Wednesday, March 3, 2010

അഴീക്കോടിനെ അങ്കത്തില്‍ തോല്‍പ്പിക്കാനാവില്ല മക്കളേ....!!!

മലയാള സിനിമയില്‍ തിലകന്‍ വിവാദം കത്തി നില്‍ക്കുമ്പോഴാണ് സുകുമാര്‍ അഴീക്കോടെന്ന വീരശൂര പരാക്രമി കളത്തിലിറങ്ങുന്നത്‌... ആരെയും എതിരിടാനുള്ള തന്റേടത്തോടെയാണ് ഈ പരാക്രമിയുടെ വരവ്‌. പല അങ്കങ്ങളും ജയിച്ചു വന്ന പുത്തൂരം വീട്ടിലെ ആരോമലുണ്ണിയാണ് അഴീക്കോട്‌. അമ്മ തിലകനോട്‌ കാണിക്കുന്നത് അനീതിയാണെന്നു പരസ്യമായി പറഞ്ഞാണ് അഴീക്കോട്‌ വിവാദത്തിലേക്ക്‌ ഒരു ലോങ്‌ ജമ്പ്‌ നടത്തിയത്‌. അതിനൊപ്പം മോഹന്‍ ലാല്‍ തന്നെ വിളിച്ചിരുന്നുവെന്നും, തിലകനുമായുള്ള പ്രശ്നം അഴീക്കോടിന്റെ മധ്യസ്ഥതയില്‍ പരിഹരിക്കണമെന്ന്‌ ദുബായില്‍ നിന്നു വിളിച്ച്‌ മോഹന്‍ ലാല്‍ പറഞ്ഞുവെന്നായിരുന്നു അഴീക്കോട്‌ പറഞ്ഞത്‌. അഴീക്കോടിനെ വിളിച്ചെന്നു പറഞ്ഞ മോഹന്‍ലാല്‍, മധ്യസ്ഥതയ്ക്ക്‌ അഴീക്കോടിനെ ക്ഷണിച്ചു എന്നത്‌ വാസ്തവ വിരുദ്ധമാണെന്നു മാധ്യമങ്ങളോട്‌ പറഞ്ഞു. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ ലാല്‍ അഭിനയിച്ചതിന്റെ പറ്റി അഴീക്കോട്‌ ഒരു പരസ്യ പ്രസ്താവന നടത്തിയിരുന്നു. മോഹന്‍ലാല്‍ അഭിനയത്തിലൂടെ നേടിയ മൂല്യം സ്വര്‍ണക്കടയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് ധനമോഹം കൊണ്ടാണെന്നും അദ്ദേഹം ഈ പ്രായത്തിലും പ്രണയരംഗങ്ങളില്‍ അഭിനയിയ്ക്കുന്നത് അശ്ലീലമാണെന്നും അഴീക്കോട് ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതിനെ പറ്റി ചോദിക്കാനാണ് താന്‍ അഴീക്കോടിനെ വിളിച്ചതെന്നും, അല്ലാതെ മധ്യസ്ഥതയ്ക്ക്‌ ക്ഷണിക്കാനല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തന്റെ മേല്‍ എന്തിനാണ് കുതിര കയറുന്നതെന്നും, താന്‍ അഴീക്കോടിനൊരു ഇരയല്ലെന്നും അഴീക്കോടിനോട്‌ പറഞ്ഞതായും മോഹന്‍ലാല്‍ പറഞ്ഞു. അഴീക്കോടിന് എന്തോ മതിഭ്രമം ബാധിച്ചിരിയ്ക്കുകയാണെന്നും ശുദ്ധ അസംബന്ധമാണ് അദ്ദേഹം വിളിച്ചുപറയുന്നതെന്നും പറഞ്ഞ ലാല്‍, തിലകന്‍ പ്രശ്‌നത്തില്‍ ചിലരുടെ ആവേശം അസുഖമായി മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. അമ്മ എന്ന സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അമ്മ പരിഹരിക്കുമെന്നും, അഴീക്കോടിന്റെ പ്രവര്‍ത്തന മേഖലയല്ലാ സിനിമാ എന്നതിനാല്‍, ഈ കാര്യത്തില്‍ അദ്ദേഹം ഇടപെടേണ്ട എന്നുമാണ് ലാല്‍ പറഞ്ഞത്‌... താന്‍‌ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലഭിനയിച്ചാല്‍ അയാള്‍ക്കെന്താ എന്നു കൂടി മോഹന്‍ലാല്‍ ചോദിച്ചതോടെ പ്രശ്നം ചൂടു പിടിച്ചു.

