Sunday, March 21, 2010

നാണമില്ലേ ശ്രീകാന്തേ, നാണം....?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമായി എന്നും അറിയപ്പെടുന്ന ഒരു കാര്യമാണ് ടീം സെലക്ഷന്‍. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച്‌ പണ്ടേ കീറാമുട്ടിയായ ഒന്ന്‌. ലോബികളുടെ കളികള്‍ കൊണ്ട്‌ കുപ്രസിദ്ധമായിരുന്നു സെലക്ഷന്‍. സോണ്‍ തിരിച്ച്‌ സെലക്ടര്‍മാരെ നിയമിക്കുകയും, അവര്‍ ബി.സി.സി.ഐയുടെ നിയന്ത്രണം കയ്യാളുന്നവരുടെ ഏറാന്‍‌മൂളികളുമായിരുന്ന  ഒരു കാലഘട്ടമുണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍. മുംബൈ ലോബി ശക്തമായി നിലനിന്നിരുന്ന ഒരു കാലം. ദക്ഷിണ മേഖലയില്‍ നിന്നും താരങ്ങള്‍ ടീമിലെത്താന്‍ പാടുപെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നല്ലപ്രകടനം നടത്തിയാലും ടീമില്‍ സ്ഥാനം നേടുക എന്നത്‌ നടക്കാതിരുന്ന അവസ്ഥ. 1992 ല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനം നേടിയ, ഇന്ത്യയുടെ മുന്‍‌നായകന്‍ ഗാംഗുലിക്ക് കളിക്കാനായത്‌ വെറും 3 കളികള്‍ മാത്രം. അതിനു ശേഷം തുടര്‍ച്ചയായി 6 വര്‍ഷം ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഗാംഗുലിക്ക്‌ ടീമിലെത്താനായില്ല. പിന്നീട്‌ 1997ന്‍ ഇംഗ്ലണ്ട്‌ പര്യടനത്തിലാണ് ഗാംഗുലി ടീമിലെത്തുന്നത്‌. അങ്ങനെ സെലക്ഷന്‍ എന്ന ഈ പ്രഹസ്സനം അവസാനിക്കുവാന്‍, ഗാംഗുലി ക്യാപ്റ്റനും, ജോണ്‍ റൈറ്റ്‌ കോച്ചും ആവേണ്ടി വന്നു. എന്നിരുന്നാല്‍ പോലും, പൂര്‍ണ്ണമായും സെലക്ഷനെ സുതാര്യമായില്ല എന്നതാണ് സത്യം. പിന്നീട്‌ ബംഗാള്‍ ലോബി ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്ന സമയം സെലക്ഷന്‍ കുറച്ചു കൂടി മെച്ചപ്പെട്ടു. എന്നാല്‍ വീണ്ടും മുംബൈ ലോബി ബി.സി.സിഐയുടെ തലപ്പത്ത്‌ വന്നതോടെ സെലക്ഷന്‍ വീണ്ടു പ്രഹസ്സനമാകുവാന്‍ തുടങ്ങി. അതിന്റെ പിന്നോടിയായി ഗാംഗുലി ഇന്ത്യന്‍ ക്യാപ്നറ്റ് സ്ഥാനത്തു നിന്നും നീക്കപ്പെടുകയും ഒന്നര വര്‍ഷത്തോളം ടീമിനു പുറത്തു നില്‍ക്കുകയും ചെയ്തു.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ക്രിഷ്ണമാചാരി ശ്രീകാന്ത്‌ മുഖ്യ സെലക്ടറായതോടെ കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചു. ഗാംഗുലി വീണ്ടും ടീമിലെത്തുകയും ചെയ്തു. ഒരു പരിധി വരെ സെലക്ഷനെ നന്നായി കൊണ്ടു പോകുവാന്‍ ശ്രീകാന്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗെന്ന, കുട്ടിക്രിക്കറ്റിന്റെ പുതിയ രൂപത്തിന്റെ ടൂര്‍ണമെന്റു വന്നതോടെ കളി മാറി. ശ്രീകാന്ത്‌, ഇന്ത്യന്‍ നായകനായ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രമോട്ടറായി മാറി. ചെന്നൈ എന്ന സ്പിരിറ്റിന്റെ പുറത്തായിരുന്നു ഇത്‌. അതിനു പിറകെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളിക്കാര്‍ ഇന്ത്യന്‍ ടീമിലെത്തുവാന്‍ തുടങ്ങി. മന്‍പ്രീത്‌ സിംഗ്‌ ഗോണിയായിരുന്നു ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്‌. പിന്നീട്‌ പടി പടിയായി, ബദരീനാഥ്‌, റൈന, മുരളി വിജയ്‌, സുദീപ്‌ ത്യാഗി എന്നിങ്ങനെ പലരും ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ ഒന്നുമില്ലാത്ത അശ്വിന്‍ എന്ന കളിക്കാരനെ ആദ്യമായി നാം അറിയുന്നത്‌ ഐ.പി.എല്‍ 3 തുടങ്ങിയതിനു ശേഷമായിരുന്നു. എന്നാല്‍. അതിനു മുന്നെ പ്രഖ്യാപിച്ച ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമില്‍ അശ്വിന്‍ എത്തിയിരിക്കുന്നു എന്നു നാം അറിയുമ്പോള്‍, സ്വാഭാവികമായും വിരല്‍ ചൂണ്ടപ്പെടുന്നത്‌ ധോണിയുടേയും ശ്രീകാന്തിന്റേയും നേര്‍ക്കാണ്.

