Monday, August 23, 2010

ഓർമ്മയിലെ രക്ഷാബന്ധൻ....

എന്നാണ് ആദ്യമായി ഞാൻ രക്ഷാബന്ധൻ ആഘോഷിച്ചത്‌...? ഓർമ്മയില്ല... നാലാം തരത്തിൽ എത്തുന്നതു വരെ രക്ഷാബന്ധൻ എന്ന പരിപാടിയെക്കുറിച്ച്‌ വലിയ വിവരമൊന്നും ഇല്ലായിരുന്നു. അതിന് അടിസ്ഥാനപരമായി ഒരു കാരണവുമുണ്ട്‌. അതുവരെ ഞാൻ പഠിച്ചത് കൃസ്തീയ സഭയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിലാണ്. അവിടെ ഇത്തരം പരിപാടികളെക്കുറിച്ച്‌ ഒരു വിവരവും നൽകില്ല. എന്നാൽ പഠനം സരസ്വതി വിദ്യാഭവനിലേക്കു മാറിയതോടെയാണ് രക്ഷാബന്ധനെന്ന ആഘോഷത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ കിട്ടിയത്‌. ഭാരത സംസ്കാരത്തെക്കുറിച്ചും, ഹൈന്ദവതയെക്കുറിച്ചും ചെറുതല്ലാത്ത വിവരങ്ങൾ ലഭ്യമായതും അവിടെ നിന്നു തന്നെ. ഒരു ദിവസം ഉച്ചകഴിഞ്ഞ്, പതിവില്ലാതെ സ്കൂളിൽ അസംബ്ലിക്ക് വിളിച്ചപ്പോൽ ഒന്നു അമ്പരന്നു. എന്താണ് കാര്യം എന്നറിയാതെ ഗ്രൌണ്ടിലെത്തിയപ്പോൾ, അവിടെ സ്കൂളിന്റെ ചില രക്ഷാധികാരികൾ വന്നെത്തിയിരുന്നു. അന്ന് അവിടെ വന്നിരുന്ന രാധാകൃഷ്ണൻ ചേട്ടനിൽ നിന്നാണ് ആദ്യമായി ഞാൻ രക്ഷാബന്ധൻ എന്നും, രാ‍ഖി എന്നും ആദ്യമായി കേൾക്കുന്നത്‌. ആദ്യം സംഭവം പിടികിട്ടിയില്ലെങ്കിലും പിന്നെ കാര്യങ്ങള്‍ മനസ്സിലായി. എന്റെ കൂടെ പഠിച്ചിരുന്ന ഗണേശ് അയ്യര്‍ രാഖി കെട്ടുന്നതിനെ സംബന്ധിച്ച് പുരാണങ്ങളില്‍ നിന്നുള്ള ഒരു കഥയും പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ദേവാസുര യുദ്ധത്തിനിടയില്‍ .ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രപത്നി ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും, അതിന്റെ ബലത്തിൽ, ഇന്ദ്രൻ അസുരന്മാരെ പരാജയപ്പെടുത്തി, തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭിച്ചുവെന്നാണ് വിശ്വാസം. എന്നാല്‍ പിന്നീടാണ് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് നിലവില്‍ വന്നത്.  രാഖി കെട്ടിക്കഴിഞ്ഞാല്‍, സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥനായി മാറുന്നു. അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കണം എന്നാണ്.

എന്നാല്‍ രാഖി എന്നതിനെ അത്തരമൊരു സങ്കല്‍പ്പത്തില്‍ കാണുവാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ചെറുപ്രായം ആയതു കൊണ്ടാവാം. രാഖിയില്‍ എന്നെ ആകര്‍ഷിച്ചത്, ചുവന്ന ചരടില്‍ അല്ലെങ്കില്‍ കാവി ചരടില്‍ പല നിറങ്ങളിലുള്ള പൂക്കള്‍. പലരുടേയും കൈകളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍. കാണാന്‍ തന്നെ ഒരു അഴകായിരുന്നു. ജാതി-മതഭേദമന്യേ അന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ രാഖി കെട്ടിയിരുന്നു. അതു കെട്ടി ഒരു ഗമയില്‍ നടക്കുക എന്നതു തന്നെയായിരുന്നു അതിന്റെ പിന്നിലെ ചേതോവികാരം. എന്നാല്‍ സ്കൂള്‍ മാറിയതോടെ, രാഖി സ്കൂളില്‍ നിന്നും കിട്ടുക എന്നത് അസാധ്യമായി. രാഖി കിട്ടാനുള്ള വഴികള്‍ കണ്ടെത്തുക എന്നതായി പിന്നീടുള്ള ജോലി. ഞാന്‍ പഠിക്കുന്ന സമയത്ത്, സ്കൂള്‍ രാഷ്ട്രീയം നിലവിലുണ്ട്. അന്നൊക്കെ രാഖി ധരിക്കുന്നവരൊക്കെ ആര്‍.എസ്സ്.എസ്സ്കാര്‍ അല്ലെങ്കില്‍ എ.ബി.വി.പിക്കാര്‍ ആണ് എന്നൊരു ധാരണ എല്ലാവരിലും ഉണ്ടായിരുന്നു. ഒരു പക്ഷേ അത് പല അധ്യാപകരിലും ഉണ്ടായിരുന്നു. എന്നാല്‍ രാഖി കെട്ടാതിരിക്കുവാന്‍ എനിക്കതൊരു കാരണമായി മാറിയില്ല. കൂട്ടുകാര്‍ വഴി അന്വേഷിച്ചപ്പോള്‍ ആര്‍.എസ്സ്.എസ്സ് ശാഖകളില്‍ വിദ്യാബന്ധന്‍ ആഘോസിക്കുമെന്നും, അവിടെ ചെന്നാല്‍ രാഖി കിട്ടുമെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ അവിടെ പോകുവാന്‍ വീട്ടില്‍ നിന്നും അനുവാദം കിട്ടില്ല. അതിനാല്‍ എനിക്കും രാഖി മേടിച്ചു കൊണ്ടു വരുവാന്‍ സുഹൃത്തുക്കളെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ അവര്‍ കൊണ്ടു വരാതിരിക്കുന്നതും ഒരു പതിവായിരുന്നു. പക്ഷേ ഭാഗ്യം എന്റെ കൂടെയായതിനാല്‍, സ്കൂളിലെ “എ.ബി.വി.പി” അനുഭാവികള്‍ക്കെല്ലാം രാഖി നല്‍കുന്നതിനായി സ്കൂളിന്റെ അടുത്തു തന്നെയുള്ള ഒരു വീട്ടില്‍ വച്ച് രക്ഷാബന്ധന്‍ സംഘടിപ്പിച്ചു. രക്ഷാബന്ധനോടടുത്ത ഒരു ദിവസം ഉച്ചഭക്ഷണ സമയത്താവും അതു നടക്കുക. ഊണു കഴിച്ച ശേഷം, എന്റെ എ.ബി.വി.പി സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും പോയി, രാഖി വാങ്ങി വന്നു. എന്റെ കയ്യില്‍ രാഖി കണ്ടതോടെ അധ്യാപകര്‍ വരെ ചോദിച്ചു, നീയും ആര്‍.എസ്സ്.എസ്സ്കാരനാണോ എന്ന്. അല്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തതിനാല്‍ ഒരു ചിരി മാത്രമായിരുന്നു, അതിനുള്ള മറുപടി.

രാഖിയോടുള്ള ഇഷ്ടം കൊണ്ട് സ്കൂളില്‍ പഠിക്കുന്ന കാലമത്രയും, എല്ലാ രക്ഷാബന്ധന്‍ സമയത്തും രാഖി ഞാന്‍ ധരിച്ചിരുന്നു. എന്നാല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമുള്ള കാലം, പ്ലസ്ടു തലമായാലും, എഞ്ചിനീയറിങ് പഠന കാലമായാലും, ഇതില്‍ നിന്നെല്ലാം എനിക്ക് അകന്നു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സാഹചര്യങ്ങള്‍ അത്തരത്തിലായതിനാലാവാം. പക്ഷേ ഇന്നും കുട്ടികളുടെ കയ്യിലെ രാഖി കാണുമ്പോള്‍, അറിയാതെ ഞാനാ കാലം ഓര്‍ക്കും....

Sunday, August 22, 2010

ഓണാശംസകൾ....


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.... 
ഈ ഓണം എല്ലാവർക്കും, എല്ലാ നന്മകളും സന്തോഷവും അഭിവൃദ്ധിയും കൊണ്ടു വരട്ടേ എന്നാശംസിക്കുന്നതിനൊപ്പം എല്ലാവരേയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടേ എന്നും പ്രാർത്ഥിക്കുന്നു....