എന്നാല്‍ പിന്നീടങ്ങോട്ടു അഴീക്കോടിന്റെ വ്യക്തിഹത്യയാണ് നാം കണ്ടത്‌. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിനിടെ ഹേമമാലിനിയുടെ നെഞ്ചത്തു നോക്കി അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞ ലാലിന് അടി കിട്ടാത്ത കുറവുണ്ടെന്നായിരുന്നു അഴീക്കോടു മാഷിന്റെ ഒരു കണ്ടുപിടുത്തം. അഭിനയജീവിതത്തിലൂടെ ലാല്‍ നേടിയെടുത്ത പ്രശസ്തിയും അംഗീകാരവും മദ്യത്തിനും സ്വര്‍ണത്തിനും പുറമെ വന്‍കിട റിയല്‍ എസ്റ്റേറ്റ്-ഫൈനാന്‍ഷ്യല്‍ കമ്പനികളുടെ പരസ്യങ്ങളിലൂടെ വില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ സ്വന്തം സഹോദരന്റെ സ്വത്തു തട്ടിയെടുത്തവാനാണെന്നും പറഞ്ഞു കൊണ്ടായിരുന്നു അഴീക്കോടിന്റെ മറ്റൊരു ആക്രമണം. മോഹന്‍ ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാകരുതെന്നും, വിഗ് അഴിച്ചുവച്ചാല്‍ മോഹന്‍ലാല്‍ വെറും അസ്ഥിപഞ്ജരമാണെന്നുമാണ് അഴീക്കോട്‌ പറഞ്ഞത്‌. അതിനിടയില്‍ അദ്ദേഹത്തിന്റെ യുദ്ധം അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റിലേക്കും നീണ്ടു. നടന്‍ ഇന്നസെന്റ് ഇന്നസെന്റല്ല എന്നും വിവരമില്ലാതതവനായിരുന്നുവെന്നുമായിരുന്നു അഴീക്കോടിന്റെ കമന്റ്‌. പ്രായമായാല്‍ പ്രായമായ കഥാപാത്രം ചെയ്യണമെന്ന്‌ മോഹന്‍ലാലിനെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. മോഹന്‍ ലാലിനെക്കാള്‍ സുന്ദരനാണ് താനെന്നും അഴീക്കോട്‌ അവകാശപ്പെട്ടു. മോഹന്‍ ലാലും മമ്മൂട്ടിയും ഒണങ്ങിയ ഒരു വടവൃക്ഷം പോലെ നില്‍ക്കുകയാണെന്നും മറ്റ് യുവതാരങ്ങളെ വളരാന്‍ സമ്മതിക്കുന്നില്ലെന്നും അഴീക്കോട് പറഞ്ഞു.അതിനിടെയാണ് മോഹന്‍ലാല്‍ ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മാറിയത്‌. അതിനെതിരേയുമെത്തി അഴീക്കോടിന്റെ കമന്റ്‌. മദ്യത്തിന്റെ പരസ്യത്തിലഭിനയിച്ച്‌ വൈകിട്ടെന്താ പരിപാടി എന്നു പറഞ്ഞു നടക്കുന്ന ആളെ പിടിച്ച്‌ ഗുഡ്‌വില്‍ അംബാസിഡര്‍ ആക്കുന്നതിനു പകരം വല്ല ഗാന്ധിയന്മാരെ അംബാസിഡറാക്കാനായിരുന്നു വ്യവസായ മന്ത്രിയോട്‌ അഴീക്കോട്‌ ആവശ്യപ്പെട്ടത്‌. മോഹന്‍ ലാലിന് ഡി.