Tuesday, March 2, 2010

ഇനി കടന്നു വരാത്ത പദനിസ്വനം....


വയലാറും ശ്രീകുമാരന്‍ തമ്പിയും ഓ.എന്‍.വിയും അടക്കി വാണിരുന്ന മലയാള ഗാനരചനാ ശാഖയിലേക്ക്‌ ഒരു സുപ്രഭാതത്തില്‍ മനസ്സില്‍ നിറയെ കവിതയും ജീവിതാനുഭവങ്ങളുമായി ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു. ഗിരീഷ്‌ പുത്തഞ്ചേരി... ലാളിത്യമാര്‍ന്ന വരികളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിലേക്കാണ് പിച്ചവച്ചത്‌... എന്നാല്‍ ഈ കഴിഞ്ഞ ഫെബ്രുവരി 11ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഗാനങ്ങളെ കോര്‍ത്തിണക്കി ഒരു ലേഖനമെഴുതണമെന്ന്‌ പാഥേയം ആവശ്യപ്പെട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരു വിഷമവ്രുത്തത്തിലാകുകയായിരുന്നു. ഏകദേശം 328 ചിത്രങ്ങളിലായി 1556 ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്‌. അതെല്ലാം ഒന്നിനൊന്നു മികച്ചതും. അവയെല്ലാം ഉള്‍പ്പെടുത്തി ഒരു ലേഖനമെഴുതുക എന്നത് സാധ്യമായ ഒരു കാര്യമല്ല... അതിനാല്‍ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പത്തു ഗാനങ്ങളെക്കുറിച്ച്‌ ഞാന്‍ എഴുതുകയാണ്... എനിക്കു മാത്രമല്ല, മലയാളികള്‍ക്കെല്ലാം ഈ ഗാനങ്ങള്‍ ഇഷ്ടമായിരിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു...

സൂര്യകിരീടം വീണുടഞ്ഞു : ദേവാസുരമെന്ന ചിത്രത്തില്‍ ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്‌ എം.ജി രാധാക്രുഷ്ണനാണ്. ആലാപനം എം.ജി ശ്രീകുമാറും. കഥാഗതിയിലെ അതി പ്രധാനമായ ഒരു ഗാനമാണിത്‌. ചെയ്ത പാപങ്ങളെ തിരിച്ചറിച്ച്‌, അതില്‍ മനം നൊന്ത്‌ ഒരു മാനസാന്തരത്തിലൂടെ കടന്നു പോകുന്ന നായകന്റെ മനോഗതിയെ അതി ഭംഗിയായി വരികളാക്കുവാന്‍ ഗിരീഷ്‌ പുത്തഞ്ചേരിക്കു കഴിഞ്ഞിട്ടുണ്ട്‌. “ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ“ എന്ന ഒരൊറ്റവരി, ആ കഥാപാത്രത്തിന്റെ ഉള്ളിലേക്ക്‌ എത്രമാത്രം ഗിരീഷ്‌ കടന്നു ചെന്നിട്ടുണ്ട്‌ എന്ന്‌ മനസ്സിലാക്കാന്‍. എന്നാല്‍ ട്രിവാന്‍ഡ്രം ക്ലബ്ബിലെ മുറിയിലിരുന്ന്‌ 10 മിനിട്ടു കൊണ്ടാണ് ഇത്‌ ഗിരീഷ്‌ എഴുതി തീര്‍ത്തതെന്ന്‌ എം.ജി രാധാക്രുഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. അതില്‍ നിന്നു തന്നെ, അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന കവിത്വത്തെ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും.