ഇത്തരം കുത്തഴിഞ്ഞ സെലക്ഷന്റെ മികച്ച ഉദാഹരണമാണ് നാം ഈയിടെ നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടെസ്റ്റ്‌ പരമ്പര തൂടങ്ങുന്നതിന് മുന്നെയാണ് ദുലീപ്‌ ട്രോഫി ഫൈനല്‍ നടന്നത്‌. ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ ഫൈനലില്‍, ദക്ഷിണ മേഖലയുടെ ദിനേശ്‌ കാര്‍ത്തിക്ക് രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയപ്പോള്‍, പശ്ചിമ മേഖലയുടെ യൂസഫ്‌ പഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ നേടിയ ഇരട്ടശതകമായിരുന്നു അവര്‍ക്ക്‌ കിരീടം നേടി കൊടുത്തത്‌. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇവര്‍ രണ്ടു പേരും സ്ഥാനം നേടിയില്ല, എന്നാല്‍ ബദരീനാഥും, മുരളി വിജയും സ്ഥാനം നേടി, ഒപ്പം വ്രുദ്ധിമാന്‍ സാഹയും. രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്‌മണ്‍ എന്നിവര്‍ പരിക്കു മൂലം കളിക്കാതിരുന്ന ‍ആ ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായിരുന്നു. ഇന്ത്യ ഇന്നിംഗ്‌സിന് ആ ടെസ്റ്റ് തോറ്റു. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ദിനേഷ്‌ കാര്‍ത്തിക്കിന് സ്ഥാനം ലഭിക്കുന്നു. എന്നാല്‍ അവസാന പതിനൊന്നില്‍ സ്ഥാനം നേടുവാന്‍ കാര്‍ത്തിക്കുനു കഴിഞ്ഞില്ല. ബദരീനാഥും, മുരളി വിജയും ആ ടെസ്റ്റും കളിച്ചു. കാര്‍ത്തിക്കിനെ കളിപ്പിക്കാതിരുന്നതിന് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ വിശദീകരണം അതിലും രസകരമായിരുന്നു. കാര്‍ത്തിക്കിന്റെ കീപ്പിങ്‌ മോശമായതിനാലാണ് കാര്‍ത്തിക്കിനെ കളിപ്പിക്കാത്തത്‌ എന്നായിരുന്നു അത്‌. ധോണി ടീമിലുള്ളപ്പോള്‍ പിന്നെ വേറെ ഒരു കീപ്പറെ കളിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ഫോമിലുള്ള കാര്‍ത്തിക്കിനെ കീപ്പിങ്ങിന്റെ പേരുപറഞ്ഞ്‌ മാറ്റി നിര്‍ത്തിയ നടപടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കളിക്കാരെ തിരുകി കയറ്റാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്ന്‌ വ്യക്തം. കാര്‍ത്തിക്കിനെ മാറ്റി നിര്‍ത്തിയപ്പോള്‍, വിക്കറ്റ്‌ കീപ്പറായ സാഹയെ കളിപ്പിച്ചു എന്നത്‌ മറ്റൊരു വിരോധാഭാസം. അതിനു ശേഷം നടന്ന ഏകദിന പരമ്പരയില്‍ സുദീപ്‌ ത്യാഗിക്കും അവസരം കിട്ടി. ഇര്‍ഫാന്‍ പഥാനെ പോലെ പ്രതിഭാധനര്‍ തിരിച്ചു വരവിന് ഒരവസരം നോക്കി നില്‍ക്കുമ്പോഴാണ്‍` സുദീപ്‌ ത്യാഗിക്ക് അവസരം നല്‍കിയത്‌.