ലിറ്റ്‌ നല്‍കാനുള്ള ശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ തീരുമാനത്തേയും അഴീക്കോട്‌ വിമര്‍ശിച്ചു. ഒടുവില്‍ മോഹന്‍ലാല്‍ സൈനികവേഷത്തില്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ വന്നത് കണക്കിലെടുത്ത്, അദ്ദേഹത്തിനു നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ബഹുമതി പിന്‍വലിക്കണം എന്നും, പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി ഇക്കാര്യം പരിഗണിക്കണമെന്ന് അഴീക്കോട് ആവശ്യപ്പെട്ടു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ മോഹന്‍ലാലിനെ കേരളത്തില്‍ ജീവിക്കാനോ അഭിനയിക്കാനോ അനുവദിക്കില്ല എന്ന്‌ അഴീക്കോട്‌ മാഷ്‌ കളരി പരമ്പര ദൈവങ്ങളെ സാക്ഷി നിര്‍ത്തി പ്രതിജ്ഞയെടുത്തു കഴിഞ്ഞു. മോഹന്‍ലാലിനും അമ്മയ്ക്കുമെതിരെ അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന സൂചനയാണ് അഴീക്കോട്‌ മാധ്യമങ്ങളിലൂടെ നല്‍കുന്നത്. എന്തായാലും സംഗതി ജോറായി. മാധ്യമങ്ങള്‍ മൂന്നാലു ദിവസം കാര്യമായി തന്നെ ആഘോചിച്ചു. പ്രൈം ടൈമില്‍ ചര്‍ച്ചകള്‍ നടത്തി ചാനലുകാരും ആഘോഷം ഗംഭീരമാക്കി. അതോടെ അഴീക്കോട്‌ ആവേശ ഭരിതനായി.... പത്രക്കാരെയോ ചാനലുകാരുടേയോ തലവെട്ടം കണ്ടാല്‍ അപ്പോള്‍, ഉറയില്‍ വച്ച വാള്‍ വലിച്ചൂരി മോഹന്‍ലാലുമായി അങ്കം വെട്ടും. ഈ അങ്കം വെട്ടിനിടയില്‍ രക്ഷപെട്ടത്‌ മറ്റൊരു ചേകവനായിരുന്നു. ശ്രീമാന്‍ ടി പത്മനാഭന്‍. മോഹന്‍ലാലിനെ അങ്കത്തിനായി ലഭിക്കുന്നതിനു മുന്നെ, ആ ചേകവനായിരുന്നുവല്ലോ അഴീക്കോടിന്റെ പ്രധാന എതിരാളീ. ആ ചേകവന് ഇനിയൊമൊരു അങ്കത്തിന് ബാല്യമില്ല എന്നറിഞ്ഞതു കൊണ്ടാണാവോ അഴീക്കോട്‌ മോഹന്‍ ലാല്‍ ചേകവന്റെ അങ്കത്തിനു വിളിച്ചത്‌.? എന്തായാലും ഇപ്പോള്‍ അഴീക്കോട്‌ അങ്കം ഒറ്റക്കാണ് വെട്ടുന്നത്‌. മോഹന്‍ ലാല്‍ ചേകവന്‍ ചുരിക മാറ്റാന്‍, ടൈം ഔട്ട്‌ വിളിച്ച്‌ പോയപ്പോഴും, തനിക്കറിയാവുന്ന അടവുകളെല്ലാം നാട്ടാരെ കാണിച്ച്‌ കയ്യടി നേടുകയാണ് അഴീക്കോട്‌. ആവേശം തണുക്കുവോളം കസര്‍ത്തു കാണിക്കട്ടേ എന്നു മോഹന്‍ ലാല്‍ ചേകവനും കരുതിക്കാണും.

എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്‌. വെള്ളപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞ ഡയലോഗാണ്‌. സൌമ്യമായി പരിഹരിക്കേണ്ട വിഷയത്തില്‍ അഴീക്കോടിന്റെ ഇടപെടലാണ് വിവാദമുണ്ടക്കിയതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്‌. വിളിക്കാത്ത സ്ഥലത്ത്‌ ഉണ്ണാന്‍ പോകുന്നത്‌ അദ്ദേഹത്തിന്റെ മാത്രം സംസ്കാരമാണെന്നും പറഞ്ഞ വെള്ളാപ്പള്ളി. കാലാ കാലങ്ങളില്‍ അഴീക്കോടിന് തോണ്ടാന്‍ ആരെയെങ്കിലും വേണമെന്നും, ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെ തോണ്ടുമെന്നും പരിഹാസ രൂപേണ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ ഒന്നാലോചിച്ചാല്‍ സംഭവം സത്യമല്ലേ..? ഒരു മികച്ച പ്രാസംഗികനായ സുകുമാര്‍ അഴീക്കോട്‌ “ഇന്ത്യന്‍ ഭരണഘടനയൂടെ” ബലത്തിലാണ് എവിടേയും വലിഞ്ഞു കയറി ചെന്ന്‌ അഭിപ്രായങ്ങള്‍ പറയുന്നത്‌. എന്നാല്‍ അഭിപ്രായം പറഞ്ഞ്‌ നിര്‍ത്തുക മാത്രമല്ല, അവിടെ കിടന്ന്‌ കുത്തി മറിഞ്ഞ്‌ ദേഹം മുഴുവന്‍ ചെളിയാക്കും. എന്നിട്ട്‌ ചെളിയായതിന് മറ്റുള്ളവരെ ചീത്ത വിളിക്കും, കാലാ കാലങ്ങളായി നാം കണ്ടു വരുന്ന ഒരു പ്രതിഭാസമാണിത്‌. നാക്കിന് എല്ലില്ലാ എന്നു വിചാരിച്ച്‌ എന്തും പറയാമെന്ന്‌ അഴീക്കോടിന് ഒരു വിചാരം ഉണ്ട്‌. അതു മാത്രമല്ല, തനിക്കു മാത്രമെ അങ്ങനെ ഒരു അധികാരം ഇന്ത്യന്‍ ഭരണഘടന കല്‍പ്പിച്ചു തന്നിട്ടുള്ളു എന്നൊരു മൌഢ്യ ധാരണയും അദ്ദേഹത്തിനുണ്ട്‌. അദ്ദേഹം പറയുന്നത്‌ കമാ എന്നൊരക്ഷരം മിണ്ടാതെ കേട്ടിരുന്നോണം, മറുപടി പറയാനോ വിമര്‍ശിക്കാനോ മലയാളക്കരയിലാരും വളര്‍ന്നിട്ടില്ല. അങ്ങനെ വളര്‍ന്നിട്ടുണ്ടെങ്കില്‍ ചുരുങ്ങിയത്‌ ഒരു തത്ത്വമസി എങ്കിലും എഴുതിയ ആളായിരിക്കണം. അഴീക്കോട്‌ ബഹുമാന്യനാണ്, നല്ലൊരു പ്രാസംഗികനും എഴുത്തുകാരനുമാണ്, എന്നാല്‍ ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സായി പ്രസംഗകലയേ അദ്ദേഹം കാണുന്നുവെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ അഹന്തയുടെ ഭാഗം മാത്രമാണ്. വിളിക്കാത്ത സദ്യയ്ക്കു ഉണ്ണാന്‍ പോയിട്ട്, ഇവിടൊന്നും കിട്ടീല്ലാ, എന്നു പറഞ്ഞിട്ട്‌ എന്തു കാര്യം... ഇതൊക്കെ കാണിക്കുന്നത്‌, സംസ്കാരമില്ലാത്ത സംസ്കാരിക നായകനാണ് അഴീക്കോട്‌ എന്നാണ്. ബഹുമാനം നേടിയെടുക്കേണ്ടത്‌ സ്വന്തം പ്രവര്‍ത്തിയിലൂടെയാണ്, അല്ലാതെ അതു പിടിച്ചു വാങ്ങാന്‍ കിട്ടില്ല എന്നു അദ്ദേഹം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ സംഭവത്തില്‍ വലിഞ്ഞു കയറി വിവാദമുണ്ടാക്കിയ അദ്ദേഹത്തിന്റേത്‌, വിവാദമില്ലാത്തതിന്റെ ക്രുമികടി മാത്രമാണെന്ന്‌ മലയാളികള്‍ക്കെല്ലാം മനസ്സിലായി. അങ്ങനെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അഴീക്കോട്‌ ഒരിക്കല്‍ കൂടി അപഹാസ്യനായി എന്നതു മാത്രമാണ് മെച്ചം.... ഉള്ള ബഹുമാനവും കളഞ്ഞു കുളിച്ചു എന്നു സാരം....

