Sunday, March 16, 2008

ശംഭുവിണ്റ്റെ ആദ്യത്തെ കാറ്‍ യാത്ര...


തലക്കെട്ട്‌ കണ്ടിട്ട്‌ ഞാനൊരു ചെറുകഥ എഴുതുകയാണെന്ന്‌ വിചാരിച്ചുവോ? അല്ല. ഇതൊരു ചെറുകഥയോ നോവലോ ഒന്നുമല്ല. എണ്റ്റെ ജീവിതത്തിലെ ഒരു ചെറിയ സംഭവം. ഇനി ഇതിലെ കഥാ നായകനെ പരിചയപ്പെടുത്താം. ശംഭു. എണ്റ്റെ വീട്ടിലുണ്ടായിരുന്ന ഒരു പൂച്ചക്കുട്ടിയാണ്‌ കക്ഷി. വെളുത്ത്‌ സുന്ദരനായ, ഓമനത്തം തുളുമ്പുന്ന ഒരു പൂച്ചക്കുട്ടി... അവനെ ഞങ്ങള്‍ക്ക്‌ കിട്ടിയത്‌ തന്നെ ഒരു വലിയ കഥയാണ്‌. ജൂലൈയിലെ ഒരു ഞായറാഴ്ച രാത്രി. നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. അത്താഴമൊക്കെ കഴിഞ്ഞ്‌ ഉറങ്ങാന്‍ തയ്യാറെടുക്കുന്ന നേരം. പുറത്തു നിന്ന്‌ ഒരു പൂച്ചയുടെ കരച്ചില്‍ കേട്ടു. വീട്ടില്‍ പൂച്ച ഇല്ലാത്തതിനാല്‍, അയല്‍ വക്കത്തുള്ള പൂച്ചയാണെന്ന്‌ കരുതി. പക്ഷെ കുറച്ചു നേരം കഴിഞ്ഞിട്ടും കരച്ചില്‍ നില്‍ക്കുന്നതേയില്ല. പതുക്കെ പുറത്തിറങ്ങി നോക്കി. കരച്ചില്‍ കാറ്‍ പോറ്‍ച്ചില്‍ നിന്നാണ്‌ വരുന്നത്‌. അവിടെ ചെന്ന്‌ നോക്കിയിട്ട്‌ പൂച്ചയുടെ പൊടിപോലുമില്ല. കരച്ചിലാണെങ്കില്‍ കേള്‍ക്കുന്നുമില്ല. പിന്നെ അതിനേക്കുറിച്ച്‌ അധികം ചിന്തിക്കാതെ പോയിക്കിടന്നുറങ്ങി. പക്ഷെ പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍, കാറ്‍പ്പോറ്‍ച്ചില്‍ തണുത്ത്‌ വിറച്ചൊരു പൂച്ചക്കുട്ടിയെ കണ്ടു. തണുപ്പടിച്ച്‌ രാത്രി മുഴുവന്‍ കിടന്നതിനാല്‍ ഒന്നു കരയാന്‍ പോലുമാവതെ അവശനായിരുന്നു അത്‌. വെള്ളമെല്ലാം തുടച്ച്‌ കളഞ്ഞ്‌, കഴിക്കാന്‍ പാലും ഭക്ഷണവും നല്‍കിയതോടെ അതിനൊരു ജീവന്‍ വച്ചു. അധികകാലം ജീവിക്കില്ല എന്ന്‌ തോന്നിയ ആ പൂച്ചക്കുട്ടി, ഒരാഴ്ചകൊണ്ട്‌ പൂറ്‍ണ്ണ ആരോഗ്യവാനായി. പെട്ടെന്ന്‌ തന്നെ അവന്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗമായി മാറി. അതിനകം അവന്‌ ശംഭു എന്നൊരു പേരുമിട്ടു. ജനിച്ചിട്ട്‌ ഏതാനും ആഴ്ചകള്‍ മാത്രമായ അവന്‍ വീട്ടിലെ എല്ലാവരുടേയും ഓമനയാകാന്‍ അധികം താമസിച്ചില്ല. എല്ലായിടത്തും കയറി ഇറങ്ങി, എല്ലാം തട്ടിമറിച്ചും ആറ്‍ത്തുല്ലസിച്ചവനിങ്ങനെ നടന്നു. ഭക്ഷണം കിട്ടേണ്ട സമയമാകുമ്പോള്‍ ചെറിയൊരു കരച്ചിലോടെ അടുക്കള വാതിലിന്‍ ചുവട്ടില്‍ അവനുണ്ടാകും. വീട്ടുകാരുടെ സമയക്രമങ്ങളും അവന്‍ വളരെ പെട്ടെന്ന്‌ ശീലിച്ചെടുത്തു. അവനുറങ്ങാന്‍ പട്ടുമെത്തയെ വെല്ലുന്ന ഒരു സജ്ജീകരണം അവിടെ ഉണ്ടായിരുന്നു. അതില്‍ ചുരുണ്ടു