ശ്രീകാന്തിന്റെ ഈ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ പ്രേമം അവസാനിക്കുന്നില്ല. അവരുടെ കളികളിലെല്ലാം, ചെന്നൈയുടെ ജഴ്സിയണിഞ്ഞ്‌ ടീമിന്റെ ഒപ്പം ശ്രീകാന്തും ഉണ്ടാവും. ബി.സി.സി.ഐയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌ ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇത്‌. അതും മുഖ്യ സെലക്ടറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌. ശ്രീകാന്തിനെ ചെന്നൈയുടെ ഭാഗമാകുന്നതില്‍ നിന്നും ആരും തടയുന്നില്ല. അത്‌ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ മുഖ്യ സെലക്ടറുടെ സ്ഥാനത്തിരുന്നു കൊണ്ടിത്‌ ചെയ്യുന്നത്‌ ശരിയായ നടപടിയല്ല. മറ്റു സെലക്ടര്‍മാരും, മറ്റി ബി.സി.സി.ഐ പ്രതിനിധികളും അതു ചെയ്യുന്നില്ല എന്നതും പ്രസക്തമാണ്. ഇത്തരം നടപടികള്‍ ക്രിക്കറ്റിന്റെ തന്നെ അന്തസ്സ്‌ കെടുത്തുന്നതാണ്. പിന്‍‌വാതിലിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കളിക്കാരെ ഇന്ത്യന്‍ ടീമിലെത്തിക്കുന്നതു കൂടി കാണുമ്പോള്‍, ശ്രീകാന്തെന്ന കളിക്കാരനോടുള്ള ബഹുമാനം അറിയാതെ കുറയുന്നു. മാത്രമല്ല, അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു... നാണമില്ലേ ശ്രീകാന്തേ.. നാണം...!!!

4 comments:

 1. I'm sorry, I think I pasted the content twice. So, I'm deleting my earlier comment and putting it in again.

  ടീം സെലക്ഷനിൽ ലോബികളുടെ കളി ഉണ്ട്‌ എന്നത്‌ നൂറുശതമാനം ശരിയാണ്‌.
  ചില തിരുത്തുകൾ പറയട്ടെ.

  ശക്തമായ മുംബൈ ലോബി പല്ലുകൊഴിഞ്ഞിട്ട്‌ കാലമേറെയായി. മുംബൈ ലോബി മൂലമാണ്‌ ഗാംഗുലിയ്ക്ക്‌ ടീമിൽ സ്ഥാനം ലഭിക്കാൻ 6 കൊല്ലം കാത്തിരിക്കേണ്ടിവന്നത്‌ എന്ന് തോന്നുന്നില്ല, അങ്ങിനെയായിരുന്നെങ്കിൽ ആദ്യം ടീമിൽ എത്തേണ്ടത്‌ അമോൽ മജുംദാർ ആയിരുന്നു. ആദ്യസീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച, നീണ്ട ഇന്നിംഗ്സ്‌ കളിക്കാൻ കഴിവുള്ള അദ്ദേഹം ടീമിൽ എത്തിയതേയില്ല. എന്റെ അറിവിൽ ഗാംഗുലിയേക്കാൾ മികച്ച റെക്കോഡ്‌ ആയിരുന്നു ആ കാലയളവിൽ മജുംദാറിന്റേത്‌.