ആശംസകളോടെ.... 
മണിച്ചിമിഴിനു വേണ്ടി പിള്ളാച്ചൻ...

കോടിപതികൾ ശമ്പളത്തിനായി സമരത്തിലേക്ക്...!!!

കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രി സഭായോഗം, എം.പി മാരുടെ അടിസ്ഥാന ശമ്പളം 16000 ൽ നിന്നും 50,000 ആയി ഉയർത്താനുള്ള ബിൽ അംഗീകരിച്ചു. അതായത് അടിസ്ഥാന ശമ്പളത്തിൽ 300% ൽ അധികമാണ് വർദ്ധന. അതിന്റെ കൂടെ അലവന്‍സുകള്‍ ഇരട്ടിയുമാക്കി. ഇതോടെ ഓരോ എം.പി.യുടെ മാസശമ്പളവും അലവന്‍സുകളും ഒന്നരലക്ഷത്തിലെത്തി. വീട് ഫോണ്‍, യാത്രാ അലവന്‍സുകള്‍ വേറെയും. എന്നാൽ ഈ വർദ്ധന അപര്യാപ്തമാണെന്ന് പറഞ്ഞ്‌ ആര്‍.ജെ.ഡി.യും ബി.എസ്.പി.യും എസ്.പി.യും എം.പിമാർ പാര്‍ലമെന്റില്‍ ബഹളം വച്ചു. സെക്രട്ടറിമാരുടെ ശമ്പളം 80000 രൂപയാണെന്നും, പ്രോട്ടോക്കോൾ പ്രകാരം അവരേക്കാൾ മുകളിലുള്ള തങ്ങളുടെ ശമ്പളം 80001 രൂപയാക്കണമെന്നും പറഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം.

എന്നാൽ ഈ പ്രതിഷേധക്കാരിൽ പകുതിയിലധികം ആളുകളും കോടിപതികളാണേന്നുള്ളതാണ് രസകരമായ വസ്തുത. ഇന്ത്യയിലെ 543 എം.പി.മാരില്‍ 315 പേരും കോടിപതികളാണ്. 5.33 കോടി രൂപയാണ് ഇവരുടെ ശരാശരി വരുമാനം. 206 കോണ്‍ഗ്രസ് എം.പി.മാരില്‍ 146 പേരും കോടിപതികളാണ്. അതായത് പത്തു കോണ്‍ഗ്രസ് എം.പി.മാരില്‍ ഏഴുപേര്‍ക്കും കോടിയിലേറെ വരുമാനമുണ്ട്. ബി.ജെ.പി. അംഗങ്ങളില്‍ പകുതിയും കോടിപതികള്‍ തന്നെ -116ല്‍ 59 പേര്‍. സി.പി.എമ്മിലാണ് കോടിപതികള്‍ക്ക് ക്ഷാമം. 16 എം.പി.മാരില്‍ ഒരാള്‍ മാത്രമാണ് കോടിപതി. പാര്‍ലമെന്റില്‍ ബഹളം വെച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആര്‍.ജെ.ഡി.യും ബി.എസ്.പി.യും എസ്.പി.യും വരുമാനത്തില്‍ ഏറെ മുന്നിലാണ്. ആര്‍.ജെ.ഡി.യുടെ അഞ്ച് എം.പി.മാരില്‍ നാലുപേരും ബി.എസ്.പി.യുടെ 21 ല്‍ 13 പേരും കോടിവരുമാനക്കാരാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ 23 എം.പി.മാരില്‍ 14 പേരും ഈ വിഭാഗത്തില്‍പ്പെടും. (ആധാരം: വിവിധ മാധ്യമങ്ങൾ)

തെരഞ്ഞെടുപ്പിൽ ജയിച്ചു കയറിക്കഴിഞ്ഞാൽ പിന്നെ നാട്ടുകാരെ തിരിഞ്ഞു നോക്കാതെ, അഴിമതി നടത്തി കാശുണ്ടാക്കുന്നവരാണ് ഇവരിൽ പലരും എന്നുള്ളത്‌ എല്ലാവർക്കും പകൽ പോലെ വ്യക്തമായ കാര്യമാണ്. ഇനിയും ശമ്പള വർദ്ധന വേണം എന്നുള്ള ഇവരുടെ ആവശ്യം അന്യായമാണ്. 50% മുകളിൽ ആളുകൾ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഈ നാട്ടിൽ, ഒരു സേവനവും ചെയ്യാതെ എം.പിമാരുടെ അടിസ്ഥാന ശമ്പളം 16000 ആണിപ്പോൾ. അതിനെ 50000 ആയി ഉയർത്താനാണ് തീരുമാനം. അഭ്യസ്തവിദ്യരായാ എം.പിമാരുടെ എണ്ണം നന്നെ കുറവാണ്. അതിനിടയിൽ തന്നെ, ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, അതിനെക്കുറിച്ച്‌ പഠിച്ച്‌ പ്രശ്നപരിഹാരം കാണുന്ന എം.പിമാരുടെ എണ്ണവും നന്നേ കുറവ്‌. സ്വന്തം കീശവീർപ്പിക്കാനും, സ്ഥാനമാനങ്ങൾ, കഴിയുമെങ്കിൽ ഒരു മന്ത്രി തന്നെയായി സുഖിക്കാനാണ് പലരും എം.പിമാർ ആകുന്നത്‌. ഇത്രയും ഭാരിച്ച ശമ്പളം ഇവർക്കു നൽകേണ്ട കാര്യമുണ്ടോ? ജനങ്ങളെ സേവിക്കുവാനാണ് എം.പിമാരാകുന്നതെങ്കിൽ, പിന്നെ കണക്കു പറഞ്ഞ്‌ ശമ്പളം പറ്റുന്നതെന്തിനാണ്? നിസ്വാർത്ഥമായ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങൾ നടത്താൻ ഇവർക്കെന്താണ് തടസ്സമാകുന്നത്‌? പണം... അതു മാത്രമാണ് ഇവരുടെ ലക്ഷ്യം. ഒരു പകഷേ പാർലമെന്റിൽ ഭരണപക്ഷവും പതിപക്ഷവും ഒരുമിച്ചു നിന്നു പാസാക്കുന്ന ഒരേയൊരു ബില്ലാകും എം.പിമാരുടെ ശമ്പള വർദ്ധന ബിൽ. അതിൽ ചർച്ചയുമില്ല, എതിരഭിപ്രായവുമില്ല.

ഇപ്പോൾ ശമ്പളം 500% ഉയർത്തി, 8000 ആക്കണം എന്നു വാശിപിടിക്കുന്നതിന്റെ പ്രധാന കാരണം, എം.പിമാരുടെ ശമ്പളം സെക്രട്ടറിമാരുടെ ശമ്പളത്തേക്കാൾ കുറവാണെന്നതാണ്. മെയ്യനങ്ങാതെ, പാർലമെന്റിൽ ബഹളമുണ്ടാക്കലല്ലാ സെക്രട്ടറിമാരുടെ ജോലി. വിവിധ വകുപ്പുകളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന സെക്രട്ടറിമാരുടെ ഉത്തരവാദിത്വം ഭാരിച്ചതാണ്, ഒരു പക്ഷേ വകുപ്പുതല മന്ത്രിമാരേക്കാൾ, വകുപ്പിന്റെ കാര്യങ്ങളെക്കുറിച്ച്‌ അറിവും ഗ്രാഹ്യവും സെക്രട്ടറിമാർക്കായിരിക്കും. അതു മാത്രമല്ല, കഷ്ടപ്പെട്ടു പഠിച്ച്‌, ഉയർന്ന ബിരുദം നേടിയാണ് ഇവർ ജനസേവനത്തിനായി വരുന്നത്‌. അതിനുള്ള കഴിവും അവർക്കുണ്ട്‌. എന്നാൽ നാലാം ക്ലാസും ഗുസ്തിയുമായി നടക്കുന്ന ഈ രാഷ്ട്രീയ കോമരങ്ങൾക്ക് , സെക്രട്ടറിമാരേക്കാൾ എന്താണ് അവകാശപ്പെടാനുള്ളത്? ഒന്നുമില്ല എന്നതാണ് സത്യം, എന്നിട്ടും സെക്രട്ടറിമാരേക്കാൾ ശമ്പളം വാങ്ങാൻ എന്താ ശുഷ്കാന്തി?

