Wednesday, March 10, 2010

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും കൂട്ടക്കൊല

വിവാദങ്ങളൊഴിഞ്ഞൊരു സമയം, അത്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ഉണ്ടാവുകയേയില്ല. കാരണം അത്തരം ഒരു വാശി പണ്ടു മുതലേ പി.സി.ബിക്കുണ്ട്‌. കുറച്ചു കാലമായി വിവാദങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ വിടാതെ പിന്തുടരുകയാണ്. ഭീകരവാദ ഭീഷണിയുടെ നിഴലില്‍ ഒരു ടീമും ഇപ്പോള്‍ പാക്കിസ്ഥാനിലേക്ക്‌ പര്യടനം നടത്തുന്നില്ല. ഞങ്ങള്‍ വരാമെന്ന്‌ അഹങ്കാരത്തോടെ പറഞ്ഞ്‌ പാക്കിസ്ഥാനിലേക്ക്‌ വിമാനം കയറിയ ശ്രീലങ്കന്‍ കളീക്കാരെ ബുള്ളറ്റുകളുമായി പാക്കിസ്ഥാനിലെ തീവ്രവാദികള്‍ എതിരേറ്റതോടെ പാക്കിസ്ഥാന്റെ ഹോം ഗ്രൌണ്ട്‌ അബുദാബിയിലേക്ക് മാറ്റി. അതിനിടെയാണ് ട്വന്റി 20 ലോകകപ്പ്‌ പാക്കിസ്ഥാന്‍ നേടുന്നത്‌. അതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്ന്‌ ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു. മുഹമ്മദ്‌ യൂസഫിന്റെ നേത്രുത്വത്തിലാണ് പാക്കിസ്ഥാന്‍ ആസ്ത്രേലിയാ പര്യടനത്തിന് പോയത്‌. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത്‌ ദയനീയ പരാജയമായിരുന്നു. അതിനിടയില്‍ ബോളില്‍ ക്രുത്രിമം കാണിച്ചതിന് പാക്കിസ്ഥാന്റെ ട്വന്റി 20 നായകന്‍ ഷഹീദ്‌ അഫ്രീഡിയെ രണ്ട്‌ മത്സരങ്ങളില്‍ നിന്നു വിലക്കുകയും ചെയ്തു. 

ആസ്ത്രേലിയന്‍ പര്യടനത്തിന്റെ പ്രത്യാഘാതം എന്ന നിലയിലാണ് മുതിര്‍ന്ന താരങ്ങളായ യൂനിസ് ഖാനും മുഹമ്മദ് യൂസഫിനും പി.സി.ബി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്‌. ഷൊയിബ്‌ മാലിക്കിനേയും നവേദ്‌ ഉള്‍ ഹസന്‍ റാണയെയും ഒരു വര്‍ഷത്തേക്ക്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കുകയും ചെയ്തു. അതിനൊപ്പം 20 ലക്ഷം രൂപ പിഴയും ഷോയിബ്‌ മാലിക്കിനു വിധിച്ചു. കമ്രാന്‍ അക്‌മല്‍, ഉമ്രാന്‍ അക്‌മല്‍, ഷാഹീദ്‌ അഫ്രീഡി എന്നിവരെ ആറു മാസത്തെ നല്ല നടപ്പിനു ശിക്ഷിച്ചു, ഒപ്പം അഞ്ച് ദശലക്ഷം ഡോളര്‍ വീതം പിഴയും ഏര്‍പ്പെടുത്തി. ദേശീയ സ്‌പോര്‍ട്‌സ് കമ്മിറ്റി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞാഴ്ചയാണ് ആറംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ നടപടി പാക്കിസ്ഥാനിലെ മുന്‍‌കളിക്കാരുടെ വിമര്‍ശനം ഏറ്റു വാങ്ങി കഴിഞ്ഞു. മുന്‍ നായകന്‍ റഷീദ്‌ ലത്തീഫ്‌ ഈ നടപടിയെ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്‌. എന്തായാലും പി.സി.ബി തലവന്‍ ഇജാസ്‌ ബട്ടിന് വിമര്‍ശനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പി.സി.ബിയുടെ കഴിവിലായ്മയാണ് ഈ നടപടികള്‍ സൂചിപ്പിക്കുന്നത്‌. 

അരക്ഷിതമായ സര്‍ക്കാര്‍ നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ആ അരക്ഷിതാവസ്ഥ കായികരംഗത്തേക്കും വ്യാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ലോകകപ്പ്‌ ഹോക്കിയില്‍ ഇന്ത്യയോട്‌ തോറ്റ പാക്കിസ്ഥാന്‍ ടീമിന് വളരെയധികം പഴി കേള്‍ക്കേണ്ടി വന്നു എന്നും നാം ഓര്‍ക്കണം. അതിന്റെ പേരില്‍ ഇനിയെത്ര തലകള്‍ ഉരുളുമെന്ന്‌ കണ്ടു തന്നേ അറിയാം... അതു കൊണ്ടു തന്നെ പാക്കിസ്ഥാനിലെ കായികരംഗത്തിന്റെ, പ്രത്യേകിച്ച്‌ ക്രിക്കറ്റിന്റെ ഭാവി അത്ര ശോഭനമല്ല എന്ന സന്ദേശമാണ് ഇതു നല്‍കുന്നത്‌.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.