  1997-ലും ഗാംഗുലി ടീമിൽ എത്തിയത്‌ ലോബി മൂലം തന്നെയായിരുന്നു. പൂർവ്വമേഖല സെലക്റ്റർ ഇടപെട്ട്‌ ആ മേഖലയിൽ നിന്നൊരാളെ എടുത്തതിന്റെ ഫലമായാണ്‌ ഗാംഗുലി ടീമിൽ എത്തുന്നതുതന്നെ, ദ്രാവിഡിനെപ്പോലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല.

  ഗാംഗുലി ടീമിൽ നിന്നും പുറത്തായതും മുംബൈ ലോബി മൂലമാണോ? മോശം ഫോം എന്നത്‌ മാറ്റിയാൽപ്പോലും, പശ്ചിമമേഖലയിൽ നിന്നുള്ള സെലക്റ്റർ കിരൺ മോറെ ആയിരുന്നു എന്നാണ്‌ എന്റെ ഓർമ്മ. മുംബൈ ലോബി താരതമ്യേന ശക്തമായിരുന്ന എൺപതുകളിൽ കഴിവുതെളിയിച്ച്‌ ടീമിലെത്തിയ മോറെ ഏതായാലും ആ ലോബിയുടെ ആളാണെന്ന് പറയാനാവില്ല.

  ശ്രീകാന്ത്‌ ചെന്നൈ സൂപ്പർ കിങ്ങ്സ്‌-ലെ കളിക്കാരെയാണോ അതോ ചെന്നൈ കളിക്കാരെയാണോ കൂടുതൽ പ്രൊമോട്ട്‌ ചെയ്യുന്നത്‌ എന്ന് സംശയമുണ്ട്‌. മുരളി വിജയ്‌ ഐപിഎൽ കളിക്കാൻ തുടങ്ങുന്നത്‌ ഇന്ത്യൻ ടീമിൽ എത്തിയതിനുശേഷമാണ്‌. റെയ്‌ന വളരെക്കാലം ഇന്ത്യയ്ക്ക്‌ വേണ്ടി കളിച്ച്‌ കഴിവ്‌ തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഐപിഎൽ ടീമിൽ പ്രമുഖസ്ഥാനം നേടുന്നതുതന്നെ.

  ഇത്തരം ടൂർണ്ണമെന്റുകൾ ചിലപ്പോൾ, ചില കളിക്കാർക്ക്‌ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാവാറുണ്ട്‌. ഒരു ചാലഞ്ചർ ട്രോഫിയിലെ ബൗളിങ്ങാണ്‌ ശ്രീശാന്തിനെ ടീമിലെത്തിച്ചത്‌, അല്ലാതെ ഫസ്റ്റ്ക്ലാസ്‌ ക്രിക്കറ്റിലെ പ്രകടനമല്ല.

  എന്തായാലും ശ്രീകാന്തിന്‌ നാണം അത്യാവശ്യം തന്നെ, ചെതേശ്വർ പുജാരയെപ്പോലുള്ളവരെ പുറത്തുനിർത്തി മുരളി വിജയ്‌നെ പ്രൊമോട്ട്‌ ചെയ്യുന്നതിന്‌.

