Wednesday, September 15, 2010

പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ് (Pranchiyettan & The Saint)


ലളിതവും സരസവുമായ തിരക്കഥകള്‍ രചിച്ചുകൊണ്ട് മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയ അനുഗ്രഹീത തിരക്കഥാകൃത്താണ് രഞ്ജിത്ത്. ഒരു മെയ് മാസ പുലരിയും, പെരുവണ്ണാപുരത്തെ വിശേഷങ്ങളും നമുക്കായി ഒരുക്കിയ രഞ്ജിത്ത്, ഇന്ന് മലയാള സിനിമയിലെ പരീക്ഷണങ്ങളുടെ നേര്‍രൂപമാണ്. വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ചിത്രങ്ങള്‍ ഈയിടെയായി നമുക്ക് സമ്മാനിക്കുന്ന സംവിധായകന്‍ കൂടിയാണ് രഞ്ജിത്ത്. അതില്‍ അറിഞ്ഞോ അറിയാതെയോ മമ്മൂട്ടി എന്ന നടനും ഭാഗഭാക്കാകാറുണ്ട്. കേരളാ കഫേയ്ക്കും, പാലേരി മാണിക്യത്തിനും ശേഷം രഞ്ജിത്തും മമ്മൂട്ടിയും മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന മറ്റൊരു വ്യത്യസ്തയാര്‍ന്ന ചിത്രമാണ്, ‘പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്’. രഞ്ജിത്തിന്റെ തന്നെ  'കാപ്പിറ്റോള്‍' തിയ്യേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ പ്ലേ ഹൌസാണ്.

ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് അഥവാ സി.ഇ ഫ്രാന്‍സിസ് അഥവാ പ്രാഞ്ചിയേട്ടന്‍ എന്ന ബിസിനസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പരമ്പരാഗതമായി അരിയുടെ വ്യാപാരം നടത്തുന്ന ചിറമ്മല്‍ തറവാട്ടിലെ അവസാന ആണ്‍തരിയാണ് ഫ്രാന്‍സിസ്. അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പ്രാഞ്ചിയേട്ടന്‍ എന്നു വിളിക്കും, എന്നാല്‍ നാട്ടുകാരിലധികവും അദ്ദേഹത്തെ അരിപ്രാഞ്ചി എന്നാണ് വിളിക്കുന്നത്. കാര്‍ന്നവന്മാരായി ഉണ്ടാക്കിയിട്ടുള്ള സ്വത്ത്, ബിസിനസ്സിലൂടെ നാലു മടങ്ങായി വളര്‍ത്തിയയാളാണ് പ്രാഞ്ചിയേട്ടന്‍. എന്നാല്‍ അതിനനുസരിച്ച് സമൂഹത്തില്‍ ഒരു വിലയും പേരും തനിക്ക് കിട്ടുന്നില്ല എന്ന ഒരു പരാതി അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ട്. ജീവിതത്തില്‍ എന്തു തീരുമാനം എടുക്കുന്നതിനു മുന്നേയും, തന്റെ കാര്‍ന്നോന്മാരോടും, ഇഷ്ട ദൈവമായ ഫ്രാന്‍സിസ് പുണ്യാളനോടും പ്രാഞ്ചി അനുവാദം വാങ്ങും. ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍, ഒരു തീരുമാനം എടുക്കുന്നതിനു മുന്നെ, പുണ്യാളനോട് അനുവാദം വാങ്ങാനെത്തുന്ന പ്രാഞ്ചിയേട്ടനു മുന്നില്‍ പുണ്യാളന്‍ പ്രത്യക്ഷപ്പെടുന്നു. ബിസിനസ്സില്‍ വിജയം നേടുമ്പോഴും, ജീവിതത്തില്‍ പരാജയം നേരിടുന്ന തന്റെ ജീവിതത്തെക്കുറിച്ച് പ്രാഞ്ചിയേട്ടന്‍ പുണ്യാളനോട് പങ്കുവെയ്ക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം,