കൂടിക്കിടന്ന്‌ രാവിലെ എട്ടു മണിവരെ ഉറക്കം അവണ്റ്റെ പതിവായിരുന്നു. രണ്ടു മൂന്നു മാസത്തിനുള്ളില്‍ അവന്‍ നന്നായി വളറ്‍ന്നു. അവണ്റ്റെ മുഖ്യ എതിരാളികള്‍ പറമ്പില്‍ എത്തുന്ന കോഴികളായിരുന്നു. അവയെ ഓടിച്ച്‌ അതിരു കടത്തുന്നത്‌ അവണ്റ്റെ ഇഷ്ടവിനോദവും. പക്ഷേ ഒരിക്കല്‍ ഒരു പൂവന്‍ കോഴി അവനെ എതിരിട്ട്‌ കൊത്തി പരിക്കേല്‍പ്പിച്ചതോടെ, കോഴികളുടെ ശബ്ദം കേട്ടാല്‍ പിന്നെ അവന്‍ ഒളിച്ചിരിക്കും. അതിനിടെ അവണ്റ്റെ കുറുമ്പും കൂടിയിരുന്നു. അവണ്റ്റെ മെത്തവിട്ട്‌ കസേരയിലും കിടക്കയിലുമൊക്കെയായി ഉറക്കം. അതോടെ അവണ്റ്റെ ഉറക്കം രാത്രി വീട്ടില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമായി.. അതോടെ അവണ്റ്റെ സ്ഥിരം ഉറക്കസ്ഥാനം, ഉമ്മറത്തുള്ള സെറ്റിയായി. അങ്ങനെ ഒന്നു രണ്ടു മാസങ്ങള്‍ കഴിഞ്ഞ്‌ ഒരു പ്രഭാതത്തില്‍ അവനെ കാണ്‍മാതായി. പറമ്പിലും, പരിസരത്തുമെല്ലാം അന്വേഷിച്ചു. രാവിലെ അമ്മ കതക്‌ തുറക്കുമ്പോള്‍ പാലിനായി അടുക്കളയുടെ വാതിക്കല്‍ കാത്തിരിക്കാറുള്ള അവനെ, അന്ന്‌ കണ്ടതേയില്ല. വൈകിട്ടു വരെ നീണ്ട തിരച്ചിലിനൊടുവില്‍ നിരാശയായിരുന്നു ഫലം. അവന്‍ എങ്ങോട്ട്‌ പോയി എന്നറിയാതെ ഞങ്ങള്‍ വിഷമിച്ചിരിക്കേ, തട്ടിന്‍ പുറത്തു നിന്നും ഒരു ഞരക്കം കലറ്‍ന്ന കരച്ചില്‍ കേട്ടു. അവിടെ കയറി നോക്കിയപ്പോള്‍, കാലൊടിഞ്ഞ്‌ ദേഹമാസകലം മുറിവു പറ്റി വിറകു കഷണങ്ങള്‍ക്കിടയില്‍ ശംഭു കിടക്കുന്നു. ഒന്നു കരയാന്‍ പോലുമാകാതെയുള്ള ആ കിടപ്പ്‌ ഹൃദയഭേദകം എന്നു വേണമെങ്കില്‍ പറയാം. എടുത്ത്‌ താഴേക്ക്‌ കൊണ്ടുവന്ന്‌ മുറിവൊക്കെ കെട്ടി വച്ചെങ്കിലും,കാല്‍ ഒടിഞ്ഞ കാരണം നടക്കാന്‍ അവനു പറ്റുന്നുണ്ടായിരുന്നില്ല. രണ്ടു ദിവസം അവനെ അങ്ങനെ തന്നെ നോക്കിയെങ്കിലും, നടക്കാന്‍ അവനു സാധിക്കുന്നുണ്ടായിരുന്നില്ല. മുറിവുകള്‍ കരിഞ്ഞിരുന്നെങ്കിലും, എല്ലാത്തിനേയും ഒരു പേടിയോടെയാണവന്‍ നോക്കിക്കണ്ടിരുന്നത്‌. അവണ്റ്റെ കണ്ണുകളില്‍ നമുക്കത്‌ കാണുവാന്‍ കഴിഞ്ഞിരുന്നു. മുറിവിണ്റ്റേയും ഒടിഞ്ഞ കാലിണ്റ്റേയും വേദന കാരണം പലപ്പോഴും അവണ്റ്റെ കരച്ചില്‍ ഉയറ്‍ന്നു കേള്‍ക്കാമായിരുന്നു. അതു കൊണ്ടു തന്നെ അടുത്ത ദിവസം അവനെ മൃഗാശുപത്രിയില്‍ കൊണ്ടു പോകാന്‍ തീരുമാനമായി. രാവിലെ, കാറിലാണ്‌ അവനെ ആശുപത്രിയിലേക്ക്‌ കൊണ്ട്‌ പോയത്‌. അതായിരുന്നു അവണ്റ്റെ ആദ്യത്തെ കാറ്‍ യാത്ര. അവിടെയെത്തി, ഡോക്ടറ്‍ അവനെ പരിശോധിക്കുന്നതിനിടയില്‍, അവനവിടെ നിന്നും