  ReplyDelete
 2. ഗാംഗുലിയെ പിന്നീട്‌ ടീമിലേക്ക്‌ പരിഗണിക്കാതിരിക്കാനുള്ള ഒരു കാരണമായി പറഞ്ഞു കേട്ടിരുന്നത്‌, ഗാംഗുലി കളിച്ച ആദ്യ സീരീസില്‍ അദ്ദേഹാം വാട്ടര്‍മാന്‍ ആയില്ലാ എന്നതാണ്. എത്രത്തോളം അതു ശരിയാണ് എന്നറിയില്ല. പക്ഷേ നായകനായപ്പോള്‍ ഗാംഗുലി പല തവണ വാട്ടര്‍മാനായിരുന്നു എന്നതും ഒരു വസ്തുതയാണ്. അമോല്‍ മജൂംദാര്‍ പലവട്ടം ടീമിലെത്തിയതാണ്. പക്ഷേ ഒരിക്കല്‍ പോലും തിളങ്ങിയില്ല എന്നാണ് എന്റെ ഓര്‍മ്മ. അതു പോലെ തന്നെ ലക്ഷ്മണ്‍. അസ്‌ഹറുദ്ദീന്‍ പലതവണ ടീമിലെടുത്തിട്ടും മികച്ച പ്രകടനം നടത്തിയിരുന്ന ലക്ഷ്മണ്‍, ഒരു പാഴായാണ് കണക്കാക്കപ്പെട്ടിരുന്നത്‌. എന്നാല്‍ കല്‍ക്കട്ടാ ടെസ്റ്റോടെ അതു മാറി. സെലക്ടര്‍മാരുടെ ലോബി കളികള്‍ മൂലം, ഇന്ത്യന്‍ അണ്ടര്‍ -19 ലോകകപ്പ്‌ ക്യാപ്റ്റനായിരുന്ന അമ്പാട്ടി രായിഡു അടക്കം എകദേശം 8 കളിക്കാര്‍ രാജി വച്ച്‌ ഐ.സി.എല്ലില്‍ ചേര്‍ന്നിരുന്നു. പ്രതിഭാധനരെ തഴയുന്ന ഇത്തരം നടപടികള്‍ എന്നുമുണ്ടായിട്ടുണ്ട്‌. ബി.സി.സി.ഐയുടെ നിയന്ത്രണം മുംബൈ ലോബിയുടെ കൈകളിലിരിക്കുമ്പോള്‍ അതു വളരെ ശക്തമാണെന്നു മാത്രം.

  മുരജി വിജയും, സുദീപ് ത്യാഗിയും ബദരി നാഥും അശ്വിനും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടില്ല, എന്നിട്ടും അവരെല്ലാം ടീമിലെത്തി. എന്നാല്‍ ചേതേശ്വര്‍ പൂജാരാ, മനീഷ്‌ പാണ്ഡെ, മനൊജ്‌ തിവാരി, ഗോസ്വാമി എന്നിവര്‍ ഇന്നും പുറത്തു നില്‍ക്കുന്നു എന്നത്‌ ഒരു സങ്കടകരമായ വസ്തുതയാണ്. അതുപോലെ വിനയ്‌ കുമാര്‍, ശലഭ്‌ ശ്രീവാസ്തവ, അശ്വിന്‍ മിഥുന്‍ തുടങ്ങിയ ബൌളര്‍മാരും പടിക്കു പുറത്താണിപ്പോള്‍. അവിടെ ശ്രീകാന്തിന്റെ ചീപ്പ്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ സ്പിരിറ്റ്‌ നില്‍ക്കുന്നു എന്നതാണ് സത്യം. അതു മാറണം.

  ReplyDelete
 3. പിള്ളാച്ചൻ,
  അമോൽ മജുംദാർ ഇന്ത്യൻ ടീമിൽ എത്തിയിട്ടേയില്ല. ആഭ്യന്തരക്രിക്കറ്റിൽ ഗാംഗുലിയേക്കാൾ (അക്കാലത്ത്‌) നല്ല പ്രകടനമായിരുന്നുതാനും.
  ടീമിൽ ഇപ്പോൾ ഉള്ളതിനേക്കാൾ മികച്ച താരങ്ങൾ പുറത്തിരിക്കുന്നുണ്ടെന്നത്‌ സത്യം തന്നെയാണ്‌. അതിൽ പലതിലും സെലക്റ്റർമാരുടെ താൽപര്യങ്ങൾ ഉണ്ടാവുകയും ചെയ്യും.

  ബദരിനാഥ്‌ ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനത്തിനുശേഷം തന്നെയാണ്‌ ടീമിൽ എത്തിയിട്ടുള്ളത്‌, ഇപ്പോൾ ആഭ്യന്തരക്രിക്കറ്റിൽ കളിക്കുന്നവരിൽ ഉയർന്ന ആവറേജ്‌ ആണ്‌ ബദരിനാഥിന്റേത്‌. മറ്റു പലരുടേയും കാര്യത്തിൽ അത്‌ പറയാനാവില്ല. ഒന്നോ രണ്ടോ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവർ ടീമിൽ എത്തിയത്‌. (സത്യം പറഞ്ഞാൽ മുരളി വിജയ്‌ എന്ന പേരുതന്നെ ടെസ്റ്റ്‌ ടീമിൽ അദ്ദേഹത്തെ എടുത്തപ്പോഴാണ്‌ ഞാൻ കേൾക്കുന്നത്‌). ശരത്‌ എന്ന കളിക്കാരൻ ടീമിൽ ഒരിക്കലും എത്താതിരുന്നതിനു കാരണം ഒരുപക്ഷെ അക്കാലത്ത്‌ തമിഴ്‌നാട്ടിൽ നിന്ന് ഒരു സെലക്റ്റർ ഇല്ലാതിരുന്നതായിരിക്കാം.