ഇന്ത്യയിലെ ഒരു സർക്കാർ ജോലിയിലും ഒരു ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിൽ 300% വർദ്ധന ലഭിക്കുന്നില്ല. ഇനി ലഭിക്കുകയും ഇല്ല.. എല്ലാ ജീവനക്കാരുടേയും ശമ്പള വർദ്ധന തീരുമാനിക്കുന്നത്‌ ശമ്പക്കമ്മീഷനും ധനകാര്യവകുപ്പും ചേർന്നാണ്. പിന്നെ എന്തു കൊണ്ടാണ് എം.പിമാരുടെ ശമ്പള വർദ്ധൻ അവർ സ്വയം തീരുമാനിക്കുന്നത്‌? അതിനും ഒരു ശമ്പളകമ്മീഷൻ വേണ്ടേ? സ്വന്തം തറവാട്ടു സ്വത്തൊന്നുമല്ലല്ലോ തോന്നുന്ന പോലെ വീതിച്ചെടുക്കാൻ? ഈ ശമ്പളമെന്നത്‌ ഞാനും നിങ്ങളുമെല്ലാം കൊടുക്കുന്ന നികുതിയിനങ്ങളിൽ നിന്നും പിരിഞ്ഞു കിട്ടുന്ന പണം തന്നെയാണ്. നമ്മുടെ വിയർപ്പിന്റെ വില ഇവരെപ്പോലുള്ള കോമാളികൾ വെറുതെ തിന്നുകയാണ്. ഇതിനൊരു അവസാനം ഉണ്ടാവണം. അല്ലെങ്കിൽ ഈ രാഷ്ട്രീയക്കാർ നമ്മുടെ നാടു കുട്ടിച്ചോറാക്കും. എം.പിമാരുടെ ശമ്പളം വളരെ തുച്ഛമാക്കുകയാണ് വേണ്ടത്‌. പേരിനൊരു ശമ്പളം അതു മാത്രമേ ആകാവൂ. പക്ഷേ പൂച്ചക്കാരു മണികെട്ടും എന്നു പറയുന്നതു പോലെ, ഇതാരു ചെയ്യും..? ഒരു അടിയന്തിരാവസ്ഥയോ പട്ടാള ഭരണമോ വന്നാലേ ഇതു നടക്കൂ..  ഇതൊക്കെ കാണുമ്പോഴാണ്, അറിയാതെയെങ്കിലും നാം പട്ടാള ഭരണമൊക്കെ ആഗ്രഹിച്ചു പോകുന്നത്‌...

പിൻ‌കുറിപ്പ്‌: കുറച്ചു മാസം മുന്നെ, കേരളത്തിലെ എല്ലാ നിയമസഭാ സാമാജികർക്കും ലാപ്‌ടോപ്പും നോക്കിയ ബിസിനസ് ഫോണുകളും വിതരണം ചെയ്തു കമ്പ്യൂട്ടറെന്നാൽ എന്താണെന്നും, അതെങ്ങനെ ഓണാക്കാമെന്നും അറിയാത്തവർക്ക്‌ ലാപ്ടോപ്പ്‌!!! മൊബൈൽ ഫോണെന്നാൽ, ഇൻ‌കമിങ് കോളുകൾക്കായി മാത്രം ഉപയോകിക്കാവുന്ന ഫോൺ എന്ന് വിചാരിക്കുന്നവർക്ക്‌ ബിസിനസ്സ് ഫോൺ..!! ശിവ ശിവ !!! ഈ ധൂർത്തിനും അവസാനം വേണ്ടേ..?

Wednesday, August 18, 2010

നടന്‍ സുബൈറിന് ആദരാഞ്ജലികള്‍

നടന്‍ സുബൈര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 

'മാന്ത്രികചെപ്പ്'  ചിത്രത്തിലൂടെയാണ് സുബൈര്‍ സിനിമയിലെത്തിയത്. പിന്നീട് 200ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിരുന്ന സുബൈര്‍, കൂടുതലും കൈകാര്യം ചെയ്തത് പോലീസ് വേഷങ്ങളായിരുന്നു. വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം സ്വഭാവ നടനായും തിളങ്ങിയ നടനായിരുന്നു സുബൈര്‍. പക്ഷേ ആ പ്രതിഭയെ സാധൂകരിക്കും വിധം, മികച്ച വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയില്ല എന്നു തോന്നുന്നു. എന്തായാലും ലേലത്തിലെ കടയാടി തമ്പിയേയും, ടൈഗറിലെ മാഞ്ഞൂരാനേയും, ഭരത് ചന്ദ്രനിലെ മായിനുകുട്ടി എം.എല്‍.എയും ഒന്നും നാം മറക്കില്ല.. ഒരു മികച്ച വില്ലന്‍ കൂടി കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നു... 

ആദരാഞ്ജലികള്‍...

Tuesday, August 17, 2010

മലര്‍വാടി ആര്‍ട്ട്സ് ക്ലബ് (Malarvadi Arts Club)

അച്ഛന്റെ തണലിലല്ലാതെ ഗായകനായി മലയാള സിനിമയിലെത്തിയ ആളാണ് വിനീത്‌ ശ്രീനിവാസന്‍. പിന്നീടദ്ദേഹം നായകനായും മാറി. മലയാളം കണ്ട അനുഗ്രഹീതനായ തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കിയ, അദ്ദേഹത്തിന്റെ മകന്‍, ഒരു സ്വതന്ത്ര സംവിധായകനായി മാറുന്നു എന്ന വാര്‍ത്ത മലയാളികള്‍ അത്യാഹ്ലാദത്തോടെയാണ് വരവേറ്റത്‌. മലര്‍വാടി ആര്‍ട്ട്സ് ക്ലബ്‌ എന്ന ചിത്രത്തിലൂടെ അത്‌ യാഥാര്‍ത്ഥ്യമായിരിക്കയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌ വിനീത്‌ തന്നെയാണ്. നടന്‍ ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഒരു പറ്റം പുതുമുഖങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ തഴക്കവും പഴക്കവും ചെന്ന അഭിനേതാക്കളേയും നമുക്കിതില്‍ കാണാം.

