Friday, March 19, 2010

അങ്ങനെ ബച്ചനേയും അപമാനിച്ചു...


ഗുജറാത്തിന്റെ ബ്രാന്‍‌ഡ്‌ അംബാസിഡറായി സിനിമാ ലോകത്തെ ബിഗ്‌ ബി, അമിതാഭ്‌ ബച്ചന്‍ നിയമിതനായിട്ട്‌ അധികകാലമായില്ല. മനോരമ ന്യൂസ്‌ മേക്കര്‍ 2009 എന്ന അവാര്‍ഡ്‌ സമ്മാനിക്കാനായി കേരളത്തിലെത്തിയ ബച്ചന്‍, മനോരമാ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡറാവാന്‍ താല്പര്യമുണ്ടെന്ന്‌ പറഞ്ഞത്‌. അതിനെക്കുറിച്ച്‌ ചിന്തിക്കാവുന്നതാണെന്നും, അതില്‍ അതിയായ സന്തോഷമുണ്ടെന്നുമായിരുന്നു ബച്ചന്‍ പറഞ്ഞത്‌. അതിനെ തുടര്‍ന്ന്‌, കേരളത്തിന്റെ ടൂറിസം ചുമതലയുള്ള കോടിയേരി ബാലക്രുഷ്ണന്‍, അതു പരിഗണിക്കുമെന്നും ബച്ചനെ ക്ഷണിച്ചുകൊണ്ട്‌ കത്തെഴുതുമെന്നും പറഞ്ഞു. അതിനു പിന്നോടിയായി, ടൂറിസം മന്ത്രാലയം ബച്ചന് കത്തെഴുതുകയും, ബച്ചന്‍ മറുപടി നല്‍കുകയും ചെയ്തു. ബച്ചന്‍ മറുപടി പ്രതീക്ഷിക്കുന്നതിനിടയിലാണ്, ഗുജറാത്തിന്റെ ബ്രാന്റ് അംബാസിഡര്‍ പദവിയിലുള്ള അമിതാഭ് ബച്ചനെ കേരളത്തില്‍ അതേസ്ഥാനത്ത് നിയമിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും ബച്ചനെ ഈ പദവിയില്‍ നിയമിക്കരുതെന്നും സീനിയര്‍ പാര്‍ട്ടി നേതാവ്‌ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ അമിതാഭ് ബച്ചനെ കേരളത്തിന്റെയും അംബാസഡര്‍ ആക്കുന്നതില്‍ താത്ത്വികപ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് യുവ പൊളിറ്റ് ബ്യൂറോക്രാറ്റും താത്ത്വികനുമായ സീതാറാംയെച്ചൂരി പറഞ്ഞിരിക്കുന്നത്.  യെച്ചൂരി അങ്ങനെ പറഞ്ഞെങ്കില്‍ അങ്ങനെ തന്നെ എന്ന്‌ ഇടതു മുന്നണി കണ്വീനര്‍ വൈക്കം വീശ്വനും പറഞ്ഞതോടെ ബച്ചനെ ആ സ്ഥാനത്തേക്ക്‌ നിയമിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌ താല്പര്യമില്ല എന്നു മനസ്സിലായി. അതോടെ ഡി.വൈ.എഫ്.ഐ എന്ന കുട്ടി സഖാക്കന്മാനും അതു ഏറ്റു പറഞ്ഞു നടന്നു തുടങ്ങി.