  മുംബൈ ലോബിയെ കുറ്റം പറയുമ്പോൾ ഒന്നുകൂടി ചോദിക്കട്ടെ. ഇന്നത്തെ ഇന്ത്യൻ ടീമിൽ എത്രപേർ മുംബൈയിൽ നിന്നും ഉണ്ട്‌? സചിൻ (ലോബിക്കളി ആവാൻ സാധ്യതയില്ല), പവാർ, നീട്ടിയാൽ, സഹീർ ഖാൻ (സ്വദേശം മുംബൈ അല്ല). ജാഫർ ഇന്ത്യൻ ടീമിന്‌ പുറത്തിരിക്കുമ്പോഴാണ്‌ ഇത്‌. (ഞാൻ മുംബൈ ലോബിയിൽ താൽപര്യമൊന്നുമില്ല, പക്ഷെ അതുമൂലമാണ്‌ ടീം സെലക്ഷൻ ഇത്തരത്തിലായത്‌ എന്ന സൂചന കണ്ടപ്പോൾ പറഞ്ഞതാണ്‌)

  ഇന്ന് ശ്രീകാന്ത്‌ ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ പ്രൊമോട്ടർ ആയി ഇരിക്കുന്നത്‌ (ഔദ്യോഗികമാണോ എന്നറിയില്ല) കൊണ്ട്‌ അദ്ദേഹം ആ കോർപ്പറേറ്റ്‌ താൽപര്യങ്ങൾക്കല്ല, മറിച്ച്‌ തന്റെ സംസ്ഥാന-വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ചാണ്‌ ടീമിൽ ആളെ എടുക്കുന്നത്‌ എന്നേ ഞാൻ പറഞ്ഞതിന്‌ അർത്ഥമുള്ളു. കാർത്തിക്കിനെ മാറ്റിയത്‌ ചെന്നൈ സൂപ്പർ കിങ്ങ്സ്‌ അംഗത്തെ കയറ്റാനായിരുന്നെങ്കിൽ ആദ്യം നറുക്ക്‌ വീഴേണ്ടത്‌ പാർത്ഥിവ്‌ പട്ടേലിനാവേണ്ടതല്ലേ, സാഹയ്ക്കല്ലല്ലൊ. (കാർത്തിക്കിനെ എടുക്കാതിരുന്നത്‌ എന്തുകൊണ്ടെന്ന് എനിക്കും അറിയില്ല, പക്ഷെ CSK അല്ല കാരണം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌).