ഉത്തര കേരളത്തില്‍ തലശ്ശേരിക്കടുത്തുള്ള മനശ്ശേരി എന്ന ഗ്രാമത്തില്‍ സഭവിക്കുന്ന, വളരെ ലളിതമായ ഒരു കഥയാണ് ചിത്രത്തിന്റേത്‌. അവിടെയുള്ള മലര്‍വാടി ആര്‍ട്ട്സ് ക്ലബിലെ അഞ്ചു തൊഴില്‍‌രഹിത യുവാക്കളെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്‌. പ്രകാശന്‍ (നിവിന്‍ പോളി), പുരുഷു (ഭഗത്‌ ബേബി മാനുവല്‍), കുട്ടു (അജു വര്‍ഗ്ഗീസ്), സന്തോഷ് (ശ്രാവണ്‍), പ്രവീണ്‍ (ഹരികൃഷ്ണന്‍) എന്നിവരാണ് ആ സംഘം. നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടുന്ന ഈ സംഘം, ചെറിയ തോതില്‍ അടിപിടി, രാഷ്ട്രീയ പ്രവര്‍ത്തനം, ഹര്‍ത്താല്‍ നടത്തല്‍ എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകളാക്കിയിരിക്കുന്നത്‌. ഇതൊക്കെയാണെങ്കിലും, അവരിലെ സംഗീതത്തിന്റെ അഭിരുചിയെ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കാന്‍ ഒരാളുണ്ടായി, ചായക്കടക്കാരന്‍ കുമാരേട്ടന്‍ (നെടുമുടി വേണു). ഇവരുടെ ജീവിതവും ജീവിതപ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. നിത്യജീവിതത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന  നിസ്വാര്‍ത്ഥമായ കൂട്ടായ്മയും സൗഹൃദവും ഈ പ്രശ്നങ്ങളെ നേരിടാന്‍ അവരെ സഹായിക്കുന്നു എന്നാണ് ചിത്രം നമ്മെ കാണിച്ചു തരുന്നത്‌.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന വിനീത്, അത്യാവശ്യം ഗൃഹപാഠം ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. കഥയെയും കഥാസാഹചര്യങ്ങളെയും കൂട്ടിയിണക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. അതിനൊപ്പം പക്വതയാര്‍ന്ന സംഭാഷണ ശലകങ്ങള്‍ കൂടി ഒണ്ടുവരുവാന്‍ വിനീതിനു കഴിഞ്ഞിരിക്കുന്നു. സമകാലീക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, അദ്ദേഹത്തിന്റെ സാമൂഹിക ബോധത്തിന്റെയും വിമര്‍ശനാത്മകമായ കാഴ്ചപ്പാടുകളേയും ദൃഷ്ടാന്തങ്ങളാണ്. നോക്കുകൂലി,  കടകളും സ്കൂളുകളും ബലമായി അടപ്പിച്ചുള്ള ഹര്‍ത്താല്‍, ഫാന്‍സ് അസോസിയേഷന്‍ ഇവയെല്ലാം അദ്ദേഹം വിഷയമാക്കിയതില്‍ നിന്നും അവയെല്ലാം വ്യക്തമാണ്.  “പാര്‍ട്ടിക്ക് അണികളെയും തമിഴ്‌നാട്ടില്‍ നിന്നു തന്നെ കൊണ്ടുവരേണ്ടി വരുമോ” എന്നതിലെ നര്‍മ്മം, ഒരു ശ്രീനിവാസന്‍ സ്റ്റൈല്‍ അല്ലേ എന്നൊരു സംശയം തോന്നാം. എന്നാല്‍ കഥയുടെ ഓളപ്പരപ്പിലൂടെ ചിത്രം കടന്നു പോകുമ്പോള്‍, ഒരു കഥാപാത്രത്തേയും ആഴത്തില്‍ സ്പര്‍ശിക്കാതെ പോയത് ഒരു പ്രധാന ന്യൂനതയായി. കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടത്ര ആഴം നല്‍കുവാന്‍ വിനീതിനു കഴിഞ്ഞിരുന്നുവെങ്കില്‍ ഈ കഥയുടെ കാതല്‍ മികച്ചതാകുമായിരുന്നു. അതിനൊരു ശ്രമം നടത്തിയിരിക്കുന്നത്‌ കുമാരേട്ടന്‍ എന്ന കഥാപാത്രത്തിനു വേണ്ടി മാത്രമാണ്. പക്ഷേ അതും പൂര്‍ണ്ണമാകാതിരുന്നത്‌ ഒരു കല്ലുകടിയായി മാറുന്നു. ഇത്തരം കല്ലുകടികള്‍ ധാരാ‍ളമുണ്ട്‌ ചിത്രത്തില്‍. പുരുഷു തന്റെ കാമുകിയെ വിളിച്ചിറക്കുന്ന സംഭവം, കുമാരേട്ടന്റെ മരണം ഒളിച്ചു വയ്ക്കുന്ന സംഭവം, ഒടുവില്‍ നായകന്റെ സഹോദരി വന്ന്‌ സത്യം തുറന്നു പറയുന്ന സംഭവമെല്ലാം അതിനു മികച്ച ഉദാഹരണമാണ്. ആദ്യപകുതിയില്‍ നന്നായി മുന്നേറുന്ന ചിത്രം, രണ്ടാം പകുതിയില്‍ അല്പമൊന്ന്‌ ഇഴയുന്നുണ്ട്‌. എന്നിരുന്നാലും  കഥാഗതി ഏറക്കുറെ പ്രവചനീയമാണ്.

ഒട്ടേറെ പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണമായിട്ടു കൂടി, സാമാന്യം തരക്കേടില്ലാത്ത അഭിനയമാണ്  നമുക്ക്‌ കാണുവാന്‍ കഴിയുക. പ്രകാശനെ അവതരിപ്പിച്ചിരിക്കുന്ന നിവിന്‍ പോളി, കുട്ടുവിനെ അവതരിപ്പിച്ചിരിക്കുന്ന അജൂ വര്‍ഗ്ഗീസ് എന്നിവരാണ് തമ്മില്‍ മികച്ചു നില്‍ക്കുന്നത്‌. നായികമാരായി എത്തുന്ന മാളവിക, അപൂര്‍വ്വ എന്നിവര്‍ക്ക്‌ കാര്യമായ റോളൊന്നും ചിത്രത്തില്‍ ഇല്ല.  ഈ അഞ്ചംഗ സംഘത്തിന്റെ ഗോഡ്‌ഫാദറായെത്തുന്ന നെടുമുടി വേണുവിന്റെ കഥാപാത്രത്തിന് പതിവു കഥാപാത്രങ്ങളില്‍ നിന്നും വേറിട്ടെന്തെങ്കിലും ചെയ്യാനോ അഭിനയിച്ചു ഫലിപ്പിക്കാനോ കഴിയാതെ പോകുന്നു. ചെറിയ വേഷങ്ങളില്‍, ജനാര്‍ദ്ദനനും, ജഗതി ശ്രീകുമാറും, സലീം കുമാറും, സുരാജും, കോട്ടയം നസീറുമെല്ലാം ചിത്രത്തിലുണ്ടെങ്കിലും അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യുവാനില്ല. ഇവരെല്ലാം കൂടി ഒരുക്കുന്ന ചില രംഗങ്ങള്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നു എന്നതൊഴിച്ചാല്‍, കഥാപാത്രങ്ങള്‍ക്ക്‌ കാര്യമായ ഗൌരവം കഥാഗതിയില്‍ ഇല്ല. അവസാന രംഗങ്ങളില്‍ ഒരു അതിഥി കഥാപാത്രമായി ശ്രീനിവാസനും എത്തുന്നുണ്ട്‌.

പി.സുകുമാറാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. കഥയ്ക്കനുയോജ്യമായ ദൃശ്യഭംഗി ചമയ്ക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്‌. എന്നാല്‍ രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശം എത്രകണ്ട്‌ ചിത്രത്തെ സഹായിച്ചിരിക്കുന്നു എന്നത്‌ സംശയമാണ്. പൊതുവെ ചിത്രത്തിലനുഭവപ്പെടുന്ന ഇഴച്ചില്‍, പ്രത്യേകിച്ചും രണ്ടാം പകുതിയില്‍, ചിത്ര സംയോജനത്തിലെ പിഴവാണ് സൂചിപ്പിക്കുന്നത്‌. ഭേദപ്പെട്ട കലാസംവിധാനമാണ് അജയന്‍ മങ്ങാട്‌ നിര്‍വഹിച്ചിരിക്കുന്നത്‌. നമ്മെ അമ്പേ നിരാശപ്പെടുത്തുന്നത്‌ ചിത്രത്തിലെ സംഗീതമാണ്. ഷാന്‍ റഹ്മാന്റെ ഈണങ്ങള്‍ക്കൊരു പഞ്ചില്ലാതെ പോകുന്നതായി നമുക്ക് കാണാം. മാന്യമഹാ ജനങ്ങളെ, ഇന്നൊരീ മഴയില്‍ നാം എന്നീ ഗാനങ്ങളാണ് തമ്മില്‍ ഭേദമായി തോന്നിയത്‌. ഗാനരചന്‍ നിര്‍വഹിച്ചിരിക്കുന്നത്‌ വിനീത് തന്നെയാണ്. കോഫി @ എം.ജി റോഡിന്റെ ബലത്തിലാണ് വിനീത് ആ ഉദ്യമത്തിന് ഇറങ്ങിയതെന്ന്‌ തോന്നുന്നു. ആ പണി ഭംഗിയായി അറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഗാനങ്ങള്‍ ഇനിയും നന്നാവുമെന്നാണ് എനിക്ക്‌ തോന്നിയത്‌. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം രംഗങ്ങളോട്‌ ചേര്‍ന്നു പോകുന്നതാണ്. ചിത്രത്തിന്റെ ഡിസൈനുകള്‍ ചെയ്തിരിക്കുന്നത്‌ കോളീന്‍ ലിയോഫില്‍ ആണ്. മികച്ച രീതിയിലാണ് ഡിസൈനുകള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്‌.