 
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്‍ രഞ്ജിത്തിന്റേതാണ്. ഒരു ബിസിനസ്സുകാരന്റെ കഥ പറയുന്ന ഈ ചിത്രം, പക്ഷേ അദ്ദേഹത്തിന്റെ ജീവചരിത്രമല്ല പറയുന്നത്. അയാളുടെ ജീവിതത്തിലെ ഏതാനും സംഭവ വികാസങ്ങള്‍ മാത്രമാണ്. അതിനുള്ളില്‍ നിന്നു കൊണ്ട്, മികച്ച തിരക്കഥയാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്. പ്രാഞ്ചിയേട്ടന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെയെല്ലാം കോര്‍ത്തിണക്കി, പ്രേക്ഷകര്‍ക്കനുഭവവേദ്യമാക്കി തീര്‍ക്കുവാന്‍ തിരകഥയ്ക്കു കഴിയുന്നുണ്ട്. രഞ്ജിത്തിന്റെ ഈ അടുത്ത കാലത്തെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍, ഹാസ്യത്തിനു പ്രാമുഖ്യം നല്‍കിയ തിരക്കഥകള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടില്ലന്നേ പറയാം. എന്നാല്‍ പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത്ത് ഹാസ്യം കലര്‍ന്ന തിരക്കഥകള്‍ തിരിച്ചു കൊണ്ടു വന്നിരിക്കയാണ്.  അത്തരമൊരു നല്ല തിരക്കഥയ്ക്ക്, പ്രാഞ്ചിയേട്ടന്‍ പുണ്യാളനോട് കഥ പറയുന്നു എന്ന ആഖ്യാന രീതി നല്‍കിയതാണ് ഇതിലെ വ്യത്യസ്തത. പാലേരി മാണിക്യത്തില്‍ കോഴിക്കോടന്‍ ഭാഷ ഉപയോഗിച്ച രഞ്ജിത്ത്, പ്രാഞ്ചിയേട്ടനിലേക്കെത്തുമ്പോള്‍ തൃശ്ശൂര്‍ ഭാഷയാണ് ചിത്രത്തിലുടനീളം അഭിനയിക്കുന്നത്. എന്നാല്‍ കുന്നംകുളം ശൈലിയിലുള്ള “ശവിയേ”, “കന്നാലി” തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കി, നല്ല രീതിയിലാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നത് പ്രശംസനീയം തന്നെയാണ്. അതു കൊണ്ടു തന്നെ, ഹാസ്യം നിറഞ്ഞ തിരക്കഥയില്‍ തൃശ്ശൂര്‍ക്കാരുടെ ഫലിതബോധം നിഴലിച്ചു കാണുവാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പാത്ര സൃഷ്ടിയില്‍ രഞ്ജിത്തിന് ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടനിലെ പല കഥാപാത്രങ്ങള്‍ക്കും കഥയുമായുള്ള ബന്ധമെന്ത് എന്ന് ചോദിച്ചാല്‍ “ആവോ അറിയില്ല്യ ഗഡിയേ“ എന്നേ പറയാനേ പറ്റൂ‍.

മമ്മൂട്ടിയെ കൂടാതെ, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ടിനി ടോം, ടി.ജി രവി, ശ്രീജിത്ത് രവി, ബിജു മേനോന്‍, സിദ്ധിഖ്, കുശ്ബു, പ്രിയാമണി, ജയരാജ് വാര്യര്‍, ശശി കലിംഗ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഇടവേള ബാബു, മാസ്റ്റര്‍ ഗണപതി തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇതില്‍ എടുത്തു പറയേണ്ട അഭിനയം മമ്മൂട്ടി, ഇന്നസെന്റ്, ശശി കലിംഗ, മാസ്റ്റര്‍ ഗണപതി എന്നിവരുടേതാണ്. തൃശ്ശൂര്‍ ഭാഷയുമായി ബന്ധമുള്ള നടന്മാരെ കഥാപാത്രങ്ങള്‍ക്കായി കണ്ടത്തിയിരിക്കുന്നത് ഒരു പക്ഷേ ഭാഷ കൈകാര്യം ചെയ്യുന്നതിന്റെ എളുപ്പത്തിനാവും. സൌമ്യനായ തൃശ്ശൂര്‍ക്കാരനായി മമ്മൂട്ടി തിളങ്ങിയിരിക്കുന്നു. മലയാളത്തിലെ ഒട്ടു മുക്കാല്‍ സ്ലാങ്ങുകളിലും ഇപ്പോള്‍ തന്നെ കൈവച്ച മമ്മൂട്ടി ആദ്യമായാണ് തൃശ്ശൂര്‍ ഭാഷ പയറ്റുന്നത്.  അതദ്ദേഹം ഭംഗിയാക്കിയിട്ടുമുണ്ട്. കോപ്രായങ്ങളില്ലാതെ, തമാശരംഗങ്ങളില്‍ നന്നായി അഭിനയിക്കുവാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വവും അദ്ദേഹത്തെ ഈ വേഷം മികച്ചതാക്കാന്‍ സഹായിച്ചിരിക്കുന്നു. വേഷത്തിലും ഭാവത്തിലുമെല്ലാം അദ്ദേഹം പ്രാഞ്ചിയേട്ടനായി മാറുന്നു. പ്രാഞ്ചിയേട്ടനു ചുറ്റുമൊരു ഉപഗ്രഹമായി കറങ്ങി നടക്കുന്ന വാസു മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. ഓരോ തവണയും പ്രാഞ്ചിയേട്ടനെ ഓരോ കുടുക്കില്‍ കൊണ്ടു പോയി ചാടിക്കുന്ന ഈ കഥാപാത്രത്തെ, സ്വതസിദ്ധമായ തൃശ്ശൂര്‍ ശൈലിയില്‍ ഇന്നസെന്റ് മികച്ചതാക്കിയിരിക്കുന്നു. പ്രാഞ്ചിയുടെ അടുക്കളക്കാരനായി ശശി കലിഗയുടെ വേഷം അത്യുഗ്രന്‍ എന്നു തന്നെ പറയാം. വ്യത്യസ്തമായ തന്റെ രൂപം കൊണ്ടും ഭാവാഭിനയം കൊണ്ടും ചിത്രത്തിലുടനീളം ശശി നിറഞ്ഞു നില്‍ക്കുന്നു. പോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ഗണപതിയും പ്രശംസയര്‍ഹിക്കുന്നു. ചെറുതെങ്കിലും കുശ്ബുവും പ്രിയാമണിയും തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. പുണ്യാളനായി ജെസി ഫോക്സ് അലന്‍ അഭിനയിച്ചിരിക്കുമ്പോള്‍, അദ്ദേഹത്തിന് രഞ്ജിത്ത് തന്നെ ശബ്ദം നല്‍കിയിരിക്കുന്നു.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തില്‍ എടുത്തു പറയുവാന്‍ ഛായാഗ്രഹണവും ചിത്രസംയോജനവും മാത്രമേയുള്ളൂ. ആദ്യ ഭാഗങ്ങളില്‍ വളരെ നന്നായി തന്നെയാണ് വേണു ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പക്ഷേ രണ്ടാം പകുതിയില്‍ അതല്പം പാളുന്നുണ്ടോ എന്നു തോന്നി. ലൈറ്റിങ്ങിലും മറ്റും വരുത്തിയ പിഴവുകള്‍ രണ്ടാം പകുതിയില്‍ പ്രകടമാണ്. പ്രാഞ്ചിയുടെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ വിവരിക്കുന്ന ഭാഗങ്ങളെ ഒന്നിച്ചു നിര്‍ത്തുക എന്ന ശ്രമകരമായ ജോലിയാണ് ചിത്രസംയോജകന്‍ വിജയ് ശങ്കര്‍ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തെ ഒരു ഒഴുക്കില്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ഷിബു ചക്രവര്‍ത്തി - ഔസേപ്പച്ചന്‍ കൂട്ടുകെട്ടൊരുക്കിയ കിനാവിലെ എന്ന ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. പക്ഷേ അതെത്രത്തോളം ചിത്രത്തോട് ചേര്‍ന്നു പോകുന്നു എന്നത് സംശയമാണ്. മനു ജഗത്തിന്റെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ ചമയവും ശരാശരി നിലവാരമാണ് പുലര്‍ത്തിയിരിക്കുന്നത്.