ആരോ വിരല്‍ മീട്ടി: വിദ്യാസാഗറിന്റെ സംഗീതത്തില്‍ പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിബി മലയില്‍ ചിത്രത്തിലെ ഒരു ഗാനമാണിത്‌. ഈ ചിത്രത്തിന്റെ കമ്പോസിങ്‌ സമയത്ത്‌, വിദ്യാസാഗര്‍ ഹാര്‍മോണിയത്തില്‍ വായിച്ച ഒരു ഈണം കേട്ട്‌, ആരോ വിരല്‍ മീട്ടി എന്ന് ഗിരീഷ്‌ പറയുകയായിരുന്നു. ആ മൂന്നു വാക്കുകള്‍ കൊണ്ട്‌ നിമിഷ നേരം കൊണ്ട്‌ ഗിരീഷ്‌ ഒരു കവിത രചിച്ചു. അതിനു പിന്നീട്‌ വിദ്യാസാഗര്‍ ആകര്‍ഷകമായ ഈണം നല്‍കുകയുമായിരുന്നു. “വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി“ എന്ന്‌ ഗിരീഷ്‌ എഴുതി തീര്‍ത്തപ്പോള്‍, സിബി മലയില് സ്രുഷ്ടിച്ച മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങള്‍ അതില്‍ പ്രതിഫലിക്കയായിരുന്നു. ഒരു സംവിധായകന്‍ തന്നില്‍ നിന്നും ആഗ്രഹിക്കുന്നതെന്ത്‌ എന്ന്‌ മനസ്സിലാക്കി അതിനൊപ്പിച്ച കവിതകള്‍ നിമിഷ നേരം കൊണ്ട്‌ എഴുതുവാന്‍ ഗിരീഷിനു കഴിഞ്ഞിരുന്നു.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ : ഗിരീഷിന്റെ തൂലികയില്‍ നിന്നും ജന്മമെടുത്ത മറ്റൊരു മനോഹരമായ പ്രണയഗാനം. ക്രുഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌ എന്ന കമല്‍ ചിത്രത്തിനായി വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനമാണിത്‌. ചിത്രത്തിലെ ഈ രംഗത്തിനായി വിദ്യാസാഗറും കമലും ചേര്‍ന്ന്‌ കൂടിയാലോചനകള്‍ നടത്തി ഒരു ട്യൂണുണ്ടാക്കി, എന്നാല്‍ ഗിരീഷ്‌ എത്രയെഴുതിയിട്ടും, കമല്‍ ഉദ്ദേശിച്ച പ്രണയത്തിന്റെ തീവ്രത ആ വരികള്‍ക്ക്‌ കിട്ടുന്നില്ല. ഗിരീഷ്‌ പലവട്ടാം മാറ്റി എഴുതിയെങ്കിലും കമലിന് എന്തോ ചേര്‍ച്ചയില്ലായ്മ തോന്നി. ഒടുവില്‍ വിദ്യാസാഗര്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ഗിരീഷ്‌ എഴുതട്ടെ, ഞാന്‍ മറ്റൊരു ട്യൂണി അതിനിടാം. അതു പറഞ്ഞ്‌ നിമിഷങ്ങള്‍ക്കകം വരികള്‍ റെഡി. ആ ഗാനമാണ് യേശുദാസിന്റെ അനുഗ്രഹീത ശബ്ദത്തിലൂടെ നാം കേട്ടത്‌...
ജൂണിലെ നിലാ മഴയില്‍: എം.ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ വിജി തമ്പി സംവിധാനം ചെയ്ത നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലെ ഗാനമാണിത്‌. മഴയുടെ പശ്ചാത്തലത്തിലുള്ള പ്രണയഗാനമെന്നാണ് വിജി തമ്പി ഈ പാട്ടിനെ പറ്റി ഉദ്ദേശിച്ചിരുന്നത്‌. ജയചന്ദ്രന്റെ ട്യൂണ്‍ കേട്ട ശേഷം ഗിരീഷ്‌ ഒരു കവിതയെഴുതി. എന്നാല്‍ ഗിരീഷിനു തന്നെ അതില്‍ ഒരു ത്രുപ്തി തോന്നിയില്ല. അദ്ദേഹം അത്‌ മാറ്റി മറ്റൊരു കവിതയെഴുതി, അതും നിമിഷ നേരം കൊണ്ട്‌. അതാ‍ണ് ജൂണിലെ നിലാമഴയില്‍ എന്ന ഗാനം. “ഇതളായ് വിരിഞ്ഞ പൂവു പോല്‍ ഹൃദയം കവര്‍ന്നു തന്നു നീ“ എന്ന വരികളില്‍ഊടനീളം നിറഞ്ഞു നില്‍ക്കുന്നത്‌ പ്രണയമെന്ന ഭാവമാണ്.... അദ്ദേഹം ആദ്യമെഴുതിയ ഗാനം പിന്നീട്‌ വിദ്യാസാഗര്‍ പട്ടാളം എന്ന ചിത്രത്തില്‍ ഒരു ഗാനമാക്കി.,.. ആരോരാള്‍ പുലര്‍ മഴയില്‍... എന്ന ഗാനം...