ഫര്‍ഹാന്‍ അക്തറെ ഇഷ്ടപ്പെടുന്ന വിനീതിന്റെ ആദ്യ ചിത്രത്തിന്, ഫര്‍ഹാന്റെ റോക്ക്-ഓണ്‍ എന്ന ചിത്രവുമായി ചെറു സാമ്യം വന്നതില്‍ അത്ഭുതമില്ല. അതിനൊപ്പം ശങ്കറിന്റെ ബോയ്സ് എന്ന ചിത്രത്തിന്റെ കഥയും കൂടി കലര്‍ന്നോ എന്ന് പ്രേക്ഷകര്‍ ആരെങ്കിലും കരുതിയാല്‍, അവരെ കുറ്റം പറയാന്‍ കഴിയില്ല. എന്നാല്‍ ഉത്തരകേരളത്തിലെ ഒരു കുഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളായി, തനി നാടനായി ഇതിനെ മാറ്റിയിരിക്കുന്നതില്‍ വിനീത്‌ വിജയിച്ചിരിക്കുന്നു. ഒരു യുവ സംവിധായകന്റെ കന്നി ചിത്രമെന്ന നിലയില്‍ ഇതിലെ ബാലാരിഷ്ടതകള്‍ മാറ്റി നിര്‍ത്തിയാല്‍, ചിത്രം നിങ്ങളെ സന്തുഷ്ടരാക്കും. എന്നാല്‍ ഒരു ശരാശരിയില്‍ മാത്രമൊതുങ്ങുന്ന ചിത്രം, വിനീത് ശ്രീനിവാസനിലെ സംവിധായകന്‍ എത്രത്തോളം അനുഭവ സമ്പത്ത്‌ നേടേണ്ടിയിരിക്കുന്നു എന്നത്‌ വിളിച്ചറിയിക്കുന്നു.  ഈ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌, അച്ഛനെ പോലെ ധാരാളം നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിക്കുവാന്‍ വിനീതിന് കഴിയട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. യുവത്വത്തിന്റെ സിനിമ എന്നാണ് മലര്‍വാര്‍ടി ആര്‍ട്ട്സ് ക്ലബിനെ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്‌. ഒട്ടേറെ പുതുമുഖങ്ങള്‍ ഇതിലൂടെ തുടക്കം കുറിക്കുകയും ചെയ്തു. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന മലയാള സിനിമയ്ക്ക്‌ ഒരു പുത്തനുണര്‍വ്വായി ഈ മലര്‍വാടിക്കൂട്ടം മാറട്ടെ എന്നു നമുക്ക്‌ പ്രത്യാശിക്കാം...

എന്റെ റേറ്റിങ് : 4.5/10

Thursday, August 12, 2010

മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത (Mr.Singh / Mrs.Mehta)



സമകാലീക ബോളിവുഡ്‌ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് പര്‍വേഷ് ഭരദ്വാജ്‌ അവതരിപ്പിക്കുന്ന മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചും, അവിഹിത ബന്ധങ്ങളെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമാണ് ഈ ചിത്രം നമ്മോട്‌ സംവദിക്കുന്നത്‌. സാധാരണ ബോളിവുഡ്‌ ചിത്രങ്ങളെപ്പൊലെ, വര്‍ണ്ണാഭമായ കാഴ്ചകളോ, പ്രശസ്തരായ താരങ്ങളോ ഇല്ലാതെ, ഒരു ഓഫ്‌ ബീറ്റ്‌ ചിത്രമെന്ന നിലയിലാണ് ഇത്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിയിട്ടുള്ളത്‌. ദൈനംദിന  ജീവിതത്തില്‍ നാം കാണുകയും കേള്‍ക്കുകയും അല്ലെങ്കില്‍ വായിച്ചറിയികയും ചെയ്യുന്ന സംഭവ വികാസങ്ങളെ,  വളരെ ലളിതമായ ഒരു പ്രമേയമായി നമുക്ക്‌ മുന്നില്‍ എത്തിക്കയാണ് പര്‍വേഷ് ഭരദ്വാജ്‌ ചെയ്യുന്നത്‌.
 
കഥ സംഭവിക്കുന്നത്‌ ലണ്ടനിലാണ്. അശ്വിന്‍ മെഹ്ത്ത (പ്രശാന്ത്‌ നാരായണ്‍) അമെച്വര്‍ ചിത്രകാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ സഖി മെഹ്ത്ത (ലൂസി ഹസ്സന്‍) ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. പ്രണയിച്ചു വിവാഹിതരായ അശ്വിനും സഖിയും സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നവരാ‍ണ്. എന്നാല്‍ ഒരു ദിവസം തന്റെ വീട്ടിലെത്തുന്ന  നീര സിങ്‌ (അരുണ ഷീല്‍ഡ്‌സ്), സഖിയും, നീരയുടെ ഭര്‍ത്താവ്‌ കരണ്‍ സിങ്ങും (നവേദ്‌ അസ്ലാം) തമ്മില്‍ അവിഹിതമായ ബന്ധം പുലര്‍ത്തുന്നതായി  അശ്വിനെ അറിയിക്കുന്നു. അവര്‍ രണ്ടു പേരും ചേര്‍ന്ന്‌, സഖിക്കും കരണിനുമിടയില്‍ നടക്കുന്ന ഈ ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു. ഈ ദുര്‍ഘടാവസ്ഥയില്‍ അവര്‍ പരസ്പരം താങ്ങാ‍ായി മാറുകയും, പെട്ടെന്നു തന്നെ നല്ല സുഹൃത്തുക്കായി മാറുകയും ചെയ്യുന്നു. എന്നാല്‍ അശ്വിനും നീരയും കൂടുതല്‍ അടുക്കുകയും, അവര്‍ തമ്മിലുള്ള ബന്ധം എല്ലാ സീമകളും ലംഘിച്ച്‌ മുന്നേറുകയ്യും ചെയ്യുന്നു. പിന്നീട്‌ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത എന്ന ചിത്രം നമ്മോട്‌ പറയുന്നത്‌.

സംവിധായകന്‍ പര്‍വേഷ് തന്നെയാണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്‌. അതിശക്തമായ ഒരു പ്രമേയമാണ് പര്‍വേഷ് നമുക്കായി ഇതില്‍ അവതരിപ്പിക്കുന്നത്‌. ദാമ്പത്യേതര ബന്ധങ്ങളെക്കുറിച്ച്‌ മുന്നേയും ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്രയും പച്ചയായി ആ ബന്ധങ്ങളെ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രം ഉണ്ടായിട്ടുണ്ടോ എന്നത്‌ സംശയമാണ്. പ്രമേയത്തെ അവതരിപ്പിക്കുന്നതില്‍ തിരനാടകം ഒരു പരിധി വരെ വിജയിക്കുന്നുണ്ട്‌. സംഭാഷണങ്ങളില്‍ അതു വ്യക്തമായി നിഴലിക്കുന്നുമുണ്ട്‌. എന്നാല്‍,   സ്വന്തം ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടെത്തുമ്പോള്‍ ഒരു ഭാര്യയിലുണ്ടാകുന്ന മാനസിക വ്യാപാരങ്ങളേയും, അതിയായി ഭാര്യയയെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവ്‌, തന്റെ ഭാര്യ തന്നെ തന്നെ വഞ്ചിക്കുന്നു എന്നു തിരിച്ചറിയുമ്പോഴുണ്ടാകുന്ന വികാരവിചാരങ്ങളേയും നന്നായി അവതരിപ്പിക്കുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ടോ എന്നു സംശയമാണ്. കഥ പുരോഗമിക്കുമ്പോള്‍, സംഭാഷണങ്ങള്‍ ചെറുതായെങ്കിലും ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നുണ്ട്. പിന്നീടത്‌ രംഗങ്ങളിലും അനുഭവപ്പെടുന്നതോടെ പ്രേക്ഷകരെ അത്‌ അല്പമെങ്കിലും ബോറടിപ്പിക്കുക തന്നെ ചെയ്യും.

സംവിധായകന്റെ അനുഭവക്കുറവ്‌ ചിത്രത്തിലും നമുക്ക്‌ കാണുവാ‍ന്‍ സാധിക്കും. തുടക്കത്തില്‍ നമ്മെ ആകര്‍ഷിക്കും വിധം കഥ പറഞ്ഞു തുടങ്ങുന്ന സംവിധായകന്‍, പിന്നീട്‌ അനാവശ്യമായി ഒരു ഇഴച്ചില്‍ കൊണ്ടു വന്നിരിക്കുന്നു. കഥാപാത്രങ്ങളിലൂന്നി, അവരുടെ അനുഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും കഥപറയുവാനുള്ള ഒരു ശ്രമമായി നാമിതിനെ കണ്ടാല്‍ പോലും, അഭിനേതാക്കളെ സമര്‍ത്ഥമായി അതിനുപയോഗിച്ചു എന്നു പറയുവാന്‍ കഴിയില്ല. ശരാശരി നിലവാരത്തില്‍ ഒതുങ്ങുന്ന അഭിനയമാണ് അഭിനേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്‌. വികാര നിര്‍ഭരമായ സംഭാഷണങ്ങളില്‍ പോലും, അതിനൊപ്പിച്ചുള്ള അഭിനയം അഭിനേതാക്കള്‍ കാഴ്ച വയ്ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഥ പുരോഗമിക്കുമ്പോള്‍, അശ്വിന്റെ ന്യൂഡ് പെയിന്റിങ്ങിനു വേണ്ടി, നീര മോഡലാകുന്ന പല രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ട്‌. ഒരു ടൈറ്റാനിക്‌ മോഡലില്‍ എടുത്തിരിക്കുന്ന ഈ രംഗങ്ങളെല്ലാം,  സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പതിഞ്ഞവയാണ്. ഒരു പക്ഷേ, ഈ രംഗങ്ങള്‍ നീക്കം ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്റെ നല്ലൊരു ഭാഗം തന്നെ ഒഴിവാക്കേണ്ടി വന്നേനെ. അതു കൊണ്ടാവും ആ രംഗങ്ങള്‍ ബ്ലര്‍ഡായി കാണിച്ചിരിക്കുന്നത്‌.

ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത ഇതിന്റെ സംഗീതമാണ്. മനോഹരമായ ചില ഗസലുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്‌. ഗ്രാമി അവാര്‍ഡ്‌ നോമിനിയായ ഉസ്താദ് ഷുജത്‌ ഹുസൈന്‍ ഖാനും, ശാരങ്‌ ദേവ്‌ പണ്ഡിറ്റും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്‌. അര്‍ത്ഥവത്തായ വരികളും, മൃദുലമായ സംഗീതവും ആ ഗസലുകളെ അതി മനോഹരമാക്കുമ്പോള്‍, അനുയോജ്യമായ രംഗങ്ങളില്‍ അതുപയോഗിക്കുവാനുള്ള വിവേകം സംവിധായകന്‍ കാണിച്ചിരിക്കുന്നു. സാങ്കേതിക വിഭാഗത്തിന് അധികം പ്രാധാന്യം ഈ ചിത്രത്തില്‍ ഇല്ല. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മഹേന്ദ്രപ്രധാനും, ചിത്ര സംയോജകന്‍ പ്രണവ്‌ ധീവാറുമാണ്.

ഇത്രയും പ്രാധാന്യമേറിയതും ശക്തവുമായ ഒരു പ്രമേയം എടുക്കുക വഴി സംവിധായകന്‍ പര്‍വേഷ്‌ ധീരമായ ഒരു കാല്‍‌വെയ്പാണ് നടത്തിയിരിക്കുന്നത്‌. എന്നാല്‍ സംവിധാനത്തിലെ പാളിച്ചകളും തിരക്കഥയിലെ പിഴവുകളും ചിത്രത്തെ പിന്നോട്ട്‌ വലിച്ചിരിക്കയാണ്. അതിനൊപ്പം, അഭിനേതാക്കളെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നതും വലിയൊരു ന്യൂനതയായി. ഒരു മികച്ച സിനിമയായി വരേണ്ടിയിരുന്ന ഒരു ചിത്രം, ഇത്തരം പിഴവുകള്‍ മൂലം ലക്ഷ്യം നിറവേറ്റാതെ പരാജയപ്പെടുന്നു എന്ന അനുഭവമാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ അവശേഷിക്കുക.


ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, August 8, 2010

Once Upon a Time in Mumbai


ഹിന്ദി ചിത്രങ്ങള്‍ കാണുവാനായി മള്‍ട്ടിപ്ലക്സില്‍ പോയ കാലം തന്നെ മറന്നു. മിക്കതും മസാല ചിത്രങ്ങള്‍. അതിനായി കാശും സമയവും കളയുവാനില്ല എന്ന തീരുമാനം തന്നെയാണ് അതിനു പിന്നില്‍. എന്നാല്‍ മുംബൈ അധോലോകം അടക്കി വാണിരുന്ന ഹാജി മസ്താന്റെയും ദാവൂദ് ഇബ്രാഹിമിന്റേയും ജീവിതകഥയെ ആസ്പദമാക്കി ഒരു ചിത്രം ഇറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അതു തീയേറ്ററില്‍ കാണാന്‍ ഉറപ്പിച്ചിരുന്നു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ എക്താ കപൂ‍റും ശോഭാ കപൂറും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് Once Upon a Time in Mumbai. കച്ചേ ദാഗേ എന്ന ചിത്രത്തിന്റെ സംവിധായകനായ മിലന്‍ ലുധിരയയാണ് ഈ ചിത്രത്തിന്റേയും സംവിധായകന്‍. അജയ് ദേവ്‌ഗണ്‍, ഇമ്രാന്‍ ഹാഷ്മി, കങ്കണാ രണാവത്ത്‌, പ്രാച്ചി ദേശായി, രണ്‍ദീപ് ഹൂഡ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
 
ചിത്രം ആരംഭിക്കുന്നത്‌ 1993 ലെ മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ്. അതേ ദിവസം തന്നെ, ഡി.സി.പി ആഗ്നൈല്‍ വിത്സണ്‍ (രണ്‍ദീപ് ഹൂഡ) ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍, 18 വര്‍ഷം മുന്നെ, മുംബൈ സ്ഫോടനത്തിന് ഉത്തരവാദിയായ ഷോയിബ്‌ ഖാനെ (ഇമ്രാന്‍ ഹാഷ്മി) വളര്‍ന്നു ഡോണാകാന്‍ അനുവദിച്ചതിന്റെ കുറ്റബോധത്തിലാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌ എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. പിന്നീട്‌ ഫ്ലാഷ് ബാക്കിലൂടെയാണ് കഥ പുരോഗമിക്കുന്നത്‌. സ്വന്തം നാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ അതില്‍‌പ്പെട്ടാണ് സുല്‍ത്താന്‍ മിര്‍സ മുംബൈയിലെത്തുന്നത്‌. ചെറുതായിരിക്കുമ്പോള്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്ത സുല്‍ത്താല്‍, അന്നു മുതലെ ചെറിയ തോതില്‍ സ്വര്‍ണ്ണ കള്ളക്കടത്തും മറ്റും നടത്തിയിരുന്നു. സുല്‍ത്താന്‍ മിര്‍സ (അജയ് ദേവ്ഗണ്‍) വളര്‍ന്നു വലുതായപ്പോഴും ഇത്തരം കള്ളക്കടത്തുകള്‍ തുടര്‍ന്നു പോന്നു. മിര്‍സയുടെ വലംകൈയായി പാട്രിക്കും (നവേദ് അസ്ലം).  എന്നാല്‍ മനസ്സില്‍ നന്മ സൂക്ഷിച്ചിരുന്ന സുല്‍ത്താന്‍ മിര്‍സ പാവപ്പെട്ടവരെ സഹായിക്കാന്‍ യാതോരു മടിയും കാണിച്ചിരുന്നില്ല. നിയമത്തിനു സാധിക്കാത്തത്‌ മിര്‍സയ്ക്കു കഴിഞ്ഞിരുന്നു എന്നതിനാല്‍, സാധാരണക്കാരന് നീതി ലഭിക്കാന്‍ മിര്‍സയെ സമീപിച്ചിരുന്നു. അതു കൊണ്ടു തന്നെ, പാവപ്പെട്ടവരുടെ അടുത്തയാളായി മിര്‍സ മാറി. സ്വര്‍ണ്ണവും, വാച്ചും പോലെ നിരുപദ്രവകരമായ സാധനങ്ങള്‍ മാത്രമെ മിര്‍സ കള്ളക്കടത്തു നടത്തിയിരുന്നുള്ളു. ബോംബയിലെ അധോലോക നേതാക്കളെ ഒരു കുടക്കീഴില്‍ നിര്‍ത്തി മുന്നോട്ട് കൊണ്ടു പോയി അവരുടെ തലവനായി മിര്‍സ മാറി. അതിനിടെയാണ് ആഗ്നെസ് വിത്സണ്‍ മുംബൈയിലെത്തുന്നത്‌. മിര്‍സയ്ക്കു തടയിടാനായി അയാള്‍ മിര്‍സയുടെ കാമുകിയായ സിനിമാ താരം റെഹാനയുടെ (കങ്കണാ റണാവത്ത്) ചിത്രങ്ങളെ തടയാന്‍ ശ്രമിക്കുന്നു. അതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥനായ ഖാന്റെ മകന്‍ ഷോയിബ്‌ ഖാന്‍ മിര്‍സയ്ക്കൊപ്പം ചേരുന്നത്‌. എന്നെങ്കിലും ഷോയിബിനെ ഉപയോഗിച്ച്‌ സുല്‍ത്താനെ തകര്‍ക്കാമെന്ന് ആഗ്നെസ് കണക്കുകൂട്ടുന്നു. സുല്‍ത്താന്‍ മുംബൈ അടക്കി വാഴുവാന്‍ ആഗ്രഹിച്ചപ്പോള്‍, ഷോയിബ് അയാളെക്കാള്‍ ഉയരത്തില്‍ വളരാന്‍ ആഗ്രഹിച്ചു. തുടര്‍ന്നുണ്ടാകുന്ന ഉദ്ദ്വേഗഭരിതമായ സംഭവങ്ങളാണ് ചിത്രത്തില്‍ ബാക്കി.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌ രജത്‌ അറോറയാണ്. 1970 കളിലെ മുംബൈ അധോലോകത്തെ ഭരിച്ചിരുന്ന ഹാജി മസ്താന്റെ ജീവിതത്തെ ആധാരമാക്കിയാണ് രജത്‌ ഈ കഥ എഴുതിയിരിക്കുന്നത്‌. ഹാജി മസ്താന്റെ ജീവിതവും ദാവൂദ് ഇബ്രാഹിമിന്റെ ഉദയവുമാണ് ഇതിന്റെ പ്രധാന പ്രമേയം. മനോഹരമായി തന്നെയാണ് ചിത്രത്തിന്റെ തിരനാടകം രജത്‌ എഴുതിയിരിക്കുന്നത്‌. 70കളിലെ മുംബൈയെ വരച്ചു കാട്ടുന്നതിലും സുല്‍ത്താനെയും ഷോയിബിനെയും, അവരുടെ ജീവിത രീതികളേയും ലക്ഷ്യത്തേയും മാര്‍ഗ്ഗത്തെയും അവതരിപ്പിക്കുന്നതില്‍ രജത്‌ വിജയിച്ചിരിക്കുന്നു. ഈ ചിത്രത്തിലൂടെ എന്താണ് സംവിധായകന്‍ പറയുവാന്‍ ആഗ്രഹികുന്നതോ അതു നടപ്പിലാക്കുന്നതില്‍ തിരക്കഥയും സംഭാഷണങ്ങളും സഹായിക്കുന്നു. അതിമനോഹരമായി തന്നെയാണ് മിലന്‍ ലുധിര ചിത്രത്തെ നമുക്കായി അവതരിപ്പിച്ചിരിക്കുന്നത്‌. സംവിധായകന്റെ കരസ്പര്‍ശം എല്ലാ ഭാഗങ്ങളിലും വ്യക്തമാണ്. കച്ചേ ദാഗേ എന്ന ചിത്രത്തിനു ശേഷം മിലന്റെ ഏറ്റവും നല്ല സൃഷ്ടിയാണ് Once Upon a Time in Mumbai. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌ അസീം മിശ്രയാണ്, ചിത്രസംയോജനം അഖിവ് അലിയും. പ്രീതം സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ആകര്‍ഷകമാണ്. പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഒന്നാണ്. സന്ദര്‍ഭോചിതമായി ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതം അതീവ ആകര്‍ഷകരമാണ്. 