എന്നും ഉട്ടോപ്യന്‍ ആശയങ്ങളുമായി നടക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഇടുങ്ങിയ ചിന്താഗതിയും മാനസികാവസ്ഥയും കുപ്രസിദ്ധമാണ്. പ്രത്യയശാസ്ത്രമെന്നു പറഞ്ഞ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളെയൊക്കെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട പാരമ്പര്യമുള്ളവരാണവര്‍. ഇന്ത്യയില്‍ തന്നെ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം സാന്നിധ്യമുള്ള ഇവരെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ വംശനാശം വന്നു കൊണ്ടിരിക്കുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വികസന വിരോധികളെന്ന ഇരട്ടപ്പേര്‍ ഇവര്‍ക്ക്‌ പണ്ടേയുണ്ട്‌. എന്നാലും അതിന്റെ അഹങ്കാരമില്ലാത്ത അവര്‍, അതൊരു അലങ്കാരമായി കൊണ്ടൂ നടക്കുന്നുമുണ്ട്. കേരളത്തില്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത ഈ കൂട്ടര്‍ ഇപ്പോള്‍ ഐ.ടി വിപ്ലവം അട്ടിമറിക്കുന്ന പരിപാടിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്‌. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്, ഏറ്റവും കൂടുതല്‍ വരുമാനം നേടി തരുന്ന ഒരു വ്യവസായമാണ് ടൂറിസം. വിദേശികളടക്കം ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഒരോ വര്‍ഷവും കേരളത്തിലെത്തുന്നത്‌. കേരളത്തിലെ ടൂറിസം സാധ്യതകള്‍ ഇനിയും കൂടുതലായി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ്, കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകാന്‍ ബച്ചന്‍ താല്പര്യം കാണിച്ചത്‌. ബച്ചന്‍ എന്ന വ്യക്തിത്വത്തെ മുതലാക്കി കേരളത്തിലേക്ക്‌ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് അവസരവാദികളായ ഇത്തരം രാഷ്ട്രീയ കോമരങ്ങള്‍ പാഴാക്കുന്നത്‌. കേരളത്തിലെ ടൂറിസത്തെ വികസിപ്പിക്കുവാന്‍ യാതോരു നടപടിയും എടുക്കാത്ത ഇവര്‍, വികസനത്തിനായി സഹായിക്കാന്‍ സ്വമനസ്സാലെ വരുന്നവരെ അപമാനിക്കുകയും ചെയ്യുന്നു. വികസനമെന്ന വാക്കേ അലര്‍ജിയായ ഈ കൂട്ടര്‍ ഭരിക്കുന്ന ഈ നാട്‌ എന്നു നന്നാവും?

രസകരമായ കാര്യം, ബച്ചനെ വേണ്ട എന്നു വയ്ക്കുന്നതിന്റെ പിന്നിലും അവരുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയം ആണ്. ബച്ചനെ, ഗുജാറാത്ത്‌ സര്‍ക്കാര്‍ അവരുടെ ബ്രാന്‍ഡ്‌ അംബാസിഡറാക്കിയതാണ്, അദ്ദേഹത്തെ തഴയാനുള്ള കാരണം. മോഡിയെന്നൊ ഗുജറാത്ത്‌ സര്‍ക്കാരെന്നോ കേട്ടാല്‍ ഇടതന്മാര്‍ക്ക്‌ കലിപ്പാണ്. മോഡിയുടെ രാഷ്ട്രീയത്തെയോ, ബീ.ജെ.പിയുടെ രാഷ്ട്രീയത്തെയോ അല്ല താന്‍ പിന്തുണയ്ക്കുന്നതെന്നു, ഗുജറാത്തെന്ന സംസ്ഥാനത്തിന് താന്‍ മൂലം വളര്‍ച്ചയുണ്ടാകുന്നുവെങ്കില്‍, അതു തനിക്ക്‌ സന്തോഷമാണെന്നാണ് ബച്ചന്‍ പറഞ്ഞിട്ടുള്ളത്‌. അതില്‍ നിന്നും അദ്ദേഹത്തിന്റെ നിലപാട്‌ വ്യക്തമാണ്. നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രിക്ക്‌ കറപുരണ്ട ഒരു ഭൂതകാലമുണ്ടെന്ന വസ്തുത അംഗീകരിച്ചാല്‍ തന്നെ, അതിന്റെ പേരില്‍ ആ സംസ്ഥാനത്ത് അദ്ദേഹം നടപ്പില്‍ വരുത്തുന്ന വികസനത്തെ തള്ളിപ്പറയുക എന്നത്‌ രാഷ്ട്രീയപരമായ അല്പത്തരമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. ഒരു കൂട്ടക്കൊല സംഭവിച്ചതു കൊണ്ട്‌ ഗുജറാത്തില്‍ നടക്കുന്ന വികസനത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇടതന്മാരുടേത്‌. തങ്ങള്‍ക്ക്‌ സാധിക്കാത്തത്‌, മറ്റുള്ളവര്‍ ചെയ്യുന്നതു കാണുമ്പോളുള്ള കണ്ണുകടിയായി മാത്രമെ നമുക്കിതിനെ കാണാന്‍ കഴിയൂ. ഗുജറാത്തിലെ വികസനത്തെ പറ്റി സംസാരിക്കവേ, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പറഞ്ഞ അമിതാബ് അച്ചനെ കേരളത്തിന്റെ അംബാസിഡര്‍ ആക്കാന്‍ പറ്റില്ലാ എന്നാണ് ഇടതന്മാരുടെ പരമോന്നത കമ്മറ്റിയായ പോളിറ്റ്‌ ബ്യൂറോയൂടെ നിലപാടെന്നറിയുന്നു. അതാണ് യെച്ചൂരി പരസ്യമാ‍യി പറഞ്ഞത്‌. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പെട്ടെന്നു മനസ്സിലേക്ക് കടന്നു വരുന്നത്‌, കിലുക്കത്തിലെ ഒരു ഡയലോഗാ, എച്ചി എന്നും എച്ചി തന്നെ..!!!

