Monday, March 8, 2010

രവീന്ദ്ര ജഡേജ എന്തു പിഴച്ചു?

രവീന്ദ്ര ജഡേജയെ ഒരു വര്‍ഷത്തേക്ക്‌ ഐ.പി.എല്ലില്‍ നിന്നും വിലക്കിയത്‌, ക്രിക്കറ്റ്‌ പ്രേമികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ഈ കഴിഞ്ഞ ജനുവരിയിലാണ് സൗരാഷ്ട്രക്കാരനായ ജഡേജയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍.) പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അധികൃതര്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്‌. അതോടെ ഈ വര്‍ഷം നടക്കുന്ന മൂന്നാം ഐ.പി.എല്‍. സീസണില്‍ 21-കാരനായ ജഡേജ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് അവരുടെ 24 അംഗ ടീം പട്ടികയില്‍നിന്ന് ജഡേജയുടെ പേര് നീക്കം ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ ജഡേജ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡി(ബി.സി.സി.ഐ)നെ സമീപിച്ച്‌ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഐ.പി.എല്‍. ഗവേണിങ്‌ കൗന്‍സില്‍ തള്ളിക്കളഞ്ഞു. കളിക്കാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചു എന്നു പറഞ്ഞാണ് ഐ.പി.എല്‍ ഗവേണിങ്‌ കൗന്‍സില്‍ ജഡേജയെ വിലക്കിയത്‌. മൂന്നാം ഐ.പി.എല്ലിന്‌ ജഡേജയുണ്ടാകില്ല എന്ന്‌ ഉറപ്പായി.

ഐ.പി.എല്‍ ആരംഭിച്ച 2008-ല്‍, ആ വര്‍ഷം അണ്ടര്‍-19 ലോകകപ്പിലെ തിളക്കമാര്‍ന്ന പ്രകടനമാണ് ജഡേജയ്ക്ക് രാജസ്ഥാന്‍ റോയത്സില്‍ സ്ഥാനം നേടി കൊടുത്തത്‌. 30,000 ഡോളറിനാണ് രണ്ടു വര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയത്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷം, രണ്ടു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാം എന്ന റോയത്സിന്റെ വാഗ്ദാനം തിരസ്കരിച്ച ജഡേജ, അപ്പോഴുണ്ടായിരുന്ന കരാര്‍ കാലാവധി തീരുന്നതു വരെ കളിക്കാം എന്നു സമ്മതിച്ചു, അതായത്‌ 2009 ഡിസംബര്‍ 31 വരെ. ഈ ഡിസംബറില്‍ കരാര്‍ കാലാവധി തീരുകയും റോയത്സ്‌ പുതിയ കരാര്‍ നല്‍കാതിരുന്നതോടെ ജഡേജക്ക്‌ ഒരു ടീമിലും സ്ഥാനം കിട്ടിയില്ല. അതോടെ മറ്റു ഫ്രാഞ്ചൈസികളുമായി ജഡേജ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ റോയത്സ്‌ അധിക്രുതരെ ഇത്‌ ചൊടിപ്പിക്കുകയൂം, ജഡേജയ്ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ജഡേജയെ ആദ്യം കരാര്‍ ചെയ്യിച്ച റോയല്‍സ് ടീം വേണ്ടെന്നു പറഞ്ഞാല്‍മാത്രമേ അദ്ദേഹത്തിനു മറ്റു ടീമുകളുമായി കരാറിലേര്‍പ്പെടാനാകൂ എന്നാണ് അവര്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ 2009 ഡിസംബര്‍ 31ന് കരാര്‍ അവസാനിച്ചതോടെ തനിക്കിനി റോയത്സുമായി ബാധ്യതയൊന്നുമില്ല എന്നാണ് ജഡേജ ബി.സി.സി.ഐക്ക്‌ അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ജഡേജ വേണ്ട എന്നു പറഞ്ഞതാണ് റോയത്സ്‌ ഇങ്ങനെ ഒരു നടപടി എടുക്കാന്‍ കാരണം എന്നാണ് അറിയുന്നത്‌. ജഡേജയ്ക്ക്‌ നല്‍കുന്ന വേതനം അണ്ടര്‍-19 കളിക്കാരന്റെ വേതനമാണ്. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി മാറിയ ജഡേജയെ ഇതുവരെ അന്താരാഷ്ട്ര കളിക്കാരന്‍ എന്ന വിഭാഗത്തിലേക്ക്‌ മാറ്റിയിട്ടില്ല. അതു കൊണ്ടു തന്നെ ജഡേജയ്ക്ക്‌ നല്‍കുന്ന വേതനം വളരെ കുറവാണ് എന്നതാണ് സത്യം. അതു കൊണ്ടു കൂടിയാവണം ജഡേജ മറ്റൊരു ഫ്രാഞ്ചൈസിയുമായി കരാറിലേര്‍പ്പെടാന്‍ ശ്രമിച്ചത്‌. പുതിയ കാരാര്‍ നല്‍കാതിരുന്ന റോയത്സ്‌, ജഡേജയെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ വേതനം നല്‍കാതെ കരാറിലെത്തിക്കാനുള്ള ശ്രമമായിരുന്നു അത്‌ എന്നു വേണം സംശയിക്കാന്‍. ഈ സീസണില്‍ റോയല്‍സിനുവേണ്ടി കളിക്കാന്‍ ഇനിയും ജഡേജയ്ക്ക് അവസരമുണ്ടെന്ന് റോയല്‍സ് ടീമധികൃതര്‍ സൂചിപ്പിച്ചു. ഐ.പി.എല്‍. നേതൃത്വത്തിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അതില്‍ നിന്നും അവരുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്.