സുല്‍ത്താന്‍ മിര്‍സയായി അജയ്‌ ദേവ്ഗണ്‍ തിളങ്ങിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലുമെല്ലാം ഒരു അധോലോക നായകനായി അജയ്‌ ദേവ്‌ഗണ്‍ മാറിയിരിക്കുന്നു. വളരെക്കാലത്തിനു ശേഷമാണ് അജയ്‌ ദേവ്‌ഗണ്‍ നല്ലോരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇത്‌ അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവായി നമുക്ക്‌ കണക്കാക്കാം. നല്ല ചിത്രങ്ങളില്‍ പൊതുവെ ഇമ്രാന്‍ ഹാഷ്മിയെ നാം കണ്ടിട്ടില്ല. ചുടുചുംബന രംഗങ്ങളുടെ അകമ്പടിയോടെയാവും ഇമ്രാന്‍ നമുക്ക്‌ മുന്നില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്`. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു നെഗറ്റീവ്‌ റോളാണ് ഇമ്രാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ഈ റോള്‍ ഇമ്രാനിണങ്ങുമോ എന്ന്‌ നാം ആദ്യം സംശയിച്ചാലും പിന്നീട്‌ ആ സംശയം മാറ്റാന്‍ തക്കവണ്ണമുള്ള പ്രകടനം ഇമ്രാന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്‌. സുല്‍ത്താന്‍ മിര്‍സയുടെ കാമുകിയായി എത്തുന്ന കങ്കണാ റണാവത്തും തന്റെ റോള്‍ മികച്ചതാക്കിയിരിക്കുന്നു. അഭിനയ സാധ്യതയില്ലാത്ത റോളായിരുന്നിട്ടു കൂടി, കഥയിലെ ഒരു പ്രധാന കഥാപാത്രമായി കങ്കണയുടെ റഹാന മാറിയിരിക്കുന്നു. ഷോയിബിന്റെ കാമുകിയായി എത്തുന്ന മും‌താസെന്ന കഥാപാത്രത്തെയാണ് പ്രാചി ദേശായി അവതരിപ്പിക്കുന്നത്‌. ഇമ്രാന്റെ കഥാപാത്രത്തിന്റെ നിഴലായി മാറാനെ ഈ കഥാപാത്രത്തിനു കഴിയുന്നുള്ളൂ. എടുത്തു പറയേണ്ട പ്രകടനം, അഗ്നൈല്‍ വിത്സണെ അവതരിപ്പിച്ച രണ്‍‌ദീപ് ഹൂഡയുടേതാണ്. തന്റെ കഥാപാത്രത്തെ അത്യന്തം മികച്ചതാക്കാന്‍ രണ്‍‌ദീപിനു കഴിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

ബോളിവുഡില്‍ കച്ചവട കണ്ണുള്ള മസാല ചിത്രങ്ങള്‍ മാത്രമെ ഇറങ്ങുന്നുള്ളൂ എന്നാണ് പൊതുവെയുള്ള പരാതി. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് Once Upon a Time in Mumbai. മികച്ച തിരക്കഥയും, മികച്ച സംവിധാനവും അതിനൊപ്പം ഒരു പിടി താരങ്ങളുടെ മികച്ച പ്രകടനവും ഒത്തു ചേര്‍ന്നതാണ് ഈ ചിത്രം. അധോലോക ചിത്രമെന്നു കേള്‍കുമ്പോള്‍ കാര്‍ ചേസും വെടിവെപ്പു രംഗങ്ങളും ഓര്‍മ്മ വരുന്ന നമ്മുടെ മുന്നിലേക്ക്‌ അതൊന്നുമില്ലാതെ അതി മനോഹരമായി രണ്ട്‌ അധോലോക രാജാക്കന്മാരുടെ കഥ പറഞ്ഞു തരികയാണ് Once Upon a Time in Mumbai. ഈ ചിത്രം കാണുന്ന ആരേയും നിരാശപ്പെടുത്താതെയാണ് ഇത്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത്‌ കൊണ്ടു തന്നെ, പ്രേക്ഷകരെ എല്ലാം ഈ ചിത്രം ആകര്‍ഷിക്കുമെന്നത്‌ തീര്‍ച്ച.

എന്റെ റേറ്റിങ്‌: 9.0/10

Monday, August 2, 2010

ഇതാ മറ്റൊരു പ്രഹസ്സനം.....

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വന്ന ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ന്റെ വിജയിയായി ജോബിജോണിനെ തിരഞ്ഞെടുത്തു.തിരുവന്തപുരത്ത് ഞായാറാഴ്ച നടന്ന മെഗഷോയില്‍ ശരത്, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, എന്നീ സ്ഥിരം ജൂറി അംഗങ്ങളും ഫൈനലിലെ പ്രത്യേക ജഡ്ജുമായ എസ്.പി. ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്നാണ് വിജയികളെ തിരെഞ്ഞെടുത്തത് .ഇത് കൂടാതെ പ്രേക്ഷകരുടെ എസ് എം എസ്സും വിജയിയെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു .കോഴിക്കൊട് സ്വദേശിയായ ജോബി ജോണിന് ഒരു കോടി രൂപ വിലയുള്ള വില്ലയാണ് സമ്മാനമായി ലഭിച്ചത്. പാലക്കാട്ടുനിന്നുള്ള ശ്രീനാഥ് രണ്ടാംസ്ഥാനാം നേടിയപ്പോള്‍ മുംബൈയില്‍ നിന്നുള്ള പ്രീതിവാര്യര്‍ മൂന്നാം സ്ഥാനവും കോട്ടയത്തുനിന്നുള്ള അഞ്ജുജോസഫ് നാലാം സ്ഥാനവും നേടി ചെന്നൈയില്‍ നിന്നുള്ള വിദ്യാശങ്കറിനാണ് അഞ്ചാം സ്ഥാനം.