ഗുജറാത്തെന്ന പേരു കേട്ടാലെ ഉറഞ്ഞു തുള്ളുന്ന ഇടതന്മാരും, ഡി.വൈ.എഫ്.ഐയിലെ കുട്ടി സഖാക്കന്മാരും ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കെതിരെ ഉപരോധ സമരം തുടങ്ങുമോ എന്നു ന്യായമായും സംശയിക്കാം. അങ്ങനെയെങ്കില്‍, ടാറ്റയുടെ നാനോ കാറുകള്‍ തല്ലി തകര്‍ക്കുക, അമുല്‍ പാല്‍ വില്‍ക്കാനനുവദിക്കാതെ, പിടിച്ചെടുത്ത്‌ നശിപ്പിക്കുക, അംബുജാ സിമന്റ് കൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ സമീപ ഭാവിയില്‍ തന്നെ കേരള ജനത കാണും. ബ്രാന്‍‌ഡ്‌ അംബാസിഡറാകാന്‍ താല്പര്യം പ്രകടിപ്പിച്ച ബച്ചനെ അതിന് ക്ഷണിച്ചു കൊണ്ട്‌ കത്തെഴുതുകയാണ് കേരളത്തിലെ ടൂറിസം മന്ത്രി ചെയ്തത്‌. അനുകൂലമായ മറുപടി നല്‍കിയ ബച്ചനെ,താങ്കളുടെ മഹനീയ സേവനം നമുക്കാവശ്യമില്ല എന്നു പറയുന്നതു വഴി ബച്ചനെന്ന കലാകരനെ അപമാനിക്കുകയാണ്, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പുച്ഛിക്കുകയാണ്. കേരളത്തിലൊരു സര്‍ക്കാരുള്ളപ്പോള്‍ ഇത്തരം തീരുമനങ്ങള്‍ പി.ബി എടുക്കേണ്ട ആവശ്യമുണ്ടോ എന്നതും പ്രസക്തമാണ്. എന്തായാലും ബച്ചനിപ്പോള്‍ തോന്നുന്നുണ്ടാവും, ഒന്നും വേണ്ടിയിരുന്നില്ല എന്ന്‌... 


പിന്നാമ്പുറം [ഒരു ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റിയിലെ ചര്‍ച്ചയില്‍ നിന്നും]
ഒന്നാമന്‍: ബച്ചന്‍ അല്ലെങ്കില്‍ പിന്നെ ആരു കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡറാവും?
രണ്ടാമന്‍: അതിപ്പോള്‍, നമുക്ക്‌ സുകുമാര്‍ അഴീക്കോടിനെ ആക്കിയാലോ?
മൂന്നാമന്‍: ശരിയാ, കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളില്‍ പ്രത്യകിച്ചു ഗോവയിലൊക്കെ ആക്കിയാല്‍ കേരളത്തിന്‌ ഗുണം ചെയ്യും.