കണ്ണു നട്ടു കാത്തിരുന്നിട്ടും: കഥാവശേഷന്‍ എന്ന ടി.വി ചന്ദ്രന്‍ ചിത്രത്തില്‍ എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനമാണിത്‌. കഥാനായകന്‍ ഒരു കള്ളനെ കൊണ്ട്‌, അയാള്‍ മോഷ്ടിക്കുന്ന ഹാര്‍മോണിയം വായിച്ച്‌ പാട്ടു പാടിക്കുന്നതാണ് ഗാനത്തിന്റെ സന്ദര്‍ഭം. വികാരനിര്‍ഭരമായ സന്ദര്‍ഭത്തില്‍ തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും വേദനകളും ആ കള്ളന്‍ ഓര്‍മ്മിച്ചെടുക്കുകയാണ് ഈ ഗാനത്തിലൂടെ. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഗിരീഷ്‌ പറഞ്ഞു. താനെഴുതിയ വരി, “കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ, അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ, അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു.” ഇത്രയും വികാര തീവ്രമാകാന്‍ കാരണം, തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് ഇതെഴുതാന്‍ പ്രേരകമായത്‌ എന്നാണ്. ചെറുപ്പത്തില്‍ താന്‍ അനുഭവിച്ച പട്ടിണിയും പരിവട്ടവും, താന്‍ കണ്ട അമ്മയുടെ കണ്‍നുനീരും കവിതയായി അദ്ദേഹത്തിന്റെ തൂലികയിലെത്തുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്‌. കഥാപാത്രങ്ങളുടെ സ്ഥാനത്ത്‌ സ്വയം പ്രതിഷ്ഠിച്ച്‌, സ്വന്തം ജീവിതാനുഭവത്തില്‍ നിന്നും കവിതകള്‍ സ്രുഷ്ടിക്കുവാന്‍ ഗിരീഷിനുണ്ടായിരുന്ന കഴിവ്‌ അദ്വിതീയമായിരുന്നു. ഈ ഗാനത്തിന് അദ്ദേഹത്തിന് കേരള സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു.
ഹരിമുരളീ രവം : ഷാജി കൈലാസ്‌ സംവിധാനം ചെയ്ത ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ രവീന്ദ്രന്‍ സംഗീത സംവിധാനം ചെയ്ത്‌ യേശുദാസ്‌ ആലപിച്ച സൂപ്പര്‍ ഹിറ്റ്‌ ഗാനമാണ് ഹരിമുരളീ രവം. സന്ദര്‍ഭത്തിന് അനുയോജ്യമായി ഒരു ഹിന്ദുസ്ഥാനി ടച്ചുള്ള ഗാനം സ്രുഷ്ടിക്കുവാന്‍ രവീന്ദ്രന്‍ മാഷ്‌ തീരുമാനിച്ചപ്പോള്‍ വരികളെഴുതുവാന്‍ ഗിരീഷിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്‌. ഈ ഗാനത്തിന്റെ പിറവിയെ പറ്റിയും ഗിരീഷ്‌ വാചാലനായിട്ടുണ്ട്‌. മദ്രാസ്സില്‍ ചിത്രത്തിന്റെ പൂജയുടെ തലേ ദിവസം രവീന്ദ്രന്‍ മാഷും, ഗിരീഷും ഒരു ഹോട്ടലില്‍ കമ്പോസിങ്ങിനായി റൂമെടുക്കുന്നു. രണ്ടാളും ഒന്നു മിനുങ്ങി കിടന്നുറങ്ങി. രാവിലെ പൂജയ്ക്കു പോകുവാന്‍ പ്രൊഡക്ഷന്‍ എസ്കിക്യൂട്ടീവ് കാറുമായി വന്നപ്പോഴാണ് ഇരുവരും എഴുന്നേല്‍ക്കുന്നത്‌. പാട്ടാണെങ്കില്‍ എവിടെയും എത്തിയിട്ടുമില്ല, മാഷു ചോദിച്ചു, നിന്റെ കയ്യില്‍ വല്ലതും ഉണ്ടോ? എന്റെ കയ്യില്‍ ഒന്നുമില്ല രവിയേട്ടന്റെ കയ്യിലോ..? ഒന്നുമില്ല എന്നു മാഷും. കുളിച്ചു റെഡിയായി പൂജാ സ്ഥലത്തേക്ക്‌ അവര്‍ യാത്രയായി. ആ യാത്രക്കിടയിലാണ് ഹരിമുരളീരവം എന്ന ഹിറ്റു ഗാനം ലഭിക്കുന്നത്‌. സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്ന ഗിരീഷിന്, മാഷോരുക്കിയ ട്യൂണിന് വരികളെഴുതുവാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. അതി മനോഹരമായി ഹരിമുരളീ രവത്തിന്റെ വരികള്‍ അദ്ദേഹം എഴുതി തീര്‍ത്തു.
മറന്നിട്ടുമെന്തിനോ: ലാല്‍ ജോസ്‌ സംവിധാനം ചെയ്ത രണ്ടാം ഭാവത്തിലെ ഗാനം, വിദ്യാസാഗറാണ് ഇതിന് സംഗീതമൊരുക്കിയിരിക്കുന്നത്‌. ലാല്‍ ജോസ്‌ സന്ദര്‍ഭം വിവരിച്ചു കൊടുത്തപ്പോള്‍ വിദ്യാസാഗര്‍ ട്യൂണ്‍ പറഞ്ഞു. എന്നാല്‍ ഗിരീഷ്‌ എഴുതിയിട്ട്‌ എല്ലാം പാത്തോസ്‌ തന്നെയാണ് വരുന്നത്‌. പല വരികളും മാറി മാറി എഴുതിയെങ്കിലും എല്ലാം പാത്തോസ്‌ തന്നെ. ഒടുവില്‍ ഗിരീഷ് പറഞ്ഞു. ഈ ട്യൂണിന് എനിക്ക് പാത്തോസ്‌ മാത്രമെ വരുന്നുള്ളൂ. എന്തു ചെയ്യണം? വിദ്യാസാഗര്‍ ഇടപെട്ടു പറഞ്ഞു, ഗിരീഷ്‌ എഴുതൂ, ഞാന്‍ ട്യൂണ്‍ ചെയ്യാം. ഉടനെ ഗിരീഷ്‌ എഴുതി, മറന്നിട്ടുമെന്തിനോ മനസ്സില് തുളുമ്പുന്നു മൌനാനുരാഗത്തിന് ലോല ഭാവം... ആ വരി ലാല്‍ ജോസിനെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍, വിദ്യാസാഗര്‍ ചിരിക്കുകയായിരുന്നു, ഒരു അര്‍ത്ഥഗര്‍ഭമായ ചിരി. തന്റെ ഹാര്‍മോണിയം എടുത്തു വച്ച്‌ ആ വരികള്‍ക്ക്‌ ട്യൂണൊരുക്കി. അതു മതിയെന്ന്‌ ലാല്‍ ജോസ്‌ പറഞ്ഞു. പിന്നെ ഏറെ താമസിച്ചില്ല, മറന്നിട്ടുമെന്തിനോ എന്ന ഗാനം പിറവി കൊണ്ടു. ലാല്‍ ജോസ്‌ തന്റെ ഇന്റര്‍വ്യൂവില്‍ വളരെ വികാര നിര്‍ഭരമായാണ് ഗിരീഷിന്റെയുള്ളിലെ കവിയെക്കുറിച്ചും, ഈ ഗാനത്തിന്റെ പിറവിയേക്കുറിച്ചും പറഞ്ഞത്‌.
അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു: ഗിരീഷിന്റെ തൂലികയില്‍ നിന്നും ജന്മം കൊണ്ട മറ്റൊരു അനുപമമായ ഗാനം. ബി.ഉണ്ണിക്രുഷ്ണന്റെ മാടമ്പി എന്ന ചിത്രത്തില്‍ എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനമാണിത്‌. അമ്മയ്ക്കു വേണ്ടി ഒരു ഗാനം വേണമെന്ന്‌ ഉന്നിക്രുഷ്ണന്‍ പറഞ്ഞപ്പോള്‍, സ്വന്തം അമ്മയെ ഓര്‍ത്തു കൊണ്ടാണ് ഗിരീഷ്‌ ഈ വരികളൊരുക്കിയത്‌. മഴയെ അഗാധമായി പ്രണയിച്ച ആ കവിക്ക്‌ അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു എന്നെഴുതുവാനായി അധിക സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. ഒരേ സമയം, സംഗീത സംവിധായകനേയും ഗായകനേയും കരയിപ്പിച്ച ഗാനമാണിത്‌. ഹിന്ദോളത്തിലാണ് ഇതിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്‌. അതില്‍ പോലും ഗിരീഷിന്റെ സംഭാവനയുണ്ട്‌ എന്ന്‌ എം.ജയചന്ദ്രന്‍ അമ്രുത ചാനലിനു നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌. മനസ്സില്‍ സംഗീതം നിറഞ്ഞു നിന്നിരുന്നതിനാല്‍, രാഗഭാവമറിഞ്ഞ്‌ വരികളൊരുക്കുവാന്‍ ഗിരീഷിനു കഴിഞ്ഞിരുന്നു എന്ന്‌ സംഗീത സവിധായകര്‍ ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ്.
ഉറങ്ങാതെ : നേമം പുഷ്പരാജൊരുക്കിയ ഗൌരീ ശങ്കരമെന്ന ഗാനത്തിലെ അതീവ സുന്ദരമായ ഒരു പ്രണയഗാനമാണിത്‌. ഇതിന്റെ സംഗീതം പകര്‍ന്നിരിക്കുന്നത്‌ എം.ജയചന്ദ്രനും. പ്രണയത്തിന്റെ മൂര്‍ത്തീഭാവത്തെ വിളിച്ചറിയിക്കുന്ന ഒരു ഗാനമാണിത്‌. “പാതിരാ വനമുല്ല ജാലകം വഴിയെന്റെ മോതിര വിരലിന്മേൽ ഉമ്മ വെച്ചു..” എന്നെഴുതാന്‍ വളരെയധികം റൊമാന്റിക്കായാ ഒരു കവിക്കു മാത്രമെ കഴിയൂ‍. പ്രണയം മനസ്സില്‍ സൂക്ഷിച്ച ഒരു കവിയായിരുനു ഗിരീഷ്‌. തന്റെ ബാല്യകാലത്തെ നഷ്ടപ്പെട്ട പ്രണയം ഒരു പ്രതികാരമായി കണ്ടതാണ് അതി തീവ്രമാ‍യ പ്രണയഗാനങ്ങള്‍ എഴുതാന്‍ തന്നെ സഹായിച്ചതെന്ന്‌ ഗിരീഷ്‌ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്‌. ഈ ഗാനത്തിന് അദ്ദേഹത്തിന് കേരള സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു.
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ : അഗ്നിദേവന്‍ എന്ന ചിത്രത്തില്‍ എം.ജി രാധാക്രുഷ്ണന്‍ സംഗീത സംവിധാനം ചെയ്ത്‌, എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനമാണിത്‌. രാവിനേയും നിലാവിനേയും അകമഴിഞ്ഞു സ്നേഹിച്ച കവിയായായിരുന്നു ഗിരീഷ്‌. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ എന്നു എഴുതുവാന്‍ പ്രണയത്തെ ഇഷ്ടപ്പെടുന്ന, പ്രക്രുതിയെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു നാട്ടിന്‍ പുറത്തുകാരനെ കഴിയൂ. ലളിത സുന്ദരമായ വരികളിലൂടെ അതി മനോഹരമായി അതു വരച്ചുകാട്ടുവാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവു പ്രകടമാക്കുന്ന ഒരു ഗാനമാണ് നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ എന്നത്‌.... ഈ ഗാനത്തിനാണ് ആദ്യമായി ഒരു സംസ്ഥാന അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തിയത്‌..
