Friday, March 5, 2010

കേരളത്തിന്റെ ഐ.പി.എല്‍ ടീം സ്വപ്നം പൊലിഞ്ഞു...

ക്രിക്കറ്റിലെ പുതു തരംഗമായ ട്വന്റി-20 ഫോര്‍മാറ്റിന്റെ ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കേരളത്തിന്റെ ഒരു ടീമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക്‌ തിരിച്ചടി. സംവിധായകന്‍ പ്രിയദര്‍ശനും, മോഹന്‍ലാലും, പ്രിയദര്‍ശന്റെ ബോളിവുഡ്‌ സുഹ്രുത്തുക്കളും ചേര്‍ന്ന്‌ അടുത്തു നടക്കാനിരിക്കുന്ന ഐ.പി.എല്‍ ടീമിനെ ലേലത്തില്‍ കൊച്ചിക്കായി പങ്കെടുക്കും എന്ന വാര്‍ത്തയുണ്ടായിരുന്നു. സിറ്റി ക്രിക്കറ്റേഴ്സ്‌ എന്നായിരിക്കും ടീമിന്റെ പേരെന്നും പറഞ്ഞു കേട്ടിരുന്നു. പ്രിയദര്‍ശനും മോഹന്‍ലാലും അതു സ്ഥിതീകരിക്കുകയും ചെയ്തിരിന്നു. അവര്‍ക്കൊപ്പം കേരളത്തിലെ വന്‍‌കിട ബിസിനസ്സ്‌ ഗ്രൂപ്പായ മുത്തൂറ്റും ചേരുമെന്ന്‌ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കൊച്ചിക്കായി ഒരു ടീമിനെ നേടിയെടുക്കുക അത്ര പ്രയാസമൂള്ള കാര്യമാകില്ല എന്നായിരുന്നു പൊതുവെയുണ്ടായിരുന്ന വിലയിരുത്തല്‍. എന്നാല്‍, ഐ.പി.എല്‍. ടീം രൂപവത്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് ചലച്ചിത്രതാരം മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പിന്‍മാറി.ഐ.പി.എല്‍. അധികൃതര്‍ നിബന്ധനകള്‍ അവസാനനിമിഷം മാറ്റിയതാണ് ഇതിനു കാരണമെന്നാണ് അറിയുന്നത്‌. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കണമെന്ന നിബന്ധന മൂലമാണ് പിന്‍മാറുന്നതെന്ന് പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ടീമുകള്‍ 300 കോടി രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇത് ഏഴ് ദിവസം മുന്‍പ് മാത്രമാണ് മാറ്റിയത്‌.

എന്നാല്‍ പണത്തിന്റെ കളിയായ ഐ.പി.എല്‍, ഇത്തരമൊരു നിബന്ധന മുന്നോട്ടു വച്ചത്‌ ചില സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പുറത്താണെന്ന്‌ പറയപ്പെടുന്നു. ഇത്തരം നിബന്ധനകള്‍ അവസാന നിമിഷം വയ്ക്കുക വഴി, ഐ.പി.എല്ലിന് താല്പര്യമുള്ള ആര്‍ക്കോ ടീമിനെ വില്‍ക്കുവാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്ന സംശയം ബലപ്പെടുന്നു. പണമെന്നു കേട്ടാല്‍ കമിഴ്ന്നു വീഴുന്ന ലളീത്‌ മോഡിയാണ് ഐ.പി.എല്‍ കമ്മീഷണര്‍ എന്നുള്ളതും ഇത്തരം സംശയങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നു. വ്യക്തിപരമായ താല്‍പര്യം സംരക്ഷിക്കുവാന്‍ മോഡി നടത്തുന്ന കളികളാണിവയെന്ന്‌ ന്യായമായും സംശയിക്കാം. ഇത്തവണത്തെ കളിക്കാരുടെ ലേലത്തില്‍, ഐ.പി.എല്ലിനു കാശുണ്ടാക്കാനായി പുതിയ നിബന്ധനകള്‍ വച്ചത്‌ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്നതില്‍ കവിഞ്ഞ്‌ കാശുണ്ടാക്കുക എന്നതാണ്‌ ഐ.പി.എല്ലിന്റേയൂം ബി.സി.സി.ഐയുടേയും ലക്ഷ്യം. അതിനായി ക്രിക്കറ്റിനെ പ്രോത്സാഹിപ്പിച്ച ഐ.സി.എല്ലിനെ അവര്‍ സമ്മര്‍ദ്ദം ചെലുത്തി നശിപ്പിച്ചു. ഇവരുടെ കയ്യില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ മോചിപ്പിക്കുവാന്‍ കഴിഞ്ഞാലെ ഇന്ത്യയിലെ ക്രിക്കറ്റ്‌ രക്ഷപ്പെടൂ....

പിന്നാമ്പുറം: എന്തു കൊണ്ട്‌ ലളീത്‌ മോഡി പുതിയ നിബന്ധനകള്‍ വച്ചു ? കഥയിങ്ങനെ... കഴിഞ്ഞ ദിവസമാണ് ലളിത്‌ മോഡി ഒരു മലയാള പത്രം വായിക്കുന്നത്‌. അതില്‍ ദാ വെണ്ടക്കാ അക്ഷരത്തില്‍ കിടക്കുന്നു ഒരു വാര്‍ത്ത. മോഹന്‍ ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാകരുത്‌ - സുകുമാര്‍ അഴീക്കോട്‌ ലളിത്‌ മോഡി കാര്യങ്ങള്‍ അന്വേഷിച്ചു. സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടിയതോടെ മോഹന്‍ലാലെങ്ങാനും കൊച്ചി ടീം വാങ്ങിയാലുണ്ടാകാന്‍ പോകുന്ന പുകില്‍ ആലോചിച്ച ലളിത്‌ മോഡിക്ക്‌ ടെന്‍ഷനായി. ആ രാത്രി, കിടന്നിട്ട്‌ മോഡിക്ക്‌ ഉറക്കം വന്നില്ല. ഒന്നു മയങ്ങുമ്പോള്‍ അഴീക്കോടിനെ സ്വപ്നം കണ്ട്‌ ഞെട്ടി ഉണര്‍ന്നു, ഒരു തവണയല്ല, പല തവണ... ഉറക്കമില്ല്ലാത്ത ആ രാത്രിയില്‍, ലളിത്‌ മോഡി തീരുമാനിച്ചു. പുതിയ നിബന്ധന വയ്ക്കാം, മോഹന്‍ലാലിനെ ഒഴിവാക്കാം.. അഴീക്കോടില്‍ നിന്നും രക്ഷപ്പെടാം... പുള്ളീ ആരാ മോന്‍....?

5 comments:

  1. It is great loss for all malayalis...In fact we all expected that Mohanlal could easily bring an IPL team..but damn lalit modi played business again....

    ReplyDelete
  2. മോഡി ആരാ മോന്‍..
    എന്തായാലും ശ്രീ ശാന്തിന്റെ ക്യാപ്ടന്‍ മോഹം പൊലിഞ്ഞു

    ReplyDelete
  3. @ ദിലീപ്
    വീണ്ടും സാധ്യതയുണ്ട്‌. ലേലം റദ്ദാക്കി.

    ReplyDelete
  4. @കണ്ണനുണ്ണി
    ശ്രീശാന്തിനെ ക്യാപ്റ്റന്‍ ആക്കുമോ? വേറേ കഴിവുള്ള ആരെയെങ്കിലും ആക്കാനല്ലെ സാധ്യത കൂടുതല്‍... :-)

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.