9 comments:

  1. ഷെക്കില യെ വിളിക്കാം

    ReplyDelete
  2. യഥാര്‍ത്തത്തില്‍ ബച്ചന്‍ അദ്ദേഹത്തിന്‍റ്റെ ആയിരക്കണക്കിനായ മതനിരപേക്ഷ കാഴ്ചപ്പാടുകളുള്ള ആരാധകരെയാണ്‌ അപമാനിച്ചത്. ഇന്ത്യ കണ്ട എറ്റവും ക്രൂരനായ ഭരണാധികാരിയുടെ അച്ചാരം പറ്റാന്‍‌ മാത്രം ബച്ചന്‍ താഴ്‌ന്നു പോയതിനെയായിരുന്നു നാം ഗൗരവമായി കാണേണ്ടിയിരുന്നത്. ബച്ചന്‍ പ്രതിഫലം വാങ്ങി കേരളത്തിന്റെ അംബാസഡറാവുന്നതിലോ, ആവാതിരിക്കുന്നതിലോ പ്രത്യേകിച്ച് ഒന്നും ഇല്ല. വെറുതെ ഒന്നും അല്ലല്ലോ, പുളപ്പ് കാശിനല്ലോ.. പോട്ടേന്ന്.
    ഏറ്റവും കുറഞ്ഞത്, മോഡിയും കൂട്ടരും അറുത്തു തള്ളിയ ആയിരക്കണക്കിന് മനുഷ്യ ജന്മങ്ങളെങ്കിലും സന്തോഷിക്കുന്നുണ്ടാവും. അതു പോരെ ?.

    ReplyDelete
  3. @ കാണി
    താങ്കള്‍ പറയുന്നതിനോട്‌ യോജിക്കാനാവുന്നില്ല. കാരണം ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാണ്, മോഡിയുടേതല്ല. ബച്ചന്റെ പ്രഭാവത്താല്‍ എന്തെങ്കിലും മെച്ചം ഗുജറാത്തിനുണ്ടായാല്‍ അത് മോഡിക്കു മാത്രമല്ല ഗുണപ്രദം, ഗുജറാത്തിലെ ജനങ്ങള്‍ക്കൊന്നടങ്കമാണ്. അതില്‍ ബി.ജെ.പിക്കാരനെന്നോ ഹിന്ദുവെന്നോ ഇസ്ലാമെന്നോ ഉള്ള വ്യത്യാസമുണ്ടാകില്ല.ബച്ചന്‍ അതു ചെയ്യുമ്പോള്‍ അത്‌ ആ സംസ്ഥാനത്തിന്റെ പുരോഗതിയെയാണ് സഹായിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നവരെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി മറന്ന്‌ നാം പിന്തുണക്കണം എന്നാണ് എന്റെ കാഴ്ചപ്പാട്‌. മോഡി ചെയ്തതെന്ത്‌ എന്നതല്ല, ബച്ചന്‍ ആ നാട്ടിലെ ജനങ്ങള്‍ക്കായി എന്തു ചെയ്യുന്നു എന്നതാണ് നോക്കേണ്ടത്‌.

    ReplyDelete
  4. @ എ.കെ
    ഷക്കീലയെ ബ്രാന്‍ഡ്‌ അംബാസിഡറാക്കിയാല്‍ ചിലപ്പോല്‍ സുകുമാര്‍ അഴീക്കോട്‌ പിണങ്ങും. ചായമിടുന്നവരെ പുള്ളിക്ക്‌ ഇഷ്ടമല്ല... ;)

    ReplyDelete
  5. sukumar azhekkod will be a perfect match for left govt. :)

    ReplyDelete
  6. @ ശിവ
    ചക്കിക്കൊത്ത ചങ്കരന്‍ എന്നാണോ...? ;-)

    ReplyDelete
  7. സമൂഹത്തില്‍ പൊതു സമ്മതനായ ഒരാള്‍ ഹിറ്റലറിന്റെ ജര്‍മനിയെ പ്രതിനിധാനം ചെയ്താല്‍ അയാള്‍ ആരെയാണ്‌ സമൂഹത്തില്‍ ശരി വെക്കുക ? ഹിറ്റലറിനെ തന്നെയല്ലെ ?
    ഞാന്‍ ഹിറ്റലറിനെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന അയാളുടെ ന്യായത്തില്‍ അര്‍ഥം ഉണ്ടോ ?