മാറ്റങ്ങളിലേക്ക് എന്നും മലയാള സിനിമയെ കൂട്ടിക്കൊണ്ടു പോകുക എന്ന കര്‍ത്തവ്യം ചുമലിലേറ്റിയ സംവിധായകനാണ് രഞ്ജിത്ത്. കയ്യൊപ്പായാലും, കേരളാ കഫേയായാലും സൂചിപ്പിക്കുന്നത് രഞ്ജിത്ത് എന്ന സംവിധായകന്‍ മലയാളികള്‍ക്ക് വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ്. ചലച്ചിത്ര മേഖലയില്‍ വേറിട്ടു നടക്കുന്നതിനാല്‍ ഓഫറുകള്‍ ലഭിക്കുന്നില്ലെന്ന് തുറന്നു പറയുവാന്‍ ധൈര്യം കാണിക്കുന്ന ഈ സംവിധായകന്റെ പുതിയ പരീക്ഷണമാണ് പ്രാഞ്ചിയേട്ടന്‍ അന്‍ഡ് ദി സെയിന്റ്. ലളിതമായ ഭാഷയില്‍ പ്രേക്ഷകരോട് സംവദിക്കുന്ന ഒരു മുഖ്യധാര ചിത്രം തന്നെയാണിത്.  വളരെ നാളുകള്‍ക്കു ശേഷം ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ലാതെ, നിഷ്കളങ്കമായ തമാശകള്‍ കൊണ്ട് പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കുവാന്‍ ഈ ചിത്രത്തിനു കഴിയുന്നു. തിരക്കഥയില്‍ അങ്ങിങ്ങുണ്ടായിട്ടുള്ള പാളിച്ചകളും, പാത്രസൃഷ്ടിയില്‍ സംഭവിച്ചിട്ടുള്ള ചെറിയ പിശകുകളും മറന്നാല്‍ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന, അവരെ ചിന്തിപ്പിക്കുന്ന ചിത്രമാണ്. ഇത്തരം പരീക്ഷണങ്ങളുമായി രഞ്ജിത്ത് ഇനിയും എത്തട്ടേ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകളോടെ....

എന്റെ റേറ്റിങ് - 7.5 / 10

2 comments:

  1. ജെ കെ ... നിരൂപണം നന്നായിട്ടുണ്ട് ...
    പ്രാഞ്ചിയേട്ടന്‍ കണ്ടില്ല .. കണ്ടിട്ട് അഭിപ്രായം പറയാം :)

    ReplyDelete
  2. @ കിരണ്‍.. നന്ദി.. ചിത്രം കാണൂ.. ആരെയും ഇതു നിരാശപ്പെടുത്തില്ല എന്നാണ് എന്റെ വിശ്വാസം.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.