വിധിപ്രഖ്യാപനത്തിന്റെ ആവേശവും, വിജയിയുടെ ആഹ്ലാദ പ്രകടനവും കഴിയുമ്പോള്‍ സംഗീതത്തെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ അറിയാതെ ചോദിച്ചു പോകുന്നു. ഈ സ്റ്റാര്‍ സിങ്ങര്‍ പദവി എത്തിച്ചേര്‍ന്നിരിക്കുന്നത്‌ യഥാര്‍ത്ഥ കരങ്ങളിലാണോ? ഒരു സാധാരണക്കാരനായ സംഗീതാസ്വാദകനായ എനിക്ക്‌ തോന്നിയത്‌, അല്ല എന്നാണ്. ചാനല്‍ ഏഷ്യാനെറ്റാവുമ്പോള്‍ എന്തും സംഭവിക്കാം എന്നറിയാം. എന്നിരുന്നാല്‍ പോലും, ഇത്ര വലിയ ഒരു വങ്കത്തരമാകും ഈ വിധി എന്നു ഒട്ടും പ്രതീക്ഷിച്ചില്ല. ജോബി ഒരു നല്ല ഗായകനാണ് എന്നതില്‍ യാതോരു സംശയവുമില്ല. അതു അദ്ദേഹം പല തവണ തെളിയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഫൈനലിസ്റ്റുകളായ ശ്രീനാഥിനേയോ പ്രീതിയെയോ മറികടക്കാനുള്ള ടാലന്റ്‌ അദ്ദേഹത്തിന് ഉണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. രണ്ടു, ക്ലാസിക്കലി ട്രെയിന്‍‌ഡ് ഗായകരാണ് ശ്രീനാഥും പ്രീതിയും. ജോബിയേക്കാള്‍ ശ്രുതിശുദ്ധമായി, അനായാസമായി പ്ലാനുകള്‍ പാടാനും കഴിവുള്ളവരാണ് ഇവര്‍ രണ്ടു പേരും. ഫൈനലില്‍ അതങ്ങനെ തന്നെയായിരുന്നു. പിന്നെ എങ്ങനെ ജോബി വിജയിയായി? ഏഷ്യാനെറ്റിന്റെ ഉത്തരം എസ്.എം.എസ് എന്നായിരിക്കും. ഏകദേശം 5 ലക്ഷം എസ്.എം.എസ്സുകളാണ് ജോബിക്കു കിട്ടിയത്‌. ശ്രീനാഥിനു കിട്ടിയത്‌ ഒന്നര ലക്ഷവും, പ്രീതിക്കു കിട്ടിയത്‌ വെറും അരലക്ഷവും. അങ്ങനെ എസ്.എം.എസ്സിന്റെ ബലത്തില്‍ ജോബി വിജയിയായി. ഇവിടെ പരാജയപ്പെട്ടത്‌ ശ്രീനാഥോ പ്രീതിയോ അല്ല, ശുദ്ധസംഗീതമാണ്. മികച്ച ഗായകനെ കണ്ടെത്താനുള്ള ഒരു ഷോയാണ്.

ഈ ഷോയ്കു മുന്നെ 5 ഫൈനലിസ്റ്റുകളുടെ നേട്ടങ്ങള്‍ ഇതാണ്.

1. ശ്രീനാഥ്‌ - ജനപ്രിയഗായകന്‍ ഗന്ധര്‍വ്വ സംഗീതം, യുവജനോത്സവം ലളിത ഗാനം, ശാസ്ത്രീയ സംഗീതം ഒന്നാം സ്ഥാനം
2. പ്രീതി വാര്യര്‍ - ഒന്നാം സ്ഥാനം രാഗാലയ, അമൃതാ ടിവി, വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം
3. വിദ്യാശങ്കര്‍ - ജയ ടിവി രാഗമാലിക, രാജ് ടിവി രാഗഗീതം വിജയി
4. ജോബി ജോണ്‍ - കാലിക്കറ്റ് സര്‍വകലാശാല ലളിതഗാനം ഒന്നാം സ്ഥാനം, കേരളോത്സവം ലളിതഗാനം ഒന്നാം സ്ഥാനം.
5. അഞ്ജു ജോസഫ്‌ - ഗന്ധര്‍വ്വ സംഗീതം മൂന്നാം സ്ഥാനം, പി.ഭാസ്കരന്‍ സംഗീതോത്സവം വിജയി

ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്‌. ജോബി ഒരു നല്ല ഗായകനാണെങ്കില്‍ കൂടി, ശാസ്ത്രീയ സംഗീതം അഭ്യസിച്ച മറ്റു മത്സരാര്‍ത്ഥികളേക്കാള്‍ ഒരു ചുവടു പിന്നിലാണ് അദ്ദേഹം, പക്ഷേ അദ്ദേഹം നന്നായി ഇം‌പ്രൂവ്‌ ചെയ്തിട്ടുമുണ്ട്‌. പക്ഷേ അതൊന്നും ഇവരെ മറികടക്കാന്‍ തക്കവണ്ണം ഉയര്‍ന്നിട്ടില്ല എന്നതു തന്നെയാണ് എന്റെ പക്ഷം.

ഇതിനു മുന്നെയുള്ള സീസണുകളിലെല്ലാം ഈ എസ്.എം.എസ് കളികള്‍ നടത്തിയിട്ടുണ്ട്‌. അതൊക്കെ സ്റ്റൂഡിയോക്കുള്ളില്‍ ആയിരുന്നു. എന്നാല്‍ ആദ്യമായാണ് ഫൈനലില്‍ ഇത്തരം ഒരു കളി നടക്കുന്നത്‌. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികള്‍, പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും വച്ച്‌ എസ്.എം.എസ്സ് വോട്ടു ചോദിക്കുന്ന പ്രവണത നാം കണ്ടു തുടങ്ങിയിട്ട്‌ അധികകാലമായില്ല. വോട്ട്‌ ചോദിച്ച്‌, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍ വരെ വന്നു തുടങ്ങി. ജോബിയെ പിന്തുണച്ചവരെല്ലം, അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാവാം വോട്ടു ചെയ്തിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ ജീവിത പ്രശ്നങ്ങളെല്ലാം തന്നെ ചാനലിലൂടെ പുറത്തു വന്നിരുന്നു. അതാവും ആളുകളെ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌.  പക്ഷേ, അത്തരം ഒരു പ്രോത്സാഹനം കൊണ്ട്‌ അദ്ദേഹത്തെ അനര്‍ഹമായ ഒരു പൊസിഷനിലാണ് അവര്‍ എത്തിച്ചത്‌. സ്നേഹദയാവായ്പിനപ്പുറം ഇതൊരു മികച്ച ഗായകനെ കണ്ടെത്താനുള്ള വേദിയാണെന്ന്‌ പലരും മറന്നു കഴിഞ്ഞു.  ഇതിനു മുന്നെയുള്ള രണ്ടു സീസണിലെ വിജയികള്‍, നജീം അര്‍ഷാദും വിവേകാനന്ദനും, സ്റ്റാര്‍ സിംഗര്‍ പദവിക്ക് അവര്‍ അനുയോജ്യരായിരുന്നു, അവരേക്കാള്‍ മികച്ച ഗായകര്‍ ഫൈനലില്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. പക്ഷേ ഇവിടെ മികച്ച ഗായകര്‍ എസ്.എം.എസ്സിന്റെ പേരില്‍ പിന്തള്ളപ്പെടുന്നത്‌ ദുഖകരമായ വസ്തുതയാണ്. എന്തായാലും ഒരു മികച്ച ഗായകനെ കണ്ടെത്താനുള്ള മത്സരത്തിന്റെ വിധി ഇങ്ങനെ ഒരു ദുരന്തത്തില്‍ അവസാനിച്ചത്‌ കഷ്ടമായി. മികച്ച ഗായകനെന്നാല്‍ ഏറ്റവും കൂടുതല്‍ എസ്.എം.എസ്സ്‌ ലഭിക്കുന്നവനല്ല എന്ന യാഥാര്‍ത്ഥ്യം ഒന്നു കൂടെ അടിവരയിടുകയാണ് ഈ മത്സര ഫലത്തിലൂടെ... എന്തായാലും ഈ പ്രഹസ്സനം ഇവിടെ അവസാനിക്കുന്നില്ല.. സീസണ്‍ 5 തുടങ്ങിക്കഴിഞ്ഞു...

അവലംബം: ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവിധ സീസണുകള്‍ & ഈ പ്രൊഫൈല്‍ ലിങ്ക്‌.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.