഞ്ഞു. അപ്പോഴും ടെലിവിഷനിലെ ചര്‍ച്ചകളും ടോക്ക് ഷോകളും സാകൂതം തുടര്‍ന്നിരുന്നു. ഗൂട്ടി ഷോയും മറ്റും അതിന്‍റെ മികച്ച ഒരു ഉദാഹരണമാണ്. എന്നാല്‍ 22 Female Kottayam എന്ന ചിത്രവും അതിന്‍റെ പിന്നണി പ്രവര്‍ത്തകരും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മലയാളികള്‍ക്ക് പുതുമ നിറഞ്ഞതാണ്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ട്രാഫിക്, സോള്‍ട്ട് & പേപ്പര്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പിന്തുണയും പ്രോത്സാഹനവും കണ്ടില്ല എന്ന് നടിക്കാന്‍ ഈ ചിത്രത്തിന്‍റെ പിറകിലുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, നല്ലേ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ അല്ലെങ്കില്‍ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്‌താല്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്ന തിരിച്ചറിവാകാം അവരെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. എന്തായാലും ആകാര്‍ഷകമായ പോസ്റ്ററുകളും ട്രെയിലരുകളും പ്രേക്ഷകരെ തീയെട്ടരുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, ഇത്തരം നവീനമായ ആശയങ്ങള്‍ നല്ല ചിത്രങ്ങളെ പ്രേക്ഷക മനസുകളില്‍ എത്തിക്കും എന്ന് കരുതാം. ഇത്തരം ഒരു പ്രമോഷനുമായി മുന്നോട്ടു വന്ന ആഷിക് അബുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം 22 Female Kottayam എന്ന ചിത്രത്തിനും അതിന്‍റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നു....