പുറത്തേക്കോടി. ഞങ്ങള്‍ പുറകെ പാഞ്ഞെങ്കിലും, അടുത്തുള്ള വിശാലമായ റബ്ബറ്‍ തോട്ടത്തിലേക്കവന്‍ ഓടിപ്പോകുന്നത്‌ മാത്രമേ കാണുവാന്‍ കഴിഞ്ഞുള്ളു. അവന്‍ ഓടുന്നത്‌ കണ്ടപ്പോള്‍, അവണ്റ്റെ കാലുകള്‍ക്കൊരു കുഴപ്പവുമില്ല എന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നി. പിറകെ പോയ ഞങ്ങള്‍ അവിടെയെല്ലാം അരിച്ചു പറുക്കി തപ്പിയെങ്കിലും, അവനെ കണ്ടുപിടിക്കാനെ കഴിഞ്ഞില്ല. ശംഭൂ, ശംഭൂ എന്ന്‌ വിളിച്ച്‌ അവിടമാസകലം നടന്നുവെങ്കിലും, അവനൊന്ന്‌ കരഞ്ഞു പോലുമില്ല. ഏകദേശം ഒരു ദിവസം മുഴുവന്‍ ആ ആശുപത്രി പരിസരത്ത്‌ ഞങ്ങള്‍ അവനെ നോക്കി അലഞ്ഞു. പക്ഷെ കണ്ടെത്താനായില്ല. ആ വഴി പോയ പലരും കൌതുകത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു. പലരും വന്ന്‌ കാര്യങ്ങള്‍ അന്വേഷിച്ചു, മറ്റു പലരും അടക്കം പറഞ്ഞ്‌ നടന്നു പോയി. അവിടുള്ള വീടുകളില്‍ കയറി, ശംഭുവിനെ കണ്ടാല്‍ അറിയിക്കുവാനായി ഫോണ്‍ നമ്പറും നല്‍കി. അടുത്ത ദിവസവും ഞങ്ങള്‍ തിരച്ചില്‍ തുടറ്‍ന്നെങ്കിലും, അവനെ കണ്ടെത്താനെ കഴിഞ്ഞില്ല. ഒടുവില്‍ തിരച്ചിലുപേക്ഷിച്ച്‌ ഞങ്ങള്‍ മടങ്ങുമ്പോള്‍, മനസ്സിനുള്ളില്‍ ഒരു നൊമ്പരം ബാക്കി നിന്നിരുന്നു. വളരെ അടുപ്പമുള്ള ആരെയോ നഷ്ടപ്പെട്ട ഒരു വേദന... ചുരുങ്ങിയ കാലം കൊണ്ട്‌ ഞങ്ങളുടെയെല്ലാം മനസ്സില്‍ കടന്നു കൂടിയ ആ കൊച്ചു സുന്ദരണ്റ്റെ വിയോഗം ഞങ്ങള്‍ക്കാറ്‍ക്കും എളുപ്പം മറക്കാന്‍ പറ്റിയതായിരുന്നില്ല. അതു കൊണ്ട്‌ തന്നെ, ഇനി വീട്ടില്‍ പട്ടിയേയോ, പൂച്ചയേയോ ഒന്നും വളറ്‍ത്തില്ല എന്ന്‌ അച്ഛന്‍ തീരുമാനിച്ചു. ഇപ്പോഴും ആ മൃഗാശുപത്രിക്കരികില്‍ക്കൂടി പോകുമ്പോള്‍, അറിയാതെ പാളി നോക്കും, ഞങ്ങളുടെ ശംഭു അവിടെയെങ്ങാനും നില്‍ക്കുന്നുണ്ടോ എന്നറിയാന്‍... അവനെന്തു പറ്റി എന്നറിയാന്‍ ഇന്നും അതിയായ ആഗ്രഹം ഉണ്ട്‌. പക്ഷേ.... ശംഭുവിണ്റ്റെ ആദ്യത്തെ കാറ്‍ യാത്ര, നിറ്‍ഭാഗ്യവശാല്‍ അവസാനത്തേതായി മാറി....

2 comments:

  1. ഇതു പോലെ ഒരു പൂച്ചക്കുട്ടി ഞങ്ങള്‍ക്കും ഉണ്ടായിരുന്നതു കൊണ്ടാകാം ഈ സംഭവം മനസ്സില്‍ തട്ടി. അവനുമ്ം ഇതു പോലെ യാദൃശ്ചികമായി ഞങ്ങള്‍ക്കു ലഭിച്ച്, ഞങ്ങളുടെ കൂട്ടത്തിലൊരുവനായി, വലിയ പൂച്ചകളുടെ കടി കൊണ്ട് അവശനിലയിലായി (ഒരിയ്ക്കലല്ല, പല തവണ) അവസാനം യാത്രയാകുകയായിരുന്നു.

    ശംഭുവിനെ തിരിച്ചു കിട്ടട്ടെ എന്ന് ആശംസിയ്ക്കുന്നു.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.