ഈ പത്തു ഗാനങ്ങളിലൊതുക്കി നിര്‍ത്താവുന്നതല്ല ഗിരീഷ്‌ പുത്തഞ്ചേരി എന്ന പ്രതിഭയുടെ സ്രുഷ്ടികള്‍... ദില്‍സേയിലെ ജിയാ ചലെയിലെ മലയാളം വരികള്‍, മായാമയൂരത്തിലെ കൈക്കുടന്ന നിറയെ തിരുമധുരം തരും, രാവണപ്രഭുവിലെ ആകാശദീപങ്ങള്‍ സാക്ഷി.., ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ.., പുനരധിവാസത്തിലെ അവാര്‍ഡു നേടിയ കനകമുന്തിരികള്‍.., ഈ പുഴയും കടന്നിലെ രാത്തിങ്കള്‍ പൂത്താലിചാര്‍ത്തി..., മിന്നാരത്തിലെ നിലാവേ മായുമോ..., ഹിറ്റ്ലറിലെ നീയുറങ്ങിയോ നിലാവേ..., വടക്കും നാഥനിലെ കളഭം തരാം..., നന്ദനത്തിലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..., സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ എത്രോ ജന്മമായ്.., ഒരു രാത്രി കൂടി വിടവാങ്ങവേ.., കാലാപാനിയിലെ ആറ്റിറമ്പിലെ കൊമ്പിലേ.., അങ്ങനെ ഒരവധിക്കാലത്ത് എന്ന ചിത്രത്തിലെ പുലര്‍വെയിലും പകല്‍മുകിലും..., കന്മദത്തിലെ മൂവന്തി താഴ്വരയില്‍.... അങ്ങനെ മനോഹര ഗാനങ്ങളുടെ നിരനീളുന്നു... അദ്ദേഹത്തിനെ ഗാനങ്ങളില്‍ മിക്കതും മലയാളികള്‍ നെഞ്ചിലേറ്റിയവയുമായിരുന്നു... ലാളിത്യമാര്‍ന്ന വരികളെഴുതി നമ്മെ വിസ്മയിപ്പിച്ച ഗിരീഷിന് അടിപൊളി പാട്ടുകളും വളരെ എളുപ്പത്തില്‍ എഴുതാന്‍ കഴിഞ്ഞിരുന്നു. പ്രണയവര്‍ണ്ണങ്ങളിലെ ആലേലോ പൂലേലോ, നരസിംഹത്തിലെ ധാം ധി നക്ക തില്ലം തില്ലം, ചന്ദ്രലേഖയിലെ അമ്മൂമ്മക്കിളി വായാടി..., അലിഭായിയിലെ ആടിമേഘ ചുവടുവറ്റി.., ജോണിവാക്കറിലെ ശാന്തമീ രാത്രിയില്‍.... എന്നിങ്ങനെ ആ ഗാനങ്ങളുടേയും എണ്ണം വളരെയധികമാണ്.... പദങ്ങളാകുന്ന അമ്പോടുങ്ങാത്ത ആവനാഴിയാണ് താനെന്നു അഹങ്കാരത്തൊടെ പറഞ്ഞിരുന്ന കവിയായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. ഇനിയാ തൂലികയില്‍ വിരിയുന്ന ഗാനങ്ങള്‍ ആസ്വദിക്കുവാനുള്ള ഭാഗ്യം മലയാളികള്‍ക്കില്ലല്ലോ എന്നത്‌ നമ്മള്‍ ഒരോരുത്തരുടേയും സ്വകാര്യ ദുഖമായി തുടരും. ഗിരീഷിലെ കവിയെ നാം പൂര്‍ണ്ണമായും ഉപയോഗിച്ചിരുന്നോ എന്നാലോചിച്ചാല്‍ ഇല്ല എന്നൊരുത്തരമാകും നമുക്ക്‌ ലഭിക്കുക. ആ മഹാപ്രതിഭയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട്‌.......

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.