റോയത്സുമായി കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ജഡേജയ്ക്ക്‌ മേല്‍ റോയത്സിനു യാതോരു നിയന്ത്രണവുമില്ല, എന്നിട്ടു കൂടി ഐ.പി.എല്‍ ഗവേണിങ്‌ ബോഡി റോയത്സിന്റെ കൂടിയാണ് നിന്നത്‌. ഐ.പി.എല്ലിലെ പണാധിപത്യത്തിന്റെ നഗ്നമായ കാഴ്ചയാണിത്‌. ഒരു കളിക്കാരന്റെ കരിയര്‍ കുരുതി കൊടുത്തും ഒരു ഫ്രാഞ്ചൈസിയെ പിണക്കാത്തിരിക്കാനുള്ള ലളിത്‌ മോഡിയെന്ന ദുരാഗ്രഹിയായ ഐ.പി.എല്‍ മേധാവിയുടെ കളിയാണിത്‌. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ ഐ.പി.എല്‍, ഒരു യുവകളിക്കാരനെ ട്രീറ്റ്‌ ചെയ്യുന്ന രീതി കാണുമ്പോള്‍, ബി.സി.സി.ഐയും ഐ.പി.എല്ലും ക്രിക്കറ്റിനേക്കാളധികം പണത്തെ സ്നേഹിക്കുന്നു എന്ന ആരോപണത്തിന് ബലമേറുകയാണ്... ആദ്യ സീസണില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ജഡേജ രണ്ടു സീസണിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐ.പി.എല്ലില്‍ റോയല്‍സിന്റെ ടോപ് സ്കോററായിരുന്നു. 13 മത്സരങ്ങളില്‍ നിന്ന് ജഡേജ 295 റണ്‍സാണു നേടിയത്. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമില്‍ എത്തുകയും ചെയ്തു. ബി.സി.സി.ഐയുടെ പണത്തിനോടുള്ള ആര്‍ത്തിക്കിടയില്‍, പാവം രവീന്ദ്ര ജഡേജ എന്തു പിഴച്ചു?

2 comments:

  1. ഇവിടെ പെരുന്തച്ചനെ വിലക്കാനോടുമ്പോള്‍ അവിടെ പ്രതിഭയുള്ള പയ്യനെ വിലക്കാന്‍ ആക്രാന്തം...

    ടി20 നിരോധിച്ചില്ലെങ്കില്‍ ക്രിക്കറ്റ് താമസിയാതെ ഒരു വിസ്മൃത ഗെയിമാകും.

    ReplyDelete
  2. @ ആചാര്യന്‍
    ടി.20 നിരോധിക്കണം എന്ന അഭിപ്രായം എനിക്കില്ല. എന്നിരുന്നാലും ബി.സി.സി.ഐയെ നിയന്ത്രിക്കേണ്ട സമയമായി. ജഡേജയോട്‌ ചെയ്തത്‌ അല്പം കടന്ന കയ്യായിപ്പോയി.

    തിലകന്‍ വിലക്ക്‌ ചോദിച്ചു വാങ്ങിയതല്ലേ.. ഇവിടെ നോക്കൂ...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.