    പിന്നെ ഞാന്‍ അഭിപ്രായം പറഞ്ഞത് കേവല രാഷ്ട്രീയ പ്രേരിതമായല്ല. ഏതു കര്‍മത്തിലും, ധര്‍മ്മത്തിനും നൈതികതക്കും സ്ഥാനം നല്‍കണം എന്നു വിശ്വാസം ഉള്ളതു കൊണ്ടാണ്‌.
    മോഡി ഇപ്പോള്‍ ഗുജറാത്തിനെ പ്രതിനിധീകരിക്കുന്നു. അയാള്‍ക്ക് ആയിരങ്ങളുടെ കൊലപാതക്കത്തിലും കണ്ണീരിലും പങ്കുണ്ട്. കോടതിയില്‍ ഹാജരാവാന്‍ പോലും മടിക്കുന്ന പശ്ചാതലമാണ്‌ അദ്ദേഹത്തിന്റേത്. ഇക്കാര്യങ്ങളെല്ലാം ബച്ചന്‍ പരിഗണിക്കണമായിരുന്നു.
    അതു പോട്ടെ, പണം നല്‍കിയാല്‍ ബച്ചന്‍ അല്ല, ഷാരൂക്ക് ഖാനെ തന്നെ കിട്ടുമല്ലോ ? വേറെയും ഘടാഘടികന്‍മാരില്ലെ ഇന്നാട്ടില്‍ ?

    ReplyDelete
  8. @ കാണി
    ആ വാദം ബാലിശമാണ്. ഗുജറാത്ത്‌ മോഡിയുടേതല്ല. ആരും അദ്ദേഹത്തിനത്‌ തീറെഴുതി കൊടുത്തിട്ടില്ല. അദ്ദേഹം ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു മുഖ്യമന്ത്രി മാത്രമാണ്. അദ്ദേഹം ചിലപ്പോള്‍ ഭാവിയില്‍ അധികാരത്തില്‍ നിന്നും പുറത്തായേക്കാം. അപ്പോഴും ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി തുടരും. അപ്പോള്‍ ബച്ചന്‍ ചെയ്യുന്നത്‌ ശരിയാകുമോ? അതാണ് ഞാന്‍ പറഞ്ഞത്‌ ആ വാദം ബാലിശമാണെന്ന്‌. ഗുജറാത്തിലെ കലാപം, രാജ്യത്തിനേറ്റ കളങ്കമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍ അവിടുത്തെ ജനങ്ങളെ ഇനിയും ദ്രോഹിക്കുന്നതില്‍ അര്‍ത്ഥമില്ല. അവിടേക്ക്‌ ടൂറിസം വികസനമോ മറ്റു വികസനമോ വരുന്നുണ്ടെങ്കില്‍ അത്‌ ആ സംസ്ഥാനത്തിന് ഗുണം ചെയ്യുകയേയുള്ളൂ. അതില്‍ ബച്ചന്‍ ഒരു പങ്കു വഹിക്കുന്നുണ്ടെങ്കില്‍ നല്ലത്‌. അല്ലാതെ മോഡി ക്ഷണിച്ചു എന്നു കരുതി, അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറും അല്ലെങ്കില്‍ സ്വാധീനിക്കപ്പെടും എന്നു പറയുന്നതില്‍ വലിയ കഴമ്പില്ല. അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയാവുന്നതാണ്, അദ്ദേഹത്തിന്റെ വ്യക്തിത്വവും. ഇനി ബച്ചന്‍ കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡറായാല്‍, അദ്ദേഹം ഇടതു ചായ്‌വുള്ള ആളാകുമോ? ഒരു വര്‍ഷം കഴിഞ്ഞ്‌ ഈ ഇടതന്മാര്‍ തോറ്റു തുന്നം പാടി ഇറങ്ങിപ്പോകുമ്പോള്‍, അദ്ദേഹം കൊഓറുമാറി കോണ്‍ഗ്രസ്സ്‌ അനുഭാവമുള്ള ആളായി മാറുമോ? അങ്ങനെ ഒക്കെ ചിന്തിക്കുന്നത്‌ മണ്ടത്തരമാണ്, അതിലുപരി സകലതിനേയും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണുന്നതു കൊണ്ടാണ്. അതു മാറാതെ ഈ നാട്‌ നന്നാവില്ല...

    ReplyDelete
  9. kaani,

    Mr. Madani will be available for kerala tourism. It will be acceptable for CPIM. They are faking everything for mulsim votes..!!

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.