തല്‍ക്കാലം അഴീക്കോട്‌ ചേകവന്‍ ഒറ്റക്ക്‌ അങ്കം വെട്ടട്ടെ...!!! മടുക്കുമ്പോള്‍ കസര്‍ത്തു നിര്‍ത്തി, ജയിച്ചതായി സ്വയം പ്രഖ്യാപിച്ച്‌ പോക്കോളും.. അല്ലാതെ അഴീക്കോടിനെ അങ്കത്തില്‍ തോല്‍പ്പിക്കാനാവില്ല മക്കളേ....!!! അല്ല പിന്നെ...!!!

വാല്‍ക്കഷണം: എന്തൊക്കെയായലും അഴീക്കോട്‌ ചേകവന്‍ ഒരു ഉപകാരം മലയാള സിനിമയ്ക്ക്‌ ചെയ്തു. വര്‍ഷങ്ങളായി രണ്ടു ചേരിയില്‍ നിന്നു സിന്ദാബാദ്‌ വിളിച്ചിരുന്ന മമ്മൂട്ടി ഫാന്‍സിനേയും മോഹന്‍ലാല്‍ ഫാന്‍സിനേയും ഒരുമിപ്പിച്ചു. അവരിപ്പോള്‍ അടയും ചക്കരയും പോലെയാ... ശത്രുവിന്റെ ശത്രു... മിത്രം തന്നെ!!! അതാണ് ഫാന്‍സ്‌!!!

ഇന്ത്യാവിഷന്‍ പൊളിട്രിക്സ് വീഡിയോ 01
ഇന്ത്യാവിഷന്‍ പൊളിട്രിക്സ് വീഡിയോ 02

6 comments:

 1. മതി ഭ്രമം വന്നാല്‍ എന്താ ചെയ്ക?

  ReplyDelete
 2. മലയാളിയുടെ ഉള്ള സംസ്കാരം കൂടി ഈ സാംസ്കാരിക(?) നായകര്‍ കാരണം പോകും............

  ReplyDelete
 3. ചുരുക്കത്തില്‍ പറഞ്ഞാല്‍ മോഹന്‍ലാലിനെ കേരളത്തില്‍ ജീവിക്കാനോ അഭിനയിക്കാനോ അനുവദിക്കില്ല എന്ന്‌ അഴീക്കോട്‌ മാഷ്‌ കളരി പരമ്പര ദൈവങ്ങളെ സാക്ഷി നിര്‍ത്തി പ്രതിജ്ഞയെടുത്തു കഴിഞ്ഞു...

  അപ്പോള്‍ ആ പാവം ‘പെരുന്തച്ചനെ’ മലയാളത്തില്‍ നിന്നും ഔട്ട് ആക്കുന്നതില്‍ വിരോധമൊന്നുമില്ല അല്ലെ

  ReplyDelete
 4. @ മോഹന്‍ പുത്തഞ്ചിറ

  തിലകനെ ആരും ഔട്ടാക്കുന്നതല്ല. ഇല്ലാത്ത റണ്ണിനോടി അദ്ദേഹം തന്നെ സ്വയം റണ്ണൌട്ടാകുകയാണ്. ഞാന്‍ അതിനെക്കുറിച്ചു ദാ ഇവിടെ എഴുതിയിട്ടുണ്ട്‌. ഒന്നു നോക്കൂ...

  ReplyDelete
 5. @ സത

  മതിഭ്രമം അല്ല.പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ആര്‍ത്തി.

  ReplyDelete
 6. @ മാറുന്ന മലയാളി

  സംസ്കാരമില്ലാത്ത സാംസ്കാരിക നായകനാണ് അഴീക്കോട്‌. അതു മലയാളികള്‍ക്കറിവുള്ളതാ‍ണ്. എന്നിരുന്നാലും അഴീക്കോടീനെ താങ്ങിക്കൊണ്ട്‌ നടക്കാനും ആളുണ്ട്‌ എന്നുള്ളതാണ് രസകരം.

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.