  ReplyDelete
 4. ബദരീനാഥ്‌ കഴിഞ്ഞ സീസണില്‍ നന്നായി കളിച്ചിരുന്നു. എന്നാല്‍ അതിനേക്കാള്‍ മികച്ച പ്രകടനം നടത്തിയവര്‍ പുറത്തു നില്‍ക്കുന്നു എന്നത്‌ സത്യമാണ്‌. ഞാന്‍ സൂചിപ്പിച്ച പേരുകള്‍ അവയില്‍ ചിലതു മാത്രമാണ്. എസ്.ശരത്തും റോബിന്‍ സിങ്ങുമെല്ലാം ടീമിലെത്തിയത്‌ 30 വയസ്സിനു ശേഷമാണ്‌, അവരെ പ്രമോട്ടു ചെയ്യാന്‍ ആളുകളുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം. കര്‍ണ്ണാടകത്തില്‍ നിന്നും മാത്രം 6 താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഒരു കാലവുമുണ്ടായിരുന്നു. മുംബൈ ലോബി എന്നുദ്ദേശിച്ചത്‌ മുംബൈക്കാരെ മാത്രം പ്രമോട്ടു ചെയ്യുന്ന ലോബി അല്ല. പ്രധാനമായും ഇന്ത്യന്‍ ക്രിക്കറ്റില്‍ മുംബൈ കേന്ദ്രീക്രുതമായും, ബംഗാള്‍ കേന്ദ്രീക്രുതമായുമാണ്‌ ലോബികള്‍ ഉണ്ടായിരുന്നത്‌. മറ്റു സംസ്ഥാനങ്ങള്‍ ഈ ഗ്രൂപ്പുകളോട്‌ ചേര്‍ന്നു പോകുന്നവയാണ്‌. മുംബൈ ലോബി അധികാരത്തില്‍ ഇരിക്കുന്ന അവസരത്തില്‍, പ്രകടനങ്ങള്‍ കണക്കാക്കാതെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കനുസരിച്ച്‌ സെലക്ഷന്‍ നടക്കുന്ന കാഴ്ച പതിവാണ്‌. എന്നാല്‍, ബംഗാള്‍ ലോബി കുറച്ചുകൂടി ഭേദമാണ്‌. ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ യൗവ്വനത്തിന്റെ പിറകില്‍, ജോണ്‍ റൈറ്റു, ഗാംഗുലിയും, ഡാല്‍മിയയും, പ്രകടനം നോക്കി മാത്രം നടത്തിയ സെലക്ഷന്‍ മാത്രമാണ്‌. ഇത്രയധികം യുവതാരങ്ങള്‍ക്ക്‌ അവസരം നല്‍കിയ മറ്റൊരു ക്യാപ്റ്റനും കോച്ചുമുണ്ടായിട്ടില്ല. ഇന്നത്തെ നായകന്‍ ധോണി വരെ ഗാംഗുലിയൂടെ കണ്ടുപിടുത്തമാണ്‌. എന്നാല്‍ പവാറിന്റെ നേത്രുത്വത്തിലുള്ള ബി.സി.സി.ഐ വന്നതോടെ, വീണ്ടും പക്ഷപാതങ്ങള്‍ വ്യാപകമായി കണ്ടു തുടങ്ങി. ഇപ്പോഴും അതുണ്ട്‌.

  ശ്രീകാന്ത്‌ ചെന്നൈയുടെ പ്രമോട്ടറായി ഇരിക്കുന്നത്‌ ഔദ്യോഗികമായി തന്നെയാണ്‌. ചീഫ്‌ സെലക്ടര്‍ പോലെ ഉത്തരവാദിത്വപ്പെട്ട ഒരു പദവി അലങ്കരിക്കുമ്പോള്‍ അതു ചെയ്യുന്നത്‌ ശരിയാണൊ? അതു മാത്രമല്ല, ചെന്നൈയുടെ കളിക്കാരെ ടീമില്‍ തിരുകി കയറ്റുകയും ചെയ്യുന്നു. കാര്‍ത്തിക്കിനെ തഴഞ്ഞപ്പോള്‍ നറുക്കു വീണത്‌, വ്രുദ്ധിമാന്‍ സാഹയ്ക്കായിരുന്നു. എന്നാല്‍ ഇന്‍-ഫോം പ്ലെയറായ കാര്‍ത്തിക്കിനെ ടീമിലെടുത്തിട്ട്‌ അവസരം നല്‍കിയില്ല. പകരം മുരളി വിജയും, ബദരീനാഥും കളിക്കുകയും ചെയ്തു. ശ്രീകാന്ത്‌ ചെന്നൈ കളിക്കാരെ പ്രമോട്ടു ചെയ്യുന്നുണ്ട്‌ എന്നതില്‍ യാതോരു സംശയവുമില്ല. അദ്ദേഹത്തിന്‌ ചെന്നൈയെ പ്രോത്സാഹിപ്പിക്കാനും, അതിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകാനും അവകാശമുണ്ട്‌. എന്നാല്‍ അതു സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം ത്യജിച്ചിട്ടു ചെയ്യുന്നതാവും ഉചിതം. അല്ലെങ്കില്‍ ചെന്നൈ കളിക്കാര്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍, പ്രതിഭാധനരായ പല കളിക്കാരും അവസരം കിട്ടാതെ പുറത്തിരിക്കും.

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.